sections
MORE

ലണ്ടനില്‍ കുടുംബവുമൊത്ത് അവധി ആഘോഷത്തില്‍ ശില്‍പ ഷെട്ടി

SHARE
shilpa-shetty-travel

ഒരുമിച്ച് കൂടുതല്‍ സമയം ചെലവഴിക്കാനും ഒരിക്കലും സന്ദര്‍ശിക്കാത്ത സ്ഥലങ്ങളിലേക്ക് പോകാനും ഓര്‍മിപ്പിക്കുന്ന സമയമാണ് ഒരു കുടുംബ അവധിക്കാലം. ജീവിതതിരക്കുകളില്‍ നിന്നു മാറി കുടുംബവുമൊത്ത് ഒരു യാത്ര നടത്തുമ്പോള്‍ കിട്ടുന്ന സന്തോഷത്തിന് അതിരുണ്ടാകില്ല. അങ്ങനെയൊരു അവധി ആഘോഷത്തിലാണ് ബോളിവുഡ് താരം ശില്‍പ്പ ഷെട്ടി. ലണ്ടന്‍ ശില്‍പ്പയ്ക്ക് പുതിയൊരിടമല്ലെങ്കിലും കുടുംബത്തിനൊപ്പമുള്ള എല്ലാ ലണ്ടന്‍ യാത്രയും ഓരോ അനുഭവമാണെന്നാണ് താരത്തിന്റെ വിലയിരുത്തല്‍.  ഭര്‍ത്താവ് രാജ് കുന്ദ്രയും മകന്‍ വിയാനും സഹോദരി ഷമിത ഷെട്ടിയും ഇത്തവണത്തെ ലണ്ടന്‍ യാത്രയില്‍ ശില്‍പ്പയ്‌ക്കൊപ്പമുണ്ട്. 

ലണ്ടന്‍ നഗരത്തിലെ ചുറ്റിക്കറങ്ങലും മറ്റും ഉള്‍പ്പെടുത്തികൊണ്ട് ശില്‍പ്പ ഇന്‍സ്റ്റഗ്രാമിലൂടെ വിഡിയോകളും ചിത്രങ്ങളും പങ്കുവയ്ക്കുന്നുമുണ്ട്. ഒരു ഡിജിറ്റല്‍ ടൂര്‍ പോയ ഫീലുണ്ടാകും ശില്‍പ്പയുടെ ഇന്‍സ്റ്റഗ്രാം കണ്ടാല്‍. മകന്റെയൊപ്പം ലണ്ടനിലെ ബുഷി പാര്‍ക്കില്‍ മാനുകളെ പരിപാലിക്കുന്ന ശില്‍പ്പയുടെ വിഡിയോ ലക്ഷകണക്കിന് പേരാണ് കണ്ടത്. ലണ്ടനില്‍ എത്തുന്നവര്‍ ഒരിക്കലെങ്കിലും സന്ദര്‍ശിക്കണ്ട ഇടം. ലണ്ടനിലുള്ള എട്ട് റോയല്‍ പാര്‍ക്കുകളില്‍ ഒന്നാണ് ബുഷി പാര്‍ക്ക്, 1,099 ഏക്കര്‍ വിസ്തൃതിയുണ്ട് ഇതിന്. പ്രധാനമായും മാനുകള്‍ക്ക് വേണ്ടിയുള്ള പാര്‍ക്കാണിത്.

അവധിയിലാണെന്നു കരുതി തന്റെ വര്‍ക്ക് ഔട്ട് ഒഴിവാക്കാന്‍ ശില്‍പ്പയ്ക്ക് സാധിക്കില്ല. അവധിയിലാണെങ്കിലും പല്ലുതേക്കാനും കുളിയ്ക്കാനും നിങ്ങള്‍ മറക്കില്ലല്ലോ, പിന്നെ എന്തിന് എന്നും ചെയ്യുന്ന വര്‍ക്ക് ഔട്ട് വേണ്ടൈന്ന് വയ്ക്കണം എന്നാണ് ശില്‍പ്പ ഈ വീഡിയോയ്ക്ക് ഒപ്പം പറഞ്ഞിരിക്കുന്നത്. ഭര്‍ത്താവ് രാജ് കുന്ദ്രയ്‌ക്കൊപ്പമുള്ള പ്രണയനിമിഷങ്ങളും പങ്കുവയ്ക്കാന്‍ ശില്‍പ്പ മറന്നില്ല. തന്റെ അവധി ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടിയത് സച്ചിനൊപ്പമുള്ള കൂടികാഴ്ച്ചയാണെന്ന് അടിക്കുറിപ്പോടുകൂടി ശില്‍പ്പ പങ്കുവച്ച ചിത്രവും ഇന്‍സ്റ്റഗ്രാമില്‍ ഹിറ്റാണ്. ലണ്ടനിലെ ശില്‍പ്പയുടെ ആദ്യകാഴ്ച്ചകളില്‍ ഒന്ന് പെയിന്‍ഷില്‍ പാര്‍ക്കായിരുന്നു. പ്രകൃതിദത്തമായി രൂപംകൊണ്ട ഒരു ക്രിസ്റ്റല്‍ ഗ്രോട്ടായാണ് പെയിന്‍ഷില്‍ പാര്‍ക്ക്.

അറിയാം

വൃത്തിയുള്ള തെരുവോരങ്ങൾ, ഭംഗിയാർന്ന പുൽത്തകിടികൾ, തണുപ്പുള്ള കാലാവസ്ഥയും ഒരേ നിറത്തിലുള്ള കെട്ടിടങ്ങളും ലണ്ടനിലെ കാഴ്ചകൾ അതിസുന്ദരമാണ്. ലണ്ടൻ നഗരം ഒരു ദിവസം കൊണ്ട് കണ്ട് തീർക്കുക എന്നത് അസാധ്യമായ കാര്യമാണ്. എങ്കിലും സഞ്ചാരിക്കൾക്ക് വേണ്ടിയുള്ള ലണ്ടൻ സൈറ്റ് സീയിംഗ് വാഹനത്തിൽ കയറിയാൽ, പ്രധാനപെട്ട സ്ഥലങ്ങളിലൂടെ യാത്ര ചെയ്ത് കാഴ്ചകൾ ആസ്വദിക്കാം. ലോകത്തിലെ ആദ്യ അണ്ടർഗ്രൗണ്ട് സ്റ്റേഷനും ലണ്ടനിലാണ്. ലണ്ടൻ ബ്രിഡ്ജിൽ നിന്നാൽ പ്രസിദ്ധമായ ലണ്ടൻ ടവർ കാണാം. വിക്ടോറിയ ആൻഡ് ആൽബർട് മ്യൂസിയം, നാച്വറൽ ഹിസ്റ്ററി മ്യൂസിയം, ആൽബർ് രാജകുമാരെൻറ സ്മരണയ്ക്കായി നിർമിച്ച റോയൽ ആൽബർട് ഹാൾ എന്നിവയും കാണാം.

ലണ്ടൻ ടവറും ലണ്ടൻ ബ്രിഡ്ജും

സഞ്ചാരികളിൽ മനംമയക്കും കാഴ്ചകളാണ് ലണ്ടൻ ടവർ സമ്മാനിക്കുന്നത്. ഗോഥിക്ക് ശൈലിയിലുള്ള നിർമാണവും, ഭീമാകാരമായ ഘടനയും ശ്രദ്ധ ആകർഷിക്കുന്നു. കോഹിനൂർ രത്നവും അമൂല്യ കിരീടങ്ങളും ഇതിനുള്ളിലാണ് സൂക്ഷിച്ചിരിക്കുന്നത്. നഗരത്തിലെ മുഖ്യാകർഷണമായ ലണ്ടൻ ബ്രിഡ്ജും ഗോഥിക്ക് ശൈലിയിലാണ് നിർമിച്ചിരിക്കുന്നത്. 1894ൽ നിർമിച്ച പാലം ലണ്ടന്റെ പ്രതീകമാണ്. ഈ കൂറ്റൻ പാലത്തിനടിയിലൂടെയാണ് തെംസ് നദി ഒഴുകുന്നത്. ചരിത്രപരമായി നിരവധി കഥകളുണ്ട് ലണ്ടൻ ബ്രിഡ്ജിന്.

ലണ്ടൻ ഐ

ലോകത്തിലെ ഒരു വലിയ നിരീക്ഷണ ചക്രം 'ലണ്ടൻ ഐ ലണ്ടൻ' നഗരത്തിനു മുകളിൽ തലയെടുപ്പോടെ ഉയർന്നു നിൽക്കുന്നു. ബ്രിട്ടീഷ് എയർവേയ്സ് ആണ് ഇതു നിർമിച്ചത്. ഇതിെൻറ മേൽനോട്ടം വഹിക്കുന്നതും അവരാണ്. സൈക്കിൾ ചക്രമാതൃകയിലുള്ള നിർമാണമാണ് ലണ്ടൻ ഐക്കുള്ളത്. സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന ലണ്ടൻ ഐയിൽ ഒരു ക്യാപ്സൂളിൽ 20 ലേറെ പേർക്ക് കയറാം.

32 ക്യാപ്സൂളുകൾ ഉണ്ട്. മണിക്കൂറിൽ 900 മീറ്റർ വേഗതയിൽ തിരിയുന്ന ഈ ചക്രം, മുപ്പതു മിനിറ്റു കൊണ്ട് ഒരു കറക്കം പൂർത്തിയാക്കുന്നു. ലണ്ടൻ നഗരദൃശ്യങ്ങൾ ഓരോന്നായി കാബിൻ ഉയരുന്നതനുസരിച്ച് കാണാൻ സാധിക്കും. കണ്ണിനും മനസിനും ഒരുപോലെ സന്തോഷവും വിസ്മയവും നൽകുന്നതാണ് ലണ്ടൻ ഐ.

പ്രതിമകളുടെ വിസ്മയങ്ങളുമായി വാക്‌സ് മ്യൂസിയം

ലണ്ടനിൽ സ്ഥിതി ചെയ്യുന്ന മെഴുകുപ്രതിമാ മ്യൂസിയമാണ് മാഡം ട്യുസോ വാക്സ് മ്യൂസിയം. ലോകത്തിലെ പ്രശസ്തരായ വ്യക്തികളുടെ മെഴുകുപ്രതിമകളാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. ജീവൻ തുടിക്കുന്ന പ്രശസ്തരായവരുടെ പ്രതിമകൾ. ഇന്ത്യയിൽ നിന്ന് ഗാന്ധിജി, ഇന്ദിരാഗാന്ധി, അമിതാഭ് ബച്ചൻ, ഐശ്വര്യറായി, സൽമാൻ ഖാൻ, ഷാരൂഖ്ഖാൻ തുടങ്ങിയവരും ഉണ്ട്. പ്രധാനപ്പെ നേതാക്കളും രാഷ്ട്രീയക്കാരും അടങ്ങുന്ന പ്രതിമകളുമുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA