ADVERTISEMENT

കടലുകൾ അതിരിട്ട ചെറുദ്വീപുകൾ വർണ്ണ വൈവിധ്യം നിറഞ്ഞ നിരവധി കടൽ കാഴ്ചകൾ കൊണ്ട്  കൗതുകം സമ്മാനിക്കുന്നു. കടലിനടിയിലെ അദ്ഭുതകാഴ്ചകൾ എതൊരു സഞ്ചാരിയെയും വിസ്മയിപ്പിക്കും. യാത്രകള്‍ തിരഞ്ഞെടുക്കുന്നതിന് പല കാരണങ്ങളുണ്ട്. സ്ഥലം കാണലിനെപ്പോലെ പ്രാധാന്യമുള്ളതാണ് ഓരോ സ്ഥലത്തെയും സവിശേഷതകള്‍ തൊട്ടറിയുകയെന്നത്. ആഴക്കടലിലെ അദ്ഭുതങ്ങൾ തേടിയൊരു യാത്ര.

bankaram-snorkling

പവിഴപ്പുറ്റു ദ്വീപുകളുടെ സമൂഹമായ ലക്ഷദ്വീപ് അറബിക്കടലിലാണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശങ്ങളിൽ ഏറ്റവും ചെറുതാണിവിടം. ലക്ഷദ്വീപിനെ വര്‍ണിക്കാന്‍ വാക്കുകള്‍ പോരാതെ വരും. ക്യാമറക്കാഴ്ചകളിലൂടെ ലക്ഷദ്വീപിന്‍റെ ഭംഗി ആസ്വദിക്കുന്നവർ തീർച്ചയായും പോകണമെന്ന് ആഗ്രഹിക്കുന്ന സ്വർഗമാണിവിടം. ത‍ിരക്കൊഴിഞ്ഞ വൃത്തിയുള്ള കടൽത്തീരങ്ങളാണ് ലക്ഷദ്വീപിന്റെ പ്രത്യേകത. ബങ്കാരമെന്ന ദ്വീപാണ് ലക്ഷദ്വീപിന്റെ സൗന്ദര്യറാണിയെന്നറിയപ്പെടുന്നത്. ആ സൗന്ദര്യ റാണിയുടെ പവിഴകാഴ്ചകളാണ് ലക്ഷദ്വീപ് ടൂറിസത്തിന്റെ പ്രധാനാകർഷണം.

ശാന്ത സുന്ദരമാണ് ബങ്കാരം ദ്വീപ്. കേരവൃക്ഷങ്ങളാൽ സമ്പന്നമായ ലക്ഷദ്വീപിലെ പ്രധാന കാർഷിക വിള തെങ്ങുകളാണ്. ജനവാസമില്ലാത്ത ഈ ദ്വീപ്, അഗതി നിവാസികളുടെ സ്വകാര്യ ഭൂമിയാണ്. സഞ്ചാരികൾക്ക് താമസിക്കുന്നതിനായി പ്രകൃതി സമ്മാനിക്കുന്ന ശീതളിമ പ്രദാനം ചെയ്യുന്ന നിരവധി ഓലക്കുടിലുകളും ഇവിടെയുണ്ട്. അതിഥികളെ സ്വീകരിക്കുന്നതിൽ ഒട്ടും വിമുഖത കാണിക്കാത്തവരാണ് ദ്വീപ് നിവാസികൾ ഭക്ഷണത്തിൽ പച്ചക്കറികള്‍ തീരെ കുറവായിരിക്കുമെങ്കിലും മത്സ്യവിഭവങ്ങൾക്ക് ഒട്ടും പഞ്ഞമുണ്ടാകില്ല.

ആഴങ്ങളിലെ അദ്ഭുതയാത്ര

bankaram3

സ്നോർക്‌ലിങും സ്കൂബ ഡൈവിങുമാണ് ഇവിടുത്തെ മുഖ്യ ആകർഷണം. സഞ്ചാരികൾക്ക് കടലിനടിയിലെ അദ്ഭുത കാഴ്ചകൾ ആസ്വദിക്കാം. നീന്തലറിയാത്തവർക്കും ഇതെല്ലാം നിസാരമായി പരീക്ഷിക്കാവുന്നതാണ്. കടലാഴങ്ങളിലെ പവിഴപ്പുറ്റുകളും വിവിധ നിറങ്ങളിലുള്ള ചെറുചെടികളും മത്സ്യങ്ങളും കൗതുകം ഉണർത്തുന്ന പുതുപുത്തൻ കാഴ്ച ലോകത്തേക്ക് സഞ്ചരിക്കും. സ്നോർക്‌ലിങ്ങിനിറങ്ങുന്ന സഞ്ചാരികൾക്ക് സമ്മാനിക്കുന്നത്. മണിക്കൂറുകൾ കടലിനടിയിൽ ചെലവഴിക്കുകയെന്നത് ഏറെ രസകരമായിരിക്കുമെന്നതുപോലെ കടലിലെ വിസ്മയങ്ങൾ മുത്തശ്ശിക്കഥകളിലൂടെ അദ്ഭുത ലോകത്തെത്തിയ പ്രതീതിയുണർത്തുകയും ചെയ്യും.

bankaram1

ഓക്സിജൻ മാസ്ക്കിന്റെ സഹായത്തോടെയാണ് സ്കൂബ ഡൈവിങ്ങിനിറങ്ങുന്നത്. തെളിഞ്ഞ കടലിന്റെ അമ്പതടി താഴ്ചയിലെ കാഴ്ചകൾ വരെ സമ്മാനിക്കുന്നതാണ് സ്കൂബ ഡൈവിങ്. നിരവധി കടൽ ജീവികളും സസ്യങ്ങളും വലിയ മത്സ്യക്കൂട്ടങ്ങളും നമുക്കൊപ്പമുള്ള യാത്രയിൽ കൂട്ടുകൂടാനെത്തും. പവിഴപ്പുറ്റുകളുടെ മനോഹരമായ കാഴ്ചകളും നമുക്കവിടെ കാണാം. കരയിലെ ജീവി വർഗത്തെ മാത്രം കണ്ടു പരിചയിച്ചവർക്ക് കടലിലെ വലിയ ജന്തു സമ്പത്തും കടൽ ജലത്തിനൊപ്പം ഇളകിയാടുന്ന വിവിധ നിറങ്ങളിലുള്ള സസ്യങ്ങളും അദ്ഭുതമാകും.

bankaram2

എത്രയറിഞ്ഞാലും കണ്ടാലും മതിവരാത്ത സുന്ദരമായ കാഴ്ചകൾ. ഇത്ര മനോഹരമായ കടൽക്കാഴ്ചകൾ സമ്മാനിക്കുന്ന ഇടങ്ങൾ ലോകത്തിൽ കുറവാണ്. കൊച്ചിയിൽ നിന്ന് കപ്പൽമാർഗം ലക്ഷദ്വീപിലെത്താം. അഗത്തിയിൽ വിമാനത്താവളമുണ്ട്. വ്യോമഗതാഗതത്തിനുള്ള സൗകര്യവും ലക്ഷദ്വീപ് ഒരുക്കിയിട്ടുണ്ട്. അഗത്തിയിൽ നിന്ന് ബങ്കാരത്തേയ്ക്ക് ബോട്ടിൽ യാത്ര ചെയ്യേണ്ടി വരും. ഒരു മണിക്കൂർ ബോട്ട് യാത്രയും അതീവ രസകരമാണ്. സർക്കാർ ഏറ്റെടുത്ത് നടത്തുന്ന ടൂറിസം പാക്കേജിന് അൽപം ചെലവ് കൂടുതലാണ്. ലക്ഷദ്വീപ് നിവാസികളുടെ സ്പോൺസർഷിപ്പ് ഉണ്ടെങ്കിലും യാത്ര സാധ്യമാണ്. സ്വകാര്യ ടൂറിസം പാക്കേജുകളെയും ലക്ഷദ്വീപ് യാത്രകൾക്കായി തെരഞ്ഞെടുക്കാം.

പവിഴപ്പുറ്റുകളുടെയും വർണമത്സ്യങ്ങളുടെയും ബഹുനിറ സസ്യങ്ങളുടെയും കാഴ്ചകളെ ഏറ്റവും മനോഹരമായി പ്രാപിക്കാൻ കഴിയുന്നൊരിടമാണ് ലക്ഷദ്വീപും ബങ്കാരവും. ശാന്തവും സുന്ദരവുമായ ലക്ഷദ്വീപിയൻ യാത്രയിലൂടെ കടൽത്തട്ടിലെ വർണ പ്രപഞ്ചത്തെ അടുത്തറിയാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com