sections
MORE

ലോകത്തിലെ ഏറ്റവും മനോഹരമായ മാർക്കറ്റ്

SHARE

ബാൾക്കൻ ഡയറി 

അദ്ധ്യായം 8 

സരയേവോയിൽ പഴയ മാർക്കറ്റിനടുത്തുള്ള പ്ലാസ എന്ന ഹോട്ടലിലാണ് എന്റെ താമസം. നല്ല മുറി. വാടക 2100 രൂപ മാത്രം. 5 ഡിഗ്രിയാണ് തണുപ്പ്. അതുകൊണ്ട് അടച്ചുറപ്പുള്ള മുറിയല്ലെങ്കിൽ തണുത്ത് ചാകും!ഹോട്ടലിൽ നിന്ന് ബ്രേക്ക്ഫാസ്റ്റ് കഴിച്ച്, മേലാസകലം മൂടിപ്പൊതിഞ്ഞ് പുറത്തിറങ്ങി. പുറത്തേക്കുള്ള വാതിൽ തുറന്നപ്പോഴാണ് തണുപ്പിന്റെ കാഠിന്യം വ്യക്തമായത്. കെട്ടിടങ്ങളുടെ മേൽക്കൂരയിലെല്ലാം ഐസ് വീണ് കിടക്കുന്നു. എന്നാൽ റോഡിൽ ഹിമപാതം കാണാനില്ല.

balcon-diary89

ഹോട്ടലിൽ നിന്നുള്ള ചെറിയ റോഡിലൂടെ  നടന്ന് സാമാന്യം വലിയ ഒരു റോഡിലെത്തി. ഞാൻ ചുറ്റും നോക്കി. സരയേവോ നഗരത്തെ വലയം ചെയ്ത് മലനിരകൾ. മലകളിലെല്ലാം ചിതറിക്കിടക്കുന്ന ചുവന്ന മേൽക്കൂരയുള്ള വീടുകൾ. വൃക്ഷത്തലപ്പുകളിൽ ധവളശോഭ സൃഷ്ടിച്ചുകൊണ്ട് തൂങ്ങിക്കിടക്കുന്ന ഹിമം. ഞാനാ സൗന്ദര്യത്തിന്റെ അപാരദൃശ്യം കണ്ണുകളിലേക്ക് ആവാഹിച്ചു. ഞാൻ സന്ദർശിക്കുന്ന നൂറാമത്തെ രാജ്യം, സന്ദർശിച്ചിട്ടുള്ള രാജ്യങ്ങളിൽ ഏറ്റവും സുന്ദരവുമാണല്ലോ എന്നു ഞാനോർത്തു.

മുന്നിലേക്ക് ലക്ഷ്യമില്ലാതെ നടന്നു. കടകൾ തുറന്നിട്ടുണ്ട്. ഓഫീസിലും മറ്റും പോകേണ്ട ജനങ്ങൾ ജാക്കറ്റും ഓവർകോട്ടും മറ്റും ധരിച്ച് നടന്നുനീങ്ങുന്നു. നല്ല മിനുമിനുങ്ങുന്ന പഴങ്ങൾ നിരത്തിവെച്ചിരിക്കുന്ന പഴക്കടകളാണ് തെരുവിലെ പ്രധാന കാഴ്ച.

ഒരു പ്രധാനപ്പെട്ട ബസ് സ്റ്റോപ്പിലൂടെയാണ് ഞങ്ങൾ നടക്കുന്നതെന്നു തോന്നി. നാലോ അഞ്ചോ നീളം കുറഞ്ഞ ബസ്സുകൾ  നിരന്നു കിടപ്പുണ്ട്. 'പാലാരിവട്ടം, ജെട്ടി, മേനക' എന്നൊന്നും ആരും വിളിച്ചു കൂവുന്നില്ല. കിളി ഡോറിന്റെ സൈഡിൽ ഇടിച്ച് ആരെയും പേടിപ്പിക്കുന്നുമില്ല. ഇതൊന്നുമില്ലാഞ്ഞിട്ടും ജനങ്ങൾ സൗമ്യരായി നടന്ന് ബസ്സിൽ കയറുന്നുണ്ട്!

അല്പം കൂടി മുന്നോട്ട് നടന്നപ്പോൾ ഒരു വലിയ 'സാധനം' എന്റെ മുന്നിലൂടെ ഓടി വന്നു നിന്നു . ട്രാമാണ്. ചെറു ട്രെയിനോളം നീളമുണ്ട്. പഴയ സരയേവോയെയും പുതിയ സിറ്റിയെയും ബന്ധിപ്പിക്കുന്ന ട്രാമാണിത്. റോഡിന്റെ സൈഡിൽ ട്രാമിന്റെ പാളവുമുണ്ട്. ട്രാഫിക് തടസ്സങ്ങളില്ലാതെ പെട്ടെന്ന് പുതിയ സിറ്റിയിലെത്താൻ ട്രാം ഉപകരിക്കും. ട്രാമിന്റെ പാളത്തിൽ കയറ്റി മറ്റുവാഹനങ്ങൾ ഓടിക്കുന്നത് നിയമവിരുദ്ധമല്ല. എന്നാൽ ട്രാം വരുമ്പോൾ വാഹനങ്ങളോ മനുഷ്യരോ പാളത്തിലുണ്ടാകാൻ പാടില്ല. കുറ്റകരമാണ്. അതുകൊണ്ട് ഒരിക്കലും ട്രാം ഗതാഗതകുരുക്കിൽ കിടക്കാറുമില്ല.

ട്രാം സ്റ്റോപ്പിൽ നിർത്തി ആളെ ഇറക്കി, കയറ്റി, എന്നിട്ട് മുന്നോട്ടു നീങ്ങുമ്പോഴാണ് റോഡിനപ്പുറത്ത് മാസ്മരികമായ ആ കാഴ്ച കണ്ടത്. - ഒരു പഴയ മാർക്കറ്റും ചത്വരവും. സരയേവോയിലെ ഏറ്റവും സുന്ദരമായ കാഴ്ച ഇതാണെന്ന് കേട്ടിട്ടുണ്ട്. എന്റെ ഹോട്ടലിന്റെ തൊട്ടടുത്തു തന്നെയാണല്ലോ ആ പ്രധാനപ്പെട്ട കാഴ്ച്ചകൾ എന്ന് ഞാനോർത്തു. റോഡ് മുറിച്ചു കടന്ന് ചത്വരത്തിലെത്തി. മാർക്കറ്റിന്റെ തുടക്കത്തിലുള്ള ചത്വരമാണിത്. അരിമണി കൊത്തി തിന്നുന്ന പ്രാവുകളാണ് ചത്വരത്തിന്റെ പ്രധാന ഭാഗവും കവരുന്നത്. ഒന്നുരണ്ടുപേർ പ്രാവിന് അരിമണി എറിഞ്ഞു കൊടുക്കുന്ന തിരക്കിലാണ്.ബഷാർഷ്യ എന്നാണ് ഈ മാർക്കറ്റിന്റെ പേര്. ടർക്കിഷ് ഭാഷയിൽ 'നഗരത്തിന്റെ ചന്ത' എന്നർത്ഥം. 1462ൽ പണിതീർത്ത മാർക്കറ്റ് ആണിത്. ഓട്ടോമാൻ ഭരണകാലത്ത് ഗവർണറായിരുന്ന ഇസബെഗ് ഐസോക്കോവിച്ചാണ് ഇങ്ങനെയൊരു മാർക്കറ്റ് നിർമ്മിച്ചതിനു പിന്നിൽ പ്രവർത്തിച്ചത്. 19-ാം നൂറ്റാണ്ടിൽ ഒരു വലിയ തീപിടുത്തം ഉണ്ടാകുന്നതുവരെ ഇരട്ടി വിസ്തീർണ്ണമുണ്ടായിരുന്നു മാർക്കറ്റിന്.

ചത്വരം, അതിനു നടുവിൽ നഗരവാസികൾക്ക് വെള്ളം കുടിക്കാനായി നിർമ്മിച്ച ശില്പപ്പണികളോടു കൂടിയ ടാങ്ക്, ഇരുവശത്തും കടകൾ, പല പിരിവുകളായി ചെറു തെരുവുകൾ, അവയുടെയും ഇരുവശത്തും കടകൾ- ഇതാണ് ബഷാർഷ്യ തെരുവിന്റെ 'ലേഔട്ട്'. കോഫിഷോപ്പുകൾ, കരകൗശല വസ്തു വിൽക്കുന്ന ഷോപ്പുകൾ, ബാറുകൾ, ബ്യൂട്ടിപാർലറുകൾ മോസ്‌കുകൾ, ക്രിസ്ത്യൻ പള്ളി, ജൂത സിനഗോഗ്- ഇങ്ങനെ 12,000ത്തിലധികം കെട്ടിടങ്ങൾ ബെഷാർഷ്യയിലുണ്ട്. മിക്കവയും തടികൊണ്ട് നിർമ്മിച്ചവയാണ്. മാർക്കറ്റിനോളം പഴക്കം തോന്നിക്കുന്ന കടകളാണിവ.

തുർക്കിയിലെ രാജാക്കന്മാർ പണിതതുകൊണ്ട് ഇപ്പോഴും തുർക്കിയുടെ സ്വാധീനം എല്ലാത്തരത്തിലും ബഷാർഷ്യയിലുണ്ട്. ഹുക്കഷോപ്പുകൾ, ഹുക്ക വലിക്കുന്ന ബാറുകൾ എന്നിവ വ്യാപകമാണ്. അറബിക് ആഹാരം കിട്ടുന്ന റെസ്റ്റോറന്റുകളും ധാരാളമുണ്ട്. ഇവിടം സന്ദർശിക്കുന്നവരിലും ഏറെയും അറബികളാണ്. ഇപ്പോൾ നമ്മുടെ നാട്ടിലേതുപോലെ, അറബിക്കല്ല്യാണങ്ങളും ബോസ്‌നിയയിൽ വ്യാപകമാണത്രേ. സമ്പന്നരായ അറബികൾ ഇവിടെ വന്ന് നിക്കാഹ് കഴിച്ച് ഭാര്യയെ ഇവിടെ തന്നെ താമസിപ്പിക്കുകയാണ് ചെയ്യുന്നത്.  വർഷത്തിൽ ഏതാനും ദിവസം മാത്രം അറബി ഇവിടെ വന്ന് താമസിക്കും. അതിസുന്ദരികളാണ് ബോസ്‌നിയൻ സത്രീകൾ. അതുകൊണ്ട് അറബികൾക്ക് 'ചിന്നവീടി'നോട് താൽപര്യം അൽപം കൂടും.

ബഷാർഷ്യയിൽ കടകൾ തുറന്നുവരുന്നതേയുള്ളൂ. നേർത്ത മഞ്ഞ് പൊഴിയുന്നുണ്ട്. ഞാൻ ഒരു കോഫിഷോപ്പിന്റെ ഉള്ളിൽ കയറി കോഫി ഓർഡർ ചെയ്തു. ഏതാനും വയസ്സന്മാർ കാപ്പിയും കുടിച്ച് സൊറ പറഞ്ഞ് ഇരിപ്പുണ്ട്. പണ്ട്, നാട്ടിലെ 'മിനി ഹോട്ടൽ' എന്ന  നായർ ചായക്കടയിൽ കണ്ടിരുന്ന അതേ സീൻ. ഇവിടെ  ഉൾഭാഗം കുറച്ചുകൂടി മോഡേൺ ആണെന്നു മാത്രം.   ഉണ്ടംപൊരികൾ നിറഞ്ഞ കണ്ണാടി അലമാരയും  കരിപുരണ്ട ഭിത്തികളും ഇവിടെയില്ല.

പകരം, പാക്കറ്റിലാക്കിയ വിവധതരം കാപ്പിപ്പൊടികൾ നിറച്ച അലമാരയും തടിപാനലുള്ള ഭിത്തികളുമാണ്. വയസ്സന്മാരുടെ  ഇരിപ്പും പതിഞ്ഞ ശബ്ദത്തിലുള്ള പഴംപുരാണം പറച്ചിലുമെല്ലാം മിനി ഹോട്ടലിൽ കണ്ടിട്ടുള്ളതു തന്നെ.1990കളിലെ സെർബിയൻ യുദ്ധകാലത്തടക്കം ബെഷാർഷ്യ സ്ട്രീറ്റ് നശിപ്പിക്കാൻ ശത്രുക്കൾ ആവതും ശ്രമിച്ചു. പക്ഷെ, ദൈവം ഈ മനോഹരങ്ങളായ തെരുവിനെ നശിപ്പിക്കാൻ കൂട്ടുനിന്നില്ല. എത്ര സുന്ദരമാണ് ബഷാർഷ്യ തെരുവ് എന്ന് വാക്കുകളിലൂടെ വർണ്ണിക്കാനാവില്ല. സുന്ദരമല്ലാത്ത ഒരിടം പോലുമില്ല എന്നതാണ് സത്യം. ഒരു രാജ്യത്തെ എല്ലാ മനുഷ്യർക്കും എങ്ങനെ ഇത്രയധികം സൗന്ദര്യബോധം ലഭിച്ചു എന്നുള്ളത് അത്ഭുതകരമായ കാര്യം തന്നെ.

തെരുവിലൂടെ നടക്കുമ്പോൾ സുഹൃത്ത് ജോളി വിളിച്ചു. ഞാൻ സരയേവോയിലെത്തി എന്നുള്ള ഫേസ്ബുക്ക് അപ്‌ഡേറ്റ് കണ്ടു വിളിച്ചതാണ്. സരയേവോയിൽ എന്തെങ്കിലും സഹായം വേണോ എന്നാണ് ചോദ്യം.ജോളി യുഎഇയിൽ അൽ സഫീന ട്രാവൽസ് എന്ന ട്രാവൽ കമ്പനി നടത്തുകയാണ്. അറബികൾ ധാരാളമായി ബോസ്‌നിയ സന്ദർശിക്കുന്നതു കൊണ്ട് ജോളി ധാരാളം ടൂറിസ്റ്റുകളെ ദുബായിൽ നിന്ന് ഇവിടെ എത്തിക്കുന്നുണ്ട്. അതിനായി സരയവോയിലെ ഒരു ട്രാവൽ ഏജൻസിയുമായി ജോളിയുടെ കമ്പനി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. മൂന്നുദിവസം കൊണ്ട് മാക്സിമം സ്ഥലങ്ങൾ കണ്ടു തീർക്കാനായി ഒരു ഗൈഡിനെ കിട്ടിയാൽ കൊള്ളാമെന്ന് ഞാൻ ജോളിയോടു പറഞ്ഞു. 'ഇപ്പോൾ വിളിക്കാ'മെന്നു പറഞ്ഞ് ജോളി ഫോൺ കട്ട് ചെയ്തു. അല്പം കഴിഞ്ഞ് തിരിച്ചുവിളിച്ച് എന്നെ മൂന്നു ദിവസത്തേക്ക്  സരയേവോയിലെ ഏജൻസി ഏറ്ററെടുത്തു കഴിഞ്ഞതായി അറിയിച്ചു. ഞാൻ ഇന്ത്യയിലെ ഒരു 'മഹാസംഭവ'മാണെന്നാണ് ജോളി ഏജൻസിയെ ധരിപ്പിച്ചിരിക്കുന്നത്!

ജോളി അങ്ങനെയാണ്.എല്ലാ കാര്യങ്ങളും പട പടേന്നാണ് . കേരളത്തിൽ പ്രളയം തുടങ്ങുമ്പോൾ ഞാൻ ഉക്രെയ്ൻ യാത്ര കഴിഞ്ഞ് ഷാർജ എയർപോർട്ടിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. കൊച്ചി എയർപോർട്ട് അടച്ചു. എങ്ങോട്ടു പോകും എന്നറിയില്ല. തിരുവനന്തപുരത്തേക്കുള്ള വിമാനങ്ങളെല്ലാം ഫുൾ.

ഞാൻ ഷാർജയിൽ നിന്നുകൊണ്ട് ജോളിയെ വിളിച്ചു. ഇതേ മറുപടി- 'ഇപ്പോ തിരിച്ചു വിളിക്കാം'.പിന്നെ എല്ലാം പെട്ടെന്നായിരുന്നു  ഷാർജ എയർപോർട്ടിൽ മുറി കിട്ടി. രാവിലത്തെ തിരുവനന്തപുരം ഫ്‌ളൈറ്റിൽ ടിക്കറ്റും കിട്ടി!അതാണ് ജോളി. അതുകൊണ്ടു തന്നെ ഇനിയുള്ള മൂന്നു ദിവസം എന്റെ കാര്യം കുശാലാകുമെന്ന് എനിക്കറിയാമായിരുന്നു.

അല്പനേരം കഴിഞ്ഞ് ബോസ്‌നിയിലെ ഒരു നമ്പരിൽ നിന്ന് ഒരു പെൺകുട്ടി വിളിച്ചു. 'ഞാൻ എസ്മ. വാലി ഓഫ് ടൂറിസം എന്ന ട്രാവൽ കമ്പനിയിൽ നിന്ന് വിളിക്കുന്നു. ജോളി പറഞ്ഞതനുസരിച്ച് മൂന്നു ദിവസത്തേക്ക് താങ്കളെ ഞങ്ങൾ ഏറ്റെടുക്കുകയാണ്. ഞങ്ങളുടെ ഗൈഡ് അർമാൻ ഇപ്പോൾ തന്നെ താങ്കളെ വിളിക്കും...'പറഞ്ഞുതീരും മുമ്പ് അർമാൻ വിളിച്ചു. പത്തുമണിക്ക് കാറുമായി എവിടെ എത്തണം എന്നാണ് അർമാന്റെ ചോദ്യം. ഞാൻ ഹോട്ടലിന്റെ പേര് പറഞ്ഞുകൊടുത്തു. എന്നിട്ട് നടപ്പു തുടർന്നു.

സമയം ഒമ്പതാകാറായി. ബഷാർഷ്യ തെരുവിലൂടെ നടന്ന് പുറത്ത്, മറ്റൊരു തെരുവിലെത്തി. അവിടെ ഒരു മെയിൻ റോഡുണ്ട്. അതിനപ്പുറത്ത് ഒരു ചെറിയ പുഴ ഒഴുകുന്നു. പുഴയ്ക്കു കുറുകെ പാലമുണ്ട്. പാലം കടന്നാൽ നഗരത്തിന്റെ മറ്റൊരു ഭാഗത്തെത്താം. മിലാസ്‌ക എന്ന പുഴയാണിത്. 21 കി.മീ.മാത്രം നീളമുള്ള പുഴ.

മഞ്ഞണിഞ്ഞ മലകളിൽ നിന്ന് ഒഴുകി വരുന്നതുകൊണ്ടാവാം, ഇളംനീല നിറമാണ് വെള്ളത്തിന്. റോഡിൽ തിരക്കായിട്ടുണ്ട്. ട്രാമുകളും ബസ്സുകളും കാറുകളും നീങ്ങുന്നു. കെടുംതണുപ്പായതിനാലാവാം, ഇരുചക്ര വാഹനങ്ങൾ വളരെ കുറവാണ്. ഇവിടെ ഒരു വലിയ ടർക്കിഷ് റെസ്റ്റോറന്റുണ്ട്.  പ്രഭാതഭക്ഷണം കഴിക്കാനെത്തിയവരുടെ തിരക്കാണവിടെ. സരയേവോയിലെ തുർക്കികളുടെ സാന്നിദ്ധ്യം മനസ്സിലാക്കാൻ ഈ റെസ്റ്റോറന്റിനു മുന്നിൽ അൽപ്പനേരം നിന്നാൽ മതി.

ഞാൻ തിരികെ നടന്നു. 'നിനച്ചിരിക്കാതെ കിട്ടിയ' ഗൈഡിനെ സ്വീകരിക്കണമല്ലോ. ഹോട്ടലിൽ അല്പനേരം വിശ്രമിച്ചപ്പോൾ അർമാനെത്തി. സുന്ദരനായ, താടിക്കാരൻ. വിടർന്ന ചിരി. 'വെൽക്കം ടു ബോസ്‌നിയ' - അർമാൻ സ്വാഗതമോതി.

(തുടരും)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA