ADVERTISEMENT

ലോകാദ്ഭുതങ്ങളുടെ പട്ടികയെക്കുറിച്ച് ചിന്തിക്കുന്ന ഏതൊരാളുടെ മനസ്സിലും ആദ്യം കയറി വരുന്ന ചിത്രങ്ങളിൽ തീർച്ചയായും ഈഫൽ ടവറുമുണ്ടാവും എന്നത് ഉറപ്പാണ്. അത്രമാത്രം സ്ഥാനം മനുഷ്യമനസ്സുകളിൽ ഈ നിർമിതി സ്ഥാനം പിടിച്ചിരിക്കുന്നു എന്നതാണ് യാഥാർഥ്യം. 1889 മാർച്ച് 31–ന് ലോകത്തിനു മുമ്പിൽ 327 മീറ്റർ സമർപ്പിക്കപ്പെട്ട ഈഫൽ ടവർ പിന്നീട് 41 വർഷം ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ നിർമിതി എന്ന സ്ഥാനം തുടർച്ചയായി അലങ്കരിക്കപ്പെട്ടു.

france-travel3

ഇന്ന് ലോകത്തിന്റെ പല ഭാഗത്തും ഇതിനേക്കാൾ കൂടുതൽ ഉയരമുള്ള പല നിർമിതികൾ ഉണ്ടെങ്കിലും ഇന്നും ലോക ജനത ഏറ്റവും കൂടുതൽ പണം ചെലവഴിച്ചു കാണുന്ന മനോഹര നിർമിതി എന്നത് ഈഫൽ ടവറിന് സ്വന്തം. ഏകദേശം 70 ലക്ഷം ആളുകൾ ഈ മനോഹര രൂപം കാണാൻ ഓരോ വർഷവും വന്നെത്തുന്നു. രാത്രികാലങ്ങളിൽ വർണ്ണാഭമായ ശോഭയോടെ ഈ കെട്ടിടം വെട്ടത്തിളങ്ങുന്നത് കാണുന്നത് ഒരു വല്ലാത്ത അനുഭൂതിയാണ്.

1665 അടികൾ ചവിട്ടിക്കയറി ഇതിന്റെ ഏറ്റവും ഉന്നതിയിൽ എത്തുകയെന്നത് തികച്ചും സാഹസികമായ ഒരു വെല്ലുവിളിയാണെങ്കിലും പലർക്കും ഇത് ഒരു വല്ലാത്ത ആവേശമാണ്. പ്രിയതമയോടൊപ്പം നടന്നുകയറി മുകളിൽ നിന്നു പ്രണയ സന്ദേശമേകുന്നതും ഒരു ചുംബനത്തോടെ പ്രണയസ്മരണകൾ തുടങ്ങുന്നവരും എണ്ണത്തിൽ കുറവല്ല. ചുവടുകൾ ഒന്നൊന്നായി കയറി ഉയർച്ചകൾ കൈവരിക്കുമ്പോഴെല്ലാം നഗരത്തിലേക്കുള്ള പനോരമിക് ദൃശ്യങ്ങളുടെ വശ്യതയുണ്ടാവുന്ന വ്യക്തതയും ഈ നഗരത്തിനു ഊർജമേകും.

france-travel5

ലോകാദ്ഭുതങ്ങളിൽ എന്നും അർഹമായ സ്ഥാനം പിടിച്ച ഈ അദ്ഭുതശിൽപം കഴിഞ്ഞ 130 വർഷം കൊണ്ട് 25 കോടി ആളുകൾ കണ്ടുകഴിഞ്ഞിരിക്കുന്നു. 130 വർഷങ്ങൾക്കു മുൻപ്  ഇന്ത്യ ഇതുപോലെ ആധുനിക കെട്ടിട നിർമാണ സാമഗ്രികളും യന്ത്രസഹായങ്ങളും ഇല്ലാത്ത കാലഘട്ടത്തിൽ എങ്ങനെ ഇത്രയും വലിയ ഒരു നിർമിതി 327 മീറ്റർ ഉയരത്തിൽ ഇത്രയും മനോഹരമായി പണിതുയർത്തിയെന്നത്  അദ്ഭുതപ്പെടാതെ ആർക്കും ഈ ശിൽപത്തെ നോക്കി നിൽക്കാനാവില്ല.

നൂറുകണക്കിന് മനുഷ്യരുടെ വിയർപ്പിന്റെയും കഠിനാധ്വാനത്തിന്റെയും കഥ പറയുന്ന ഈ ശിൽപം മനുഷ്യരാശിയുടെ കർമപഥത്തിലെ ഒരു തിലക ചാർത്താണ്. ഈ അതിശയങ്ങളെല്ലാം ഭൂമിയിലെ എല്ലാവരിലും അറിവുള്ളതിനാലായിരിക്കണം 70 ലക്ഷത്തിലധികം ആളുകൾ പ്രതിവർഷവും ഈ മഹത്തായ ശിൽപം കാണാൻ ഫ്രാൻസിൽ എത്തുന്നത്. 

france-travel1

ശക്തമായ ഇരുമ്പു നിർമിതിയാണ് എങ്കിലും ഞാൻ പ്രകൃതിയ്ക്ക് അധീനനല്ല എന്ന വിനയപൂർവ്വം സമ്മതിക്കലായിരിക്കാം ശക്തമായ കാറ്റിൽ ഐഫൽ ടവർ 2–3 ഇഞ്ചുകൾ ആടുന്നത്. ദൃഢമായ രൂപമായതിനാൽ ഉരുക്കു വനിത (IRON LADY) എന്ന അപരനാമത്തിൽ ഇത് അറിയപ്പെടുന്നു. രാത്രികാലങ്ങളിൽ ഇരുപതിനായിരം ദീപങ്ങളുടെ ശോഭയിൽ വെട്ടിത്തിളങ്ങുന്ന ഈ ശില്പത്തെ നോക്കിയാൽ വല്ലാത്ത ഒരു അനുഭൂതിയിലൂടെയാണ് മനസ്സു കടന്നു പോവുക.

നോത്രദാം

france-travel

പാരീസ് സന്ദർശനത്തിനിടയിൽ നിർബന്ധമായും എത്തിപ്പേടേണ്ട ഒരു പ്രധാന ഇടമാണ് നോത്രദാം എന്ന് അറിയപ്പെടുന്ന ഈ കൂറ്റൻ ദേവാലയം. ഏകദേശം 750 വർഷത്തിന്റെ പഴക്കവും, പ്രൗഢിയും, ദൃഢമായ ചരിത്രവും പറയാനാവുന്ന ഈ ദേവാലയം അഗ്നിക്ക് ഇരയായത് ലോകജനത വളരെ വേദനയോടെ അടുത്തിടെയായി അറിയേണ്ടി വന്നു. പ്രതിവർഷം ഒരു കോടി മുപ്പതു ലക്ഷത്തിലധികം ജനങ്ങൾ ഈ മനോഹരശില്പം കാണാനായി എത്തുകയും തങ്ങളുടെ സങ്കടങ്ങളും സന്തോഷങ്ങളും ദേവാലയത്തിന്റെ അകത്തു ചെന്ന് മിഴിയടച്ച് പ്രാർത്ഥിക്കുകയും ചെയ്തിരുന്നു.

france-travel2

എന്നാൽ നൂറ്റാണ്ടുകളായി കാറ്റിലും മഴയിലും ഇടിയിലും വെയിലിലും തളരാതെ നിന്ന ഈ ദേവാലയം അഗ്നിക്ക് കീഴ്പ്പെടേണ്ടി വന്നു. ദേവാലയത്തിന്റെ മേൽക്കൂര പൂർണ്ണമായും അഗ്നിയുടെ നാളങ്ങൾ ചവച്ചരച്ച് നിലത്തിട്ടു. 2019 ഏപ്രിൽ 16  ഫ്രാൻസിന്റെ  ചരിത്രത്തിലെ ആ ഇരുണ്ട ദിനത്തിൽ സന്ധ്യക്ക് 6.50 മുതൽ ഈ ദേവാലയത്തിന്റെ മുകളിൽ അഗ്നി താണ്ഡവമാടിയപ്പോൾ അതിനെ നേരിടാനായി അഗ്ന ശമന വാഹനങ്ങളിലും െഹലികോപ്റ്ററിലുമായി 400 ൽ അധികം വ്യക്തികൾ കഠിനശ്രമം നടത്തിയിട്ടും അഗ്നിനാളങ്ങളുടെ തീക്ഷ്ണമായ ദാഹത്തിൽ ദേവാലയത്തിന്റെ പലഭാഗങ്ങളും മേൽക്കൂരകളും എരിഞ്ഞമർന്ന് നിലംപതിച്ചു. 

france-travel4
സുധീറും (ലേഖകൻ) കുടുംബവും

വിണ്ണിലെ പുകപടലങ്ങളെ നോക്കി നിറ കണ്ണീരോടെ വിങ്ങിപ്പൊട്ടുന്ന ഫ്രഞ്ചു ജനതയെ നഗരത്തിന്റെ എല്ലായിടത്തും കാണാമായിരുന്നു. ആ ജനതയും ആരാധനാലയവും തമ്മിലുണ്ടായിരുന്ന ആത്മബന്ധത്തിന്റെ നേർക്കാഴ്ചകളായിരുന്നു ആ നൊമ്പര ദീനരോദനങ്ങൾ. ഭരണകൂടവും, ജനതയും ഭക്തരുമെല്ലാം ഇതൊരു രാജ്യദുരന്തമായി ഏറ്റെടുത്തു. പുനർനിർമിക്കണം എന്ന ദൃഢനിശ്ചയത്തോടെ.

ഈ ദേവാലയം അവസാനമായി അതിന്റെ പ്രൗഢിയോടെ കൺനിറയെ കാണാൻ അവസരം ലഭിച്ച ചില ഭാഗ്യവാന്മാരായ കുടുംബങ്ങളിൽ ഒന്നാണ് ഈ എളിയവന്റേയും. അഗ്നിക്ക് ഇരയാവുന്നതിന് കേവലം പത്തു നാളുകൾ മുൻപാണ് ഈ ചരിത്ര നിർമിതി മനസ്സ് നിറയെ കാണാൻ ഞങ്ങൾക്ക് ഭാഗ്യം ലഭിച്ചത്. ഫ്രാൻസ് അധികാരികൾ എത്ര കഠിനശ്രമം നടത്തിയാലും ആ പഴമയും ആഢ്യത്യവും തിരികെ കൊണ്ടുതരാനാവില്ലല്ലോ എന്നോർക്കുമ്പോൾ നഷ്ടം തിരിച്ചെടുക്കാനാവാത്ത ഒന്നു തന്നെയാണ് എന്നു സമ്മതിക്കേണ്ടിവരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com