sections
MORE

ലക്ഷദ്വീപിന്റെ സൗന്ദര്യം തേടി; നീന്തലറിയാത്തവന്റെ കടൽ യാത്രകൾ

Lakshadweep-trip1
SHARE

ഒരുപാടു കാലത്തെ മോഹമായിരുന്നു കടൽയാത്ര. കാശ്മീർ യാത്രയിലാണ് തിരൂർ സ്വദേശി ഒമർ ഫറൂഖിനെ പരിചയപ്പെടുന്നത്. ആ സൗഹൃദം പിന്നീടു നിരവധി യാത്രകളിലേയ്ക്ക് വഴിതുറന്നു... എന്റെയും ഒമർ ഫറൂഖിന്റെയും ലക്ഷദ്വീപ് സുഹൃത്തുക്കളായ നവാസും റസാക്കും ഞങ്ങൾക്കു വേണ്ട എല്ലാ യാത്ര സൗകര്യങ്ങളും ഒരുക്കി തരാമെന്നു പറഞ്ഞത് ഞങ്ങളുടെ യാത്രയുടെ മോഹത്തിന് ആവേശത്തിന്റെ തിരിതെളിയിച്ചു. 

ഒട്ടേറെ ഔദ്യോഗിക കടമ്പകളുണ്ട് ലക്ഷദ്വീപ് യാത്രക്ക്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഓഫീസുമായും മറ്റും (യാത്രാ സംബന്ധമായ കുറിപ്പ് ചുവടെ ചേർക്കാം) യാത്രയുടെ കാര്യങ്ങളെല്ലാം കൊച്ചിയിൽ ശരിയാക്കി നൽകിയത് അഗുംബെ യാത്രയിലൂടെ പരിചയപ്പെട്ട ഫോർട്ടുകൊച്ചിക്കാരനായ ശ്രീമോനായിരുന്നു.. പേരുപോലെ തന്നെ ശ്രീത്വമുള്ള നിറചിരിയുമായി എന്തിനും കൂടെ നിൽക്കുന്നവൻ. യാത്രയിലൂടെ നേടിയെടുത്ത ചെറുതെന്നു തോന്നുമെങ്കിലും വലിയ സൗഹൃദങ്ങൾ.

Lakshadweep-1

ഞാനും ഫറൂഖും ലക്ഷദ്വീപ് യാത്രക്കാർക്കുള്ള സ്കാനിങ് സെന്ററിൽ ഒൻപതു മണിക്ക് തന്നെ എത്തി. അവിടെ ശ്രീമോൻ നിറചിരിയുമായി  കപ്പലിലേക്കുള്ള ടിക്കറ്റുമായി ഞങ്ങളെ കാത്തു നിൽപ്പുണ്ടായിരുന്നു. 10 മണിക്ക് പുറപ്പെടുമെന്ന് അറിയിച്ച കപ്പൽ എംവി ലഗൂൺ പക്ഷേ അപ്പോഴൊന്നും പുറപ്പെടില്ലെന്ന് ലക്ഷദ്വീപ് വാസിയായ ഒരു രസികനിൽ നിന്നും അറിയാൻ കഴിഞ്ഞു. ഒരു മണിക്കാണ് കപ്പലിലേക്കുള്ള സ്കാനിങ് ആരംഭിച്ചത്. തുടർന്ന് എല്ലാ യാത്രക്കാരേയും രണ്ട് ടൂറിസ്റ്റ് ബസ്സുകളിലായി കപ്പൽ പുറപ്പെടുന്ന സ്ഥലത്തേക്ക് എത്തിച്ചു. മാസ്റ്റർ വെസൽ  ലഗൂൺ ഞങ്ങളെ കാത്ത് അവിടെ നിൽക്കുന്നുണ്ടായിരുന്നു. അങ്ങനെ കപ്പലിലേക്ക് എല്ലാവരും കയറി. അഞ്ചു മണിക്ക് കപ്പൽ പുറപ്പെട്ടു. കപ്പലിന്റെ ഉൾവശം ഒരു ആഡംബര ഹോട്ടലിന് സമാനമായിരുന്നു. ഞങ്ങൾ ബർത്ത് കണ്ടു പിടിച്ച് ബാഗുകൾ അതിൽ വച്ച്, പുറത്തേ കാഴ്ചകളിലേക്ക്  തിരിഞ്ഞു.

കണ്ണെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന കടൽ.

എത്ര മനോഹരിയാണ്. കടലിനെ കീറി മുറിച്ചു കൊണ്ട് കപ്പൽ ഒരേ താളത്തിൽ മുന്നോട്ടു പൊയ്കൊണ്ടിരുന്നു. അങ്ങകലെ സൂര്യൻ കടലിലേക്ക് താഴ്ന്ന് ഒരു ചുവന്ന തിരി വെട്ടമായി. രാത്രിയിൽ കപ്പലിലെ കാന്റീനിൽ നിന്നും മീൻ കറിയോടു കൂടിയ സ്വാദിഷ്ടമായ ഭക്ഷണം കഴിച്ചു. 50 രൂപ മാത്രം. വീണ്ടും രാത്രിയിലെ കടലിനെ കണ്ട് കപ്പലിന്റെ മുകൾതട്ടിൽ പുറത്തേ കടൽ കാറ്റേറ്റിരുന്നു. കൂരാകൂരിരുട്ട് ചുറ്റിലും. അവിടെ നിന്നും കപ്പലിന്റെ അകത്തെ ബാത്ത് റൂമിൽ ഒരു കുളിയും നടത്തി സുഖമായി ഉറങ്ങി.

Lakshadweep-2

ഒന്നാം ദിവസം

രാവിലെ 5.30 ന് എഴുന്നേറ്റു പുറം കാഴ്ചകളിലേക്ക്

കിഴക്ക് ചുവന്നു തുടുത്തു വരുന്നു. അങ്ങകലെ കടലിൽ സൂര്യൻ ഉദിച്ചുയർന്നു വരുന്നത് കാണാൻ എന്തൊരു ചന്തം. കാട്ടിലും കടലിലും സൂര്യോദയം...

നേരം പുലർന്നുവരവെ. തെളിവാർന്ന ആകാശം.

ചായയും കുടിച്ച് രാവിലെ കപ്പലിന്റെ മുകൾ തട്ടിലെ വരാന്തയിൽ ഉലാത്തുമ്പോൾ കേന്ദ്ര ആഭ്യന്തര പോലീസിലെ ഉദ്യോഗസ്ഥനും ചേലക്കരക്കാരനുമായ സുരേഷിനെ പരിചയപ്പെട്ടു. കടൽ ഈ സമയം ശാന്തമായതിനാലാണ് ഇങ്ങനെ യാത്ര സുഖകരമായതെന്ന് അദ്ദേഹം പറഞ്ഞു. കടൽ മല പോലെ മദിച്ചു നിൽക്കുന്ന അവസരങ്ങളുമുണ്ടത്രെ. അപ്പോൾ യാത്ര വളരെ ദുഷ്കരവും ഭയവിഹ്വലമായ അന്തരീക്ഷമായിരിക്കുമത്രെ. പക്ഷേ, അദ്ദേഹം പറഞ്ഞതിൽ നിന്നും ഈ യാത്ര എത്ര സുന്ദരവും രസകരവുമാണ്.

kavarathi-6

കപ്പൽ രാവിലെ 8.30 ന് കവരത്തിയിലെത്തി. യാത്രക്കാരേ ഇറക്കി 10 മണിക്ക് അഗത്തിലേക്ക് പുറപ്പെട്ടു. ഉച്ചഭക്ഷണം കപ്പലിൽ നിന്നും കഴിച്ചു.

ഒരു മണിക്ക് കപ്പൽ അഗത്തിയിലെത്തി. അഗത്തിയിൽ ആതിഥേയൻ റസാക്ക്, ഞങ്ങളെ കാത്ത് ഹാർബറിൽ തന്നെയുണ്ടായിരുന്നു. അവിടെ നിന്ന് ഒരു ഓട്ടോ റിക്ഷയിൽ. 

ഓട്ടോറിക്ഷകളാണ് ദ്വീപിലെ സാധാരണ യാത്ര വാഹനം. റസാക്ക്, ഞങ്ങൾക്ക് താമസമൊരുക്കിയിട്ടുള്ള അഗത്തിയിലെ ഹെൽത്ത് ഇൻസ്പെക്ടർ അമീറുദ്ദീന്റെ, കടലിലേക്ക് കാഴ്ചയുള്ള ഔട്ട് ഹൗസിലായിരുന്നു.അവിടെ റസാക്ക് ഞങ്ങൾക്ക് വേണ്ട ഭക്ഷണങ്ങൾ എല്ലാം ഒരുക്കിയിരുന്നു. ദ്വീപിൽ സഞ്ചരിക്കാൻ ഒരു ബൈക്കും നൽകി. അന്നു രാത്രിയിൽ അഗത്തി ദ്വീപിലെ റസാക്കിന്റെ റെക്കോർഡിങ് സ്റ്റുഡിയോയും അഗത്തിയും ചെറുതായൊന്നു കറങ്ങി തിരികെ മുറിയിൽ വന്ന് കിടന്നുറങ്ങി.

ഞങ്ങളുടെ ആതിഥേയരായ നവാസും റസാക്കും ദ്വീപിലെ സംഗീത സാമ്രാട്ടുകളുമാണത്രെ. കേരളത്തിലാണ് പഠിച്ചതെങ്കിലും അഗത്തിയിലെ ആഘോഷങ്ങളെ അവർ സംഗീത സാന്ദ്രമാക്കി ദ്വീപിനെ പ്രണയിച്ച് ജീവിക്കുന്നവർ. അതു കൊണ്ടു തന്നെ അവരെ അറിയാത്തവർ ദ്വീപ് വാസികളിൽ ഇല്ലതാനും. അഗത്തിയിലെ ആഘോഷങ്ങളെ മഹോത്സവമാക്കുന്നത് ഇവരുടെ പാട്ടുകൾ കൊണ്ടു കൂടിയാണ്.

രണ്ടാം ദിവസം:

രാവിലെ ഭക്ഷണശേഷം 8 കിലോമീറ്റർ നീളവും 1 കിലോമീറ്റർ മാത്രം വീതിയുമുള്ള അഗത്തി ദ്വീപിന്റെ  കാഴ്ചകളും കണ്ട് അങ്ങിനെ ബൈക്കിൽ യാത്ര ചെയ്ത് ഞാനും ഫറൂഖും സഞ്ചരിച്ചു. ഉച്ചയോടെ ലഗൂൺ ബീച്ചിനടുത്തുള്ള ഇബ്രാഹിമിന്റ ചായകടയിൽ എത്തി... അവിടെ ഉച്ചകഴിഞ്ഞ് ലഗൂൺ മീനുകൾ കൊണ്ടുള്ള വിഭവങ്ങൾ ഉണ്ടാക്കുമെന്നും വൈകിയിട്ട് വരണമെന്നും പറഞ്ഞു. ദ്വീപിലെ ഒരേയൊരു ലഹരി പദാർത്ഥമായ നീര കഴിക്കുന്നില്ലേ എന്ന് ഇബ്രാഹിം ചോദിച്ചപ്പോൾ കഴിക്കാമല്ലോ എന്നു ഞാനും. അടുത്തുള്ള നവാസിന്റ വീട്ടിൽ കിട്ടുമെന്നും അവിടെക്ക് പോകുന്നതിനായി ചായകടയിലെ പ്രധാന കുക്കായ കൊല്ലത്തുക്കാരൻ ഇർഷാദിനെ ഞങ്ങളോടൊപ്പം പറഞ്ഞയക്കുകയും ചെയ്തു. പക്ഷേ അയാളുടെ വീട്ടിലെ നീര കഴിഞ്ഞിരുന്നു. നീര മുത്ത് കള്ളായത് അവിടെ ഉണ്ടായിരുന്നെങ്കിലും അവർ  അത് വിൽക്കാറില്ലെന്നും, അത്തരത്തിൽ അവർ വരുമാനം ഉണ്ടാക്കാറില്ലെന്നും സൗമ്യമായി പറഞ്ഞു. നീര മുത്ത് കള്ളായാൽ അത് ഹറാമായത്രെ! 

അവരുടെ വിശ്വാസത്തിന്റെ വഴികൾ.

തിരിച്ച് ഇബ്രാഹിമിന്റെ ചായകടയിൽ വന്നപ്പോൾ ഇബ്രാഹിം, മറ്റൊരു ഇബ്രാഹിമിന്റെ വീട് പരിചയപ്പെടുത്തി തന്നു. അവിടെ നീര കിട്ടുമെന്ന പ്രതീക്ഷയോടെ ഞങ്ങൾ പുതിയ ഇബ്രാഹിമിനെ തേടി പുറപ്പെട്ടു. മഞ്ഞയും റോസും നിറത്തിലുള്ള നീണ്ട താടി വെച്ച ഒരു അറുപതുക്കാരൻ. ഞങ്ങളെ വളരെ ആതിഥേയ മര്യാദകളോടെ വീട്ടിലേക്ക് ക്ഷണിച്ചുവെങ്കിലും, ഒരാഴ്ചയായി അദ്ദേഹം നീര എടുക്കുന്നത് നിർത്തിവെച്ചിരിക്കുകയാണു പോലും .

Lakshadweep-trip

ചൂട് കൂടി തുടങ്ങിയതിനാൽ നീരയുടെ അളവ് തുലോം കുറഞ്ഞു പോയത്രെ. ഇബ്രാഹിം ഞങ്ങൾക്ക് അഗത്തിയിലെ ജനമനസ്സുകളുടെ ഒരു പാതിയോര കാഴ്ച തന്നെ എതാനും നിമിഷങ്ങൾക്കുള്ളിൽ വരച്ചിട്ടുതന്നു. ജീവിതം വളരെ ലളിതമെന്നു തോന്നുമെങ്കിലും ലഹരിയുടെ മാസ്മരികതയിൽ ലയിച്ചങ്ങനെ നീന്തി നടക്കുന്നവരിൽ ഒരാൾപ്പൊക്കം കൂടുതലുള്ളവൻ. അവനത്രെ കണ്ണൂരിൽ നിന്നും നിക്കാഹ് കഴിച്ച ഈ താടിക്കാരൻ ഇബ്രാഹിം. കടലിനെയും മനുഷ്യനേയും പേടിയില്ലാത്തവൻ. ഉച്ചത്തിരിഞ്ഞ് ഞങ്ങൾ എയർപോർട്ടിനടുത്ത ബീച്ചുകളിൽ പോയി കോറൽസുകളെ കാണുന്നതിനായി കടലിൽ ഗ്ലാസും മാസ്ക്കും ധരിച്ച് സ്നോക്കറിങ് ചെയ്ത് നീന്തി നീന്തി തുടിച്ച് നടന്നു. സമുദ്രത്തിനടിത്തട്ടിലെ അദ്ഭുത കാഴ്ചകൾ കണ്ട് അങ്ങിനെ അങ്ങിനെ പറന്നു പറന്നു നീന്തി തുടിച്ച്...

പടിഞ്ഞാറ് ആകാശം സൂര്യശോഭയിൽ ചുവന്നു തുടുത്തു. സന്ധ്യ മയക്കി കഴിഞ്ഞപ്പോൾ വീണ്ടും ഞങ്ങൾ ഇബ്രാഹിമിന്റെ ചായകടയിൽ വന്നു. കടയിൽ നല്ല തിരക്ക് ഉണ്ടായിരുന്നിട്ടും ഞങ്ങൾ വരുന്നതും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു ആ ദ്വീപുവാസി.

ഫിഷ് ചില്ലിയും ഫിഷ് കറിയും പോറാട്ടയും കഴിക്കാനായി തന്നു. ലഗൂൺഫിഷ് പൊരിച്ചെടുത്തതും. ഒപ്പം, ദ്വീപിലെ സൂപ്പർ ടേസ്റ്റി ചായയും. എല്ലാത്തിനും കൂടി 100 രൂപ മാത്രം. അങ്ങനെ അവിടെ നിന്നും അഗത്തി ടൗണിലേക്ക്. അഗത്തി ടൗണിലൂടെ ചുറ്റിയടിച്ചു വരുന്ന വഴിയിൽ ലഗൂൺ ഷിപ്പിൽ വച്ച് പരിചയപ്പെട്ട ആലത്തൂർക്കാരൻ പ്രദീപിന്റെ ഇലക്ട്രോണിക്സ് കടയിൽ കയറി. തിരികെ റൂമിലെത്തുത്തുമ്പോൾ റസാക്ക് ദ്വീപ് സ്പെഷലായ നീരാളി ഫ്രൈയുമായി  റൂമിൽ എത്തിയിട്ടുണ്ടായിരുന്നു. ഭക്ഷണവും കഴിച്ച് ഉറക്കത്തിലേക്ക്.

മൂന്നാം ദിവസം:

ബങ്കാരം എന്ന ലക്ഷദീപിന്റെ സുന്ദരിയെ തേടി, അങ്ങനെ അതിരാവിലെ ആറ് മണിക്ക് തന്നെ ജെട്ടി ലക്ഷ്യമാക്കി ഞങ്ങൾ ബൈക്കുമായി തിരിച്ചു.

അവിടെ റസാക്കിന്റെ സുഹൃത്ത് മുഹമ്മദ് നൗഫൽ ഓപ്പൺ ബോട്ടുമായി കാത്തു നിൽപ്പുണ്ടായിരുന്നു. ജെട്ടിയിൽ നിര നിരയായി മത്സ്യ ബന്ധനബോട്ടുകൾ കിടക്കുന്നുണ്ടായിരുന്നു. ഏഴു മണിയോടെ ഞങ്ങൾ മത്സ്യ ബന്ധന ബോട്ടിൽ ദ്വീപുകളുടെ റാണിയായ ബങ്കാരത്തെ ലക്ഷ്യമാക്കി കടലിന്റെ തിരയോളങ്ങളെ വകഞ്ഞു മാറ്റി മുന്നോട്ടു പോയി. ഏതാനും നിമിഷങ്ങൾ കഴിഞ്ഞതും കര കാണാത്ത വിധം ഞങ്ങൾ കടലിനു നടുവിലൂടെ കുതിച്ചു പാഞ്ഞു കൊണ്ടേയിരുന്നു. ബോട്ടിലെ പ്രധാന തേരാളികളായ അബ്ദുൾ റസാക്കും മുഹമ്മദ് നൗഫലും കൂടാതെ ഒരു സഹായിയും റസാക്കും ഞാനും ഫറൂഖും മാത്രം.

ദ്വീപിലെ യുവതലമുറകൾ എല്ലാം തന്നെ ഉന്നത വിദ്യാഭ്യാസമുള്ളവർ. മുഹമ്മദ് നൗഫലും, റസാക്കും ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലായിരുന്നു ബിരുദ പഠനം നടത്തിയിരുന്നത്. പരിചയപ്പെട്ടയെല്ലാ ദ്വീപ് യുവത്വങ്ങളും വിദ്യാഭ്യാസമുള്ളവർ തന്നെ. ഒപ്പം തന്നെ, അവർ പരമ്പരാഗത തൊഴിലായ മത്സ്യ ബന്ധനം നടത്തുന്നതിൽ മടിയില്ലാത്തവരും. കടലിനെ വല്ലാതെ പ്രണയിക്കുന്നവരും.

ഏതാനും നിമിഷങ്ങൾ കഴിഞ്ഞതോടെ പൊടുന്നനെ കടലിന്റെ ഭാവം മാറി, കറുത്തിരുണ്ട കാർമേഘക്കാറുകൾ കൊണ്ട് ആകാശമാകെ മൂടി കെട്ടി ...

ഞങ്ങൾ കരകാണാ കടലലമേലെ. കണ്ണടച്ച് തുറക്കുമ്പോഴേക്കും കാറ്റും ഇടിവെട്ടും തുമ്പിക്കൈവണ്ണമുള്ള മഴയും. കടലിന്റെ നിറം കറുത്തു കറുത്തു കുറുകിയ ഒരു വല്ലാത്ത പേടി തോന്നിപ്പിക്കുന്ന തരത്തിലുള്ള ഇരുണ്ട നിറമായി കഴിഞ്ഞിരിക്കുന്നു.

ഓപ്പൺ ബോട്ടിൽ ഞങ്ങൾ മഴ നനഞ്ഞു. ശരിക്കും കടൽ രൗദ്രഭാവത്തിലായിരിക്കുന്നുവെന്ന് ബോട്ടിലെ തേരാളികളുടെ  മുഖഭാവത്തിൽ നിന്നും എനിക്കും ഫറൂഖിനും വായിച്ചെടുക്കാനായി. തിരമാലകൾ ആർത്തലഞ്ഞ് ഞങ്ങളുടെ ബോട്ടിനു ചുറ്റും തിരയടിച്ചു കൊണ്ടിരുന്നു. ബോട്ട് ഉയർന്നും താഴ്ന്നും ബങ്കാരത്തെ ലക്ഷ്യമാക്കി നീങ്ങുന്നുണ്ടെങ്കിലും മുന്നോട്ടുള്ള കാഴ്ച തീരേ ലഭ്യമല്ലാതായപ്പോൾ ബോട്ടിന്റെ "സ്രാങ്ക് " അബ്ദുൾ റസാക്ക്  മുന്നോട്ടുള്ള യാത്ര പതിയെ ആക്കി ബോട്ടിനെ നിയന്ത്രണ വിധേയമാക്കി നടുക്കടലിൽ നിർത്തി. ഞങ്ങൾ കാറ്റത്താടിയുലയുന്ന തോണിയിൽ തോരാത്ത മഴ നനഞ്ഞ് നടുക്കടലിൽ, ഉൾക്കിടിലം പുറത്ത് കാണിക്കാതെ.

ഏതാനും സമയത്തിനു ശേഷം മഴ പാടേ പോയ് മറയുകയും ആകാശം പൊടുന്നനെ, പ്രകാശപൂരിതമാവുകയും കടൽ ശാന്തമാവുകയും ചെയ്തപ്പോൾ നമ്മുടെ തേരാളി കടലിനെ വകഞ്ഞു മാറ്റി കുതിച്ചു പാഞ്ഞു. നിമിഷാർധം കൊണ്ട് കടലിന്റെ ഭാവവും സ്വഭാവം തന്നെ മാറിയിരിക്കുന്നു. പ്രകൃതിയിലെ ഓരോരോ പ്രതിഭാസങ്ങൾ. അതിനിടയിൽ കടലിനു കുറുകെ നീന്തലറിയാത്ത ഈയുള്ളവന് ബോട്ട് ഓടിക്കുവാൻ കടുത്ത മോഹം. മോഹം പറഞ്ഞതും ബോട്ടിലെ തേരാളികൾ ബോട്ടിന്റെ നിയന്ത്രണം എന്നെ എന്തു ധൈര്യത്തിലാണാവോ എൽപിച്ചത്! ഉള്ളിൽ മോഹമുണ്ടായിരുന്നെങ്കിലും തുടക്കത്തിൽ അൽപം ഭയം തോന്നിയിരുന്നു. ഡ്രൈവിങ് ആരംഭിച്ചു കഴിഞ്ഞപ്പോൾ ബോട്ട് ഡ്രൈവിങ് ഒരാവേശമായി മാറി. അങ്ങിനെ ഞാനും ഫറൂഖും  ഏകദേശം 45 മിനിറ്റോളം മാറി മാറി നടുക്കടലിലൂടെ ബോട്ട് ഓടിച്ചു.ഒരിക്കലും മറക്കാനാകാത്ത കടലോർമ്മകൾ തന്നെ...!

(തുടരും...)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA