ADVERTISEMENT

2019 ലെ വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ട് പ്രകാരം ഫിന്‍ലൻഡ് ആണ് ലോകത്തെ ഏറ്റവും സന്തോഷഭരിതമായ രാജ്യം. മാത്രമല്ല, സമാധാനത്തോടെയും ആനന്ദത്തോടെയും ജീവിക്കാന്‍ ഏറ്റവും മികച്ച ഇടങ്ങള്‍ ഉള്ളത് സ്‌കാൻഡിനേവിയന്‍ രാജ്യങ്ങളിലാണെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം പട്ടികയില്‍ ഒന്നാമതെത്തിയ ഫിന്‍ലന്‍ഡ് ഈ വര്‍ഷവും സന്തോഷത്തിന്റെ അളവുകൂട്ടി ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഡെന്‍മാര്‍ക്ക്, നോര്‍വേ, ഐസ്‍ലൻഡ് എന്നീ രാജ്യങ്ങള്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ എത്തിയപ്പോള്‍ നെതര്‍ലന്‍ഡ്സും അവരോടൊപ്പം ചേര്‍ന്നു. ലോകത്തിലെ ഏറ്റവും സുന്ദരയിടമായ, വിനോദസഞ്ചാരികളുടെ പറുദീസയെന്നു വിളിപ്പേരുള്ള സ്വിറ്റ്‌സര്‍ലന്‍ഡിന് ആദ്യ പത്തിലെ സ്ഥാനം കൊണ്ടു തൃപ്തിയടയേണ്ടിവന്നു.

ഫിന്‍ലൻഡ് എന്ന സന്തുഷ്ട രാജ്യത്തെക്കുറിച്ച്

ആയിരം തടാകങ്ങളുടെ നാടെന്നാണ് ഫിന്‍ലൻഡ് അറിയപ്പെടുന്നത്. എന്നാല്‍ ആയിരമായിരം ദ്വീപുകളുടെയും തീരദേശങ്ങളുടെയും കൂടി നാടാണതെന്ന് എത്രപേര്‍ക്കറിയാം. മരതകപ്പച്ച വിരിച്ച വനാന്തരങ്ങൾ നിറഞ്ഞ ഫിന്‍ലൻഡ് ശുദ്ധജലത്താല്‍ അനുഗൃഹീതമാണ്. യൂണിസെഫ് റിപ്പോര്‍ട്ട് പറയുന്നത് ലോകത്തില്‍ ഏറ്റവും ശുദ്ധമായ വെള്ളമുള്ളത് ഫിന്‍ലൻഡിന്റെ തണ്ണീര്‍ത്തടങ്ങളിലാണെന്നാണ്. അവിടെ ഏതു തെളിനീരുറവയില്‍നിന്നും ധൈര്യമായി വെള്ളമെടുത്തു കുടിക്കാമത്രേ.

തണുത്തുറഞ്ഞ തടാകത്തില്‍ ഒരു സൂപ്പര്‍ കുളിയായാലോ

511785758

കേട്ടിട്ടു തന്നെ കുളിരുകോരുന്നുണ്ടോ. സംഭവം സത്യമാണ്. തണുപ്പുകാലത്താണ് നിങ്ങള്‍ ഫിന്‍ലൻഡ് സന്ദര്‍ശിക്കുന്നതെങ്കില്‍ തീര്‍ച്ചയായും പരീക്ഷിക്കാവുന്നതാണ് വിന്റര്‍ ബാത്ത്. ഫിന്‍ലന്‍ഡില്‍ എല്ലായിടത്തും തണുപ്പുകാലത്ത് വിന്റര്‍ ബാത്ത് ക്ലബുകള്‍ തുറക്കും. ശാരീരിക ക്ഷമത നിലനിർത്താനും ഊര്‍ജ്ജസ്വലത വര്‍ധിപ്പിക്കാനും ഇത്തരം കുളിയും നീന്തലും വളരെ നല്ലതാണെന്നാണ് ഫിന്‍ലൻഡുകാര്‍ പറയുന്നത്. തണുത്തുറഞ്ഞ വെള്ളത്തില്‍ മുങ്ങിപ്പൊങ്ങുമ്പോള്‍  മനസ്സും ശരീരവും ഒരുപോലെ ശുദ്ധമാകുമത്രേ.

കൊടുംതണുപ്പാണെങ്കിലും കാഴ്ചകള്‍ക്ക് ഒട്ടും കുറവുണ്ടാകില്ല ശൈത്യകാലത്ത് ഫിന്‍ലൻഡിൽ. തണുത്തുറഞ്ഞ തടാകങ്ങളില്‍ ഐസ് സ്‌കേറ്റിങ് നടത്താം. അല്ലെങ്കില്‍ ലേ ക്ലാന്റിലെ മഞ്ഞുപാതങ്ങളിലൂടെ ഒരു റോഡ് ട്രിപ്പുമാവാം..

ദ്വീപുകളുടെ ലാൻഡ്

ഏതു കാലാവസ്ഥയിലും അതിസുന്ദരമായൊരിടം കൂടിയാണ് ഫിന്‍ലൻഡ്. ഈ രാജ്യത്തിന്റെ തെക്ക്, പടിഞ്ഞാറന്‍ മേഖലയില്‍ തിരക്കു കുറഞ്ഞ ബീച്ചുകളും ദ്വീപുകളും ഉണ്ട്. ദ്വീപസമൂഹത്തില്‍ മരം കൊണ്ടുള്ള വീടുകള്‍, മീന്‍പിടുത്ത ഗ്രാമങ്ങള്‍, പ്രാദേശിക ഭക്ഷ്യ വിപണികള്‍, കരകൗശല വിദഗ്ധരുടെ സ്റ്റുഡിയോകള്‍, പൂന്തോട്ടങ്ങള്‍ എന്നിങ്ങനെ വിനോദസഞ്ചാരികൾക്കായി ധാരാളം കാഴ്ചകളുണ്ട്.  ഈ  ദ്വീപസമൂഹങ്ങള്‍ റിങ് റോഡെന്നപോലെ, സീസണുകളിലുടനീളം പ്രവര്‍ത്തിക്കുന്ന ബോട്ട് ടാക്‌സികളുമായും കടത്തുവള്ളങ്ങളുമായും ജലപാതകളെ ബന്ധിപ്പിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ ഇവിടെയെത്തുന്ന സഞ്ചാരികള്‍ അധികവും തിരഞ്ഞെടുക്കുന്നത് ഈ മേഖലയാണ്. 

ഫിന്‍ലൻഡിലെ മറ്റൊരു പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ് ഹെല്‍സിങ്കി. ഫിന്‍ലൻഡിന്റെ തലസ്ഥാനം കൂടിയായ ഈ മനോഹരയിടം, ഫിന്നിഷ് ഡിസൈനില്‍ പണിയുയര്‍ത്തിയ റസ്റ്ററന്റുകള്‍, ബാറുകള്‍, മികച്ച ഷോപ്പിങ് കേന്ദ്രങ്ങൾ എന്നിവയെല്ലാം കൊണ്ട് സഞ്ചാരികളെ വീണ്ടും ഇവിടേക്കു യാത്ര നടത്താന്‍ പ്രേരിപ്പിക്കുന്നു. ഹെല്‍സിങ്കിയുടെ തെരുവീഥികളിലൂടെ നിങ്ങള്‍ക്ക് അലസമായി നടക്കാം. അല്‍പം കൂടി മെച്ചപ്പെട്ട യാത്രയാണ് ആഗ്രഹിക്കുന്നതെങ്കില്‍ വാടക ബൈക്കുകളും ലഭിക്കും. നഗരവീഥികളെ ബന്ധിപ്പിച്ച് ഓടുന്ന ട്രാമുകളും ബോട്ടുകളും നിങ്ങളെ ഹെല്‍സിങ്കിയുടെ ഏതു കോണിലും എത്തിക്കും. ലോകത്തിലെ ഏറ്റവും വലിയ ദ്വീപസമൂഹത്താല്‍ ചുറ്റപ്പെട്ട നഗരംകൂടിയാണ് ഹെല്‍സിങ്കി.

ഇതൊക്കെയാണെങ്കിലും ഫിന്‍ലൻഡിനെ വ്യത്യസ്തമാക്കുന്നത് അതിന്റെ പ്രകൃതിഭംഗി തന്നെയാണ്. പച്ചപ്പുതപ്പു വിരിച്ച ഒരുതുണ്ട് ഭൂമി, അതിനെ ചുറ്റി മുത്തുമണികള്‍ പോലെ ചിതറിക്കിടക്കുന്ന ദ്വീപുകള്‍; ഫിന്‍ലൻഡ് കാഴ്ചവസന്തംകൂടിയാണ്.  ഏതു സഞ്ചാരിക്കും വനത്തിനുള്ളിലും ഗ്രാമപ്രദേശങ്ങളിലും ചുറ്റിക്കറങ്ങാനുള്ള സ്വാതന്ത്ര്യം ആ നാട് നല്‍കുന്നു. 

ജനങ്ങളുടെ ജീവിതനിലവാരം, സാമൂഹികമായ പിന്തുണ, ആയുര്‍ദൈര്‍ഘ്യം, ആരോഗ്യം, ജീവിതതിരഞ്ഞെടുപ്പുകളിലെ സ്വാതന്ത്ര്യം, കുറഞ്ഞ അഴിമതിയും അക്രമവും ഇവയെല്ലാമാണ് ഒരു രാജ്യത്തിന്റെ സന്തോഷത്തിന്റെ അളവ് കണക്കാക്കുന്ന ഘടകങ്ങള്‍. സാമ്പത്തികമായി ചിലപ്പോള്‍ ഈ നാട് പിന്നിലായിരിക്കാം, എന്നാല്‍ മേല്‍പ്പറഞ്ഞ കാര്യങ്ങളില്‍ ഫിന്‍ലൻഡ് ഏറെ മുന്നിലായതുകൊണ്ടാണ് ലോകത്തെ ഏറ്റവും സന്തോഷം നിറഞ്ഞ രാജ്യമായി അതു തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച തൊഴില്‍- ജീവിത നിലവാരമാണ് ഈ രാജ്യം മുന്നോട്ട് വയ്ക്കുന്നത്, ഒപ്പം പരിസ്ഥിതിയെയും സമൂഹത്തേയും കുറിച്ചുള്ള ബോധ്യവും.

ഒരു കിടുക്കന്‍ യാത്രയാണ് നിങ്ങളുടെ മനസ്സിലെങ്കില്‍ ഇനി സന്തോഷത്തോടെ തിരഞ്ഞെടുക്കാം ഫിന്‍ലൻഡ് എന്ന ആനന്ദഭൂമിയെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com