ADVERTISEMENT

ബാൾക്കൻ ഡയറി 

അദ്ധ്യായം 9 

സാരയേവോയിലെ കേബിൾകാർ സ്റ്റേഷൻ

അർമാൻ കാർ സ്റ്റാർട്ട് ചെയ്തു. മഞ്ഞ്, അപ്പൂപ്പൻതാടി പോലെ പൊഴിയുന്നുണ്ടായിരുന്നു. , ഗ്ലാസിൽ വീഴുന്ന ഹിമകണങ്ങൾ കാറിന്റെ വൈപ്പർ തുടച്ചു നീക്കിക്കൊണ്ടിരുന്നു. 'ഇന്നു തണുപ്പ് കൂടുതലാണ്. ഇന്നലെ പക്ഷേ സൂര്യപ്രകാശം വേണ്ടുവോളമുണ്ടായിരുന്നു. ദക്ഷിണേന്ത്യയിൽ നിന്നുവരുന്ന താങ്കൾക്ക് തണുപ്പ് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടാവും എന്നെനിക്കറിയാം' - പ്ലാസ ഹോട്ടലിന്റെ മുന്നിൽ നിന്ന് കാർ തിരിച്ച് മെയിൻറോഡിൽ പ്രവേശിക്കവേ, അർമാൻ പറഞ്ഞു.എനിക്ക് മഞ്ഞ് എത്ര കണ്ടാലും എത്ര അനുഭവിച്ചാലും മതിയാകില്ല  എന്ന് അർമാന് അറിയില്ലല്ലോ. 'അക്കാര്യത്തിൽ അർമാൻ വിഷമിക്കണ്ട.

3balcon-diary
ട്രെബോവിച്ച് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുന്ന പഴയ കേബിൾ കാറുകളിലൊന്ന്

മഞ്ഞ് എത്ര കൂടുന്നോ, അത്രയും സന്തോഷമാണെനിക്ക്'- ഞാൻ പറഞ്ഞു.തണുപ്പു  കാലത്ത്, കൊടുംതണുപ്പിന്റെ തലസ്ഥാനമായ, പഴയ റഷ്യൻ രാജ്യങ്ങളിൽ പെട്ട ഉക്രെയ്‌നിൽ പോയ കഥയും ഞാൻ വിശദീകരിച്ചു. ഞാൻ ഉക്രെയ്നിലെത്തുമ്പോൾ ചൂടുകാലമാണ്. ചൂടെന്നു പറഞ്ഞാൽ 25-26 ഡിഗ്രി ചൂട്. നാട്ടിലെ ചുടുമായി താരതമ്യപ്പെടുത്തുമ്പോൾ സഹിക്കാവുന്ന ചൂടേ ഉള്ളൂ. എന്നാൽ എന്നെ വലച്ചത് മറ്റൊരു പ്രധാന പ്രശ്‌നമാണ്-ചൂട് ആസ്വദിക്കുന്ന കാര്യത്തിൽ ഒറ്റക്കെട്ടായ ഉക്രെയ്ൻകാർ ഈ ചൂടുകാലത്ത് എസി പ്രവർത്തിപ്പിക്കുകയേ ഇല്ല.

കാർ, ബസ് എന്നിവയിലെല്ലാം എസി ഓഫ് ചെയ്ത്, ചൂട് ആസ്വദിച്ചാണ് ജനത്തിന്റെ യാത്ര. ചൂട് തീരെ സഹിക്കാൻ പറ്റാത്ത 'ശീതരക്ത ജീവി'യായ എനിക്ക് ഉക്രെയ്ൻകാരുടെ ചൂടിനോടുള്ള ആസക്തി സഹിക്കാനായില്ല. എന്നാൽ അതിനും ഏതാനും മാസം മുമ്പ് മറ്റൊരു പഴയ റഷ്യൻ രാജ്യമായ ഉസ്‌ബെക്കിസ്ഥാനിൽ പോയത് കൊടുംതണുപ്പുകാലത്താണ്. ഞാനാ യാത്ര നന്നായി 'എൻജോയ്' ചെയ്തു എന്നതാണ് യാഥാർത്ഥ്യം. 

'ആദ്യം നമുക്ക് സരയേവോ നഗരമൊന്ന് മലമുകളിൽ നിന്നു വീക്ഷിക്കാം'- അർമാൻ പറഞ്ഞു. ഏതോ മലമുകളിലെ വ്യൂപോയിന്റിലേക്കാണ് യാത്ര എന്നു വ്യക്തമായി.

ട്രെബോവിച്ച് പർവത മുകളിലെ കേബിൾകാർ സ്റ്റേഷൻ.

ഹോട്ടലിൽ നിന്ന്  ചെറിയ വഴികളിലൂടെ  നഗരമദ്ധ്യത്തിലെ സുന്ദരമായ ഒരു റോഡിലെത്തി. റോഡിന്റെ ഇരുവശവും മരങ്ങൾ വളർന്ന് കുട പോലെ നിൽക്കുന്നു. രണ്ടുവശത്തും ജോഗിങ് ട്രാക്കുകൾ നിർമ്മിച്ചിട്ടുണ്ട്. നഗരവാസികൾക്ക് പ്രഭാത-സായാഹ്ന സാവാരിക്കു വേണ്ടിയാണ്  ഈ ട്രാക്കുകൾ. ഇപ്പോഴും ട്രാക്കിലൂടെ നിരവധി പേർ നടക്കുകയും മെല്ലെ ഓടുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ വാഹനങ്ങൾക്ക് റോഡിലൂടെ സഞ്ചരിക്കാമെങ്കിലും വൈകിട്ട് 3 മുതൽ ഈ റോഡിൽ വാഹനഗതാഗതം നിർത്തി വെക്കുമത്രേ. പിന്നെ രാത്രി വൈകുംവരെ നഗവാസികൾക്ക് നടക്കാനും കളിക്കാനും കൊച്ചുവർത്തമാനം പറഞ്ഞിരിക്കാനുമുള്ള സ്ഥലമാണ് നഗരമദ്ധ്യത്തിലെ പ്രധാനപ്പെട്ട ഈ പാത. ജനങ്ങളുടെ ആരോഗ്യകരമായ ജീവിതത്തിനും ഉല്ലാസത്തിനും ഭരണകൂടം നൽകുന്ന പ്രാധാന്യം കാണുക!

ആ പ്രധാനപാതയിൽ നിന്ന് വീണ്ടും ചെറിയ റോഡുകളിലൂടെയായി യാത്ര. ഇരുവശവും മദ്ധ്യകാലഘട്ടത്തിൽ നിർമ്മിച്ച കെട്ടിടങ്ങൾക്കു നടുവിലൂടെയാണ് ഇടുങ്ങിയ റോഡ്. രണ്ടു കാറുകൾക്ക് കടന്നു പോകാനുള്ള വീതിയേ ഉള്ളൂ. ഒരുവശത്ത് വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുകയാണ്. ഒരിഞ്ചു പോലും റോഡിലേക്ക് തള്ളിനിൽക്കാത്ത വിധം നിരനിരയായി ആ ഇടുങ്ങിയ തെരുവിൽ കാറുകൾ പാർക്ക് ചെയ്തിരിക്കുന്നതു കണ്ടാൽ അത് ബിനാലെയുടെ ഇൻസ്റ്റലേഷൻ പോലെ തോന്നും!

കേബിൾ കാറിൽ നിന്നുള്ള ദൃശ്യങ്ങൾ

ഇടുങ്ങിയ റോഡ് മറ്റൊരു റോഡിൽ സംഗമിച്ചപ്പോൾ അവിടെ കേബിൾ കാർ സ്റ്റേഷൻ കണ്ടു. അപ്പോഴാണ് സരയേവോയിലെ വിഖ്യാതമായ കേബിൾ കാറിലാണ് മല കയറാൻ പോകുന്നതെന്ന് ഞാനറിഞ്ഞത്.

പടവുകൾ കയറി സ്റ്റേഷനിലെത്തി. പുതുതായി പണിത സ്റ്റേഷനാണ്.  92ലെ യുദ്ധകാലത്ത് ഈ കേബിൾകാർ സ്റ്റേഷനും കേബിൾ കാറുമെല്ലാം തകർക്കപ്പെട്ടിരുന്നു .1959 ൽ പ്രവർത്തനം തുടങ്ങിയ കേബിൾ കാർ അങ്ങനെ വർഷങ്ങളോളം പ്രവർത്തനരഹിതമായി. 2018 ലാണ് വീണ്ടും പുതിയ കേബിൾ കാറുകൾ പ്രവർത്തന സജ്ജമായത്. കേബിൾ കാർ സ്റ്റേഷന്റെ പണിയും പൂർത്തിയായതേ ഉള്ളൂ.

നിരവധി വാഹനങ്ങൾ കൈക്കുമ്പിളിലെന്ന പോലെ കാത്തു സൂക്ഷിക്കുന്ന നഗരമാണ് സരയേവോ. അതിലേറ്റവും ഉയരം കൂടിയത് 2028 മീറ്റർ ഉയരമുള്ള ട്രെഷ്‌കവിച്ചയാണ്. ഞങ്ങൾ കേബിൾ കാറിൽ കയറിപോകുന്നതാകട്ടെ, 1677 മീറ്റർ ഉയരമുള്ള ട്രെബെവിച്ച് പർവതത്തിന്റെ മുകളിലേക്കും.

കേബിൾ കാറിൽ നിന്നുള്ള ദൃശ്യങ്ങൾ

കേബിൾ കാർ യാത്ര ആരംഭിച്ചു. 33 കേബിൾ കാറുകൾ നിരന്തരം മുകളിലേക്കും താഴേക്കും സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. മണിക്കൂറിൽ 1200 പേർക്ക് സഞ്ചരിക്കാനുള്ള കപ്പാസിറ്റിയാണ് ഈ കേബിൾ കാർ സംവിധാനത്തിനുള്ളത്.

കേബിൾ കാർ അല്പം മുകളിലെത്തിയപ്പോൾ തന്നെ സരയേവോ നഗരത്തിന്റെ വിഹഗവീക്ഷണം കൺമുന്നിൽ തെളിഞ്ഞു . മനോഹരമായ ദൃശ്യമായിരുന്നു അത്. തലേന്നുമുതൽ പെയ്യുന്ന മഞ്ഞ് ഒരു കാർപ്പെറ്റു പോലെ നഗരത്തെ മൂടിക്കിടക്കുന്നു. വൃക്ഷത്തലപ്പുകളിലും വീടുകളുടെ മേൽക്കൂരകളിലും പർവതശിഖരങ്ങളിലുമെല്ലാം മഞ്ഞ്, മഞ്ഞ്, മഞ്ഞ്.....

മഞ്ഞിന്റെ മായാലോകത്തിന മേലെ കേബിൾ കാർ ചലിച്ചുകൊണ്ടിരുന്നു. ഒമ്പതു മിനുട്ടാണ് കേബിൾ കാറിന് പർവ്വതമുകളിൽ എത്താനുള്ള സമയം. അഞ്ചു മിനുട്ടായപ്പോൾ ചുറ്റുപാടുമുള്ള മലനിരകളെല്ലാം പനോരമിക് സ്‌ക്രീനിലെന്നപോലെ തെളിഞ്ഞു വന്നു. അതോടെ 360 ഡിഗ്രിയിൽ പർവതങ്ങളുടെ സാമ്രാജ്യം അതിന്റെ സർവപ്രൗഡിയോടെയും കാണായി.

കേബിൾ കാറിൽ നിന്നുള്ള ദൃശ്യങ്ങൾ

ഒമ്പതു മിനുട്ടിൽ കേബിൾ കാർ യാത്ര അവസാനിച്ചു. ആകെ ഞങ്ങൾ രണ്ടുപേർ മാത്രമാണ് ഇറങ്ങാനുണ്ടായിരുന്നത്. അവിടെ 1960കളിൽ ഉപയോഗിച്ചിരുന്ന ചെറിയ കേബിൾ കാർ മ്യൂസിയത്തിലെന്ന പോലെ സൂക്ഷിച്ചിരിക്കുന്നതും കണ്ടു. രണ്ടുപേർക്കു മാത്രം കയറാവുന്ന ചെറിയ കേബിൾ കാറായിരുന്നു, പണ്ടുണ്ടായിരുന്നത്.. 

സ്റ്റേഷന്റെ പുറത്തിറങ്ങിയപ്പോൾ കൊടുംതണുപ്പും മഞ്ഞിന്റെ സമുദ്രവുമാണ് എതിരേറ്റത്. കണ്ണെത്താ ദൂരത്തോളം മഞ്ഞ്. മുട്ടറ്റം മഞ്ഞ്. അതിന്റെ അതിരിൽ, മഞ്ഞിൽ മുങ്ങി നിൽക്കുന്ന വൃക്ഷങ്ങൾ, വൃക്ഷത്തലപ്പുകൾ.

ട്രെബോവിച്ച് പർവത മുകളിലെ ദൃശ്യങ്ങൾ

'നടക്കാം?' - അർമാൻ ചോദിച്ചു. ഞാൻ തലയാട്ടി. തണുപ്പത്ത് എത്ര കിലോമീറ്റർ നടക്കാനും എനിക്ക് മടിയില്ലല്ലോ.

ട്രെബോവിച്ച് പർവത മുകളിലെ ദൃശ്യങ്ങൾ

നടപ്പാരംഭിച്ചു. 'ഇപ്പോഴത്തെ ഈ ശൂന്യതയൊന്നും കണക്കാക്കണ്ട. മഞ്ഞുകാലം കഴിഞ്ഞാൽ ഇവിടെ കാൽകുത്താൻ പോലും സ്ഥലമുണ്ടാകില്ല. ബോസ്‌നിയക്കാരുടെ ഏറ്റവും ഇഷ്ടപ്പെട്ട പിക്‌നിക്ക് സ്‌പോട്ടാണ് ഇവിടം. ഈ മഞ്ഞിന്റെ കാർപ്പറ്റങ്ങു  മാറുമ്പോൾ പച്ചപ്പാണ് പിന്നെ ഇവിടെയെങ്ങും. ഈ കാണുന്നതൊക്കെ പുൽമേടുകളായി മാറും '-അർമാൻ വിശദീകരിച്ചു.

സരയേവോ നഗരത്തിൽ നിന്ന് വാഹനമോടിച്ചും മലമുകളിലെത്താം. ഇപ്പോൾ വഴിയിലൊക്കെ മഞ്ഞുകട്ടകളായതു കൊണ്ട് 4 വീൽ ഡ്രൈവ് വാഹനങ്ങൾക്കേ  എത്താൻ സാധിക്കുകയുള്ളൂ എന്നു മാത്രം.

1984ലെ വിന്റർ ഒളിമ്പിക്‌സിന്റെ വേദി എന്ന നിലയിലാണ്  ട്രെബെവിച്ച്  പർവതം ശ്രദ്ധിക്കപ്പെട്ടത്. ബോബ്‌ സ്ലെഡിങ് പോലെയുള്ള കായിക വിനോദങ്ങൾ അരങ്ങേറിയത് ഇവിടെയാണ്. അകാലത്ത് ബോസ്‌നിയ ലോകത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമായി മാറിയിരുന്നു.

ട്രെബോവിച്ച് പർവത മുകളിലെ ദൃശ്യങ്ങൾ

പിന്നീട് മല നിരകൾ ശ്രദ്ധിക്കപ്പെട്ടത് 1992ലാണ്. രണ്ടാംലോകമഹായുദ്ധത്തിനു ശേഷം ലോകം കണ്ട ഏറ്റവും വലിയ യുദ്ധം അക്കാലത്താണ് ബോസ്‌നിയയിൽ നടന്നത്. യുഗോസ്ലാവ്യയിൽ നിന്ന് സ്വതന്ത്ര മായ ശേഷം മുസ്ലീം ഭൂരിപക്ഷമുള്ള ബോസ്‌നിയയ്ക്കുമേൽ സെർബിയയിലെ ഓർത്തഡോക്‌സ് ക്രിസ്ത്യാനികളും ക്രൊയേഷ്യയിലെ കത്തോലിക്കരും ചേർന്ന് മറ്റ് ചില രാജ്യങ്ങളുടെ സഹായത്തോടെ അക്രമം അഴിച്ചുവിടുകയായിരുന്നു.

ബോസ്‌നിയയിൽ 44 ശതമാനം മുസ്ലീങ്ങളും 32 ശതമാനം ഓർത്തഡോക്‌സ് വിഭാഗത്തിൽ പെടുന്ന സെർബിയക്കാരും 17 ശതമാനം ക്രൊയേഷ്യക്കാരനായ കത്തോലിക്കരുമാണുള്ളത്. ബോസ്‌നിയ സ്വതന്ത്രമായ ശേഷം ഇങ്ങനെ ഓരോ മതത്തിലും വംശത്തിലും പെട്ടവർ ആധിപത്യത്തിനു വേണ്ടി ശ്രമിച്ചതാണ് ഒടുവിൽ 4 വർഷം നീണ്ടുനിന്ന യുദ്ധമായി മാറിയത്.

1997 ഏപ്രിൽ 6ന് മലകളാൽ ചുറ്റപ്പെട്ട സരയേവോ പട്ടണം വളഞ്ഞ് സെർബിയക്കാരും ക്രൊയേഷ്യക്കാരും നഗരജനതയ്ക്ക് ഉപരോധം ഏർപ്പെടുത്തി. മുസ്ലീം ഭൂരിപക്ഷമുള്ള സരയേവോയിലെ ജനങ്ങൾക്ക് പിന്നീട് ദുരിതത്തിന്റെ നാളുകളായിരുന്നു. 'സീജ് ഓഫ് സരയേവോ' എന്നറിയപ്പെടുന്ന ആ ഉപരോധത്തിന്റെ കാലത്ത് ശത്രുപക്ഷം നിലയുറപ്പിച്ചിരുന്നത് നഗരത്തിന്റെ നാലുചുറ്റുമുള്ള മലനിരകളിലാണ്. ട്രെബെവിച്ച്  മലകളായിരുന്നു അവരുടെ പ്രധാന താവളം.

മലഞ്ചെരുവുകളിലെ കേന്ദ്രങ്ങളിലാണ്  ശത്രുപക്ഷം ആയുധങ്ങൾ സൂക്ഷിച്ചിരുന്നത്. ഈ മലമുകളിൽ നിന്ന് നഗരത്തിലേക്ക് നിരന്തരം ബോംബുകളും ഷെല്ലുകളും വർഷിക്കപ്പെട്ടു കൊണ്ടിരുന്നു. ആ ആക്രമണങ്ങളിലാണ് കേബിൾ കാർ ഉൾപ്പെടെയുള്ളവയെല്ലാം നശിപ്പിക്കപ്പെട്ടത്. മലമുകളിലെ വീടുകളിൽ താമസിച്ചിരുന്നവരെയെല്ലാം കൊന്ന ശേഷം ആ വീടുകളെല്ലാം ശത്രുപക്ഷത്തെ സൈനികർ കയ്യടക്കുകയായിരുന്നു.

(തുടുരം)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com