sections
MORE

രക്തക്കൊതിയൻമാരുടെ ലോകത്തേക്ക് ഒരു യാത്ര

x-default
Bran Castle
SHARE

നിലാവില്ലാത്ത രാത്രികളിൽ, ഇരുളിനു കനം വർധിക്കുമ്പോൾ, മനുഷ്യരക്തത്തിന്റെ രുചി ആസ്വദിക്കാൻ അവർ എത്തും.. കൂർത്ത പല്ലുകൾ കഴുത്തിൽ അമർത്തി രക്തം വലിച്ചൂറ്റിക്കുടിക്കും... രക്തരക്ഷസ്സുകളെ കുറിച്ചുള്ള കഥകളും സിനിമകളുമെല്ലാം ആസ്വാദകർക്കു നൽകിയ ചിത്രങ്ങളാണിത്

സിനിമകളും കഥകളും സമ്മാനിച്ച രക്തക്കൊതിയൻമാരുടെ ലോകത്തേക്ക് ഒരു യാത്ര നടത്താം. കഥാകൃത്തുക്കൾ മെനഞ്ഞെടുത്ത ചിരഞ്ജീവികളായ ചില രക്തരക്ഷസ്സുകളുടെ ലോകം കാണാം. കഥകളിലൂടെ അവർ നമ്മെ വിസ്മയിപ്പിച്ച ആ പ്രേതഗൃഹങ്ങൾ ഇരുളിന്റെ മറയില്ലാതെ കാണാൻ, ചെറുതായൊന്നു പേടിക്കാൻ... ഒരു യാത്ര പോകാം. റൊമാനിയയിലെ ബ്രാൻ കാസിലിൽനിന്നു തുടങ്ങി വിറ്റ്ബിയിലെ  ഡ്രാക്കുള ഹ്യുന്റ്സ്  വരെ നീളുന്ന, രക്തഗന്ധമുള്ള ഒരു യാത്ര.

ബ്രാൻ കാസിൽ, റൊമാനിയ

ഐറിഷ് എഴുത്തുകാരൻ ബ്രാം സ്റ്റോക്കർ സൃഷ്ടിച്ച, ഇന്നും വായനക്കാരെ ഭീതിയിലാഴ്ത്തുന്ന നായകനാണ് ഡ്രാക്കുള.  ട്രാൻസിൽവാനിയയിലെ കാർപാത്യൻ മലനിരകളിലാണ് കഥയിലെ ഡ്രാക്കുള കോട്ട സ്ഥിതി ചെയ്യുന്നതെങ്കിലും യഥാർഥത്തിൽ ഡ്രാക്കുള ജീവിച്ചിരുന്നത് റൊമാനിയയിലായിരുന്നു. ഓട്ടോമൻ രാജവംശത്തിലെ വ്ലാഡ് ടെപെഷ്, ലോകം കണ്ട ക്രൂരരിൽ ക്രൂരനായ ചക്രവർത്തിയായിരുന്നു.

576925938

രക്തപാനം ഒഴിച്ചാൽ  ഡ്രാക്കുളയുടെ പ്രവൃത്തികളോടു സമാനമായിരുന്നു വ്ലാഡിന്റെ ചെയ്തികളും. യുദ്ധത്തടവുകാരായി പിടിക്കുന്ന  ശത്രുക്കളെ ശൂലത്തിൽ കോർക്കുന്നതു പോലുള്ള ക്രൂരതകളിൽ ആനന്ദം കണ്ടെത്തിയിരുന്നു ഈ ചക്രവർത്തി. ബ്രാം സ്റ്റോക്കറിനു ഡ്രാക്കുളയെ സൃഷ്ടിക്കാൻ പ്രേരണയായത് വ്ലാഡ് ടെപെഷ് ആണെന്നാണ് പറയപ്പെടുന്നത്. ബ്രാൻ കാസിൽ, ടെപെഷിന്റെ ശക്തികേന്ദ്രങ്ങളിലൊന്നായിരുന്നു. റൊമാനിയയിലെ അവസാന രാജ്ഞിയായിരുന്ന മേരിയുടെ മ്യൂസിയമാണ് ഇന്നത്. കെട്ടിലും മട്ടിലും ഒരു ഡ്രാക്കുള കോട്ടയെ അനുസ്മരിപ്പിക്കും ഈ കൊട്ടാരവും അതിന്റെ പരിസരപ്രദേശങ്ങളും. സിനിമകളിലെ രക്തദാഹികളായ കഥാപാത്രങ്ങളുടെ താവളമായി ചിത്രീകരിക്കാൻ ഏറ്റവും അനുയോജ്യമായൊരിടമാണ് ആകാരപ്രത്യേകത കൊണ്ട് ഇൗ കൊട്ടാരം. 

വാംപയർ ബാറ്റ്, കോസ്റ്ററിക്ക 

രക്തദാഹികളായ മനുഷ്യരുടെ കഥകളാണ് നമുക്കു കൂടുതൽ പരിചയം. പക്ഷേ യഥാർഥത്തിൽ രക്തദാഹികൾ ഭൂമിയിലുണ്ട്; വവ്വാലുകൾ. നമ്മുടെ നാട്ടിൽ കണ്ടു വരുന്ന വവ്വാലുകളിൽ നിന്നു വ്യത്യസ്തമാണ് രക്തം കുടിക്കുന്ന ഈ വവ്വാലുകൾ. അവ ലോകത്തിന്റെ പല ഭാഗത്തുമുണ്ട്. മനുഷ്യനൊഴികെയുള്ള ജീവികളുടെ  രക്തം മാത്രം കുടിച്ചിരുന്ന ഇവ, ഈ അടുത്ത കാലത്ത് രക്തത്തിനായി മനുഷ്യനെയും ആക്രമിച്ചതായുള്ള നിരവധി റിപ്പോർട്ടുകൾ ബ്രസീലിൽ നിന്നും വെനിസ്വലയിൽ നിന്നും കേൾക്കുന്നുണ്ട്. രക്‌തം കുടിക്കാൻ താൽപര്യം കാണിക്കുന്ന, മനുഷ്യരിൽ ഭീതി ജനിപ്പിക്കുന്ന  ഇത്തരം കടവാവലുകൾ കോസ്റ്ററിക്കയിലെ സാന്ത റോസാ ദേശീയോദ്യാനത്തിലും ക്രോക്കോവടോ ദേശീയോദ്യാനത്തിലും നിരവധിയുണ്ട്. 

525975996

മ്യൂസീ ഡെസ് വാംപയേഴ്സ്, ഫ്രാൻസ് 

രക്തരക്ഷസ്സുകൾക്കു വേണ്ടി സമർപ്പിക്കപ്പെട്ടിട്ടുള്ള ഫ്രാൻസിലെ ഒരു മ്യൂസിയമാണിത്. പാരീസിലെ ലെസ് ലിലാസിലുള്ള ഈ മ്യൂസിയത്തിൽ മുൻകൂട്ടി റജിസ്റ്റർ ചെയ്താലോ പ്രവേശനമുള്ളൂ. രക്തരക്ഷസ്സുകളെ സംബന്ധിച്ച പുസ്തകങ്ങളുടെയും ഫോട്ടോകളുടെയും ആയുധങ്ങളുടെയും മുഖംമൂടികളുടേയുമെല്ലാം വലിയൊരു ശേഖരം ഇവിടെയുണ്ട്. രക്തമണമുള്ള, ഭയപ്പെടുത്തുന്ന നിരവധി അനുഭവങ്ങൾക്കു സാക്ഷിയാകാൻ സന്ദർശകരെ ഈ മ്യൂസിയം സഹായിക്കും. ഈ മ്യൂസിയത്തിനോട് ചേർന്ന് ഒരു ഗോഥിക് പൂന്തോട്ടവും ആസ്വാദകർക്കായി ഒരുക്കിയിട്ടുണ്ട്.

പോന്റിയനക്, ഇന്തൊനീഷ്യ

839174504

രക്തരക്ഷസ്സുകൾ യൂറോപ്പിന്റെ മാത്രം കുത്തകയല്ലെന്ന് അവകാശപ്പെടുന്നുണ്ട് ഇന്തൊനീഷ്യയിലെ പോന്റിയനക്. വെസ്റ്റ് കലിമന്റൻ എന്ന പ്രദേശത്തിന്റെ തലസ്ഥാനമാണിത്. വളരെ ക്രൂരയായ ഒരു രക്തരക്ഷസ്സിന്റെ പേരിലറിയപ്പെടുന്ന സ്ഥലമാണിത്. ബാല്യത്തിൽ തന്നെ മരണമടഞ്ഞ ഒരു പെൺകുട്ടി പിന്നീട് സുന്ദരിയായ ഒരു സ്ത്രീയായി രൂപമെടുക്കുകയും പുരുഷന്മാരെ തന്നിലേക്ക് ആകർഷിച്ച് കൊലപ്പെടുത്തി തന്റെ നഖത്താൽ അവരുടെ കുടൽമാല പുറത്തെടുത്ത് ആനന്ദിക്കുകയും ചെയ്തിരുന്നു. അക്കാലത്ത് അവിടം ഭരിച്ചിരുന്ന സുൽത്താനും ഭടന്മാരും പീരങ്കിയുണ്ടകൾ കൊണ്ട് രക്ഷസ്സിനെ നശിപ്പിക്കുകയും അതേസ്ഥലത്തു ഒരു മുസ്‍ലിം പള്ളിയും കൊട്ടാരവും പണിയുകയും ചെയ്തുവെന്നാണ് കഥ. ഇന്നും ഇവിടുത്തെ ജനങ്ങൾ റമദാൻ പോലുള്ള വിശേഷ ദിവസങ്ങളിൽ ഇതിന്റെ സ്മരണ പുതുക്കാനായി ഇവിടെയെത്താറുണ്ട്. ആ രക്ഷസ്സിന്റെ ഭീതിയുണർത്തുന്ന ഓർമകൾ അവശേഷിക്കുന്ന സ്ഥലമാണ് പോന്റിയനക്.

ഡ്രാക്കുള ഹ്യുന്റ്സ്, യു കെ

1130076143

പതിനെട്ടാം നൂറ്റാണ്ടിലെ സഞ്ചാരിയായിരുന്ന ജയിംസ് കുക്കിന്റെ പേരിലാണ് ഇവിടുത്തെ നോർത്ത് യോർക്‌ഷർ തുറമുഖം പ്രശസ്തമായത്. എന്നാൽ അതിനുമൊക്കെ അപ്പുറത്താണ് സ്റ്റോക്കറുടെ ഡ്രാക്കുള ഈ ചരിത്രപരമായ സ്ഥലത്തിനു നൽകിയ പ്രശസ്തി. സ്റ്റോക്കറിന് ഡ്രാക്കുള എഴുതാൻ പ്രേരണ നൽകിയതുതന്നെ വിറ്റ്ബി എന്ന ഈ സ്ഥലമാണെന്ന് പറയപ്പെടുന്നു. ഈ പുരാതന തുറമുഖ പട്ടണത്തിന്റെ അന്തരീക്ഷത്തിലെ ഭീകരതയും നിഗൂഢതയും തന്റെ കഥകളിലും ഉൾപ്പെടുത്താൻ സ്റ്റോക്കറിനു സാധിച്ചിട്ടുണ്ട്. കടലിനോടു ചേർന്നാണ് ഈ പട്ടണം. 199 പടവുകൾ കയറി, കടലിനോടു ചേർന്ന കുന്നിനു മുകളിൽ എത്തുമ്പോൾ വളരെ പുരാതനമായ ഒരു ആബെ കാണാം. പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചു മരിച്ചവരുടെ ശവക്കല്ലറകളാണ് ആദ്യത്തെ കാഴ്ച. ഡ്രാക്കുളയുടെ കഥയ്ക്ക് ഇതില്‍പരം ഉചിതമായ പശ്ചാത്തലം വേറെ ലഭിക്കുമോ എന്ന് സംശയമാണ്‌.

ഭീതിയുണർത്തുന്ന രക്തദാഹികളുടെ കഥകൾക്ക് പശ്ചാത്തലമായ കാഴ്ചകൾ, അവ തേടിപ്പോകുന്നവർക്ക് ഏറെ ഹരം നൽകുന്നതാവും. അവിടേക്കുള്ള  യാത്രകൾ ഭയത്തിനൊപ്പം രസകരമായ അനുഭവങ്ങളും സമ്മാനിക്കുമെന്നുറപ്പ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA