ADVERTISEMENT

വിദേശ രാജ്യങ്ങളിലേക്ക് അവധിക്കാലം ആഘോഷിക്കാന്‍ പോകുമ്പോള്‍ ആദ്യം മുന്നില്‍ വില്ലനായി വരുന്നത് വിസയെന്ന കടമ്പയാണ്.  ചില രാജ്യങ്ങളുടെ കടുക്കട്ടി വിസ നടപടിക്രമങ്ങളെക്കുറിച്ച് അറിയുമ്പോള്‍ യാത്ര തന്നെ ഉപേക്ഷിക്കേണ്ടിവരുന്ന സാഹചര്യമുണ്ടാകാറുണ്ട്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ദ്വീപ് രാഷ്ട്രങ്ങള്‍ക്ക് വിസ നടപടികള്‍ വളരെ കുറവാണ്. 6 മാസം വരെ വിസയില്ലാതെ താമസിക്കാനുള്ള സൗകര്യം നല്‍കുന്ന ദ്വീപ് രാഷ്ട്രങ്ങളുമുണ്ട്. ഇന്ത്യാക്കാര്‍ക്ക് വിസയുടെ പേടിയില്ലാതെ സന്ദര്‍ശിക്കാന്‍ പറ്റിയ അത്തരം ചില വിനോദസഞ്ചാരകേന്ദ്രങ്ങളെ പരിചയപ്പെടാം.

639069544

സെന്റ് കിറ്റ്‌സും നെവിസും

കരീബിയന്‍ സൗന്ദര്യം ആവാഹിച്ച  സെന്റ് കിറ്റ്‌സും നെവിസും വിസയില്ലാതെ യാത്ര ചെയ്യാന്‍ പറ്റിയ രാജ്യമാണ്. ലീവാര്‍ഡ് ദ്വീപസമൂഹത്തിന്റെ ഭാഗമാണീ രാജ്യം. പ്രകൃതി ഭംഗി ആവോളം ആസ്വദിക്കാം ഈ രണ്ട് ദ്വീപുകളിലേയ്ക്ക് പോയാല്‍. അധികം തിരക്കുകളില്ലാത്ത മനോഹരമായ ബീച്ചുകളും പര്‍വ്വതനിരകളും വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ പോന്ന വിധത്തിലുള്ളവയാണ്.  ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് 3 മാസം വരെ ഇവിടെ വിസയില്ലാതെ താമസിക്കാം. 

467461005

ലാവോസ്

തെക്കുകിഴക്കന്‍ ഏഷ്യയുടെ രത്‌നമെന്നാണ് ലാവോസിനെ വിശേഷിപ്പിക്കുന്നത്. പ്രകൃതിരമണീയത നിറഞ്ഞുനില്‍ക്കുന്ന ലാവോസില്‍ എത്തിയാല്‍ ഏറ്റവും അധികം കാണാന്‍ കഴിയുക മോണാസ്ട്രികളും ക്ഷേത്രങ്ങളുമായിരിക്കും. ഏഷ്യയിലെ ഏറ്റവും ദരിദ്രവും എന്നാല്‍ രഹസ്യാത്മകവുമായ രാജ്യമെന്ന വിളിപ്പേരും ലാവോസിനുണ്ട്. നദികളാണ് ലാവോസിന്റെ സൗന്ദര്യത്തിന്റെ രഹസ്യം.  ഇന്ത്യന്‍ പൗരന്മാര്‍ക്ക് 30 ദിവസം വരെ വിസയില്ലാതെ ലാവോസില്‍ തങ്ങാം. 

macau

മക്കാവു

ഏഷ്യയിലെ ലാസ് വെഗാസ്' എന്ന് വിളിപ്പേരുള്ള മക്കാവു മനോഹരമായ ഒരു വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്. ചൂതാട്ടത്തിന് പേര് കേട്ട മക്കാവു ലോകത്തിലെ ഏറ്റവും ചെറിയ രാജ്യങ്ങളില്‍ നാലാം സ്ഥാനത്താണ്. പക്ഷേ ഇവിടുത്തെ കാഴ്ച്ചകളെ ചെറുതായി കാണണ്ട. കണ്ണും മനസ്സും നിറഞ്ഞ് കാണാനുള്ളവ മക്കാവുവിലുണ്ട്.  ഇന്ത്യന്‍ പൗരന്മാര്‍ക്ക് 30 ദിവസം വരെ താമസിക്കാന്‍ വിസ ആവശ്യമില്ല.

ട്രിനിഡാഡ് ആന്റ് ടൊബാഗോ

മനോഹരമായ ബീച്ചുകള്‍ക്ക് പേര് കേട്ട നാടാണ് ട്രിനിഡാഡ് ആന്റ് ടൊബാഗോ.  ബീച്ചുകള്‍ക്ക് പുറമേ സുന്ദരമായ കണ്ടല്‍ക്കാടുകള്‍, മഴക്കാടുകളുള്ള കുന്നുകള്‍ തുടങ്ങി മറക്കാനാവാത്ത കരീബിയന്‍ അവധിക്കാലം ആയിരിക്കും ഈ നാട് നിങ്ങള്‍ക്ക് സമ്മാനിക്കുക. സ്നോര്‍ക്കലിംഗിനും ഡൈവിംഗിനും മികച്ച അവസരങ്ങളുള്ള ബീച്ചുകളാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. മാറാക്കാസ് ബേ, പീജിയണ്‍ പോയിന്റ്, പോര്‍ട്ട് ഓഫ് സ്‌പെയിന്‍, കരോണി ബേഡ് സാന്‍ച്വറി തുടങ്ങി നിരവധി അനുഭവങ്ങളാണ് സഞ്ചാരികള്‍ക്കായി ട്രിനിഡാഡും ടൊബാഗോയും കരുതിവച്ചിരിക്കുന്നത്. 90 ദിവസം വരെ വിസയില്ലാതെ ഇന്ത്യാക്കാര്‍ക്ക് ഇവിടെ തങ്ങാം. 

949400730

സമോവ

ഭൂമിശാസ്ത്രപരമായും സാംസ്‌കാരികമായും ഈ ചെറിയ രാഷ്ട്രം പോളിനേഷ്യയുടെ ഹൃദയമായി കണക്കാക്കപ്പെടുന്നു. 

അതിമനോഹരമായ ബീച്ചുകളും ക്രിസ്റ്റല്‍-ക്ലിയര്‍ ശുദ്ധജല കുളങ്ങളും കൊണ്ട് ഇവിടം നിറഞ്ഞിരിക്കുന്നു. കടല്‍ത്തീരങ്ങളും പാറക്കൂട്ടങ്ങളും അതിരിടുന്ന സമോവ ആരേയും ആകര്‍ഷിക്കും. വെള്ളച്ചാട്ടങ്ങള്‍ക്കും കൂടി പേര് കേട്ട സമോവയില്‍ രണ്ട് മാസം വരെ ഇന്ത്യന്‍ പൗരന് വിസയില്ലാതെ സന്ദര്‍ശിക്കാം. 

ടാന്‍സാനിയ

ആഫ്രിക്കയിലെ ഏറ്റവും പ്രശസ്തമായ  ദേശീയ ഉദ്യാനങ്ങളുടെ സംഗമഭൂമി, അതാണ് ടാന്‍സാനിയ.  കിളിമഞ്ചാരോയും, ആരേയും ആകര്‍ഷിക്കുന്ന ബീച്ചുകളുമെല്ലാമുള്ള ടൂറിസത്തിന്റെ മെക്കയെന്ന് വിളിയ്ക്കാം ടാന്‍സാനിയയെ. ലോകപ്രശസ്തമായ മൗണ്ട് കിളിമഞ്ചാരോയും സെരെന്‍ഗെട്ടി നാഷണല്‍ പാര്‍ക്കും ടാന്‍സാനിയയുടെ ആകര്‍ഷണങ്ങളില്‍ ചിലത് മാത്രം. ഇവിടുത്ത സാന്‍സിബാര്‍ ബീച്ച് വിനോദസഞ്ചാരികളുടെ പറുദീസയാണ്. ടാന്‍സാനിയയില്‍ ചെന്നതിനുശേഷം അവിടെ പ്രവേശിക്കുന്നതിനായി വിസയെടുത്താല്‍ മതി. 

516426801

എല്‍ സാല്‍വഡോര്‍

പസഫിക് സമുദ്രത്തിന്റെ മധ്യത്തില്‍ സ്ഥിതി ചെയ്യുന്ന എല്‍ സാല്‍വഡോര്‍ ബീച്ചുകള്‍, സര്‍ഫ് സ്‌പോട്ടുകള്‍, പര്‍വതപ്രദേശങ്ങളിലെ പ്രകൃതിദൃശ്യങ്ങള്‍ എന്നിവയാല്‍ അനുഗ്രഹീതമാണ്. അയല്‍രാജ്യങ്ങളെ അപേക്ഷിച്ച് ടൂറിസത്തെ അത്ര പ്രോത്സാഹിപ്പിക്കുന്നില്ലെങ്കിലും ഇവിടെയെത്തുന്ന സഞ്ചാരികള്‍ നിരാശരായി മടങ്ങിപ്പോകാറില്ല. ബീച്ചുകള്‍ക്ക് പുറമേ, അഗ്നിപര്‍വ്വതങ്ങള്‍, മഴക്കാടുകള്‍ എന്നിവയും എല്‍ സാല്‍വഡോറിന്റെ സവിശേഷതകളാണ്. 90 ദിവസത്തേക്ക് വിസ ആവശ്യമില്ല.

157587568

ഡൊമിനിക്ക

ഡൊമിനിക്ക ഒരു കരീബിയന്‍ ദ്വീപ് രാഷ്ട്രമാണ്. ബോയിലിംഗ് തടാകം, മഴക്കാടുകള്‍ കൊണ്ട് പൊതിഞ്ഞ അഗ്‌നിപര്‍വ്വതം, സള്‍ഫറസ് ചൂടുള്ള നീരുറവകള്‍, ഡൈവിംഗിന് അനുയോജ്യമായ കടല്‍ത്തീരങ്ങള്‍ അങ്ങനെ എണ്ണമറ്റ ആകര്‍ഷണങ്ങളാണ് ഡൊമിനിക്കയില്‍ ഉള്ളത്. തിളച്ചുമറിയുന്ന തടാകമാണ് ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട കാഴ്ച്ച. 207 അടി വീതിയുള്ള ചുട്ടുപഴുത്ത ലാവ തിളയ്ക്കുന്ന ഭൂമിയുടെ ഒരു വിള്ളലാണിത്. ഇതിന്റെ മുകളിലേയ്ക്ക് ഉള്ള ട്രക്കിംഗ് സാഹസീകരായ സഞ്ചാരികളെ സന്തോഷിപ്പിക്കും.6 മാസം താമസിക്കാന്‍ വിസ ആവശ്യമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com