sections
MORE

മഞ്ഞുപെയ്യുന്ന നാട്ടിലെ കത്തുന്ന മലയും ക്ഷേത്രവും

960459128
SHARE

കാസ്പിയൻ തീരത്തെ ബാക്കു എന്ന അദ്ഭുത നഗരം ഏതു സഞ്ചാരിയെയും വിസ്മയിപ്പിക്കും. ശാന്തമായ കടൽത്തീരത്തെ കോഫിഷോപ്പിൽ ഉപ്പു രുചിയും സ്വർണവർണവുമുള്ള അസരി സുലൈമാനി കുടിച്ചിരിക്കുമ്പോൾ മനസ്സിൽ തീത്തിളക്കത്തോടെ തെളിഞ്ഞുനിന്നു അവിടുത്തെ കാഴ്ചകൾ. മധുരമിടാത്ത സുലൈമാനിക്കൊപ്പം ചേർത്തു കഴിക്കാൻ ജാമും പഞ്ചസാര ക്യൂബുകളും മുന്നിലുണ്ടായിരുന്നിട്ടും സായാഹ്നത്തിന്റെ മധുരം നിറഞ്ഞ കാഴ്ചകളിലൂടെ സുലൈമാനിക്കും സ്വാദു കൂടി. 

bakkuaz-lake

റഷ്യ, ജോർജിയ, അർമേനിയ, ഇറാൻ, തുർക്കി എന്നീ രാജ്യങ്ങളുടെ സാംസ്കാരിക വൈവിധ്യങ്ങൾ കൂടിക്കലർന്ന അസർബൈജാന്റെ തലസ്ഥാനമാണ് ബാക്കു. നാടും നഗരവും പ്രകൃതിയും മാത്രമല്ല അവിടുത്തെ മനുഷ്യരും വിസ്മയിപ്പിക്കുന്നതായിരുന്നു. പഴയ സോവിയറ്റ് റഷ്യയുടെ ഭാഗമായിരുന്ന അസർബൈജാൻ ഇന്ന് സ്വന്തം കാലിൽ നെഞ്ചുവിരിച്ച് നിൽക്കുന്ന സ്വതന്ത്ര റിപ്പബ്ലിക്കാണ്. ഇക്കഴിഞ്ഞ ചെറിയ പെരുന്നാൾ ദിനങ്ങളിൽ റിയാദിൽനിന്ന് സുഹൃത്തുക്കളോടൊപ്പം അസർബൈജാനിലേക്കു നടത്തിയ യാത്ര ഇതുവരെ നടത്തിയ യാത്രകളിൽനിന്നു തികച്ചും വ്യത്യസ്തമായിരുന്നു. കാസ്പിയൻ കടലിനു മുകളിലൂടെ ബാക്കുവിൽ പറന്നിറങ്ങുമ്പോൾ മനസ്സ് ലാൻഡ് ചെയ്തത് ഒരു കിനാവിന്റെ സാക്ഷാത്കാരത്തിലേക്കായിരുന്നു; ബാക്കുവിലെ കത്തുന്ന മല നേരിൽ കാണണമെന്ന സ്വപ്നത്തിലേക്ക്.

അഗ്നിമലയും ഗണപതിക്ഷേത്രവും

പെരുന്നാളിന്റെ തലേന്ന് നോമ്പിന്റെ നേരിയ ആലസ്യം പിടിമുറുക്കിയ വൈകുന്നേരമാണ് ബാക്കുവിൽ വിമാനമിറങ്ങിയത്. ഹോട്ടലിൽ ഇരുന്ന് നോമ്പു തുറക്കുമ്പോഴേക്കും സൗദി അറേബ്യയിൽ പിറ്റേന്ന് പെരുന്നാൾ ഉറപ്പിച്ചെന്ന വിവരമെത്തി. എന്നാൽ അസർബൈജാനിൽ പിറ്റേന്നും നോമ്പായിരുന്നു. റമദാൻ മുപ്പതിന്റെ പൂർണതയിലായിരുന്നു അവിടെ ഇൗദുൽ ഫിത്വറിനായി ശവ്വാലമ്പിളി പിറന്നത്.  വ്രതവുമായാണ് പിറ്റേന്ന് നഗരം കാണാനിറങ്ങിയത്. ആദ്യം പോയത് "അറ്റേഷ്ഗാഹ്' എന്ന അഗ്നിയുടെ കോട്ടയിലേക്കായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിൽ നിർമിച്ചതാണ് അറ്റേഷ്ഗാഹ്.

നാല് മന്നത് (അസർബൈജാൻ കറൻസി) ആണ് കോട്ടയിലേക്കുള്ള പ്രവേശന ഫീസ്. ഏതാണ്ട് 160 ഇന്ത്യൻ രൂപ. ഉയരം  കുറഞ്ഞ മേൽക്കൂരയുള്ള പതിനഞ്ചോളം ചെറിയ മുറികളും നടുമുറ്റം പോലെ  വിശാലമായ ഗ്രൗണ്ടും അതിനു നടുവിൽ കെടാതെ എരിഞ്ഞുകൊണ്ടിരിക്കുന്ന രണ്ട് അഗ്നിത്തറകളും അടങ്ങുന്നതാണ് കോട്ട. ഇൗ തീത്തറകൾ മുമ്പ് പ്രകൃതിദത്തമായ നെരിപ്പോടുകളായിരുന്നത്രേ. ഭൂമിക്കടിയിലെ പ്രകൃതിവാതകശേഖരത്തിൽനിന്ന് ആളി ഉയരുന്ന തീയായിരുന്നു. സോവിയറ്റ് ഭരണകാലത്ത് പ്രകൃതിവാതകം വാണിജ്യാവശ്യത്തിന് വൻതോതിൽ എടുത്തു തുടങ്ങിയതോടെ ശേഖരത്തിൽ കുറവുണ്ടാവുകയും തീ കെട്ടുപോകുകയും ചെയ്തു. ബാക്കു നഗരത്തിൽനിന്ന് പൈപ്പ് ലൈനിലൂടെ വാതകം കൊണ്ടുവന്നാണ് ഇന്ന് കത്തിക്കുന്നത്. പ്രകൃത്യാലുള്ള തീ അണഞ്ഞതോടെ അഗ്നി ആരാധകരായ തദ്ദേശീയ ഭക്തർ ഇവിടം ഉപേക്ഷിച്ചു പോയതായും പറയപ്പെടുന്നു.

bakku-az-yanardag

പ്രധാന കവാടത്തിനു നേരെ  മുറിക്കു പുറത്ത് എന്തോ കൗതുകക്കാഴ്ച കാണാനുള്ള ആൾത്തിരക്ക് ശ്രദ്ധയിൽ പെട്ടു. ഞങ്ങളും അങ്ങോട്ടു നീങ്ങി. ദുബായിൽ നിന്നെത്തിയ ഒരു കൂട്ടം മലയാളികളാണ് അവിടെ തടിച്ചുകൂടിയിരിക്കുന്നത്. ചിലർ ഫോട്ടോ എടുക്കുന്നു. മറ്റു ചിലരാകട്ടെ തൊഴുതു നിൽക്കുകയാണ്. തിരക്കു വകഞ്ഞുമാറ്റി അകത്ത് കയറിയപ്പോൾ കാര്യം മനസ്സിലായി. അവിടെ ഗണപതിയുടെ ഒരു പ്രതിഷ്ഠയുണ്ട്. വിഘ്നേശ്വര ഭക്തരായ മലയാളികളുടെ പ്രാർഥനയ്ക്കായുള്ള തിരക്കായിരുന്നു. ഇതര മതവിശ്വാസങ്ങളെയും ആദരിക്കുന്ന അസർബൈജാൻ ജനതയുടെ സഹിഷ്ണുതയെയും സർവമത സമഭാവനയെയും കുറിച്ച് മതിപ്പു തോന്നി. എന്നാലും വിഘ്നേശ്വര പ്രതിഷ്ഠ അവിടെ എങ്ങനെ എത്തിയെന്നറിയാൻ താൽപര്യം തോന്നി. ടൂറിസ്റ്റ് ഗൈഡ് ഷാഹിദ ഇക്കാര്യത്തിൽ നിസ്സഹായയാണ്. അവർക്കറിയില്ലായിരുന്നു. 

പലരും പലതും സ്വയം നിരൂപിച്ച് പറഞ്ഞുനോക്കി. കാസ്പിയൻ കടലിലെ കപ്പലുകളുടെ മരപ്പണിക്കാരായി വന്ന ഇന്ത്യക്കാർ വഴി പുരാതനകാലത്ത് എത്തിയതാകും ഗണപതി എന്നൊരു നിഗമനത്തിനാണ് പരക്കെ സ്വീകാര്യത ലഭിച്ചത്. അക്കാലത്ത് ബാക്കുവിൽ തമ്പടിച്ച ഇന്ത്യൻ തൊഴിലാളികൾ അറ്റേഷ്ഗാഹ് നിർമിക്കുകയും വിഘ്നേശ്വരനെ പ്രതിഷ്ഠിക്കുകയും ചെയ്തിരിക്കണം എന്നു ഭൂരിപക്ഷം പേരും പറഞ്ഞു.

തുടക്കത്തിൽ പറഞ്ഞ തീമലയാണ് "യനാർ ഡാഗ് ഫയർ മൗണ്ടൻ'. വിനോദ സഞ്ചാരികളുടെ വൻ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. എപ്പോഴും കത്തിക്കൊണ്ടിരിക്കുന്ന മല. അഗ്നിപർവതത്തിന്റെ ശേഷിപ്പാണിത്. ഇതാണ് ബാക്കുവിലെ പ്രധാന വിസ്മയം. 

ഗബാലയിലെ ചെറിയ പെരുന്നാൾ

മൂന്നാം ദിനം പെരുന്നാളായിരുന്നു. റമദാൻ മുപ്പത് ദിവസവും തികച്ച് മാനത്തു ശവ്വാലമ്പിളിയുടെ കീറ് തെളിഞ്ഞപ്പോൾ തക്ബീർ ധ്വനികൾ അസർബൈജാനിലെ പള്ളി മിനാരങ്ങളിൽനിന്ന് അലയടിക്കാൻ തുടങ്ങി. ബാക്കുവിൽനിന്ന് ഇരുനൂറ്റി അമ്പതോളം കിലോമീറ്റർ അകലെയുള്ള ഗബാല നഗരത്തിൽ പെരുന്നാൾ ആഘോഷിക്കാനായിരുന്നു സംഘത്തിന്റെ തീരുമാനം. അതിനായി തലേദിവസം തന്നെ പുറപ്പെട്ടു. ഏകദേശം മൂന്നര മണിക്കൂർ ബസ് യാത്ര.  ആ യാത്രയും മനോഹരമായിരുന്നു. ഒലീവ് മരങ്ങളും വാൾനട്ട് മരങ്ങളും കൊണ്ട് പ്രകൃതിയൊരുക്കിയ ഉദ്യാനമാണ് നിരത്തിന്റെ ഇരുവശവും. മനോഹരമായ ഒരു വേലി പോലെ മരങ്ങളുടെ നിരയൊത്ത നിൽപ്. അതിന്റെ ഇലയഴികൾക്കിടയിലൂടെ അപ്പുറം നീണ്ടുനിവർന്ന് കിടക്കുന്ന ഗോതമ്പു പാടങ്ങളും കാഴ്ചയിൽ നിറയുന്നു. ഹൃദയം കവരുന്ന കാഴ്ചകൾ. കണ്ണെടുക്കാനേ തോന്നിയില്ല.

bakku-az-atashgah

ശൈത്യകാലം മഞ്ഞിന്റെ ഉടയാടകൾ അണിയിക്കുന്ന പർവതനിരകളുടെ മുകളിലേക്ക് റോപ്പ് വേ വഴി എത്തിക്കാനാണ് ഗൈഡ് ഞങ്ങളെ ഗബാലയിലേക്ക് കൊണ്ടുവന്നത്. എന്നാൽ ഗബാലയിൽ ഗൈഡ് പറയാത്ത, ഏറെ കൗതുകം കൊള്ളിച്ച ഒരു കാഴ്ചയ്ക്ക് ഞങ്ങൾ സാക്ഷ്യം വഹിച്ചിരുന്നു. പെരുന്നാളിന് കേരളത്തിന്റെ തനത് വസ്ര്തമായ മുണ്ടും ഷർട്ടും ധരിച്ച് അവിടെ പള്ളിയിൽ നമസ്കരിക്കാൻ പോകണമെന്ന് ഞങ്ങൾ യാത്രയ്ക്കു മുമ്പേ പദ്ധതിയിട്ടിരുന്നു. രാവിലെ എട്ടു മണിക്കാണ് പെരുന്നാൾ നിസ്കാരം. തലേദിവസം ഏൽപിച്ചതനുസരിച്ചു ടാക്സി ‍‍ഡ്രൈവർ ഹസ്സൻ അസറി കൃത്യസമയത്ത് ഹോട്ടലിൽ വന്ന് ഞങ്ങളെ പള്ളിയിലേക്കു കൊണ്ടുപോയി. പെരുന്നാൾ നമസ്കാരത്തിനായുള്ള പ്രഭാഷണം തുടങ്ങിയിരിക്കുന്നു.

പള്ളിക്കകത്ത് സ്ഥലമുണ്ടായിട്ടും നൂറു കണക്കിനാളുകൾ പള്ളിമുറ്റത്തുള്ള പാർക്കിൽ നിശബ്ദരായി കൂടി നിൽക്കുന്നു. പള്ളിയിൽ പ്രഭാഷണം നടക്കുമ്പോഴും നമസ്കാരം തുടങ്ങിയിട്ടും അവരാരും അങ്ങോട്ടേക്ക് വന്നതേയില്ല. പാർക്കിൽ കാഴ്ചക്കാരായി നിൽപ് തുടരുകയാണ്. അവർ മുസ്‌ലിംകളല്ലേ എന്നായി സംശയം. മുസ്‌ലിംകളാണ്, എന്നാൽ ഇൗ പ്രഭാഷണത്തിലും നമസ്കാരത്തിലും കൂടാത്ത കൂട്ടരാണ് അവരെന്ന് അന്വേഷണത്തിൽ അറിഞ്ഞു. അവിടെ കൂടിനിന്നവർ സുന്നി മുസ്‌ലിംകളാണ്. ആദ്യം നമസ്കാരം നടന്നത് ഷിയാ മുസ്‌ലിംകളുടെയും. ഷിയാകളുടെ ഉൗഴം കഴിഞ്ഞിട്ട് ഇതേ പള്ളിയിലേക്ക് വരാൻ ക്ഷമയോടെ, സഹിഷ്ണുതയോടെ കാത്തുനിൽക്കുകയാണ് സുന്നി വിഭാഗം. 

ഒരേയിടത്തു തന്നെ നിസ്കാരം, ഒരേ മിമ്പറിൽ തന്നെ ഖുതുബയും. രണ്ടു സമയത്തായി നിർവഹിക്കുന്നു എന്നല്ലാതെ രണ്ടു കൂട്ടരും തമ്മിൽ മറ്റെന്തെങ്കിലും ഭിന്നിപ്പുള്ളതായി അനുഭവപ്പെട്ടതേയില്ല. ആദ്യം നമസ്കാരം കഴിഞ്ഞ് ഇറങ്ങി വന്ന ഷിയാ വിഭാഗം പാർക്കിൽ കാത്തുനിൽക്കുന്ന സുന്നികളെ ആശ്ലേഷിക്കുന്നു. ഇൗദ് ആശംസ കൈമാറുന്നു. എന്നിട്ട് ഷിയാകൾ സുന്നികൾക്ക് വഴിമാറിക്കൊടുക്കുന്നു. അപ്പോഴതാ പുറത്തു മറ്റൊരു കൂട്ടർ നിസ്കാരം കഴിഞ്ഞു വരുന്നവരെ ആലിംഗനം ചെയ്യാനും ആശംസ അറിയിക്കാനും കാത്തുനിൽക്കുന്നു. അത് അവരുടെ ക്രിസ്ത്യൻ സുഹൃത്തുക്കളാണത്േ. അവരുടെ ഇടംതോളിലേക്കു ചാഞ്ഞ് സ്നേഹം കൊണ്ട് ആശ്ലേഷിക്കുകയാണ് പള്ളിയിൽനിന്ന് ഇറങ്ങിച്ചെന്നവർ. നോക്കിനിൽക്കെ ഉള്ളം തുടിച്ചു. കണ്ണുകളിൽ സന്തോഷത്തിന്റെ അശ്രുകണങ്ങൾ നിറഞ്ഞു. മത, വംശീയ വെറികൾ ലോകത്ത് കാലുഷ്യം നിറയ്ക്കുന്ന കാലത്തും അസർബൈജാനിലെ ഇൗ മാനവസൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും കാഴ്ചകൾ ലോകത്തിനു മാതൃകയാണെന്ന് തോന്നി. മുമ്പൊരിക്കൽ അസർബൈജാൻ സന്ദർശിച്ചപ്പോൾ മാർപാപ്പ അവിടുത്തെ മതസൗഹാർദ്ദത്തെ വാഴ്ത്തിപ്പറഞ്ഞതും ഒാർമയിലെത്തി. 

ബെറിപ്പഴങ്ങളുടെ തെരുവോരങ്ങൾ

ഗബാലയിലെ ഒരു രാത്രി തണുത്ത കാറ്റേറ്റ് ഹോട്ടലിനു പുറത്ത് പടിക്കെട്ടിലിരിക്കുമ്പോൾ മഴ പെയ്തുതുടങ്ങി. വിവിധയിനം ഫലവൃക്ഷങ്ങളുടെ തോട്ടങ്ങളിൽനിന്ന് പാറിവന്ന കാറ്റിൽ ബെറിപ്പഴങ്ങളുടെ നേർത്ത ഗന്ധം തിരിച്ചറിഞ്ഞു. വിവരിക്കാൻ വാക്കുകൾ മതിയാകാത്ത അനുഭൂതിയാണ് ആ കാറ്റും മഴത്തുള്ളികളും നൽകിയത്. ബാക്കുവിലും ഗബാലയിലും മാത്രമല്ല അസർബൈജാന്റെ പ്രധാന തെരുവോരങ്ങളിലെല്ലാം തോട്ടത്തിൽനിന്ന് ഇറുത്ത് കൊണ്ടുവന്നതുപോലുള്ള വിവിധയിനം ബെറിപ്പഴങ്ങൾ നിറഞ്ഞിരിക്കുന്നത് സ്ഥിരം കാഴ്ചയായിരുന്നു. വഴിയാത്രക്കാരെ ആകർഷിക്കും വിധം ചെറിയ പാത്രങ്ങളിൽ മനോഹരമായി അടുക്കിവെച്ചാണ് കച്ചവടം.

bakku-az-rotty

സ്ട്രോബെറി, മൾബറി, ബ്ലാക്ക് ബെറി, റെഡ് ചെറി, ബ്ലാക്ക് ചെറി തുടങ്ങിയവയാണ് പ്രധാനയിനങ്ങൾ. ഗ്രാമങ്ങളിൽ സ്വന്തമായി കൃഷി ചെയ്ത് നഗരങ്ങളിൽ വിൽപനയ്ക്ക് എത്തിക്കുന്ന കർഷകരാണ് കൂടുതലും. കച്ചവട തന്ത്രങ്ങളൊന്നും അറിയാത്ത പാവം കർഷകർ. കിട്ടുന്ന വിലയ്ക്ക് വിൽക്കാൻ തയാറായവർ. വിഷം പുരളാത്ത ഒാർഗാനിക് വിശുദ്ധിയുള്ള പഴങ്ങൾ. ഭക്ഷണം ഒരു നേരത്തിലൊതുക്കി ബാക്കി സമയമെല്ലാം ബെറികളും ചെറികളും കഴിച്ചു.  

അസരി സുലൈമാനിക്ക് മൾബറി ജാമിന്റെ കൂട്ട്

ഗ്രാമ്പു ചേർത്ത് പ്രത്യേക തരം തേയിലയിൽ മധുരമില്ലാതെ തിളപ്പിച്ച ഒന്നാന്തരം അസരി സുലൈമാനി. ഒരിറക്ക് സുലൈമാനിക്ക് ഒരു ചെറുസ്പൂൺ ജാം സമം ചേർത്തു കഴിക്കലാണ് നാട്ടുനടപ്പെന്ന് കടയുടമ ഫെർമിൻ പറഞ്ഞു. അറബികൾ ഖഹ്വക്കൊപ്പം ഉൗത്തപ്പഴം കഴിക്കും പോലെ ഞങ്ങളത് തുടർന്നുകൊണ്ടിരുന്നു. ഗബാലയിൽനിന്ന് ബാക്കുവിലേക്കുള്ള മടക്കയാത്രയിലാണ് വഴിയോരത്തുള്ള ഫെർമിന്റെ തട്ടുകടയിൽ ഞങ്ങൾ കയറിയത്. മടങ്ങുംമുമ്പ് അസർബൈജാനിലെ പാരമ്പര്യ ഭക്ഷണയിനമായ "ഖുതുബ്' (പരത്തിയെടുത്ത ഗോതമ്പ് മാവിൽ ഇലകൾ ചേർത്ത് ചട്ടിക്കു മുകളിൽ വെച്ച് ചുട്ടെടുക്കുന്ന റൊട്ടി) കഴിക്കണമെന്ന് സഹയാത്രിക റിയ ശകീബ് ആദ്യമേ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഖുതുബിനൊപ്പം ചുട്ട ആടും ബാർബിക്യു ചിക്കനുമാണ് നല്ല കോംബിനേഷൻ. മസാല ചേർത്ത് ചുട്ടെടുക്കാൻ സമയം ഏറെ വേണം. അതുകാരണം ഞങ്ങൾ മട്ടനും ചിക്കനും ഒഴിവാക്കി റൊട്ടിയിലൊതുക്കി. ഫെർമിന്റെ ഭാര്യ സനമാണ് ഖുതുബ് ചുട്ടെടുക്കുന്നത്. രണ്ടെണ്ണം ഒാർഡർ ചെയ്തു. എന്നാൽ രണ്ടിലൊതുങ്ങിയില്ല. പിന്നെ ചുട്ടതെല്ലാം ഞങ്ങൾ തന്നെ തിന്നുതീർത്തുകൊണ്ടിരുന്നു. വയറു  നിറയെ കഴിച്ചു. ഫെർമിനൊപ്പം ഫോട്ടോയും പകർത്തിയാണ് അവിടം വിട്ടത്.  

സിനാനെന്ന സ്ട്രോബറി വിൽപനക്കാരൻ

"സേൻ സിനാൻ ഗോറുസ്ടുൻ' – മൊബൈലിലെ ചിത്രം കാണിച്ചു കൊടുത്ത് സിനാനെ അന്വേഷിക്കാൻ ടാക്സി ഡ്രൈവർ ഹസ്സൻ പഠിപ്പിച്ച അസറി ഭാഷയിലെ പ്രയോഗമാണിത്. ‘നിങ്ങൾ ഇൗ ചിത്രത്തിൽ കാണുന്ന സിനാനെ കണ്ടിരുന്നോ’ എന്നാണ് അതിനർഥം. ഇൗ അസരി ചോദ്യവുമായി ഞാൻ സിനാനെ പലയിടത്തും അന്വേഷിച്ചു. അവനെക്കുറിച്ച് ആർക്കും ഒരറിവുമില്ല. ഗബാലയിലെ ഞങ്ങൾ താമസിക്കുന്ന ഹോട്ടലിനു മുന്നിൽ പഴങ്ങൾ വിൽക്കാൻ വന്ന കൗമാരക്കാരനായിരുന്നു അവൻ. പെരുന്നാൾ തലേന്ന് ഒരു ബക്കറ്റ് സ്ട്രോബെറി പഴവുമായാണ് അവൻ വന്നത്. കൗതുകം കൊണ്ടാണ് അവനോട് കുശലാന്വേഷണം നടത്തിയത്.

പെരുന്നാൾ ആഘോഷിക്കാനുള്ള പണം കണ്ടെത്താനാണ് സ്ട്രോബറി വിൽക്കാൻ വന്നതെന്നും താൻ പണവുമായി ചെല്ലുന്നത് കാത്തിരിക്കുകയാണ് വീട്ടിലുള്ളവരെന്നും അറിയാത്ത ഭാഷകളിലൂടെയുള്ള ആശയവിനിമയത്തിനിടയിലെ മാനുഷിക ഭാവങ്ങളിലൂടെ ഞങ്ങൾക്കു മനസ്സിലാക്കി. ഹൃദയം കൊണ്ട് സംസാരിക്കുമ്പോൾ ഭാഷ ഒരു പ്രശ്നമല്ലല്ലോ. അവന്റെ തോളിൽ കൈവെച്ചപ്പോൾ എന്നിലേക്കവൻ ചേർന്നുനിന്നു. കയ്യിലുള്ള ചില്ലറ "മന്നത്' അവന് കൊടുത്തു. പിന്നീട് പിരിഞ്ഞു.

ഞാൻ ടാക്സിയിൽ കയറി ഒരിടത്തേക്കു പോയി. പിന്നീട് അവനെ കുറിച്ചാലോചിച്ചപ്പോൾ വീണ്ടും കാണാനും അവന്റെ വീട്ടുകാരെക്കുറിച്ച്  അറിയാനും ആഗ്രഹം തോന്നി. അങ്ങനെയാണ് ഹസ്സന്റെ സഹായം തേടിയത്. അയാൾ പഠിപ്പിച്ച ചോദ്യവുമായി രാവിലെ മുതൽ സിനാനെ അനേഷിക്കാൻ തുടങ്ങിയെങ്കിലും ഫലമുണ്ടായില്ല. "ബിസ് ബിൽമിരിക്' (ഞങ്ങൾക്കറിയില്ല) എന്ന മറുപടിയാണ് കിട്ടിയത്. കാഴ്ചകളോടു യാത്രപറഞ്ഞു മടക്കയാത്രയ്ക്കൊരുങ്ങി.

ആയിഷ കരഞ്ഞു, പാസ്പോർട്ടിൽ മുദ്ര പതിഞ്ഞു

മടക്കയാത്രയിൽ ഹൈദർ അലി അലവ് രാജ്യാന്തര വിമാനത്താവളത്തിൽ സുരക്ഷാ പരിശോധന പൂർത്തിയാക്കി ഇമിഗ്രേഷൻ കൗണ്ടറിൽനിന്ന് പുറത്തിറങ്ങിയപ്പോഴാണ് സഹയാത്രികരായ മുജീബിക്കയെയും കുടുംബത്തെയും ഇമിഗ്രേഷനിൽ തടഞ്ഞു വെച്ചത് ശ്രദ്ധയിൽ പെട്ടത്. കൗണ്ടറിനു മുന്നിൽ അവരെ മാറ്റി നിർത്തിയിരിക്കുകയാണ്. മറ്റുള്ളവരെ കടത്തിവിടുന്നുണ്ട്. സൗദിയിലേക്കു പ്രവേശിക്കാൻ ആവശ്യമായ താമസ രേഖ (ഇഖാമ)യുടെ ഒറിജിനൽ കാണാതെ വിടില്ലെന്നാണ് ഉദ്യോഗസ്ഥൻ പറയുന്നതെന്ന് മുജീബിക്ക പറഞ്ഞു.

ഞങ്ങളുടെ യാത്രാസംഘത്തിന്റെ ലീഡർ യൂനുസിക്ക പല തവണ ഉദ്യോഗസ്ഥനെ കണ്ടു സംസാരിച്ച് പ്രശ്നപരിഹാരത്തിനു ശ്രമിച്ചു. പല തവണയായപ്പോൾ ഉദ്യോഗസ്ഥൻ പ്രകോപിതനായി. ഇനി സംസാരിക്കാൻ വന്നാൽ പാസ്പോർട്ട് വാങ്ങിവയ്ക്കുമെന്ന് അയാൾ യൂനുസിക്കയെ ഭീഷണിപ്പെടുത്തി. ഒരു കൈ നോക്കാൻ ഞാനും ഒരുങ്ങി. അയാളുടെ അടുത്തേക്കു ചെന്നു. ഷാർജയിലോ സൗദിയിലോ ഇറങ്ങാനുള്ള രേഖയുടെ ഒറിജിനൽ വേണമെന്ന് അയാൾ ആവർത്തിച്ചു. ഇതിനിടയിൽ മുജീബിക്കയുടെ മക്കളായ ഫാദിയും ഷാഗിനും നടപടി ക്രമങ്ങൾ പൂർത്തിയാക്കി അകത്തേക്കു പ്രവേശിച്ചിരുന്നു. ഭാര്യയും രണ്ട് മക്കളും കൗണ്ടറിൽ നിൽപ്പാണ്. അവരുടെ കുടുംബാംഗം കൂടിയായ ആഷിക് അദ്ദേഹത്തോട് താണുകേണു അവസ്ഥ വിവരിച്ചു.

പുറത്തുള്ള ഞങ്ങളുടെ ഒാട്ടപ്പാച്ചിലുകളും ഉമ്മയുടെ മുഖത്തെ മാറ്റവും ശ്രദ്ധിച്ചാവണം എന്തോ അപകടത്തിലാണ് എന്നു ഭയന്ന് മുജീബിക്കയുടെ മകൾ ആയിഷ പൊട്ടിക്കരഞ്ഞു. അത് കണ്ട ഉദ്യോഗസ്ഥർ അമ്പരന്നു. കാർക്കശ്യം അയഞ്ഞു. ആ കണ്ണീരിനു മുന്നിൽ, ഒറിജിനൽ രേഖകളില്ലാതെ മേലിൽ യാത്ര ചെയ്യരുതെന്ന മുന്നറിയിപ്പോടെ അയാൾ പാസ്പോർട്ടിൽ എക്സിറ്റ് മുദ്ര പതിപ്പിച്ചു. യാത്രക്കൊരുങ്ങുമ്പോൾ എല്ലാ രേഖകളുടെയും ഒറിജിനൽ തന്നെ കരുതണമെന്ന ഒരു പാഠം കൂടി ലഭിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA