sections
MORE

യൂറോപ്പിന്റെ തലക്കെട്ട്

europe-travel
SHARE

യൂറോപ്പിൻറെ തലയാണ് യൂങ്ഫവ്. മഞ്ഞു കൊണ്ടുള്ള തലക്കെട്ട്. ടോപ് ഓഫ് യൂറോപ്പ് എന്നു വിളിക്കും. ജർമൻ ഭാഷയിലെ യഥാർത്ഥ അർത്ഥം കന്യകയെന്നാണെന്ന് പലർക്കും അറിയില്ല. പിശകിനു പിന്നിൽ സ്വിറ്റ്സർലൻഡിൻറെ മുക്കിലും മൂലയിലും ധാരാളമായി വച്ചിട്ടുള്ള ടൂറിസം ബ്രോഷറുകൾ. യുങ് ഫ്രാ ഒൗ എന്നെഴുതി ബ്രാക്കറ്റിൽ ടോപ് ഓഫ് യൂറോപ്പ് എന്നാണ് ബ്രോഷറുകൾ വിശേഷിപ്പിക്കുക.

കന്യാഭൂമി എന്നായിരിക്കണം കന്യക എന്ന പേരുകൊണ്ട് ഉദ്ദേശിച്ചിരുന്നത്.ആൽപ്സിൻറെ മുകളിൽ മഞ്ഞു കൂനകൾക്കു മുകളിൽ ആരും തൊടാത്ത ഭൂമി. ഇന്നിപ്പോൾ ഇന്ത്യക്കാരടക്കം ആയിരക്കണക്കിനു വിനോദസഞ്ചാരികൾ കയറി നിരങ്ങുന്ന ഭൂമിയാണ്. എങ്കിലും വ്യത്യസ്തമായൊരു അനുഭവമാണ് യൂങ് ഫ്രാ ഒൗ. അതിലും വ്യത്യസ്തമാണ് അങ്ങോട്ടുള്ള തീവണ്ടി യാത്ര. ജീവിതത്തിൽ ഒരിക്കലെങ്കിലും രുചിക്കേണ്ട അപൂർവവിഭവം പോലൊരു ഇനം.

വലിയൊരു യാത്രയുടെ മധ്യപാദമായിരുന്നു സ്വിറ്റ്സർലൻഡ്. രണ്ടാഴ്ച നീളുന്ന ജർമൻ പര്യടനം കഴിഞ്ഞ് വടക്കൻ ജർമനിയിലെ ഹാംബുർഗിൽ നിന്ന് പോസ്റ്റർ പെർഫെക്ട് രാജ്യമായ സ്വിറ്റ്സർലൻഡിലേക്ക്. ബേൺ നഗരം. രണ്ടു ദിവസത്തെ ഒൗദ്യോഗിക തിരക്കുകൾ കഴിഞ്ഞപ്പോൾ വീണു കിട്ടിയ വീക്കെൻഡ്. നേരത്തേ തീരുമാനിച്ചുറപ്പിച്ചതുപോലെ ഈ വീക്കെൻഡ് യൂറോപ്പിൻറെ നെറുകയ്ക്കുള്ളതാണ്. മുമ്പൊരിക്കൽ വന്നപ്പോൾ പറ്റാതിരുന്ന യാത്ര.

ഒറ്റ ദിവസം പൂർണമായും മൂന്നോ നാലോ റയിൽവെകൾ മാറിക്കയറാനുള്ള ക്ഷമയും ഉച്ഛ്വാസ വായു നേർത്ത പടലമാകുമ്പോൾ പിടിച്ചു നിൽക്കാനുള്ള കരുത്തും ഒരുമിച്ചു വേണം യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ സ്റ്റേഷനായ യുങ് ഫ്രാ ഒൗവിലെത്താൻ. ഏകദേശം 12000 അടി ഉയരത്തിൽ പാറയ്ക്കടിയിൽ ഗുഹയായി നിൽക്കുന്ന സ്റ്റേഷൻ. പോകുന്ന വഴിക്കെല്ലാം നല്ല കാഴ്ചകൾ. സീസൺ എന്നു പറയാനാവില്ലെങ്കിലും നല്ല സമയത്തായിരുന്നു യാത്ര. ജൂലായ്. മഞ്ഞില്ല, മഴ ചെറുതായുണ്ട്. ഇടയ്്ക്കൊക്കെ ആഞ്ഞു പെയ്യുന്ന മഴ കനത്താൽ യാത്ര കട്ടപ്പുകയാകും. മഴയും മൂടൽ മഞ്ഞും ചേർന്ന് ട്രെയിനിലെ മനോഹകാഴ്ചകൾ പുക മഞ്ഞാക്കും. തലേന്ന് രാത്രി ഹോട്ടലിലിരുന്നു തെല്ലു ടെൻഷടിച്ചു.

ബേണിലെ അസ്റ്റോറിയ ഹോട്ടൽ എല്ലാ മധ്യനിര സ്വിസ് ഹോട്ടലുകളെയും പോലെ ആതിഥേയത്വത്തിൻറെ ഉത്തമ മാതൃകയാണ്. പൊതുവെ ശാന്തവും തിരക്കു രഹിതവും സമ്പന്നവുമായ രാജ്യത്തിൻറെ മുഖമുദ്രയും ജീവനവും ടൂറിസമാണല്ലൊ. നമ്മുടെ നാട്ടിലെ ഫൈവ് സ്റ്റാർ ഹോട്ടലുകളുടെ ആഡംബരവും പ്രസിഡൻറ്സ് ബോഡി ഗാർഡ്സിനെ അനുസ്മരിപ്പിക്കുന്ന ആറരയടിക്കാരൻ വാതിൽ കാവൽക്കാരനുമില്ല മിക്ക ഹോട്ടലിനും. നിരത്തിനരുകിൽ ഭംഗിയുള്ള ചെറിയൊരു വാതിലും അതിനു മുകളിൽ തൂങ്ങുന്ന ബോർഡുമായി ഒതുങ്ങുകയാണ് ഹോട്ടലുകൾ ഭൂരിപക്ഷവും. സാമാന്യം വലിയ ഹോട്ടലാണെങ്കിൽ വശത്തായി ഒരു റസ്റ്റൊറൻറും ഫുട്പാത്തിനു തൊട്ടടുത്ത് ഓപ്പൺ എയർ റസ്റ്റൊറൻറും കാണും. സ്റ്റാർ ഹോട്ടലല്ലെങ്കിലും തങ്ങിയ ഹോട്ടലിൽ ഇതു രണ്ടുമുണ്ടായിരുന്നു. nലോബിയിൽ ഇരിപ്പിടങ്ങൾക്കടുത്ത് നമുക്ക് ഏറെ പരിചിതമായ ഒരു യന്ത്രം. വളരെ പഴയൊരുസിംഗർ തയ്യൽ മെഷിൻ. അലങ്കാരത്തിനായി വച്ചിരിക്കുകയാണ്.

europe-travel1

അസ്റ്റോറിയയിൽ ചെന്നെത്തിയത് ഒരു പാതി രാത്രിയിലായതിനാൽ മുഖ്യ റിസപ്ഷനിസ്റ്റ് പൊയ്ക്കളഞ്ഞു. പിന്നെയുള്ള നൈറ്റ് വാച്ച് മാൻ റിസപ്ഷനിസ്റ്റിന് ഇംഗ്ലീഷറിയില്ല. വന്നു കയറിയുടനെ പറഞ്ഞു. നോ ഇംഗ്ലീഷ്, നോ ഇംഗ്ലീഷ്. ഒൺലി ജർമൻ. ഭാഷയില്ലെങ്കിലും ആംഗ്യഭാഷയിൽ കാര്യം ധരിപ്പിക്കാൻ വിരുതൻ. ഡോർ തുറക്കുന്ന രീതി തെല്ലു വ്യത്യസ്തമായതിനാൽ തൊട്ടടുത്തു വച്ചിരുന്ന മോഡലിൽ കീ പ്രവർത്തിപ്പിക്കുന്ന വിധം ഒരുവിധം കാണിച്ചൊപ്പിച്ചു തന്നു. പിന്നെ കുടിവെള്ളം സോഡയോ അല്ലാത്തതോ എന്നത് ഗ്യാസ്, നോ ഗ്യാസ് എന്നൊക്കെപ്പറഞ്ഞു ഫലിപ്പിച്ചു. ഇതിവിടുത്തെ മറ്റൊരു പ്രത്യേകത. സാധാരണ വെള്ളം കിട്ടാൻ പാടാണ്. കാർബൺ ഡയോക്സൈഡ് കയറ്റിയ സ്പാർക്ക്ളിങ് വാട്ടറാണ് സായിപ്പിനു പഥ്യം.

ബോട്ടിലുകൾ റൂമിലെത്തിയപ്പോൾ ഞെട്ടി. 750 മില്ലി കുപ്പിക്ക് 30 യൂറോ. എൻറമ്മോ, ഇങ്ങനെയായാൽ കുഴയുമല്ലോ എന്നോർത്തുള്ള വിഷമം ഗ്ലാസ്കുപ്പിയുടെ (പ്ലാസ്റ്റിക് കുപ്പി കണ്ടാണല്ലോ ശീലം) ഭംഗിയാസ്വദിച്ച് തെല്ല് അടക്കി. ബീർ വാങ്ങി കുടിക്കുന്നതാണ് ഇതിലും ലാഭം. അല്ലെങ്കിൽ തൊട്ടപ്പുറത്തുള്ള സൂപ്പർ മാർക്കറ്റ് അടച്ചിട്ടില്ലായിരുന്നെങ്കിൽ ഈ വിലയ്ക്ക് ഒരു ഡസൻ വെള്ളക്കുപ്പികൾ കിട്ടിയേനേ. പറ്റിയതു പറ്റി. എന്നാൽ ഹോട്ടലിലെ മൂന്നു ദിവസത്തെ താമസം ഉദ്ദേശിച്ചത്ര കത്തിയായിരുന്നില്ല. ബ്രഡുകളും ജൂസും കാപ്പിയും പാലും പഴവർഗങ്ങളും മുട്ടയും മാത്രമുള്ള ബ്രേക്ക് ഫാസ്റ്റ് രുചികരമായിരുന്നു. ഫ്രീയുമായിരുന്നു. അതാവാം രൂചി കൂടിയത്. നല്ല ബെഡും ബെഡ് റൂമിനെക്കാൾ വലിയ കുളിമുറിയും എല്ലാം കൊള്ളാം. ജർമനിയിലെ ഇടുക്കു മുറി ഹോട്ടലുകളെ അപേക്ഷിച്ച് സ്വിറ്റ്സർലൻഡ് എത്ര ഭേദം.

വെള്ളിയാഴ്ച വൈകിട്ടു ടെൻഷനിലായിരുന്നു. മഴ നിൽക്കുന്നില്ല. കോരിച്ചൊരിയുന്നു. നാളെ ഈ നില തുടർന്നാൽ പണി കിട്ടുമല്ലോ. അസ്റ്റോറിയയുടെ റസ്റ്റൊറൻറിലിരുന്നു സ്വിസ് ബീർ മോന്തിക്കൊണ്ടു നീണ്ട ഉൽക്കണ്ഠ ഡിന്നറിലവസാനിച്ചു. രാവിലെ ഉണർന്നപ്പോൾ പ്രഭാതം പ്രകാശപൂരിതം. പൊടി മഴ പോലുമില്ല. എന്നാൽ കാർമേഘങ്ങൾ തെല്ലു നിൽക്കുന്നുണ്ട്. ആറു മണിക്കേ ഇറങ്ങി. പകൽ കൂടുതലുള്ള സമയമായതിനാൽ വെളുപ്പിനു മൂന്നു മണിയാകുമ്പോഴേ വെളിച്ചം വീഴും. പഴയ രീതിയിലുള്ള തടിയിൽ നിർമിത ട്രാമിലാണ് സ്റ്റേഷനിലേക്ക് പോയത്. ഇന്ത്യയിൽ ഇന്നു കൽക്കട്ടയിൽ മാത്രം കാണാനാവുന്ന റോഡിലെ പാളത്തിലൂടെ ഒടുന്ന ട്രാം യൂറോപ്പിൽ സാധാരണ കാഴ്ചയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA