യുദ്ധക്കെടുതികളിൽ ഒരു ശ്‌മശാനം 

SHARE

പ്രത്യാശയുടെ തുരങ്കത്തിൽ നിന്നിറങ്ങുമ്പോൾ മഞ്ഞുവീഴ്ച ശക്തമായി. കാഴ്ചയെ മറച്ചുവെച്ചുകൊണ്ട് മൂടൽ മഞ്ഞ് തിരശ്ശീലയും തീർത്തു. ഞാൻ ആകെ വിഷണ്ണനായി. ഇനി ഒരു ദിവസം കൂടിയേ സരയേവോയിലുള്ളൂ. അതിനുള്ളിൽ എത്രയോ സ്ഥലങ്ങൾ കണ്ടു തീർക്കേണ്ടതുണ്ട്! മഞ്ഞും മഴയുമൊക്കെ എന്നെ ആശങ്കപ്പെടുത്താൻ കാരണമതാണ് .'പേടിക്കേണ്ട, ഈ സീസണിൽ ഈ ഭാഗത്ത് മഞ്ഞുവീഴ്ച  പതിവാണ്.

സിറ്റിയിലേക്ക് എത്തുമ്പോൾ ഈ കാലാവസ്ഥയൊന്നുമായിരിക്കില്ല' -അർമാൻ ആശ്വസിപ്പിച്ചു. 'ഇനി എങ്ങോട്ടാണ് യാത്ര? ' - ഞാൻ ചോദിച്ചു. അർമാന്റെ മനസിൽ കൃത്യമായ പദ്ധതികളുണ്ടെന്ന് എനിക്കറിയാമായിരുന്നു. 'നമ്മൾ ഈ സിറ്റി കുറുകെ കടന്ന് മറ്റൊരു മലമുകളിലേക്ക് പോവുകയാണ്. അവിടെയാണ് ജൂത സെമിത്തേരിയുള്ളത്. വീണ്ടും മേലേയ്ക്കു പോകുമ്പോൾ ഒരു റെസ്റ്റോറന്റുമുണ്ട്. അവിടെ നിന്നാൽ സരയേവോ നഗരത്തിന്റെ സുന്ദരമായ ദൃശ്യം ലഭിക്കും. ഉച്ചഭക്ഷണം അവിടെ നിന്ന് കഴിക്കുകയും ചെയ്യാം'- അർമാൻ വിശദീകരിച്ചു.

മലമുകളിലേക്കുള്ള റോഡ് 

അർമാൻ പ്രവചിച്ചത് ശരിയായിരുന്നു. സരയേവോ നഗരത്തിലെത്തിയപ്പോൾ മഞ്ഞുവീഴ്ചയില്ല. പകരം ചെറിയ മഴ പെയ്തു തുടങ്ങി. നഗരം കുറുകെ കടന്ന് മലമ്പാതയിൽ പ്രവേശിച്ചപ്പോൾ വീണ്ടും മഞ്ഞുവീഴ്ച്ച തുടങ്ങി. ഏതാനും കിലോമീറ്റർ വ്യത്യാസത്തിൽ പ്രകൃതിയുടെ സ്വഭാവം ഇങ്ങനെ മാറുന്നത് കണ്ടപ്പോൾ കൗതുകം തോന്നി.

സെമിത്തേരിയുടെ കവാടം

ഒരുവശത്ത് അഗാധമായ കൊക്കയും മറുവശത്ത് ഉയർന്ന പ്രദേശങ്ങളുമാണ് മലകയറുമ്പോഴുള്ള കാഴ്ച. കോണിഫറസ്‌ മരങ്ങളിൽ മഞ്ഞുവീണ് കിടക്കുന്നത് പെയിന്റിംഗ് പോലെ സുന്ദരമായ ദൃശ്യമാണ് .കാറിന്റെ ഗ്ലാസിൽ വെളുത്ത പുഷ്പങ്ങളുടെ ആകൃതിയിൽ മഞ്ഞിൻ കട്ടകൾ വീണു തെറിക്കുന്നു.

ഏതോ ഒരു സ്ഥലത്ത് അർമാൻ കാർ നിർത്തി. വലതുവശത്ത് ഒരു ഗെയിറ്റ് ചൂണ്ടിക്കാട്ടി- 'ഇതാണ് ജൂത സെമിത്തേരി'ഞാൻ ക്യാമറ  ജാക്കറ്റിനുള്ളിൽ ഒളിപ്പിച്ചുകൊണ്ട് പുറത്തിറങ്ങി. മഞ്ഞുവീണ് ക്യാമറ നാശമാകാനുള്ള സാദ്ധ്യതയുണ്ടല്ലോ.

ജൂത സെമിത്തേരി 

കല്ലിൽ നിർമ്മിച്ച കവാടമാണ് സെമിത്തേരിയുടേത്. ഗേറ്റ് അടഞ്ഞു കിടക്കുന്നു. വലതുവശത്തായി സെമിത്തേരിയുടെ ചരിത്രം എഴുതി വെച്ചിട്ടുണ്ട്. മഞ്ഞിന്റെ തണുപ്പിൽ കിടുകിടാ വിറച്ചുകൊണ്ട് ഞാനാ ചരിത്രം ഇങ്ങനെ വായിച്ചു: 'ലോകത്തിലെ ഏറ്റവും പഴക്കമുള്ള ജൂതസെമിത്തേരികളിലൊന്ന്. '92 ലെ യുദ്ധകാലത്ത് ശത്രുസേന നാലുവർഷത്തോളം തമ്പടിച്ചിരുന്നത് ഈ സെമിത്തേരിയിലാണ്. ഇപ്പോൾ ഇത് ബോസ്‌നിയൻ സർക്കാർ ദേശീയ സ്മാരകമായി പ്രഖ്യാപിച്ചിട്ടുണ്ട്. യുനെസ്‌കോയുടെ ലോകപൈതൃക പട്ടികയിലും ഏറെ താമസിയാതെ ഇടം പിടിക്കും'..

സത്യത്തിൽ,ഈ എഴുതിയിരിക്കുന്നത് ഈ ജൂത സെമിത്തേരിയുടെ ചരിത്രത്തിന്റെ ഒരു ശതമാനം പോലുമില്ല. ആ ചരിത്രം ഇങ്ങനെ വിശദീകരിക്കാം: ജൂതന്മാരെ സ്വാഗതം ചെയ്ത്, താമസിക്കാൻ അനുവാദം നൽകിയ ആദ്യ യൂറോപ്യൻ രാജ്യമാണ് ബോസ്‌നിയ. 1940കളിൽ 25,000 ജൂതന്മാർ ബോസ്‌നിയയിലുണ്ടായിരുന്നു. അവരിൽ ഏറെയും താമസിച്ചിരുന്നത് സരയേവോയിലാണ്. അവർ നിരവധി സിനഗോഗുകൾ അഥവാ ജൂതപ്പള്ളികൾ സ്ഥാപിച്ച് തദ്ദേശീയരുമായി ഇടപഴകി കഴിഞ്ഞു.

ജൂത സെമിത്തേരി 

1940 കളുടെ അന്ത്യത്തിൽ ബോസ്‌നിയ കുറെക്കാലം ക്രൊയേഷ്യയിലെ ആന്റിസെമറ്റിക് ഭരണകൂടത്തിന്റെ കീഴിൽ കഴിഞ്ഞപ്പോൾ ജൂതന്മാരെ കൂട്ടക്കൊല ചെയ്ത സംഭവമുണ്ടായി. ബോസ്‌നിയയിലെയും സെർബിയയിലെയും ജൂതന്മാരെ അക്കാലത്ത് ഇസനോവിച്ച് എന്ന സ്ഥലത്തെത്തിച്ചാണ് കൂട്ടക്കൊല ചെയ്തത്. 20,000 ജൂതന്മാരാണ് അവിടെ കൊലക്കത്തിക്കിരയായത്.

ഈ സംഭവത്തിനു ശേഷം ജൂതന്മാർ ബോസ്‌നിയയിൽ നിന്ന് ഒഴിഞ്ഞു പോകാൻ തുടങ്ങി. '92 ലെ യുദ്ധകാലത്ത് 600 ജൂതന്മാരെ ഇവിടെ അവശേഷിച്ചിരുന്നുള്ളൂ.

ജൂത സെമിത്തേരിയുടെ ദൃശ്യങ്ങൾ 

ശത്രുസൈന്യം തമ്പടിച്ചിരുന്നത് സരയേവോ നഗരത്തിന്റെ ചുറ്റുമുള്ള പർവത നിരകളിലായിരുന്നു എന്ന് മുൻ അദ്ധ്യായത്തിൽ പറഞ്ഞല്ലോ. അങ്ങനെ സരയേവോ നഗരവാസികളെ 1425 ദിവസം ബന്ദികളാക്കുകയാണ് ശത്രുപക്ഷം ചെയ്തത്. അക്കാലത്ത് മലഞ്ചെരുവിൽ സ്ഥിതി ചെയ്യുന്ന ഈ ജൂതസെമിത്തേരിയും ശത്രുസൈന്യത്തിന്റെ പിടിയിലായി. നഗരത്തെ ആക്രമിക്കാൻ ഏറ്റവും പറ്റിയ സ്ഥലമെന്ന നിലയിലാണ് സെമിത്തേരി അവർ പിടിച്ചടക്കിയത്. ഇവിടെ നിന്ന് ലക്ഷക്കണക്കിന് ബോംബുകളും വെടിയുണ്ടകളും നഗരത്തിന്റെ മാറിലേക്ക് ചീറിപ്പാഞ്ഞു.

ശവക്കല്ലറകളിൽ വെടിയുണ്ടയുടെ പാടുകൾ 

തങ്ങളുടെ പ്രപിതാമഹന്മാരും ബന്ധുജനങ്ങളും അന്ത്യനിദ്ര കൊള്ളുന്ന സ്ഥലമാണെങ്കിലും യുദ്ധകാലത്ത് സെമിത്തേരിയെ ആക്രമിക്കാൻ സരയേവോയിൽ അവശേഷിച്ച ജൂതന്മാർ ബോസ്‌നിയൻ സർക്കാരിന് അനുമതി നൽകിയത് സരയേവോ നിവാസികൾ ഇന്നും നന്ദിയോടെ സ്മരിക്കുന്നു. ശവകുടീരങ്ങൾ ബോംബ് വീണ് നശിച്ചാലും സാരമില്ല, ശത്രുപക്ഷത്തെ ആക്രമിക്കണമെന്നായിരുന്നു ജൂതസമൂഹത്തിന്റെ തീരുമാനം.അങ്ങനെ ആക്രമണ പ്രത്യാക്രമണങ്ങളിൽ സെമിത്തേരിക്ക് കാര്യമായ കേടുപറ്റി.

ജൂത സെമിത്തേരിയുടെ ദൃശ്യങ്ങൾ 

എങ്കിലും ഏറെ താമസിയാതെ യുനെസ്‌കോയുടെ ലോകപൈതൃക പട്ടികയിൽ സ്ഥാനം പിടിക്കാനൊരുങ്ങുകയാണ് സെമിത്തേരി. അതോടെ വീണ്ടും ഇവിടം ഭംഗിയായി സംരക്ഷിക്കപ്പെടും. ഞാൻ ഗേറ്റു തുറന്ന് ഉള്ളിൽ കടന്നു. കാവൽക്കാരെയൊന്നും കാണാനില്ല. നേരെ മുന്നിൽ കുന്നിൻ മുകളിൽ വരെ ശ്മശാനം പരന്നുകിടക്കുന്നു. മുകളിലേക്ക് നടക്കാൻ പടവുകളുണ്ട്. വലതുവശത്ത് ഒരു കെട്ടിടം കാണാം.. അത് മരണാനന്തര കർമ്മങ്ങൾ ചെയ്യാനുള്ള പള്ളിയായിരിക്കുമെന്ന് ഞാൻ ഊഹിച്ചു.

നഗരമധ്യത്തിലെ സെമിത്തേരി 

മുകളിലേക്കുള്ള പടവുകളിലൂടെ ഞാൻ നടന്നു. ഭംഗിയായി പണിത ശവകുടീരങ്ങൾ. അവയെല്ലാം വെടിയുണ്ടയേറ്റ് തുളഞ്ഞിരിക്കുന്നു. 'അമ്പുകൊള്ളാത്തവരില്ല കുരുക്കളിൽ' എന്നു പറഞ്ഞതുപോലെ, വെടിയുണ്ട കൊള്ളാത്ത ഒരു ശവകുടീരം പോലുമില്ല ആ മലഞ്ചെരുവിൽ. '92 ലെ യുദ്ധകാലത്ത് ശത്രുപക്ഷത്തിന്റെ ആക്രമണം ഏറ്റവുമധികം സഹിക്കേണ്ടി വന്നത് നിത്യനിദ്രയിൽ സെമിത്തേരിയിൽ കഴിയുന്ന ജൂതന്മാരായിരുന്നു എന്നു ചുരുക്കം!

യുദ്ധം കഴിഞ്ഞപ്പോൾ സരയേവോയിൽ അവശേഷിച്ചത് 600 ജൂതന്മാരായിരുന്നു എന്നു പറഞ്ഞല്ലോ. ഇപ്പോൾ അത് ഉയർന്ന് 1000 ആയിട്ടുണ്ട്. ന്യൂനപക്ഷത്തിനു ലഭിക്കുന്ന എല്ലാ അവകാശങ്ങളും ബോസ്‌നിയൻ സർക്കാർ അവർക്ക് നൽകുന്നുണ്ട്. ഏറെ നേരം സെമിത്തേരിയിൽ നിൽക്കാൻ കഴിഞ്ഞില്ല. മഞ്ഞുവീഴ്ച ശക്തമായി. ക്യാമറ ഉടുപ്പിനുള്ളിൽ തിരുകി ഞാൻ കാറിലേക്ക് ഓടിക്കയറി.

ജൂത സെമിത്തേരിയുടെ ദൃശ്യങ്ങൾ 

'വിശക്കുന്നില്ലേ?'- അർമാൻ ചോദിച്ചു. 'തീർച്ചയായും ഉണ്ട്'- ഞാൻ പറഞ്ഞു. ആനയെ തിന്നാനുള്ള വിശപ്പുണ്ട് എന്നതാണ് സത്യം. അർമാൻ കാർ വീണ്ടും മലമുകളിലേക്ക് ഓടിച്ചു. ഇടതുവശത്ത് സരയേവോ നഗരം മഞ്ഞിന്റെ പുതപ്പിനുള്ളിൽ പ്രത്യക്ഷപ്പെട്ടു. മഞ്ഞിന്റെ തണുപ്പുമായി കാറ്റ് വീശിയടിച്ചു.

മലമുകളിലെ റെസ്റ്റോറന്റിന്റെ ദൃശ്യങ്ങൾ 

അർമാൻ കാർ ഒരു കെട്ടിടത്തിനു മുന്നിൽ നിർത്തി. വലിയ പകിട്ടൊന്നുമില്ലാത്ത, സിമന്റ് തേച്ച കെട്ടിടം. അതിന്റെ ഒരു വശത്ത്, താഴ്‌വരയിലേക്ക് തുറക്കുന്ന ബാൽക്കണിയിൽ നിറയെ കസേരകളും മേശകളും സ്ഥാപിച്ചിട്ടുണ്ട്. എല്ലാം മഞ്ഞ് വീണ് മൂടി കിടക്കുന്നു.അർമാനോടൊപ്പം ഞാൻ റെസ്റ്റോറന്റിലേക്ക് നടന്നു. പുറത്തു കണ്ട പകിട്ടു മങ്ങിയ കെട്ടിടമല്ല ഉള്ളിൽ. ഒന്നാന്തരമൊരു റെസ്റ്റോറന്റും 'സെൻട്രലി ഹീറ്റഡ്' ആയ ഡൈനിംഗ് ഹാളും മറ്റിടങ്ങളും. കൊടുംതണുപ്പിൽ നിന്ന് ചൂടിന്റെ ആലിംഗനത്തിലേക്കുള്ള ആ മാറ്റം രസകരമായിരുന്നു.

റെസ്റ്റോറന്റിന്റെ കണ്ണാടി ജനലിലൂടെ നോക്കുമ്പോൾ സരയേവോ നഗരം പൂർണ്ണമായും കാണാം.  തലേന്ന് കേബിൾ കാറിൽ നിന്നും കണ്ട ദൃശ്യമാണ് ഓർമ്മ വന്നത്.

ചൂട് സൂപ്പും ബ്രെഡും ബീഫ് വരട്ടിയതും കഴിച്ച് കുറേ നേരം റെസ്റ്റോറന്റിൽ ചെലവഴിച്ചു. ശീതകാലം കഴിയുമ്പോൾ ഇവിടെ നിന്നുള്ള സരയേവോ നഗരത്തിന്റെ കാഴ്ച അതിമനോഹരമാണെന്ന് അർമാൻ പറഞ്ഞു. മഞ്ഞുകാലത്തും ഒട്ടും മോശമല്ലാത്ത ഭംഗിയുണ്ടെന്ന് ഞാനും പറഞ്ഞു. നമുക്ക് വല്ലപ്പോഴും മാത്രം മഞ്ഞ് കാണാൻ കിട്ടുന്ന അവസരമല്ലേ, നന്നായി ആസ്വദിക്കുക തന്നെ! റെസ്റ്റോറന്റിൽ നിന്ന് വീണ്ടും യാത്ര തുടർന്നു. നഗരത്തിലേക്കാണ് അർമാൻ കാർ പായിക്കുന്നത്. ഞാൻ താമസിക്കുന്ന ഹോട്ടലിനടുത്തുള്ള മറ്റൊരു സെമിത്തേരിയിലാണ് യാത്ര എത്തി നിന്നത്.

ഇതും ജൂത സെമിത്തേരി തന്നെ. എന്നാൽ ഡിസൈനിലും ലേഔട്ടിലുമെല്ലാം വ്യത്യാസമുണ്ട്. മലമുകളിൽ കണ്ടത് സാധാരണ ക്രിസ്ത്യൻമട്ടിലുള്ള ശവക്കല്ലറകളാണെങ്കിൽ, ഇവിടെയുള്ളത് ജറുസലേമിലെ ഗോൾഡൻ ഗേറ്റിനു സമീപം കണ്ടിട്ടുള്ളതു പോലെയുള്ള യഥാർത്ഥ ജൂതമട്ടിലുള്ള കല്ലറകളാണ്. കൂർത്ത അറ്റങ്ങളോടു കൂടിയ കോൺക്രീറ്റ് നിർമ്മിതികളാണ് അവ. കലാശില്പങ്ങൾ പോലെയോ, ബിനാലെയിലെ ഇൻസ്റ്റലേഷൻ പോലെയോ നൂറു കണക്കിന് കൂർത്ത കോൺക്രീറ്റ് ഫലകങ്ങൾ ആകാശം നോക്കി നിൽക്കുന്ന കാഴ്ചയാണിവിടെ. മലമുകളിലെ കല്ലറകൾക്കു സംഭവിച്ചതുപോലെ വെടിയുണ്ടയേൽക്കേണ്ട ഹതഭാഗ്യമൊന്നും ഈ കല്ലറകൾക്കു സംഭവിച്ചിട്ടില്ല. മനോഹരമായി വെട്ടി നിർത്തിയ പുൽമേടിനിടയിൽ അവ സുന്ദരമായ കാഴ്ചയായി നിലനിൽക്കുന്നു.

(തുടരും)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA