sections
MORE

ലോകത്തിലെ സന്തോഷമുള്ള രാജ്യത്ത് സ്ത്രീകള്‍ക്ക് മാത്രമായൊരു ദ്വീപ്

supershe
Image From SuperShe Facebook Page
SHARE

പുരുഷന്‍മാര്‍ക്ക് പ്രവേശനമില്ലാത്ത, സ്ത്രീകള്‍ക്ക് വേണ്ടി മാത്രമായുള്ള ഒരു ദ്വീപ്. ബാള്‍ട്ടിക് കടലിലെ ഫിന്‍ലാന്‍ഡ് തീരത്തുള്ള ഈ ദ്വീപ് ഒരുപക്ഷേ ലോകത്തിലെ ഏറ്റവും സവിശേഷമായ ഒന്നായിരിക്കും.

SuperShe-Island4
Image From SuperShe Facebook Page

സൂപ്പര്‍ ഷി എന്നുപേരുള്ള ഈ ദ്വീപ് സഞ്ചാരപ്രിയരായ സ്ത്രീകള്‍ക്ക് വേണ്ടിയുള്ളതാണ്. കേള്‍ക്കുമ്പോള്‍ ആശ്ചര്യം തോന്നുന്നുവെങ്കിലും ഇങ്ങനെയും ചിലതൊക്കെ നമുക്ക് ചുറ്റുമുണ്ടെന്ന അറിവുകൂടിയാണ് യാത്രകളുടെ രസം കൂട്ടുന്നത്. 

SuperShe-Island2
Image From SuperShe Facebook Page

സ്ത്രീകള്‍ക്ക് വേണ്ടിയൊരു കൂട്ടായ്മ എന്നുവേണമെങ്കില്‍ ഈ പ്രസ്ഥാനത്തെ വിളിക്കാം. പക്ഷേ കയ്യില്‍ ആവശ്യത്തിന് പണമുള്ളവരെ മാത്രം മുന്നില്‍ കണ്ട് കൊണ്ടാണ് ഇത് ആരംഭിച്ചിരിക്കുന്നതെന്ന വാസ്തവം കൂടിയുണ്ട് കേട്ടോ. ഏതായാലും സൂപ്പര്‍ ഷിയെന്ന ആ അദ്ഭുത ദ്വീപിന്റെ  വിശേഷങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

SuperShe-Island5
Image From SuperShe Facebook Page

ക്രിസ്റ്റീന റോത്ത് എന്ന കോടിശ്വരിയും ബിസിനസ് വുമണുമായ വ്യക്തിയുടെ ബുദ്ധിപരമായൊരു ആശയമായിരുന്നു സ്ത്രീകള്‍ക്ക് വേണ്ടിമാത്രമായൊരു സംരംഭം. ധാരാളം യാത്രകള്‍ നടത്തുന്ന ക്രിസ്റ്റീന ഒരിക്കല്‍ ഫിന്‍ലന്റില്‍ ആയിരിക്കുമ്പോള്‍ യാദൃശ്ചികമായി ഒരു ദ്വീപ് വില്‍പ്പനയ്ക്ക് ഉള്ളതായി അറിഞ്ഞു. ദ്വീപൊക്കെ വാങ്ങാന്‍ ലഭിക്കുമെന്ന് കേട്ടപ്പോള്‍ പിന്നെയൊന്നും നോക്കിയില്ല, അത് സ്വന്തം പേരിലാക്കി കക്ഷി. അങ്ങനെ 2018ല്‍ സൂപ്പര്‍ ഷി റിസോര്‍ട്ട് അതിഥികള്‍ക്കായി തുറന്നു.

SuperShe-Island3
Image From SuperShe Facebook Page

ജീവിതത്തിന്റെ തിരക്കുകളിൽ നിന്നും ഒരല്‍പ്പമെങ്കിലും തനിച്ചിരിക്കാന്‍ ആഗ്രഹിക്കുന്ന സ്വന്തമായി സമയം കണ്ടെത്താന്‍ കൊതിക്കുന്ന സ്ത്രീകളെ മുന്നില്‍കണ്ടുകൊണ്ടാണ് ക്രിസ്റ്റീന പുതിയ പദ്ധതികള്‍ റിസോര്‍ട്ടില്‍ ആരംഭിച്ചത്. അവിടെ താമസിക്കാന്‍ എത്തുന്നവര്‍ക്കായി യോഗ, ധ്യാനം, ഫാം-ടു-ടേബിള്‍ ഡൈനിംഗ്, പാചക ക്ലാസുകള്‍, ഫിറ്റ്‌നസ് ക്ലാസുകള്‍, പ്രകൃതി പ്രവര്‍ത്തനങ്ങള്‍ തുടങ്ങി നിരവധി  ദൈനംദിന വെല്‍നസ് പ്രവര്‍ത്തനങ്ങളാണ് സൂപ്പര്‍ഷിയില്‍ ഒരുക്കിയിരിക്കുന്നത്.

ഒരു പുരുഷതരിപോലും ഈ ദ്വീപിലും പരിസരത്തും എത്തുകയില്ലെന്ന ഉറപ്പും അവര്‍ നല്‍കുന്നു. പാചകം മുതല്‍ ഡൈവിംഗ് പരിശീലനം വരെ എന്തിനും ഏതിനും സ്ത്രീകള്‍ മാത്രമാണി ദ്വീപിലുള്ളത്.

super-she-island
Image From SuperShe Facebook Page

സൂപ്പര്‍ ഷിയെന്ന ദ്വീപ് ആരംഭിച്ചതിനുശേഷം ക്രിസ്റ്റീന ആദ്യം ചെയ്തത് ഇന്റര്‍നെറ്റ് വഴി ലോകമെമ്പാടുമുള്ള യാത്രികരായ സ്ത്രീകള ബന്ധിപ്പിച്ചുകൊണ്ട് ഒരു കമ്യൂണിറ്റി രൂപികരിക്കലായിരുന്നു.

റോത്ത് യഥാര്‍ത്ഥത്തില്‍ ജര്‍മനിയിലെ സ്റ്റട്ട്ഗാര്‍ട്ടില്‍ നിന്നുള്ളയാളാണ്, പക്ഷേ ന്യൂയോര്‍ക്ക് സിറ്റിയില്‍ നിന്നാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നതും തന്റെ ലോകം ചുറ്റിയുള്ള സോളോ ട്രിപ്പ് തുടങ്ങുന്നതും. ലോകമെമ്പാടും താമസിക്കുകയും സഞ്ചരിക്കുകയും ചെയ്തിട്ടുള്ള റോത്തിന് തുര്‍ക്കിയിലും കൈക്കോസിലും ഇതുപോലെ  ദ്വീപുകള്‍ സ്വന്തമായിട്ടുണ്ട്.

super-she-
Image From SuperShe Facebook Page

സംഭവം ഗംഭീരം തന്നെ, പക്ഷേ അങ്ങനെ എല്ലാവര്‍ക്കും ഒന്നും ആ ദ്വീപിലേക്ക് പ്രവേശനം ലഭിക്കുകയില്ല. ആദ്യമായി അങ്ങോട്ട് പോകാനായി ആപ്ലിക്കേഷന്‍ അയയ്ക്കണം.

SuperShe-Island1
Image From SuperShe Facebook Page

എന്തിനാണ് ദ്വീപ് സന്ദര്‍ശിക്കുന്നത്, അവിടുത്തെ ഒറ്റയ്ക്കുള്ള താമസം നിങ്ങള്‍ക്ക് എങ്ങനെയാണ് ഗുണം ചെയ്യുന്നത്, ഒറ്റയ്ക്ക് താമസിക്കാന്‍ ഉണ്ടായ താല്‍പര്യം തുടങ്ങി ഒരു പിടി ചോദ്യങ്ങളുടെ കടമ്പ കടന്നാല്‍ മാത്രമേ സൂപ്പര്‍ ഷീയില്‍ പ്രവേശനം ലഭിക്കുകയുള്ളു. 

SuperShe-Island
Image From SuperShe Facebook Page

സൂപ്പര്‍ ഷി ദ്വീപ് ലോകമെമ്പാടുമുള്ള മാധ്യമ ശ്രദ്ധ നേടിയൊരു ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍ കൂടിയാണ്. എന്നാല്‍ ഇവിടെ താമസിക്കണമെങ്കില്‍ ചില്ലറയൊന്നും മതിയാവില്ല, നല്ല സമ്പന്നരായ സ്ത്രീകളെ ഉദ്ദേശിച്ചാണ് ഈ സംരംഭം ആരംഭിച്ചതെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്തായാലും സമത്വത്തിനായി പോരാടുന്ന ഈ കാലഘട്ടത്തില്‍ സ്ത്രീകള്‍ക്ക് മാത്രമായിട്ടൊരു കാര്യം നടത്തുകയെന്നത് പ്രശംസനീയം തന്നെ. ഒരു വെറ്റൈറ്റി യാത്ര നടത്താന്‍ താല്‍പര്യമുള്ളവര്‍ക്ക് സൂപ്പര്‍ഷി മികച്ചൊരു അനുഭവമായിരിക്കും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA