sections
MORE

പോക്കറ്റും അക്കൗണ്ടും കാലിയാകാതെ പാരിസ് കാണാം, ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി

924894324
SHARE

ടൂറിസത്തിന്റെ തലസ്ഥാനമെന്നു വേണമെങ്കില്‍ പാരിസിനെ വിളിക്കാം. ഇത്തരം അനേകം വിളിപ്പേരുകളുള്ള  ഈ സുന്ദരസുരഭില നഗരം ഒരല്‍പം ചെലവേറിയതുമാണ്. അങ്ങോട്ടൊരു യാത്ര പ്ലാന്‍ ചെയ്യുമ്പോള്‍ ആദ്യം ചിന്തിക്കുന്നതും പാരിസിലെ ചെലവിനെക്കുറിച്ചു തന്നെയാകും. ആഡംബരത്തിന് ഒട്ടും കുറവില്ലാത്ത ജീവിതരീതികള്‍ക്കും ഹോട്ടലുകള്‍ക്കും ഷോപ്പിങ് അനുഭവങ്ങള്‍ക്കുമെല്ലാം പേരു കേട്ട ഇടമായ പാരിസിലേക്ക് എങ്ങനെ ബജറ്റില്‍ ഒതുക്കി യാത്ര നടത്താം എന്നാണ് ഇനി പറയുന്നത്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ച് യാത്ര പ്ലാന്‍ ചെയ്താല്‍ പാരിസിനെ ശരിക്കും അറിയാം, അനുഭവിക്കാം.

ടിക്കറ്റുകള്‍ നേരത്തെ ബുക്ക് ചെയ്യാം

എയര്‍ലൈന്‍ കമ്പനികളുടെ ഓഫര്‍ കാലയളവുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ വിലയില്‍ കാര്യമായ വ്യത്യാസം കാണാം. പറ്റുമെങ്കില്‍ 6-8 മാസം മുമ്പു തന്നെ ടിക്കറ്റ് ബുക്ക് ചെയ്യാം. ഇന്ധനവിലയിലെ കയറ്റിറക്കങ്ങള്‍ ടിക്കറ്റ് നിരക്കിലും മാറ്റമുണ്ടാക്കും. അതുപോലെ ഒരു ഫ്‌ളൈറ്റ് ബുക്ക് ചെയ്യുമ്പോള്‍, വിമാന നിരക്കുകളും ഹോട്ടല്‍ പാക്കേജ് ഡീലുകളും പരിശോധിക്കണം. അങ്ങനെയാകുമ്പോള്‍ കുറച്ചുകൂടി പണം ലാഭിക്കാം. 

യാത്ര ഓഫ് സീസണില്‍

തണുപ്പുകാലത്തോ വേനല്‍ക്കാലത്തോ ആണ് മിക്കവരും യാത്ര നടത്താറുള്ളത്. പാരിസിലെ സീസണാണ് അത്; ഏറ്റവും ചെലവേറിയ സമയം. എന്നാല്‍ ഓഫ് സീസണിലാണെങ്കിൽ ട്രിപ് ബജറ്റില്‍ ഒതുങ്ങും. തിരക്കു കുറഞ്ഞ പാരിസ് നഗരത്തിലൂടെ നിങ്ങള്‍ക്ക് യഥേഷ്ടം സഞ്ചരിക്കാം. ട്രെയിന്‍, ബസ് നിരക്കുകളിലെ ഇളവുകള്‍, കുറഞ്ഞ വിലയില്‍ താമസസൗകര്യവും ഭക്ഷണവും അങ്ങനെ നിരവധി ആകര്‍ഷണങ്ങളും ഗുണങ്ങളുമുണ്ട് ഒരു ഓഫ് സീസണ്‍ യാത്രയ്ക്ക്. 

പൊതുഗതാഗതവും സൗജന്യകാഴ്ചകളും

1156484167

പാരിസില്‍ മികച്ച പൊതുഗതാഗത സംവിധാനമുണ്ട്, ടിക്കറ്റുകളും പാസുകളും താരതമ്യേന ചെലവു കുറഞ്ഞതാണ്. ഹോപ്പ്-ഓണ്‍, ഹോപ്-ഓഫ് ബസ് ടൂറുകളും നഗര പര്യടനം നടത്തുന്നതിനുമുള്ള ആക്‌സസ് ഓപ്ഷനുകളാണ്. പല ലൈനുകളിലും വളരെ മനോഹരമായ റൂട്ടുകളുണ്ട്. പോക്കറ്റ് കാലിയാകാതെ നഗരത്തിന്റെ ഹൃദയം തൊട്ട് യാത്ര നടത്താം. പാരിസിലെ ട്രാംവേ യാത്രയും ചെലവുകുറഞ്ഞതും എന്നാല്‍ ഗംഭീരവുമാണ്. അത്യാഡംബരത്തിന് പേരു കേട്ട പാരിസില്‍ സൗജന്യമായി കാണാന്‍ സാധിക്കുന്ന ഇടങ്ങളുണ്ട്. അവ തിരഞ്ഞെടുത്ത് സൈറ്റ് സീയിങ്ങിന് ഇറങ്ങാം. ഡസന്‍ കണക്കിന് സൗജന്യ മ്യൂസിയങ്ങള്‍, വാര്‍ഷിക ഇവന്റുകള്‍, മറ്റ് ആകര്‍ഷണങ്ങള്‍ എന്നിവ ബജറ്റ് അവബോധമുള്ള സന്ദര്‍ശകര്‍ക്കായി പാരിസ് ഒരുക്കിയിട്ടുണ്ട്. നഗരത്തിലെ ഏറ്റവും ആകര്‍ഷകമായ നിരവധി സ്മാരകങ്ങളും സൈറ്റുകളും– നോത്രദാം കത്തീഡ്രല്‍, സേക്ര കോയൂര്‍, സീൻ നദിയുടെ തീരങ്ങള്‍ എന്നിവ ഉള്‍പ്പെടെ– സൗജന്യമായി സന്ദര്‍ശിക്കാം.

ഷോപ്പിങ്ങും താമസവും പിന്നെ ഭക്ഷണവും

ലോകത്തിന്റെ ഫാഷന്‍, സ്റ്റൈല്‍ എന്നിവയുടെ സിരാകേന്ദ്രമെന്നാണല്ലോ പാരിസിനെ വിളിക്കുന്നത്. ലോകോത്തര ബ്രാന്‍ഡുകളുടെ നീണ്ട നിര തന്നെ നിങ്ങളെ അവിടെ ആകര്‍ഷിക്കും. എന്നുകരുതി അവിടുത്തെ ഷോപ്പിങ് കയ്യിലൊതുങ്ങില്ല എന്നു കരുതണ്ടാ. ഫ്‌ളീ മാര്‍ക്കറ്റുകള്‍ അവിടെ നിങ്ങളുടെ രക്ഷയ്ക്കെത്തും. നിരവധി ഫ്‌ളീ മാര്‍ക്കറ്റുകളാണ് പാരിസിലുള്ളത്. ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍ മുതല്‍ വിന്റേജ് കുക്ക് വെയര്‍ വരെ  വില്‍ക്കുന്ന ഈ  മാര്‍ക്കറ്റുകള്‍ സവിശേഷമായ ഷോപ്പിങ് അനുഭവമാണ്, അതും ബജറ്റില്‍ ഒതുങ്ങുന്നത്. ലോകത്തിലെ ഏതു രുചിയിലുള്ള ഭക്ഷണവും പാരിസില്‍ ലഭിക്കുമെന്നാണു വയ്പ്. പാരിസ് അസാധാരണമായ മിഷേലിന്‍-സ്റ്റാര്‍ ഗോര്‍മെറ്റ് റസ്റ്ററന്റുകള്‍ക്ക് പേരുകേട്ടതാണ്. അവിടുത്തെ ഭക്ഷണവും നിങ്ങള്‍ക്ക് അനുയോജ്യമായ നിരക്കില്‍ തെരഞ്ഞെടുക്കാം. 

അപ്പാര്‍ട്ട്മെന്റിലും താമസിക്കാം

പാരിസില്‍ നൂറുകണക്കിന് ഹോട്ടലുകള്‍ ഉണ്ട്, ബജറ്റ് മുതല്‍ മിഡ് റേഞ്ച് വരെ. പലതും സുഖകരവും മനോഹരവുമാണ്. മറ്റൊരു ആകര്‍ഷണമാണ് അപ്പാർട്ട്മെന്റുകള്‍. ഇപ്പോള്‍ പാരിസില്‍ ഏറ്റവും ജനപ്രീതിയുള്ള ഓപ്ഷനാണ് വാടക അപ്പാര്‍ട്ടുമെന്റുകള്‍. ഒരു മുറിയും അടുക്കളയുമുള്ള ഇത്തരം അപ്പാര്‍ട്ടുമെന്റുകള്‍ നിങ്ങളുടെ പോക്കറ്റില്‍ ഒതുങ്ങും. അടുക്കള ഉള്ളതിനാല്‍ ഭക്ഷണച്ചെലവും കുറയ്ക്കാം. 

924894324

സൈക്കിളില്‍ നഗരം ചുറ്റാം

നമ്മുടെ നാട്ടില്‍ സൈക്കിള്‍ ചവിട്ടി കാഴ്ച കണ്ടു നടക്കുന്നതുപോലെ പാരിസിൽ ഒന്നു ചുറ്റിക്കറങ്ങാന്‍ തോന്നിയാല്‍ നേരേ വാലിബ് ബൈക്ക് സെന്ററിലേക്കു പോയാല്‍ മതി. നഗരത്തിലുടനീളം 23,000 വാടക സൈക്കിളുകളുണ്ട്. ഒരു ദിവസം മുതല്‍ ഒരു മാസം വരെ ഇത്തരം വാടക സൈക്കിള്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാം. 

യാത്ര ബാങ്കിനെ അറിയിക്കാം

യാത്ര പുറപ്പെടുന്നതിനു മുമ്പ് നിങ്ങളുടെ ബാങ്കിന് യാത്രാവിവരങ്ങള്‍ നല്‍കുക. വിദേശ ഇടപാടുകളുകളെക്കുറിച്ചും എടിഎം പിന്‍വലിക്കലുകളെക്കുറിച്ചും മനസ്സിലാക്കുക. പാരിസിലെ ഏതെങ്കിലും ബാങ്കുമായി നിങ്ങളുടെ ബാങ്കിന് പങ്കാളിത്തമുണ്ടെങ്കില്‍ അവിടെയെത്തുമ്പോൾ പരമാവധി ഇടപാടുകൾ ആ ബാങ്കു വഴി നടത്താന്‍ ശ്രമിക്കുക. അങ്ങനെവരുമ്പോള്‍ നിങ്ങളുടെ രാജ്യാന്തര ഇടപാടുകള്‍ക്ക് ബാങ്ക് ഒരു തടസമാകില്ല. 

ഇനി ചെലവിനെക്കുറിച്ചോര്‍ത്ത് പാരിസിലേക്കു പോകാതിരിക്കണ്ട, മറ്റേതൊരു യാത്രയെയും പോലെ പാരിസ് നഗരത്തെയും ആസ്വദിക്കാം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA