sections
MORE

സൂറിക്കിലെ ഉപയോഗിക്കാത്ത കാറുകൾ

SHARE
482732442

സ്വിസ് ഗ്രാമാന്തരങ്ങൾ മനോഹര കാഴ്ചകളാണ്. നഗരം വിട്ട് ഏതാനും കിലോമീറ്ററുകൾ പിന്നിട്ടാൽപിന്നെ ചെറിയ ഗ്രാമങ്ങൾ. ഒരു ഗ്രാമത്തിന്റെ മുഖ്യലക്ഷണം അവിടുത്തെ പള്ളിയാണ്. തലയുയർത്തിനിൽക്കുന്ന വലിയ മണിഗോപുരത്തിനു മുകളിൽ പ്രൊട്ടസ്റ്റൻറ് പള്ളിയോ കാത്തലിക് പള്ളിയോ എന്നു തിരിച്ചറിയാനുള്ള ചിഹ്നങ്ങളുണ്ട്. പള്ളിക്കു ചുറ്റും കുറെ വീടുകൾ, കടകൾ, റസ്റ്ററന്റുകൾ. എല്ലാം ശാന്തം. തിരക്കേയില്ല. റോഡിൽ മനുഷ്യരുമില്ല. വല്ലപ്പോഴുമൊരു കാറു പോയാലായി. കടകളിൽ ഒന്ന് അപ്പോത്തിക്കെ എന്നറിയപ്പെടുന്ന മെഡിസിൻ ഷോപ്പും മറ്റൊന്ന് ഹോം മേഡ് സ്വിസ് ചോക്ലേറ്റുകൾ ധാരാളമായി കിട്ടുന്ന ബേക്കറിയും ആയിരിക്കും.

ഗ്രാമത്തിലെ പ്രധാന ജീവനരീതി കൃഷി തന്നെ. ഇതിൽ മുഖ്യം കന്നുകാലി വളർത്തൽ. നോക്കെത്താ ദൂരത്ത് പടർന്നു കിടക്കുന്ന പച്ചപ്പുൽത്തകിടികളിൽ മേഞ്ഞു നടക്കുന്ന കൊഴുത്ത സ്വിസ്ബ്രൗൺ പശുക്കൾ. കുളി കഴിഞ്ഞ് ഈറൻമുടിയുമായി നിൽക്കുന്ന ശാലീനതയുണ്ട് ഈ പശുക്കൾക്കെന്നു തോന്നി. ഓരോ ഗ്രാമത്തിലെയും മികച്ച പശുക്കളെ കണ്ടെത്താൻ സ്വിറ്റ്സർലൻഡിൽ മത്സരമുണ്ട്. സൗന്ദര്യമത്സരത്തെ വെല്ലുന്ന വാർഷിക മത്സരത്തിൽ വടിവളവുകളും മുഖസൗന്ദര്യവും ചൊടിയും ചുണയുമൊക്കെ വിലയിരുത്തപ്പെടും. മികച്ച പശുവിന് നല്ലൊരു മണി സമ്മാനം. ഭംഗിയുള്ള ഇത്തരം മണികളുടെ ചെറു രൂപം സ്വിസ് മെമന്റോകളിൽ മുഖ്യമാണ്.

മരവേലികൾ അതിരിടുന്ന പുൽത്തകിടികൾക്ക് കുടയായി നിൽക്കുന്ന മരങ്ങൾ ഫലവൃക്ഷങ്ങളാണ്. കൂടുതലും ആപ്പിൾ മരങ്ങൾ. ഗ്രാമീണ റോഡുകൾ വൃത്തിയായി ടാർ ചെയ്തിട്ടുണ്ട്. ചിലേടത്തൊക്കെ ടാറിടാത്ത പാതകളും കണ്ടു. എന്നാൽ കല്ലുപാകിയ നല്ല പ്രതലം. എത്ര കുഗ്രാമമാണെങ്കിലും റോഡ് സൈനേജുകളും ഡ്രെയ്നേജ് സംവിധാനങ്ങളും കണ്ടെത്താം. ചെറിയ ജംക്‌ഷനുകളിൽ ട്രാഫിക് സിഗ്നലുകളുമുണ്ട്.  സ്വന്തമായി കൃഷിയിടമില്ലാത്തവർക്ക് പച്ചക്കറി കൃഷി ചെയ്യാൻ ചെറിയ പന്തലുകൾ വാടകയ്ക്കു കൊടുക്കുന്ന പരിപാടിയുമുണ്ട്. കെട്ടിയടച്ച ഇത്തരം പന്തലുകളിൽ മഞ്ഞുകാലത്തും കൃഷി ചെയ്യാം.

ഗ്രാമീണവീടുകൾ മിക്കതും കൃഷിക്കാരുടേതാണ്. തടി വീടുകൾ. വീടിനു പരിസരത്ത് ഫയർവുഡ് അടുക്കി വച്ചിരിക്കുന്നു. തണുപ്പുകാലത്ത് ഫയർപ്ലേസ് എരിക്കാനുള്ളതാണ്. കാർഷികോപകരണങ്ങൾ വീടിന്റെ തടിഭിത്തിയിൽ ഉറപ്പിച്ചിരിക്കും. ചിലേടത്തൊക്കെ കലമാൻതലകളും മറ്റും കൊണ്ട് വീടിന്റെ പുറംഭിത്തി മോടി പിടിപ്പിച്ചിട്ടുണ്ട്. മിക്ക വീടുകൾക്കും സ്വന്തമായി വർക്‌ഷോപ്പും ഒന്നിലധികം വാഹനങ്ങളുമുണ്ട്. കൃഷിപ്പണിക്കുവേണ്ട ട്രാക്ടറുകളും മറ്റും മുറ്റത്ത് പാർക്ക് ചെയ്തിട്ടുണ്ടാവും. ചിലപ്പോഴെങ്കിലും പഴയ കാറുകളും മറ്റു വണ്ടികളും ഫോർ സെയിൽ ബോർഡുമായി പാർക്കു ചെയ്തിട്ടുണ്ടാവും. ഇതിന് വിലയില്ല. സൗജന്യമാണ്. എടുത്തുകൊണ്ട് പോയി സ്ഥലം ഒഴിവാക്കിത്തന്നാൽ മതി. വികസിത രാജ്യങ്ങളുടെ സ്ഥിതി എത്ര വിഭിന്നം. അതുപോലെയാണ് ഇവിടുത്തെ മൾട്ടി ബ്രാൻഡ് കാർ ഷോറൂമുകളും. യൂറോപ്പിൽ പലേടത്തും കാണുന്ന ഇത്തരം ഷോറൂമുകളുടെ സ്വിസ് രൂപങ്ങളിലൊന്നിൽ കയറി. കണ്ട കാഴ്ചകളെല്ലാം പുതുമ തന്നെ.

വഴിയോര കാർഷോറൂമുകൾ

മൾട്ടി ബ്രാൻഡ് ഷോറൂമുകൾ ജനിക്കാനൊരു കാരണമുണ്ട്. ഉപഭോക്താവിന്റെ ജീവിതം ലളിതമാക്കുക. വാഷിങ് മെഷീനും ഫ്രിജും ടിവിയും ഒക്കെ വാങ്ങാൻ എന്തെളുപ്പമാണ്. ഏതെങ്കിലുമൊരു ഷോറൂമിൽ ചെല്ലുക. ബ്രാൻഡുകൾ നിരനിരയായിരിക്കുന്നതിൽ നിന്നു വിലപേശി ഇഷ്ടമുള്ള മോഡൽ തിരഞ്ഞെടുക്കുക. കാശുകൊടുത്ത് വീട്ടിലാക്കുക. എന്നാൽ ഇതിന്റെയൊക്കെ പത്തിരട്ടി വിലയുള്ള കാറു വാങ്ങണമെങ്കിലോ?  തെല്ലു കഷ്ടപ്പെടും. 

പൊതുവെ എല്ലാം എക്സ്ക്ലൂസീവ് ഷോറൂമുകൾ. ഒരു ഷോറൂമിൽ ഒന്നിലധികം ബ്രാൻഡുകളില്ല (ഇന്ത്യയിലെ ഏക അപവാദം ടാറ്റാ ഫിയറ്റ് ഷോറൂമുകൾ). മാരുതിക്കടയിൽച്ചെന്നാൽ മാരുതി വാങ്ങി തൃപ്തിയടഞ്ഞു കൊള്ളണം. തുല്യവിലയുള്ള ഹ്യുണ്ടേയ്‌യോ ടാറ്റയോ ടൊയോട്ടയോ ഷെവിയോ വേണമെങ്കിൽ വീണ്ടുമോടണം കിലോമീറ്ററുകൾ, അടുത്ത ഷോറൂമിലേക്ക്. അവിടെച്ചെന്നാലോ അവിടുത്തെ കാറുകൾ മാത്രം.

470954468

തീരുമാനിച്ചുറപ്പിച്ച മാരുതിയുമായൊരു താരതമ്യം അസാധ്യം. എന്നെങ്കിലും ആലോചിച്ചിട്ടുണ്ടോ എല്ലാ കാറുകളും ഒരു ഷോറൂമിൽ കിട്ടിയാലുള്ള സൗകര്യത്തെപ്പറ്റി? മനസ്സിൽക്കണ്ടു വച്ച മോഡലുകൾ തൊട്ടു തൊട്ടിട്ട് താരതമ്യം ചെയ്ത് വില പേശി കച്ചവടമുറപ്പിക്കാനായാലോ? ഇന്ത്യയിലിന്നും അന്യമായ ഈ സങ്കൽപം യൂറോപ്പിൽ പണ്ടേ യാഥാർഥ്യം. സൂറിക്കിലെ വഴിയോരത്തു കണ്ട ഒരു കാർ വിൽപനശാലയിലാണ് കയറിയത്. യൂസ്ഡ് കാർ ഷോറൂമായാണ് ബ്രാൻഡിങ്ങെങ്കിലും ഈ കടയിൽ ഉപയോഗിച്ചതും പുതിയതുമായ കാറുകൾ മുട്ടിയുരുമ്മിക്കിടക്കുന്നു. ലോകത്തുള്ള ഏതാണ്ടെല്ലാ ബ്രാൻഡുകളും ഇവിടെക്കിട്ടും.

ഷോറൂമെന്നു പറഞ്ഞാൽ നമ്മുടെ നാട്ടിലെ കാർ ഡീലർഷിപ്പുകളുടെ ജാഡയൊന്നുമില്ല. വലിയൊരു മൈതാനം നിറയെ കാറുകൾ. അതിന്റെയൊരു മൂലയ്ക്കായി പെട്രോൾ പമ്പുകളെ അനുസ്മരിപ്പിക്കുന്ന മൂടിക്കെട്ടിയ ചെറിയൊരു ചായിപ്പ്. സായിപ്പിനെക്കണ്ടാണ് നമ്മുടെ ഷോറൂമുകളിൽ ടൈ കെട്ടാൻ പഠിച്ചതെങ്കിലും ഈ ഷോറൂമുകളിൽ ടൈ കെട്ടിയ സായിപ്പില്ല. മാത്രമല്ല, കയറിച്ചെന്നാലുടൻ അലോസരപ്പെടുത്താൻ സെയിൽസ് കുട്ടപ്പന്മാരും വണ്ടിയെപ്പറ്റി എബിസിഡി അറിയാത്ത, എന്നാൽ നന്നായി സാരിയുടുക്കാൻ അറിയാവുന്ന (വാചകമടിക്കാനും) സെയിൽസ് സുന്ദരിമാരുമില്ല. ശാന്തം.

ആരും മൈൻഡ് ചെയ്യില്ല. ഇഷ്ടം പോലെ നടന്നു കണ്ട് ഇഷ്ടപ്പെട്ട മോഡലുകൾ ലിസ്റ്റ് ചെയ്യാം. വിലയും ഡിസ്കൗണ്ടും വിൻഡ് സ്ക്രീനിൽ വലുതായി എഴുതി പതിച്ചിട്ടുണ്ട്. പുതിയ കാറാണെങ്കിൽ അക്കര്യം സൂചിപ്പിക്കുന്ന മഞ്ഞ സ്റ്റിക്കർ ഉണ്ടായിരിക്കും. പഴയ കാറാണെങ്കിൽ എത്ര കിലോമീറ്റർ ഓടി എന്നതടക്കമുള്ള വിവരങ്ങളും. പല കാറുകളും പഴയതോ പുതിയതോ എന്നു തിരിച്ചറിയാൻ പ്രയാസം. പുതിയ കാറുകളെക്കാൾ ഫിനിഷിങ്ങിലാണ് പഴയ കാറുകൾ. ഫിക്സഡ് വിലയാണ്. ഇതിനു മുകളിൽ പേശലില്ല.

കാരണം ഈ വില തന്നെ ഷോറൂം വിലയെക്കാൾ താഴെയാണ്. ഫ്രീ ആക്സസറി തുടങ്ങിയ ഏർപ്പാടുകളുമില്ല. കാറു തരും. ബാക്കിയൊക്കെ സ്വന്തം കാര്യം എന്നാണിവിടുത്തെ മതം. എന്നാലും ഇത്തരം കച്ചവടം ലാഭമാണെന്ന് സ്വിറ്റ്സർലൻഡിൽ സ്ഥിരതാമസമാക്കിയ, മനോരമ ഓൺലൈനു വേണ്ടി എഴുതുന്ന സുഹൃത്ത് ടിജി മറ്റം പറഞ്ഞു. ഇഷ്ടമുള്ള വണ്ടി തെരഞ്ഞെടുത്താൽ ചെറിയ ഓഫിസിൽപ്പോയി സംസാരിക്കാം. പേപ്പറുകളും മറ്റും അവർ കാട്ടിത്തരും. എല്ലാം കിറുകൃത്യം.  അരമണിക്കൂറിനുള്ളിൽ പേപ്പർ വർക്കുകൾ തീരും. വണ്ടിയുമെടുത്ത് വീട്ടിൽപ്പോകാം. സർവീസ് അംഗീകൃത കേന്ദ്രങ്ങളിൽ ലഭിക്കും. പലപ്പോഴും പഴയ വണ്ടിക്കും ഫ്രീ സർവീസ് കൂപ്പണുകൾ ചിലപ്പോൾ ലഭിക്കാറുണ്ട്.

ഈ ഷോറൂമുകൾ പഴയ കാറുകളിലാണ് സ്പെഷലൈസ് ചെയ്യുന്നതെങ്കിലും പുതിയ കാറുകൾക്കും നല്ല വിൽപനയുണ്ടാകാറുണ്ട്. യൂറോപ്യൻ യൂണിയനിലെ വിവിധ രാജ്യങ്ങളിലെ വിലയിലുള്ള വ്യതിയാനം മുതലെടുത്താണ് പുത്തൻ കാറുകൾ വിൽക്കുന്നത്. ഫ്രീ സർവീസും വാറന്റിയും നിർമാതാക്കൾ നൽകും. പേടിക്കേണ്ട കാര്യമില്ല. ഈ ഷോറൂമിൽക്കണ്ട ചില കൗതുകക്കാഴ്ചകൾക്കൂടി പറഞ്ഞില്ലെങ്കിൽ തീരില്ല. ഒന്ന്: ഇവിടെ നമ്മുടെ ടാറ്റ കിട്ടും. പഴയതല്ല, പുതിയത്. ഒരേയൊരു മോഡലേയുള്ളു. ടാറ്റ മൊബീൽ ട്വിൻ ക്യാബ് പിക്കപ്പ്. നമ്മുടെ നാട്ടിൽക്കിട്ടുന്ന സെനോണിന്റെ പഴയ മോഡൽ. വില 15000—20000 ഫ്രാങ്ക്. സാധാരണ ഒരു കുടുംബ സെഡാന്റെ വില. രണ്ട്: ഹ്യുണ്ടേയ് ഐ ട്വൻറിയെക്കാൾ വില ഇവിടെ എ സ്റ്റാറെന്നറിയപ്പെടുന്ന സുസുക്കി ഓൾട്ടൊയ്ക്ക്. രണ്ടും പുതിയ മോഡലുകൾ. ഐ ട്വൻറിക്ക് 13500 ഫ്രാങ്കും ഓൾട്ടൊയ്ക്ക് 15000 ഫ്രാങ്കും.

റൈൻ വെള്ളച്ചാട്ടം

Zurich–TravelRhine_Falls2

കാർ ഷോറൂമിൽനിന്നു നേരേ പോയത് റൈൻ ഫോൾസിലേക്കാണ്. സൂറിക്കിൽനിന്ന് ഏതാനും മിനിറ്റ് ഡ്രൈവേയുള്ളൂ ഈ പുരാതന വെള്ളച്ചാട്ടത്തിലേക്ക്. അറിയപ്പെടുന്ന ഒരു ടൂറിസം മേഖലയാണിവിടം. ഉച്ചയോടെ വെള്ളച്ചാട്ടത്തിനടുത്ത് പാർക്കിങ് ലോട്ടിലെത്തി. വീക്കെൻഡ് അല്ലായിരുന്നിട്ടും അത്യാവശ്യം ജനത്തിരക്കുണ്ട്. കൂടുതലും യൂറോപ്പിൽ നിന്നുള്ള സന്ദർശകർ. വലിയ കാറുകളിൽ സൈക്കിളുകളടക്കമുള്ള സൗകര്യങ്ങളും പട്ടികളും പൂച്ചകളുമൊക്കെയയാണ് വരവ്. ഓടിക്കളിക്കുന്ന കൊച്ചു കുട്ടികൾ. യൂറോപ്പിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണിത്. റൈൻ നദിയുടെ കരുത്തുള്ള മുഖം.

Zurich–Trave–Rheinfall_Panorama_Switzerland

ഷാഫ് ഹ്യൂസർ എന്ന കൊച്ചു നഗരത്തിനടുത്തുള്ള ഈ പ്രദേശം ഒരു ചെറു ഗ്രാമമാണ്. വെള്ളച്ചാട്ടത്തിന്റെ ഇരു കരകളിലേക്കും നടന്നു പോകാം. സൂറിക്ക് കരയിലാണ് ഒബ്സർവേഷൻ ഡെക്കടക്കമുള്ള കാഴ്ചാസൗകര്യങ്ങളുള്ളത്. പാസെടുക്കണം. 150 മീറ്റർ വീതിയും 75 മീറ്റർ ഉയരവുമുണ്ട് ഈ വെള്ളച്ചാട്ടത്തിന്. വലുപ്പത്തിലല്ല, തൊട്ടടുത്ത് ഒബ്സർവേഷൻ ഡെക്കിൽ നിന്ന് ആസ്വദിക്കാനാവുന്നതിലും വെള്ളച്ചാട്ടത്തിനടുത്തേക്ക് ബോട്ടിങ് നടത്തുന്നതിലും നൂറ്റാണ്ടുകൾ കൊണ്ട് വെള്ളം കാർന്നെടുത്ത പാറക്കെട്ടിന്റെ വന്യഭംഗിയുമൊക്കെയാണ് റൈൻ ഫാൾസിന്റെ മികവ്. ഷോളോസ് കാസിൽ എന്നൊരു ചെറു കൊട്ടാരത്തിനടുത്താണ് വെള്ളച്ചാട്ടം. കൊട്ടാരത്തിന്റെ കമാനങ്ങൾക്കുള്ളിലൂടെ വേണം ഉള്ളിലേക്ക് കടക്കാൻ. പഴയ രീതിയിൽ കിടങ്ങും ഉയർത്തുന്ന പാലവുമൊക്കെയുണ്ട്. 

കല്ലിൽ തീർത്ത മനോഹര കൊട്ടാരം. കോട്ടയുമുണ്ട്. ചെറിയൊരു മലയുടെ മുകളിലാണ് കാസിൽ സ്ഥിതി ചെയ്യുന്നത്. കോട്ടയ്ക്കുള്ളിൽ ചെറിയ വീടുകളും ഒന്നു രണ്ടു സ്ഥാപനങ്ങളുമൊക്കെയുണ്ട്. കൂടുതലും സൊവനീർ ഷോപ്പുകൾ.  വീടുകൾ ഇപ്പോൾ സർക്കാർ കസ്റ്റഡിയിലാണെന്നു തോന്നുന്നു. പലതും മ്യൂസിയങ്ങളായി മാറി. പാറയ്ക്കു മുകളിൽനിന്നു താഴേക്ക് പോകാൻ പടികളുണ്ട്. മല ചുറ്റിപ്പോകുന്ന പടികൾ വെള്ളത്തിനു തൊട്ടടുത്തുവരെയെത്തും.

Zurich–TraveRheinfall_Panorama_Switzerland

സമ്മർ കാലമാണെങ്കിലും താഴേക്കിറങ്ങുംതോറും തണുപ്പു കൂടുന്നു. ഏതാണ്ട് മധ്യനിരയിലായി ഒബ്സർവേഷൻ ഡെക്ക്. ഇവിടെ നിന്നാൽ വെള്ളച്ചാട്ടത്തിൽ തൊടാം.  തുള്ളിത്തെറിക്കുന്ന തണുത്തവെള്ളത്തിൽ മുഖവും ശരീരവും നനയ്ക്കാം. മഞ്ഞുകാലത്തും വെള്ളച്ചാട്ടം പൂർണമായി ഉറഞ്ഞുപോകാറില്ലത്രേ. മലചുറ്റിക്കറങ്ങിപ്പോകുന്ന പടികളിറങ്ങി താഴെ വരെ എത്തി. ബോട്ട് ലാൻഡിങ് സെന്ററുകളുണ്ട്. എന്നാൽ ബോട്ടിങ് വേണ്ടെന്നുവച്ചു. ബോട്ടിങ് നടത്തിയാൽ വെള്ളച്ചാട്ടത്തിന്റെ ഭാഗമായ പാറക്കെട്ടിനടുത്തുവരെ പോകാം. പടിയിറങ്ങി ക്ഷീണിച്ചവർക്ക് ഇരിക്കാൻ കസേരകളുണ്ട്; തിരികെപ്പോകാൻ ക്യാപ്സ്യൂൾ ലിഫ്റ്റും. വെള്ളത്തിനോട് ചേർന്ന് ഇരിക്കാൻ രസമാണ്. നല്ലശക്തിയിൽ ഒഴുകുന്ന റൈൻ. ഈ ഭംഗിയാസ്വദിച്ച് ഇംഗ്ലിഷ് നോവലിസ്റ്റ് മേരി ഷെല്ലി 1844 ൽ ഒന്നാന്തരമൊരു വിവരണമെഴുതിയിട്ടുണ്ട്. അത്ഭുതപ്പെടേണ്ട, ആരും ഈ കാഴ്ചയിൽ ഉത്തേജിതരായി വല്ലതുമൊക്കെ എഴുതിപ്പോകും.

Zurich–TravelRheinfall_LCD

ലിഫ്റ്റിൽ തിരിച്ചുകയറി പാലം കടന്ന് മറുകരയിലെത്തി. പോകുന്ന വഴിക്കൊക്കെ നല്ല കാഴ്ചകൾ. വെള്ളത്തിൽനിന്നു ശക്തിയുൽപാദിപ്പിക്കുന്ന പഴയകാല ചക്രങ്ങളും മില്ലുകളുമൊക്കെ ഇന്നും പ്രവർത്തിക്കുന്നുണ്ട്. മറുകരയിൽ നദിയോടു ചേർന്ന റസ്റ്ററന്റുകളുണ്ട്. അവിടെയിരുന്ന് ചൂടു സ്വിസ് ചോക്ലേറ്റ് കുടിച്ച് കുറെ നേരം കൂടി ഭംഗിയാസ്വദിച്ചു. ഇരുളു വീശിത്തുടങ്ങിയതോടെ മടക്കയാത്ര, മറ്റൊരു അപൂർവപ്രകൃതിചാരുതയിൽ മുങ്ങിയതിന്റെ ഓർമകളുമായി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA