sections
MORE

യാത്ര പോകും മുന്‍പ് ചില കാര്യങ്ങൾ ശ്രദ്ധിക്കാം

598248300
SHARE

ഒാരോ യാത്രയും നൽകുന്നത് അനുഭവങ്ങളുടെ സമ്പത്താണ്. നല്ല സഞ്ചാരികളായി ഒരുപാടു യാത്രകൾ നടത്തൂ, ഉയരട്ടെ ആ സമ്പത്ത്. യാത്ര പോകും മുൻപ് ചില കാര്യങ്ങൾ ശ്രദ്ധിക്കാം...

വൃത്തിയുടെ കാര്യവും പരിഗണിക്കണമല്ലോ!

യാത്ര ചെറുതോ വലുതോ ആയിക്കൊള്ളട്ടെ, താമസസ്ഥലത്തിനു പുറത്തിറങ്ങിയാൽ ചിലപ്പോൾ പലയിടങ്ങളിലെ ടോയ്‌ലറ്റ് ഉപയോഗിക്കേണ്ടതായി വരാം. ഇത്തരം അവസരങ്ങളിൽ വൃത്തിയുടെ കാര്യവും പരിഗണിച്ചല്ലേ പറ്റൂ. അതുകൊണ്ട് എവിടെ പോകുമ്പോഴും ഹാൻഡ് ബാഗിൽ ടിഷ്യൂ പേപ്പർ, ആന്റി ബാക്ടീരിയൽ ഹാൻഡ് സാനിറ്റൈസർ തുടങ്ങിയവ കരുതുക.

എക്സ്ക്യൂസ് മി...ഒന്നു സഹായിക്കാമോ?

ഒരു കാൾ ചെയ്യാൻ നമ്മുടെ ഫോൺ ചോദിക്കുക, ബാഗോ മറ്റു സാധനങ്ങളോ കുറച്ചു സമയം സൂക്ഷിക്കാൻ ഏൽപിക്കുക തുടങ്ങി യാത്രാവേളയിൽ നമ്മുടെ സഹായം ചോദിച്ചെത്തുന്ന അപരിചിതരെ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. സ്വന്തം സുരക്ഷ ഉറപ്പുവരുത്തിയ ശേഷം മാത്രമേ ഇത്തരക്കാരോട് ഇടപെടാൻ പാടുള്ളൂ. ലോകത്തെല്ലാവരും സത്യവാന്മാരും സന്മനസ്സുള്ളവരുമാണെന്ന തെറ്റിദ്ധാരണ വേണ്ട. അലിവു തോന്നി സഹായിക്കാൻ നിന്നാൽ കാലെടുത്തു വയ്ക്കുന്നതു വലിയ ചതിക്കുഴിയിലേക്കാകും. ഇനി സഹായം ചോദിച്ചതു സത്യസന്ധമാണെന്നു തോന്നിയാൽ നേരിട്ട് ഇടപെടാതെ സുരക്ഷാസേന, പൊലീസ്, സെക്യൂരിറ്റി തുടങ്ങിയവരിൽ ആരെയെങ്കിലും ഉൾപ്പെടുത്തുന്നതാണ് ബുദ്ധി.

യുവർ അറ്റെൻഷൻ പ്ലീസ്...

ട്രെയിൻ വിവരങ്ങളെക്കുറിച്ച് അറിയാനും ട്രെയിൻ യാത്രയിൽ നമുക്കുവേണ്ട സൗകര്യങ്ങൾ ചെയ്തു തരാനും ഒരുപാട് മൊബൈൽ ആപ്പുകൾ നിലവിലുണ്ട്. അത്തരം ഒരു ആപ്ലിക്കേഷനാണ് റയിൽയാത്രി. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നു സൗജന്യമായി ഈ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തുവയ്ക്കാം. സീറ്റുകളുടെ ലഭ്യത, പിഎൻആർ സംബന്ധിച്ച വിവരങ്ങൾ, ട്രെയിൻ എതു സ്റ്റേഷൻ പിന്നിട്ടു, ട്രെയിൻ വൈകാൻ സാധ്യതയുണ്ടോ തുടങ്ങിയ വിവരങ്ങൾ ഈ ആപ്ലിക്കേഷനിൽ ലഭിക്കും.

ഒന്നു ചാർജാക്കണ്ടേ?

ഫോൺ, ക്യാമറ, ലാപ്ടോപ്പ് തുടങ്ങി യാത്രയിൽ ഒഴിവാക്കാൻ പറ്റാത്തതും ചാർജു ചെയ്ത് ഉപയോഗിക്കേണ്ടതുമായ നിരവധി സാധനങ്ങളുണ്ട്. എന്നാൽ മിക്ക ഹോട്ടൽ മുറികളിലും പ്ലഗ് പോയിന്റുകളുടെ എണ്ണം ഒന്നോ രണ്ടോ മാത്രമേ കാണൂ. ഓരോന്നിലായി ചാർജ് കയറുന്നതും നോക്കിയിരുന്നാൽ പ്ലാൻ ചെയ്തതു പോലെ യാത്ര ചിലപ്പോൾ നടക്കില്ല. ഈ അവസ്ഥ ഒഴിവാക്കാൻ ഒരു അഡാപ്റ്റർ കയ്യിൽ കരുതുന്നത് നന്ന്.

ട്രെയിനിലാണ് യാത്രയെങ്കിൽ...

ട്രെയിനിലാണ് യാത്ര പോകാൻ പ്ലാൻ ചെയ്യുന്നതെങ്കിൽ പകൽ ലക്ഷ്യസ്ഥാനത്തെത്തുന്ന രീതിയിൽ രാത്രിയിലെ ട്രെയിൻ തിരഞ്ഞെടുക്കാം. സമയം ലാഭിക്കുന്നതോടൊപ്പം പകൽ മുഴുവൻ കാഴ്ചകൾ ആസ്വദിക്കാം എന്നതാണ് ഇതിന്റെ ഗുണം. രാത്രി യാത്ര സുരക്ഷിതമല്ലെന്ന ബോധത്തിൽ ഈ െഎഡിയയ്ക്ക് ലൈക്ക് കൊടുക്കാതിരിക്കുകയാണോ? റെയിൽവേ പൊലീസില്‍ വിശ്വാസമർപ്പിച്ച് യാത്ര ചെയ്തു നോക്കൂന്നേ...ആ യാത്ര നൽകുന്ന ആത്മവിശ്വാസത്തിൽ നിങ്ങൾ ഉറപ്പായും പറയും ‘വാട്ട് ആൻ െഎഡിയ സേട്ജി’...

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA