ADVERTISEMENT
Rimi-Tomy-Maldives4

 അവധി ആഘോഷമാക്കാൻ മിക്ക താരങ്ങളും തെരഞ്ഞെടുക്കുന്ന നാടുകളിലൊന്നാണ്  മാലദ്വീപ്. മാലയിൽ മുത്തുകൾ കോർത്തിട്ടതുപോലെയുള്ള ഈ പവിഴദ്വീപുകൾ സന്ദർശകരുടെ മനസിളക്കും. ആരെയും ആകർഷിക്കുന്ന കടൽകാഴ്ചകളും മനോഹരമായ താമസ സൗകര്യങ്ങളുമൊക്കെയാണ് മാലദ്വീപിന്റെ പ്രധാന സവിശേഷതകൾ. ഇപ്പോഴിതാ മലയാളത്തിന്റഎ സ്വന്തം പാട്ടുക്കാരി റിമി ടോമി മാലദ്വീപിൽ അടിച്ചുപൊളിക്കുകയാണ്. അവധിക്കാല യാത്രയിലെ മനോഹര നിമിഷങ്ങളുടെ ചിത്രങ്ങൾ റിമി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. റിമിയോടൊത്ത് അമ്മയും സഹോദരന്റെ മകനും ചിത്രങ്ങളിലുണ്ട്.

Rimi-Tomy-Maldives2

ആരാധകർക്കായി സ്പീഡ് ബോട്ടിലെ യാത്രയുടെ വിഡിയോയും കടൽക്കരയിൽ നിന്നുള്ള ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. ആ ചിത്രങ്ങൾ കാണുന്ന ആരാധകർക്കും മാലദ്വീപ് ഒരു സ്വപ്‍നലോകം പോലെ തന്നെ തോന്നും അത്രയേറെ മനോഹരമാണ്  റിമി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന ആ നാട്ടിലെ കടൽകാഴ്ചകൾ.

റിമി ടോമിയുടെ മാലദ്വീപ് ചിത്രങ്ങൾ  ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.ചിത്രങ്ങളിലൂടെയും വിഡിയോകളിലൂടെയും ആരെയും ആകർഷിക്കുന്ന ഇടമാണ് മാലദ്വീപ്. കുറച്ചു നാളുകൾക്ക് മുമ്പ് റിമി നേപ്പാളിൽ പോയ ചിത്രങ്ങളും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് റിമിയെന്ന് ചിത്രങ്ങളിലൂടെ മനസ്സിലാക്കാം.

അറിയാം മാലദ്വീപിനെ

Rimi-Tomy-Maldives5

ബീച്ചും മനോഹരമായ മണൽപുറവുമൊക്കെ തന്നെയാണ് മാലദ്വീപിന്റെ സൗന്ദര്യത്തിനു മാറ്റുകൂട്ടുന്നത്. അറബിക്കടലിലാണ് മാലദ്വീപിൻറെ സ്ഥാനം. രണ്ടായിരത്തോളം വരുന്ന കൊച്ചുകൊച്ചു ദ്വീപുകൾ ചേർന്നതാണ് ആ മനോഹര ദ്വീപ് രാഷ്ട്രം. പക്ഷേ, ഇത്രയധികം ദ്വീപുകളുണ്ടെങ്കിലും അതിൽ  ജനവാസമുള്ളവ വെറും 250 എണ്ണം മാത്രമേയുള്ളു. കുറ്റിക്കാടുകളും പൂക്കളും നിറഞ്ഞ, കുന്നുകളോ മലകളോ, വലിയ മരങ്ങളോ ഇല്ലാത്ത നാടാണ് മാലദ്വീപ്. വിനോദസഞ്ചാരമാണ് മാലിദ്വീപിലെ പ്രധാന വരുമാന മാർഗം. ധാരാളം ബീച്ച് റിസോർട്ടുകൾ ഇവിടെയുണ്ട്.

എല്ലാ ആഢംബര സൗകര്യങ്ങളും നൽകുന്നവയാണ് ഓരോ ബീച്ച് റിസോർട്ടുകളും. കടലിനോടു ചേർന്ന് സ്ഥിതി ചെയ്യുന്ന ഈ റിസോർട്ടുകൾ  ഓരോ യാത്രികനും മനോഹരമായ മുഹൂർത്തങ്ങൾ സമ്മാനിക്കും. ധാരാളം സഞ്ചാരികൾ, അതിൽ തന്നെ സിനിമാതാരങ്ങളടക്കമുള്ള  നിരവധി പ്രശസ്തർ മാലദ്വീപിന്റെ സൗന്ദര്യം ആസ്വദിക്കാനായി ഇവിടെ എത്തിച്ചേരാറുണ്ട്. പലതരം ജലകേളികൾ,  സ്‌നോർക്ലിങ്, സെയ്‌ലിംഗ്, അണ്ടർവാട്ടർ ഡൈവിംഗ് എന്നിവയിലൊക്കെ ഏർപ്പെടാനുള്ള സൗകര്യങ്ങൾ മാലദ്വീപിലെത്തുന്ന സഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട്.

Rimi-Tomy-Maldives1

പവിഴപ്പുറ്റുകൾ നിറഞ്ഞതാണ് ഇവിടുത്തെ ഭൂരിപക്ഷം ദ്വീപുകളും ആ കാഴ്ചകളും അതിമനോഹരമാണ്. സുഖകരമായ കാലാവസ്ഥയും മനോഹരമായ പ്രകൃതിയുമൊക്കെ ഈ നാടിന്റെ പ്രത്യേകതയാണ്. കേരളത്തിന്റെ കാലാവസ്ഥയോടും പ്രകൃതിയോടും സാദൃശ്യമുള്ള ഇവിടെ ധാരാളം തെങ്ങും വാഴയും ചേമ്പും മാവും മത്തങ്ങയുമൊക്കെ കാണാം. മൽസ്യബന്ധനമാണ് ഇവിടുത്തെ മറ്റൊരു പ്രധാന വരുമാന മാർഗം.  ചൂരയാണ് പ്രധാന മൽസ്യം. ഇവിടുത്തെ  ഭൂരിപക്ഷം ഭക്ഷ്യവിഭവങ്ങളിലും ചൂരയുടെ സാമീപ്യം കാണാം.

ഇന്ത്യക്കാർക്ക് വളരെ എളുപ്പത്തിൽ സന്ദർശിക്കാൻ കഴിയുന്ന ഒരു രാജ്യമാണ് മാലദ്വീപ്. മുപ്പതുദിവസത്തേക്കു സൗജന്യ വിസ അനുവദിക്കുന്നതുകൊണ്ടു തന്നെ തടസങ്ങളൊന്നുമില്ലാതെ സന്ദർശിച്ചു മടങ്ങാൻ കഴിയും. സുന്ദരമായ കടലുകാണാനും കടലിന്റെ അഗാധതയെ അറിയാനും ഓരോ യാത്രികനെയും ഏറെ സഹായിക്കും മാലദ്വീപിലെ കാഴ്ചകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com