ADVERTISEMENT

കാഠ്മണ്ഡു സന്ദര്‍ശിച്ച ആരും അവിടം ഒരേ സമയം ആവേശകരവും എന്നാല്‍ തിരക്കേറിയതുമാണെന്ന് പറയും. ഒരാഴ്ച്ച എങ്കിലും സമയമെടുത്തുള്ള യാത്ര വേണം കാഠ്മണ്ഡുവിനെ മുഴുവന്‍ അറിയാന്‍ എന്നതിനാല്‍ യാത്ര മാറ്റിവെയ്ക്കുന്നവര്‍ക്കായി 3 ദിവസം കൊണ്ട് എങ്ങനെ ഈ മനോഹരനാട് കാണാം എന്നു നോക്കാം. 

ഹിമാലയത്തിന്റെ സ്വന്തം നാടായ കാഠ്മണ്ഡുവില്‍ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ച്ചകളുണ്ടെങ്കിലും ഒരിക്കലും വിട്ടുകളയാന്‍ പാടില്ലാത്ത ചിലത് എടുത്തുപറയുന്നു.

സ്വയംഭൂനാഥ് 

535400423

സ്വയം ഭൂനാഥ്  കാഠ്മണ്ഡു താഴ്വരയിലെ ഒരു കുന്നിന്മേല്‍ സ്ഥിതിചെയ്യുന്ന പ്രാചീന ബുദ്ധമതകേന്ദ്രമാണ്. ഇത് സ്വയംഭൂനാഥക്ഷേത്രം, സ്വയംഭൂനാഥ സ്തൂപം, മറ്റനവധി ചെറുക്ഷേത്രങ്ങള്‍ എന്നിവയുടെ സംഗമസ്ഥാനം കൂടിയാണ്. സ്വയംഭൂനാഥ ക്ഷേത്രം വാനരക്ഷേത്രം എന്നപേരിലും അറിയപ്പെടുന്നു.ക്ഷേത്രത്തിന്റെ ഒരു ഭാഗത്തായ് അതിവസിക്കുന്ന വാനരന്മാര്‍ മൂലമാണ് ക്ഷേത്രത്തിന് ഇങ്ങനെ ഒരു പേര് ലഭിച്ചത്.

കുരങ്ങന്‍മാരെ ഇവിടെ പവിത്രമായ ജീവികളായാണ് കണക്കാക്കുന്നത്. ബുദ്ധമതസ്തരുടെ പുണ്യതീര്‍ത്ഥാടന കേന്ദ്രമായ ഇവിടം യുനെസ്‌കോയുടെ  ലോകപൈതൃക പട്ടികയില്‍ ഇടം നേടിയ വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്. 300 പടികള്‍ എന്ന മറ്റൊരു പ്രത്യേകത കൂടിയുണ്ട് സ്വയംഭൂനാഥ സ്തൂപത്തിന്. ആ പടികള്‍ നടന്ന് മുകളിലെത്തിയാല്‍ മാത്രമേ  ഒരാള്‍ക്ക് ഗംഭീരമായ ക്ഷേത്രത്തെയും കാഴ്ചകളെയും അതിന്റെ പൂര്‍ണ സാരാംശത്തില്‍ ആസ്വദിക്കാന്‍ കഴിയൂ.

ഭക്തപൂര്‍ ദര്‍ബാര്‍ സ്‌ക്വയര്‍

534131398

കാഠ്മണ്ഡു താഴ്വരയിലെ മൂന്ന് ദര്‍ബാര്‍ സ്‌ക്വൊയറുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഭക്തപ്പൂര്‍ ദര്‍ബാര്‍ സ്‌ക്വയര്‍. ഈ മൂന്നു സ്‌ക്വയറുകളും യുനെസ്‌കോയുടെ പൈതൃക സ്ഥാനം നേടിയവയാണ്. 16 -ാം നൂററാണ്ടുമുതലുള്ള ആധുനികവും പുരാതനവുമായ  കൊത്തുപണികളുടെ സമന്വയമാണ് ഈ സ്‌ക്വയറില്‍ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കുക. ഇവിടെ തീര്‍ത്തിരിക്കുന്ന മരം, ഇഷ്ടിക കൊത്തുപണികള്‍ അതിമനോഹരമാണ്. ഭക്തപൂര്‍ ദര്‍ബാര്‍ സ്‌ക്വയറിലെ പ്രശസ്തമായ രണ്ട് ക്ഷേത്രങ്ങളാണ് ദത്താത്രേയ, ലക്ഷ്മി ക്ഷേത്രങ്ങള്‍. ഇതിനടുത്തായി സ്ഥിതിചെയ്യുന്ന ഐക്കണിക് നയതപോള ക്ഷേത്രം, അതായത് അഞ്ച് നിലകളുള്ള മേല്‍ക്കൂരയുള്ള ക്ഷേത്രം ഈ യാത്രയുടെ അടുത്ത സ്റ്റോപ്പാണ്.  ഭക്തപൂരില്‍ സ്ഥിതി ചെയ്യുന്ന ഈ പഗോഡ സ്‌റ്റൈല്‍ ക്ഷേത്രം നേപ്പാളി രാജാവ് ഭൂപതീന്ദ്ര മല്ലയാണ് പണികഴിപ്പിച്ചത്.

Read In English

കാഠ്മണ്ഡു യാത്രയിലെ ആദ്യ ദിവസം തന്നെ 55 വിന്‍ഡോ പാലസും ഭൈരവ്നാഥ് ക്ഷേത്രവും സന്ദര്‍ശിക്കാം. ഭക്തപൂര്‍ ദര്‍ബാര്‍ സ്‌ക്വയറിന്റെ മധ്യഭാഗത്തായിട്ടാണ്  ഈ അതിമനോഹര കൊട്ടാരം സ്ഥിതിചെയ്യുന്നത്. 

55 ജനാലകളുള്ള കൊട്ടാരം

എ.ഡി 1427-ല്‍ ഭരിച്ചിരുന്ന യക്ഷ മല്ല എന്ന രാജാവിന്റെ കാലത്താണ്  55 ജനാലകളുള്ള കൊട്ടാരം നിര്‍മ്മിക്കപ്പെടുന്നത്,   ഈ കൊട്ടാരത്തിന്റെ ശ്രേഷ്ഠമായ ശിലാ നിര്‍മ്മാണങ്ങളുടെ ആലേഖന രീതിയും, 55 ജനാലകളുള്ള ബാല്‍ക്കണിയും, അതുല്യമായ മരപ്പണിയിലെ മാസ്റ്റര്‍പീസുകളായി അറിയപ്പെടുന്നു.

യാത്രയുടെ രണ്ടാം ദിവസം, നഗരത്തില്‍ നിന്നും ജനക്കൂട്ടത്തില്‍ നിന്നും മാറി ഒരല്‍പ്പം ശുദ്ധവായു ശ്വസിക്കാം. ഒന്ന് നീട്ടി ശ്വാസമെടുക്കാം . അതിന് പറ്റിയ സ്ഥലമാണ് നാഗര്‍കോട്ട്. കാഠ്മണ്ഡുവിലെ ആദ്യ ദിനത്തെ ക്ഷിണത്തെ പടിയ്ക്ക് പുറത്താക്കി മികച്ചൊരു ദിവസം തുടങ്ങാന്‍ ഇവിടം നിങ്ങളെ സഹായിക്കും.  കാഠ്മണ്ഡുവില്‍ നിന്ന് ഏകദേശം 30 കിലോമീറ്റര്‍ വടക്കുകിഴക്കായിട്ടാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്.  കാഠ്മണ്ഡു താഴ്വരയില്‍ നിന്ന് മുകളിലേക്ക് കയറുന്തോറും മനം മയക്കുന്ന പൈന്‍ വനത്തിന്റെ സുഗന്ധവും താപനിലയിലെ വ്യത്യാസവും നിങ്ങളുടെ ചിന്തങ്ങള്‍ക്കും മനസ്സിനും പുതുജിവന്‍ നല്‍കുകയും  ഇന്ദ്രിയങ്ങളെ പുത്തന്‍ കാഴ്ച്ചകളിലേയ്ക്ക് നയിക്കുകയും ചെയ്യുന്നു. 

നാഗര്‍കോട്ടിന്റെ ഏറ്റവും വലിയ ആകര്‍ഷണം ഹിമാലയത്തിന്റെ ഏതാണ്ട് പൂര്‍ണ്ണമായ കാഴ്ച്ചയാണ്. അതായത് നല്ല തെളിഞ്ഞ ആകാശത്തിന്‍ കീഴെ ഹിമാലയ സാനുക്കളുടെ ഒരു ഗംഭീര വ്യു നിങ്ങള്‍ക്ക് ലഭിക്കും. എന്നിരുന്നാലും സമയമാണ്എല്ലാം. കാരണം ഈ കള്ള പര്‍വ്വതങ്ങള്‍ ഇടയ്ക്കിടെ മേഘങ്ങളില്‍ ഒളിക്കുന്നതില്‍ കുപ്രസിദ്ധരാണ്. അതുകൊണ്ട് നല്ല തെളിഞ്ഞ ആകാശമുള്ള ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയും മാര്‍ച്ച് മുതല്‍ ഏപ്രില്‍ വരെയുമുള്ള നാഗര്‍കോട്ടെ ഏറ്റവും മികച്ച കാഴ്ച സീസണുകളില്‍ യാത്ര ചെയ്തുനോക്കിയാല്‍ ജീവിതത്തില്‍ കിട്ടുന്ന ഏറ്റവും നല്ല സര്‍പ്രൈസുകളില്‍ ഒന്നായിരിക്കും അത്.  

ഇവിടെ എത്തിയിട്ട്  നിങ്ങള്‍ പശുപതിനാഥ ക്ഷേത്രം സന്ദര്‍ശിച്ചിട്ടില്ലെങ്കില്‍ കാഠ്മണ്ഡുവിലേക്കുള്ള യാത്ര പൂര്‍ത്തിയായിട്ടില്ല എന്നാണ് അര്‍ത്ഥം. നിങ്ങളുടെ യാത്രയുടെ അവസാന ദിവസം ക്ഷേത്രം സന്ദര്‍ശിക്കുക. ഇത് ബാഗ്മതി നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന പ്രസിദ്ധവും പവിത്രവുമായ ഹിന്ദു ക്ഷേത്ര സമുച്ചയമാണ്. ചുരുക്കത്തില്‍, പഴയതും പുതിയതും ജീവസുറ്റതും ക്ഷീണിപ്പിക്കുന്നതുമായ ഒരു സമന്വയമായിരുന്നു കാഠ്മണ്ഡു യാത്ര എന്നുപറയുന്നതില്‍ തെറ്റില്ല. ഒരല്‍പ്പം തിരക്കുപിടിച്ചുള്ളതാണെങ്കിലും ഈ യാത്ര നിങ്ങള്‍ക്ക് സമ്മാനിക്കുന്നത് അവിസ്മരണീയമായ അനുഭവമായിരിക്കും. തീര്‍ച്ച. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com