ADVERTISEMENT

സൈബീരിയ മുതൽ ആസ്ട്രേലിയ വരെ എത്രദിവസം കൊണ്ട് നടന്നെത്താം? ചോദ്യം സാറാ മാർക്വിസിനോടാണെങ്കിൽ ഉത്തരം 1000 ദിവസം എന്നാകും.രണ്ട് വൻകരകളും ആറ് രാജ്യങ്ങളും  നടന്നു തീർക്കാൻ എട്ടുജോഡി ബൂട്ടുകൾ വാങ്ങിയ കഥകൾ മുതലുള്ള യാത്രാ വിശേഷങ്ങൾ സാറ പറഞ്ഞു തുടങ്ങും. മൂന്ന് വർഷം കൊണ്ട് 3000 കപ്പ് ചായകുടിച്ചാണ് താൻ ഈ ദൂരമത്രയും  ഒറ്റയ്ക്ക് പിന്നിട്ടതെന്ന് സാറ നിസാരമായി പറഞ്ഞു കളയും. ഏഴുവയസിൽ തുടങ്ങിയതാണ് യാത്രകളോടുള്ള ഇഷ്ടം. സ്വിറ്റ്‌സർലൻറിലെ കുഗ്രാമത്തിൽ ഓടിച്ചാടി മരംകേറി നടന്ന പെൺകുട്ടിയുടെ ജീവിതലക്ഷ്യം തന്നെ സാഹസിക യാത്രകളായിരുന്നു.

എട്ടാം വയസിൽ വളർത്തു നായയോടൊപ്പം കാട്ടിലെ ഒരു ഗുഹയിൽ കഴിഞ്ഞാണ് അവൾ സാഹസിക യാത്രകൾക്ക് തുടക്കമിട്ടത്. സാറ വളരും തോറും സാഹസിക യാത്രകളോടുള്ള അവളുടെ പ്രണയവും വളർന്നു വന്നു. അങ്ങനെ  ഒരിക്കൽ ന്യൂസിലാൻഡ് കടന്ന് യുഎസും കടന്ന് അവൾ 14000 കിലോമീറ്ററുകൾ ആന്തിസ് പർവതത്തിലേക്ക് സഞ്ചരിച്ചു. അതിനു ശേഷമാണ് മൂന്ന് വർഷം നീണ്ടു നിന്ന യാത്രയ്ക്ക് അവൾ തുടക്കമിട്ടത്.

യാത്രയിലുടനീളം ജീവൻ നഷ്ടപ്പെട്ടു പോയേക്കാവുന്ന സംഭവങ്ങൾ വരെ അവളെ കാത്തിരിക്കുന്നുണ്ടായിരുന്നു. യാത്രക്കിടയിലെ ഒരു പാതിരാത്രിയിൽ വിശ്രമിക്കാനായി അവളൊരുക്കിയ ടെൻറിനു ചുറ്റും ഒരുപറ്റം ചെന്നായ്ക്കളെത്തി. അപ്പോൾ തനിക്ക് പേടിയല്ല തോന്നിയതെന്നും ഇവിടെ താൻ തനിച്ചല്ല വേറെ ജീവജാലങ്ങളും ഉണ്ടല്ലോയെന്ന ആശ്വാസമാണ് തനിക്കുണ്ടായതെന്നാണ് സാറ പറയുന്നത്.

സ്ത്രീകൾക്ക് സ്വാതന്ത്ര്യം കുറവുള്ള രാജ്യങ്ങളിലൂടെ സഞ്ചരിക്കേണ്ടി വരുമ്പോൾ തൻെറ വ്യകിത്വം വെളിപ്പെടുത്താറില്ലെന്നും. അവിടെയൊക്കെ പുരുഷന്മാരെപ്പോലെ പെരുമാറിയാണ് താൻ യാത്രചെയ്തതെന്നും സാറ പറയുന്നു. ചൈനപോലെയുള്ള രാജ്യങ്ങളിൽ ഒറ്റയ്ക്ക് നടക്കുന്ന സ്ത്രീകളെ വ്യഭിചാരികളായാണ് കണക്കാക്കുന്നത്. അതുകൊണ്ടു തന്നെ അവിടെയൊക്കെ ഒരു പുരുഷനെപ്പോലെ പെരുമാറേണ്ടി വന്നിട്ടുണ്ടെന്നും സാറ തുറന്നു പറയുന്നു.

സാഹസിക യാത്രകളെ ഏറെ സ്നേഹിക്കുന്ന സാറ കുറച്ച് വർഷങ്ങൾക്കു മുമ്പ് യാത്രകളെക്കുറിച്ച് ഒരു പുസ്തകമെഴുതിയിട്ടുണ്ട്. ഇങ്ങനെ സ്വതന്ത്രയായി സഞ്ചരിക്കാൻ പറ്റുന്നതിൽ തനിക്ക് ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്നും. എല്ലാവരുടെയും ഉള്ളിൽ സാഹസിക യാത്രകളെ പ്രണയിക്കുന്ന ഒരു മനസുണ്ടെന്നും മനസിനെ ധൈര്യപ്പെടുത്തി എത്രയും വേഗം യാത്രയ്ക്ക് തയാറാവുകയാണ് വേണമെന്നുമാണ് സഞ്ചാരപ്രിയരോട് സാറയ്ക്ക് പറയാനുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com