sections
MORE

ലഹരി നുരയും യാത്രയ്ക്ക് തിരഞ്ഞെടുക്കാം ഈ രാജ്യങ്ങൾ

505964202
SHARE

ദോഷങ്ങൾ ഏറെയെന്നു മുന്നറിയിപ്പുണ്ടെങ്കിലും മദ്യത്തിന്റെ ലഹരി നുണയുന്നവർ നമുക്കുചുറ്റും നിരവധിയാണ്. കല്യാണത്തിനും മരണത്തിനും ജനനത്തിനുമൊക്കെ ഇന്ന് മദ്യത്തിന്റെ അകമ്പടി കൂടിയേ തീരൂ എന്നായിട്ട് നാളുകളേറെയായി.

രോഗങ്ങളും ശാരീരിക പ്രശ്നങ്ങളും കൂട്ടിനു കിട്ടുമെന്നറിയാമെങ്കിലും ആ ലഹരിയുടെ  സ്വീകാര്യത കൂടിയിട്ടേയുള്ളൂ. ഏറ്റവും മികച്ച മദ്യം ലഭിക്കുന്ന രാജ്യമേതെന്നു തിരഞ്ഞാൽ അതിൽ ബ്രിട്ടനും ഓസ്‌ട്രേലിയയും ചൈനയും ഫ്രാൻസുമൊക്കെയുണ്ട്. അതിൽ തന്നെ ഏറ്റവും മികച്ച മദ്യം ലഭിക്കുന്നത് എവിടെയെന്നറിയാനും ലഹരി നുണയാനും ആഗ്രഹിക്കുന്നവരുണ്ടെങ്കിൽ ഇതാ അങ്ങനെയുള്ളവർക്കായി ഒരു ലഹരിപിടിപ്പിക്കുന്ന യാത്ര.

ബ്രിട്ടൻ

തങ്ങളുടെ രാജ്യത്തോടുള്ള ശാശ്വതമായ സ്നേഹം പ്രകടിപ്പിക്കാൻ അയർലൻഡുകാർക്ക് ഒരു പ്രത്യേക മദ്യപാന ദിവസമുണ്ടെങ്കിൽ അയൽരാജ്യമായ ബ്രിട്ടനും അങ്ങനെയൊരു ദിവസമുണ്ട്. ആ ദിവസമേതെന്നു ചോദിച്ചാൽ, ‘അത് ഇന്നലെയാകാം ഇന്നാകാം നാളെയുമാകാം’ എന്നായിരിക്കും ഒരു ബ്രിട്ടിഷുകാരന്റെ വാക്കുകൾ. അതിൽനിന്നു തന്നെ കാര്യങ്ങൾ ഏകദേശം ഊഹിക്കാമല്ലോ.

വർഷത്തിലെ 365 ദിവസവും മദ്യപിക്കാൻ താല്പര്യമുള്ളവരാണ് ആ രാജ്യത്തുള്ളവർ. മദ്യം വിളമ്പുന്ന നിരവധി പബ്ബുകളുള്ള രാജ്യമാണ് ബ്രിട്ടൻ. അന്നാട്ടിലെത്തി മദ്യപിക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് അതുകൊണ്ടുതന്നെ മദ്യം തേടി എങ്ങും അലയേണ്ടതില്ല. ബന്ധങ്ങൾ തുടങ്ങുവാനും അവസാനിപ്പിക്കാനും ഏറ്റവും നല്ലയിടങ്ങൾ ഏതെന്നു ബ്രിട്ടനിൽചെന്ന് അന്വേഷിച്ചാൽ അതിനുത്തരവും  പബ്ബുകൾ എന്നുതന്നെയായിരിക്കും. മദ്യത്തിനൊപ്പം കഴിക്കാനായി ചെറുകടികളും ഈ പബ്ബുകളിൽ ലഭ്യമാണ്. ബ്രിട്ടനിലെ അതിവിശിഷ്ടമായ മദ്യമെന്നത് ബിറ്റർ എന്ന ഒരുതരം ബിയറാണ്. പരമ്പരാഗതമായി ബ്രിട്ടനിൽ മാത്രം ലഭിക്കുന്ന ഒരു മദ്യമാണിത്. 

ചൈന

ആഘോഷവേളകളെ ആനന്ദകരമാക്കാൻ ചൈനക്കാർ കൂടുതലായി ആശ്രയിക്കുന്നത് മദ്യത്തെയാണ്. ഷാങ്‌ഹായിയിലെ കോടിപതികൾ ആഡംബരം കാണിക്കുന്നതിനായി വാങ്ങിക്കൂട്ടുന്നത് ഒരു കുപ്പിക്കുതന്നെ ആറര ലക്ഷത്തോളം രൂപ വിലവരുന്ന ഷാത്തൂ മാർഗു എന്ന മദ്യമാണ്. വിവാഹവേളയിലും ജന്മദിനങ്ങളിലും ബിസിനസ് കാര്യങ്ങൾ  ഉറപ്പിക്കുന്ന സമയങ്ങളിലുമെല്ലാം മദ്യപിക്കുന്ന ശീലം ചൈനക്കാർക്കുണ്ട്.  ചൈനയിലെ ഏറ്റവും സവിശേഷമായ മദ്യം ബെയ്ജിയു ആണ്.

റഷ്യ

മദ്യപാനമെന്നത് ജീവിതത്തിന്റെ ഭാഗമാണ് റഷ്യക്കാർക്ക്. ആനന്ദത്തിനു വേണ്ടി മാത്രമല്ലാതെ എന്തു പ്രധാന കാര്യങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നാലും മദ്യത്തെ കൂട്ടുപിടിക്കുന്നവരാണ് ഇന്നാട്ടുകാർ. വോഡ്കയാണ് റഷ്യയിലെ  പ്രധാന പാനീയം. ഇവിടെയെത്തുന്ന സഞ്ചാരികളും റഷ്യൻ വോഡ്കയുടെ ലഹരി അറിയാൻ താല്‍പര്യം പ്രകടിപ്പിക്കാറുണ്ട്.

ഫ്രാൻസ്

മറ്റുള്ള യൂറോപ്യൻ രാജ്യങ്ങളെ അപേക്ഷിച്ചു മദ്യപാനത്തിന്റെ കാര്യത്തിൽ അപരിഷ്‌കൃതരാണ് ഫ്രാൻസിലുള്ളവർ. വൈനാണ് ഫ്രാൻസിന്റെ ദേശീയ പാനീയമെന്നു തമാശയായി വേണമെങ്കിൽ പറയാം. കാരണം അവിടെ വെള്ളത്തേക്കാൾ വിലക്കുറവുള്ളതും സുലഭവുമാണ് വൈൻ. പ്രഭാതഭക്ഷണമൊഴിച്ച്, പിന്നീടുള്ള ഭക്ഷണത്തിനൊക്കെ ഒപ്പം വൈൻ ഉപയോഗിക്കാറുണ്ട് അവിടെയുള്ളവർ. സൂപ്പർ മാർക്കറ്റുകളിലെല്ലാം മദ്യം ലഭിക്കുമെങ്കിലും അത് മറ്റു രാജ്യങ്ങളിൽ നിന്നുള്ളവയാണ്. അതേസമയം ബെൽജിയത്തിൽ നിന്നുള്ള ബീയറിന് തദ്ദേശീയർക്കിടയിൽ വലിയ ആവശ്യക്കാരില്ല എന്നതും ശ്രദ്ധേയമാണ്. ഫ്രാൻസിലെ ഏറ്റവും വിശിഷ്ടമായ മദ്യം 'ചാട്യൂനഫ്- ഡി-പാപെ' ആണ്.

ഇക്വഡോർ

നാടൻ  മദ്യത്തിന് പേരുകേട്ട നാടാണ് ഇക്വഡോർ. 'ഹാങ്ങോവർ ഇൻ എ ബോട്ടിൽ ' എന്നത് ഇവിടുത്തെ ഒരുതരം നാടൻ മദ്യമാണ്. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ലഹരിയുടെ തോത് വളരെയധികം ഉയർന്ന ഒരിനമാണിത്. ഴാമിർ എന്ന മദ്യമാണ് ഇവിടെ ഏറ്റവും കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുന്നത്. കരിമ്പിൽ നിന്നാണ് അതിന്റെ നിർമാണം. ക്രിസ്റ്റൽ എന്ന ഒരുതരം നാടൻ മദ്യത്തിനും ഇവിടെ ആവശ്യക്കാരേറെയുണ്ട്.

ഓസ്‌ട്രേലിയ

മികച്ചൊരു മദ്യപാന പാരമ്പര്യമില്ലാത്ത രാജ്യമായിരുന്നു ഓസ്‌ട്രേലിയ. എല്ലാ കാര്യങ്ങളും ഒരു സ്‌പോര്‍ട് മാന്‍ സ്പിരിറ്റിലാണ് ഓസ്‌ട്രേലിയക്കാര്‍ കാണുന്നത്. മദ്യപാനത്തെ അധികം പ്രോത്സാഹിപ്പിക്കാത്ത രാജ്യമായിരുന്നുവെങ്കിലും ഇപ്പോള്‍ സ്ഥിതി മാറി. പഴയശീലങ്ങളെ പൊളിച്ചടുക്കി വെള്ളമടിക്കാര്‍ക്ക് പ്രയോജനകരമായ മാറ്റങ്ങള്‍ വരുത്താന്‍ ഓസ്‌ട്രേലിയ തയാറായി. അതിന്റെ ഏറ്റവും വലിയ ഉദാഹരമണമാണ് മുന്‍ പ്രധാനമന്ത്രി ബോബ് ഹോക്കിന്റെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്. 2.5 സെക്കന്റില്‍ 2.5 പിന്റ് ബിയര്‍ കുടിച്ചാണ് ഈ ഇതിഹാസതാരം റെക്കോര്‍ഡിട്ടത്.

ഇനി നിങ്ങള്‍ ഓസ്‌ട്രേലിയയില്‍ ചെന്നാല്‍ മദ്യപിക്കണമെങ്കില്‍ ചില നിയമങ്ങള്‍ ഒക്കെ പാലിക്കണം, ആര്‍പ്പുവിളികളുടെ അകമ്പടിയോടെ വേണം ബിയര്‍ കഴിക്കാന്‍. മാത്രമല്ല നിങ്ങള്‍ ഒരു റൗണ്ട് മദ്യപിച്ച് കഴിഞ്ഞുവെന്നിരിക്കട്ടെ, അടുത്ത ഒരു റൗണ്ട് കൂടി നിങ്ങള്‍ കഴിക്കേണ്ടിവരും, അത് നിങ്ങള്‍ക്ക് ഒപ്പമുള്ള സുഹൃത്തുക്ക്ള്‍ക്ക് വേണ്ടിയാണെന്ന് മാത്രം. ഓസ്‌ട്രേലിയയുടെ ക്ലാസിക് ഡ്രിങ്ക് ആയി കണക്കാക്കുന്നത്, കാര്‍ഡോണെ അഥവാ സാവ് എന്ന പേരില്‍ അറിയപ്പെടുന്ന വൈന്‍ ആണ്. ഇത് മദ്യപിക്കുന്നതിന് മുന്നും പിന്നുമായിട്ടുവേണം കഴിക്കാന്‍. എന്നാല്‍ 2.5 സെക്കന്‍ഡിനുള്ളില്‍ 2.5 പിന്റ് ബിയര്‍ കുടിക്കുക എന്ന വെല്ലുവിളിയെ നേരിടാന്‍ തയ്യാറായി വേണം ഓസ്‌ട്രേലിയയിലേയ്ക്ക് പോകാന്‍.

ജര്‍മനി

യൂറോപ്പിലെ ഏറ്റവും വലിയ ബിയര്‍ കുടിയന്‍മാരുള്ളത് ജര്‍മനിയിലല്ല, ആ ക്രെഡിറ്റ് ചെക്കുകാര്‍ക്ക് ഉള്ളതാണ്. എന്നാല്‍ ബിയര്‍ ഉപഭോഗം ഏറിവരുകയാണ് ജര്‍മനിയില്‍. അതിന് നന്ദി പറയേണ്ടത് ബവേറിയയില്‍ നടക്കുന്ന ഒക്‌ടോബര്‍ ഫെസ്റ്റിനാണ്. സെന്റ് പാട്രിക് ദിനത്തോട് അനുബന്ധിച്ച് നടത്തുന്ന ഈ ഫെസ്റ്റ് ജര്‍മനിയിലെ ഏറ്റവും വലിയ ബിയര്‍ ഫെസ്റ്റ് എന്നുകൂടി അറിയപ്പെടുന്നു.

വാസ്തവത്തില്‍, ജര്‍മന്‍കാര്‍ക്ക് ഹോപ്‌സ്, ബാര്‍ലി, മാള്‍ട്ട് എന്നിവയോട് ആണ് കൂടുതല്‍ അഭിരുചിയെങ്കിലും മിക്കവരും ചില സാഹചര്യങ്ങളില്‍ ബിയര്‍ സ്ഥിരമായി കുടിക്കുന്നു. ബിയറുകള്‍ ബാറുകളില്‍ മാത്രമല്ല, ഷോപ്പുകളിലും ഗ്യാസ് സ്റ്റേഷനുകളിലും പത്രം സ്റ്റാന്‍ഡുകളിലും വരെ ലഭിക്കുമെന്നതാണ് കാര്യം. എന്തിന് ബസില്‍ ഇരുന്നുപോലും ബിയറടിക്കാമത്രേ. ജര്‍മ്മനിയുടെ ക്ലാസിക് ഡ്രിങ്കും ബിയര്‍ തന്നെയാണ്. 

ഉഗാണ്ട

വാഴപ്പഴത്തില്‍ നിന്നും ഉണ്ടാക്കുന്ന മദ്യത്തിന്റെ വിജയമന്ത്രത്തിലൂടെ അയല്‍ രാജ്യക്കാരെ പ്പോലും തങ്ങളുടെ മദ്യപാനവഴിയിലേക്ക് എത്തിക്കാന്‍ ഉഗാണ്ടയ്ക്ക് സാധിക്കുന്നു. നിയമവിരുദ്ധമായി നിര്‍മിക്കുന്ന റോട്ട്ഗട്ടിന്റെ വ്യാപാരവും ഉഗാണ്ടയുടെ മദ്യസംസ്‌കാരത്തിന്റ നേര്‍രൂപമാണ്. ഉഗാണ്ടന്‍ മെനുവില്‍ ഉയര്‍ന്ന ഐറ്റം  വാറഗി എന്ന ശക്തിയേറിയ മദ്യമാണ്, ഇത് യുദ്ധ ജിന്‍ എന്നും അറിയപ്പെടുന്നു, കാരണം ഇത് ഒരു കാലത്ത് സൈന്യത്തെ ശക്തിപ്പെടുത്താന്‍ ഉപയോഗിച്ചിരുന്നു. ക്ലാസിക് ഡ്രിങ്ക് അജോനോയാണ്. നീളമുള്ള വൈക്കോല്‍ ഉപയോഗിച്ച് നാടന്‍ കലങ്ങളില്‍ ഉണ്ടാക്കുന്ന ഇത് ബിയറിനൊപ്പം കഴിക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA