sections
MORE

ഒരു ജനതയുടെ ജീവൻ നിലനിർത്തിയ തുരങ്കം

ഒളിമ്പിക് ട്രക്കും സമീപ ദൃശ്യങ്ങളും
SHARE

ബാൾക്കൻ ഡയറി 

അദ്ധ്യായം 10 

ട്രെബെവിച്ച് മലമുകളിലെ മഞ്ഞിന്റെ ലോകത്തിലൂടെ കുറേ നടന്നു. ചുറ്റും മഞ്ഞ് മാത്രം. മുട്ടറ്റം മഞ്ഞിലൂടെയാണ് നടപ്പ്. ഞാനും അര്‍മാനുമല്ലാതെ മറ്റാരും ആ പ്രദേശത്തെങ്ങുമില്ല. അങ്ങനെ കുറെ ദൂരം നടന്നപ്പോള്‍ തലയ്ക്കു മീതേ ഒരു കോണ്‍ക്രീറ്റ് നിര്‍മിതി കണ്ടു.

ഒളിമ്പിക് ട്രക്കും സമീപ ദൃശ്യങ്ങളും

കുന്നിനുമേലെ എവിടെയോ നിന്ന് ഒരു പാലം പോലെ ആരംഭിക്കുന്ന ആ നിര്‍മ്മിതി, തലയ്ക്കു മീതേ, റോഡ് കുറുകെ കടന്ന് താഴേക്കു മലഞ്ചെരുവിലൂടെ നീളുന്നു. 1984ലെ വിന്റര്‍ ഒളിമ്പിക്‌സിന്റെ സ്‌കേറ്റിങ് ട്രാക്കാണിത്. 50,000 കാണികളാണ് അന്ന് ഇവിടുത്തെ സ്‌കേറ്റിങ് മത്സരങ്ങള്‍ കാണാനെത്തിയത്. ഏതാണ്ട് അര കിലോമീറ്റര്‍ നീളമുണ്ട് ട്രാക്കിന്. ഇത് വെറുമൊരു കോണ്‍ക്രീറ്റ് നിര്‍മ്മിതി മാത്രമല്ല ഈ കോണ്‍ക്രീറ്റ് പാളികള്‍ക്കുള്ളില്‍ ചെമ്പു തകിടുകള്‍ കൊടുത്തിട്ടുണ്ട്. അത് വൈദ്യുതി ഉപയോഗിച്ച് ചൂടാക്കുകയും ചെയ്യാം. അങ്ങനെ ചൂടാക്കുന്നതു മൂലം ട്രാക്കില്‍ മഞ്ഞ് പറ്റിപ്പിടിച്ചിരിക്കുകയില്ല.

ഒളിമ്പിക് ട്രക്കും സമീപ ദൃശ്യങ്ങളും

1992ലെ സരയേവോ യുദ്ധകാലത്ത് യുദ്ധസാമഗ്രികള്‍ സൂക്ഷിക്കാന്‍ ശത്രുപക്ഷം ഈ ട്രാക്കാണ് ഉപയോഗിച്ചത്. അങ്ങനെ യുദ്ധത്തില്‍ ട്രാക്കിന് കുറേ കേടുപാടുകള്‍ പറ്റി. വെടിയുണ്ടകള്‍ പതിച്ച പാടുകള്‍ എവിടെയും കാണാം. യുദ്ധകാലത്തിനു ശേഷം വര്‍ഷങ്ങളോളം ട്രാക്ക് ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു.

2014 ലാണ് വീണ്ടും ട്രാക്ക് പുനരുദ്ധരിച്ച് വൃത്തിയാക്കിയത്. എന്നാല്‍ കോണ്‍ക്രീറ്റിനുള്ളിലെ ചെമ്പുകമ്പികളൊന്നും പുതുക്കിയിട്ടില്ല. അതിന് ഭാരിച്ച മുതല്‍മുടക്കു വേണ്ടതിനാല്‍ സ്‌കേറ്റിങ്ങിന് ഉതകുംവിധം വീണ്ടും ട്രാക്ക് നന്നാക്കിയെടുക്കേണ്ടതില്ല എന്നാണ് സർക്കാർ തീരുമാനം. പകരം, ചുവരെഴുത്ത് അഥവാ ഗ്രാഫിറ്റി വരയ്ക്കുന്ന ചില ഏജന്‍സികളെ ട്രാക്ക് ഏല്‍പ്പിക്കുകയാണ് ചെയ്തത്. അവര്‍ അതൊരു 'ചിത്രമെഴുത്ത്' ട്രാക്കാക്കി മാറ്റിയിരിക്കുകയാണ്. ലോകസമാധാനത്തെ കുറിച്ചുള്ള വരകളും കുറിപ്പുകളുമാണ് ട്രാക്കില്‍ ഏറെയും കാണുന്നത്.

ഒളിമ്പിക് ട്രക്കും സമീപ ദൃശ്യങ്ങളും

ഒരു കാലത്ത് ലോകമെമ്പാടു നിന്നുമുള്ള കായിക പ്രേമികളുടെ ആവേശാരവങ്ങള്‍ ഉയര്‍ന്നിരുന്ന ഈ പ്രദേശത്ത് പിന്നെ ഏറെക്കാലം കേട്ടത് ബോംബ് സ്‌ഫോടനങ്ങളുടെയും വെടിയൊച്ചകളുടെയും നിലയ്ക്കാത്ത ശബ്ദമാണ്. ഇപ്പോള്‍ വീണ്ടും ശാന്തത പൊതിഞ്ഞുനില്‍പ്പുണ്ടെങ്കിലും ജനങ്ങള്‍ക്കിടയില്‍ വിഭാഗീയത ഇപ്പോഴുമുണ്ടെന്നാണ് അര്‍മാന്റെ വിലയിരുത്തല്‍. പത്തുവര്‍ഷത്തിനു ശേഷം വീണ്ടും ഒരു കലഹം പ്രതീക്ഷിക്കുന്നുണ്ട് അര്‍മാന്‍.

മലമുകളിലെ ഹോട്ടൽ

ഒളിമ്പിക് ട്രാക്കിനു സമീപം നില്‍ക്കുമ്പോള്‍ ഏതാനും സന്ദര്‍ശകര്‍ അവിടെയെത്തി. ഏറെ നേരമായി ആ പ്രദേശത്ത് ഒറ്റപ്പെട്ടു നില്‍ക്കുകയായിരുന്ന ഞങ്ങള്‍ക്ക് ആശ്വാസമായി. മഞ്ഞ് വീണ്ടും പൊഴിഞ്ഞു തുടങ്ങി.

ഞങ്ങള്‍ അല്‍പ്പം കൂടി നടക്കാന്‍ തീരുമാനിച്ചു. കുറച്ചു നടന്നാല്‍ ഒരു ഹോട്ടല്‍ ഉണ്ടെന്നതാണ് നടപ്പിന്റെ കാരണം. സമയം ഉച്ചയായി. നല്ല വിശപ്പുണ്ട്.

തുരങ്ക വീടിന്റെ ദൃശ്യങ്ങൾ

ലോകം തൂവെള്ളയാണെന്നു തോന്നിക്കുംവിധം മഞ്ഞിന്റെ ധവളിമയാണ് എവിടെയും. മരത്തലപ്പുകളിലെ മഞ്ഞുകട്ടകള്‍ സൂര്യപ്രകാശത്തില്‍ തിളങ്ങുന്നു. മേഘങ്ങളുടെ കണിക പോലുമില്ലാത്ത നീലാകാശത്തിനു കീഴെ വെളുപ്പിന്റെ കടലിലൂടെ തണുത്തുവിറച്ച് ഞങ്ങള്‍ ഹോട്ടലിനടുത്തെത്തി.

തുരങ്ക വീടിന്റെ ദൃശ്യങ്ങൾ

ഇവിടെ, ഈ മഞ്ഞിന്റെ ലോകത്ത് ഒറ്റപ്പെട്ടു നില്‍ക്കുന്ന ഹോട്ടല്‍ ഇപ്പോള്‍ ഒരു അത്ഭുതമായി തോന്നാമെങ്കിലും മഞ്ഞു കാലം കഴിഞ്ഞ് ടൂറിസ്റ്റ് സീസണ്‍ തുടങ്ങുമ്പോള്‍ ഹോട്ടലില്‍ കയറാന്‍ കാത്തു നില്‍ക്കേണ്ട അവസ്ഥയാണെന്ന് അര്‍മാന്‍ പറഞ്ഞു. ഇപ്പോള്‍ നാലഞ്ച് കാറുകള്‍ ഹോട്ടലിനു മുന്നില്‍ പാര്‍ക്ക് ചെയ്തിട്ടുണ്ട്. മനോഹരമായ ഡിസൈനിലുള്ള ഹോട്ടലിനു മേലെയുള്ള പുകക്കുഴലിലൂടെ വെളുത്ത പുക ഉയരുന്നത് പെയിന്റിങ് പോലെ സുന്ദരമായ ദൃശ്യമാണ്.

തുരങ്ക വീടിന്റെ ദൃശ്യങ്ങൾ

ചിക്കന്‍ സൂപ്പും ബ്രഡും കഴിച്ച് കുറേ നേരം ഹോട്ടലിനുള്ളിലെ ഫയര്‍പ്ലേസിനരികെ ഇരുന്നു. ചുറ്റുമുള്ള സോഫകളിലെല്ലാം പരിസരം മറന്ന് പ്രേമകേളികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന യുവമിഥുനങ്ങളാണ്. രാവിലെ കോളേജിലേക്കെന്നും പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി, മലകയറി വന്ന് മുട്ടിയുരുമ്മി ഇരുപ്പാണ് മിഥുനങ്ങള്‍!

തുരങ്ക വീടിന്റെ ദൃശ്യങ്ങൾ

ഞങ്ങള്‍ വീണ്ടും പുറത്തിറങ്ങി, ദീര്‍ഘദൂരം നടന്ന് കേബിള്‍ കാറില്‍ കയറി നഗരത്തിലിറങ്ങി. 'ഇനിയെന്ത്?' - ഞാന്‍ ചോദിച്ചു. അര്‍മാന് കൃത്യമായ പ്ലാനുണ്ടെന്ന് എനിക്കറിയാമായിരുന്നു. 'ഇനി ടണല്‍ ഓഫ് ഹോപ്പ്'- അര്‍മാന്‍ പ്രഖ്യാപിച്ചു. ബോസ്‌നിയിലേക്ക് പുറപ്പെടും മുമ്പ് ഞാന്‍ ഏറ്റവുമധികം വായിച്ചത് ടണല്‍ ഓഫ് ഹോപ്പിനെക്കുറിച്ചാണ്. 'പ്രത്യാശയുടെ തുരങ്കം' എന്ന് വിളിക്കുന്ന ഈ തുരങ്കപാതയായിരുന്നു, പേര് സൂചിപ്പിക്കുന്നതു പോലെ, ഏതാണ്ട് നാല് വര്‍ഷക്കാലം സരയേവോ നഗരത്തിലെ ജനങ്ങള്‍ക്ക് ആഹാരവും ഔഷധവും ആയുധവും എത്തിച്ചു നല്‍കിയത് ഈ തുരങ്ക പാതയാണ്.

തുരങ്ക വീടിന്റെ ദൃശ്യങ്ങൾ

ആ കഥ ഇങ്ങനെ പറയാം: 1992 ഏപ്രില്‍ 5 മുതല്‍ 1996 ഫെബ്രുവരി 24 വരെയുള്ള 1425 ദിവസം സരയേവോ നഗരം ക്രൊയേഷ്യയിലെയും സെര്‍ബിയയിലെയും ക്രിസ്ത്യന്‍ വിഭാഗത്തില്‍ പെട്ടവരും ഇരു രാജ്യത്തെയും പട്ടാളക്കാരും ചേര്‍ന്ന് വളഞ്ഞു. സരയേവോയിലെ മുസ്ലീം ഭൂരിപക്ഷത്തെ കീഴടക്കി രാജ്യത്തിന്റെ അധീശത്വം നേടുകയായിരുന്നു അവരുടെ ലക്ഷ്യം. നഗരത്തിലേക്ക് പ്രവേശിക്കാനുള്ള എല്ലാ വഴികളും അവര്‍ അടച്ചു. എന്നിട്ട് ചുറ്റുപാടുമുള്ള മലനിരകളില്‍ പാര്‍പ്പുറപ്പിച്ചു.

തുരങ്ക വീടിന്റെ ദൃശ്യങ്ങൾ

13,000ലേറെ വരുന്ന ശത്രുസേന നിരന്തരം ഗ്രനേഡുകളും ബോംബുകളും നഗരത്തിലേക്ക് വര്‍ഷിച്ചുകൊണ്ടിരുന്നു. സരയേവോയിലെ നാലു ലക്ഷത്തോളം ജനങ്ങളും 70,000ത്തോളം സൈനികരും രക്ഷപ്പെടാന്‍ മാര്‍ഗ്ഗമില്ലാതെ വലഞ്ഞു. കെട്ടിടങ്ങളും വീടുകളും തകര്‍ന്നു. പുറത്തിറങ്ങിയാല്‍ വെടിയുണ്ടയേറ്റ് മരിക്കുമെന്ന അവസ്ഥ. ശത്രുപക്ഷത്തിന്റെ നേര്‍ക്ക് ചെറുവിരല്‍ പോലും അനക്കാനാവാതെ ഏതാനും നാളുകള്‍ കഴിഞ്ഞപ്പോള്‍ ഭക്ഷ്യക്ഷാമം പൊട്ടിപ്പുറപ്പട്ടു. ഭക്ഷണം മാത്രമല്ല, ഔഷധം, പെട്രോള്‍, ഡീസല്‍, ആയുധങ്ങള്‍ എന്നിവയൊക്കെ കിട്ടാക്കനിയായി. ഇങ്ങനെ മുന്നോട്ടു പോയാന്‍ സരയേവോയിലെ ജനങ്ങളെല്ലാം പട്ടിണികൊണ്ടും രോഗം ബാധിച്ചും മരിക്കുമെന്ന് ഉറപ്പായപ്പോള്‍ ജനങ്ങളും പട്ടാളക്കാരും ചേര്‍ന്ന് ഒരു തീരുമാനമെടുത്തു.-ഭക്ഷണവും ഔഷധവും ആയുധങ്ങളും എത്തിക്കാന്‍ നഗരത്തിനു പുറത്തേക്ക് ഒരു തുരങ്കം നിര്‍മ്മിക്കുക. അവര്‍ അത് വിജയകരമായി നിര്‍മ്മിച്ചു. ആ തുരങ്കമാണ് പിന്നീട് നാലുവര്‍ഷക്കാലം സരയേവോയിലെ ജനങ്ങളുടെ ജീവിതം നിലനിര്‍ത്തിയത്.

ആ തുരങ്കം കാണാനാണ് ഞങ്ങളുടെ യാത്ര. നഗരപ്രാന്തത്തിലൂടെ അര്‍മാന്‍ കാറോടിച്ചു കൊണ്ടിരുന്നു. നഗരത്തില്‍ ഏറെ ദൂരെയല്ലാതെ, എയര്‍പോര്‍ട്ടിന്റെ ഓരത്തുകൂടി പോകുമ്പോള്‍ ഒരു ഹൗസിംഗ് കോളനിയിലെത്തി. അവിടെ, ഏതാനും വീടുകള്‍ക്കു നടുവില്‍ ഒരു സാധാരണ വീട്, ആ വീടിനുള്ളില്‍ നിന്നാണ് തുരങ്കം ആരംഭിക്കുന്നത്. ശത്രുപക്ഷത്തിന്റെ കണ്ണില്‍ പെടാതിരിക്കാനാണ് തുരങ്കനിര്‍മ്മാണത്തിനായി ഒരു സാധാരണ വീട് തെരഞ്ഞെടുത്തത്.

വീടിന്റെ ചുവരിലെല്ലാം വെടിയുണ്ട തറച്ച പാടാണ്. കൂടാതെ താഴെ ചോരപ്പാടുകളും കാണാം. സരയേവോയില്‍ ഏറ്റവുമധികം ആക്രമങ്ങള്‍ നടന്ന സ്ഥലങ്ങളിലെല്ലാം ഓര്‍മയ്ക്കായി ചോരപ്പാടുകള്‍ വരച്ചുവെച്ചിട്ടുണ്ട്. ഇന്ന് 'തുരങ്കവീട്' ഒരു മ്യൂസിയമാണ്. ഞങ്ങള്‍ ടിക്കറ്റെടുത്ത് ഉള്ളില്‍ കടന്നു. ആദ്യം ഒരു ഹാളിലാണ് എത്തിയത്. ഇവിടെ, സരയേവോ പട്ടണം ഉപരോധിക്കപ്പെട്ടിരുന്ന കാലത്തെ വീഡിയോ പ്രദര്‍ശിപ്പിക്കുന്നുണ്ട്. തുരങ്ക നിര്‍മ്മാണത്തിന്റെ വീഡിയോയും ഇതിലുണ്ട്.

തുരങ്കം 

വീടിന്റെ അടുക്കളയോട് ചേര്‍ന്നാണ് തുരങ്ക പാതയുടെ പണി ആരംഭിച്ചത്. ഒരാള്‍ക്കു നിവര്‍ന്നു നില്‍ക്കാന്‍ പറ്റുന്ന ഉയരം പോലുമില്ല തുരങ്കത്തിന്. തുരങ്കത്തില്‍ റെയിലുകള്‍ സ്ഥാപിച്ച്, ഉന്തി നീക്കുന്ന ട്രോളിയിലാണ് സാധനങ്ങള്‍ എത്തിച്ചിരുന്നത്. എയര്‍പോര്‍ട്ടിന്റെ റണ്‍വേയുടെ അടിയിലൂടെ നീളുന്ന 900 മീറ്റര്‍ നീളമുള്ള തുരങ്കത്തിന്റെ മറ്റേയറ്റം തുറക്കുന്നത് ഒരു കുന്നിന്‍ചെരിവിലാണ്.

തുരങ്ക നിര്‍മ്മാണത്തിനായി 2800 ചതുരശ്ര മീറ്റര്‍ മണ്ണ് കുഴിച്ചെടുത്തു നീക്കി. 170 ചതുരശ്ര മീറ്റര്‍ തടിയും 45 ടണ്‍ ഇരുമ്പും ഉപയോഗിച്ച് ടണല്‍ ശക്തിപ്പെടുത്തി. ടണല്‍ നിര്‍മ്മിച്ചവര്‍ക്ക് സിഗരറ്റ് മാത്രമായിരുന്നു കൂലി. കാരണം, അന്ന് സിഗരറ്റിനായിരുന്നു ഏറ്റവും ക്ഷാമം! നഗരത്തിലേക്കു വേണ്ട എണ്ണ എത്തിക്കാനുള്ള പൈപ്പ് ലൈനും ഇലക്ട്രിസിറ്റി ലൈനും ടെലിഫോണ്‍ ലൈനും തുരങ്കത്തില്‍ സ്ഥാപിച്ചു.

1993 ജൂണ്‍ 30ന് ടണല്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചു. 1.6 മീറ്ററാണ് ടണലിന്റെ ഉയരം. 0.8 മീറ്ററാണ് വീതി. 30 മീറ്റര്‍ ആഴമുള്ള ഭാഗം പോലും ടണലിനുണ്ട്.  ടണലിലേക്കു പ്രവേശിക്കും മുമ്പ് സരയേവോയുടെ അന്നത്തെ ജീവിതക്കാഴ്ചകള്‍ ചിത്രങ്ങളായും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. നഗരം വെറും ശവപ്പറമ്പായിരുന്ന കാലത്തെ കാഴ്ചകള്‍ ആരുടെയും മനസ്സിനെ മഥിക്കും.ഇനി ടണലിലേക്ക്.ഇപ്പോള്‍ 50 മീറ്റര്‍ ടണലേ സന്ദര്‍ശകര്‍ക്കായി തുറന്നിട്ടുള്ളു. അടുക്കളയോട് ചേര്‍ന്ന് താഴേക്ക് തടികൊണ്ടുള്ള പടവുകള്‍ ടണിലേക്ക് തുറക്കുന്നു. ടണലിന്റെ ഭീകരമായ അനുഭവം പകര്‍ന്നു നല്‍കാന്‍ ഈ ദൂരമൊന്നും പോര. എങ്കിലും,എന്തായിരുന്നു ടണല്‍ എന്ന് മനസ്സിലാക്കാന്‍ ടണലിന്റെ ഈയൊരു കഷണം സഹായിക്കും എന്നുമാത്രം.

തുരങ്കം 

ഞാന്‍ ടണലിലൂടെ തല കുനിച്ചു നടന്നു. എത്ര പേരുടെ ജീവനാണ് ഈ ഭൂഗര്‍ഭ തുരങ്കം വര്‍ഷങ്ങളോളം നിലനിര്‍ത്തിയത് എന്നാലോചിക്കുമ്പോള്‍ ആരും തലകുനിച്ചു പോകും. എത്രയെത്ര രോഗികളെയാണ് തള്ളി നീക്കുന്ന ട്രോളികളില്‍ കിടത്തി മറുകരയിലെത്തിച്ച്, ആശുപത്രിയിലേക്ക് മാറ്റിയത്! എത്രയോ കാലം പെട്രോളും മണ്ണെണ്ണയും ഈ തുരങ്കത്തിലൂടെ നഗരത്തിലെത്തി! എത്രയോ വീടുകളില്‍ വിളക്ക് തെളിഞ്ഞത് തുരങ്കത്തിലൂടെ പ്രഹിച്ച വൈദ്യുതിയിലൂടെയാണ്! എത്രയോ ലക്ഷം ജനങ്ങള്‍ വിശപ്പടക്കിയത് തുരങ്കത്തിലൂടെ കടത്തിക്കൊണ്ടു വന്ന ഭക്ഷണസാധനങ്ങള്‍ മൂലമാണ്! എല്ലായിടവും ഉപരോധിച്ചിട്ടും എവിടെ നിന്നാണ് സരേയോവോയിലെ ജനങ്ങള്‍ക്ക് ഭക്ഷണവും ഔഷധവുമെത്തുന്നതെന്നറിയാന്‍ ശത്രുപക്ഷം പഠിച്ച പണി പതിനെട്ടും നോക്കി. പക്ഷേ ഈ വീടോ, തുരങ്കമോ അവര്‍ക്ക് കണ്ടെത്താനായില്ല. 'പ്രത്യാശയുടെ തുരങ്കം' കടന്ന് ഞങ്ങൾ പുറത്തെത്തി. ഒരു ജനതയുടെ അതിജീവനത്തിന്റെ പാഠങ്ങള്‍ പഠിക്കാന്‍ ഈ  50 മീറ്റര്‍ തുരങ്കം മതി!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA