ADVERTISEMENT

സാന്താക്ലോസിന്റെ നാട്, സോനാ ബാത്തിന്റെയും, റെയിൻഡിയറുകളുടെയും നാട്. ആയിരം തടാകങ്ങളുടെ നാട്. നോക്കിയ എന്ന മൊബൈൽ ഭീമന്റെ ജന്മദേശം. ഇതൊക്കെയാണ് ഫിൻലൻഡിന്റെ വിശേഷണങ്ങൾ . എന്നാൽ ഈ കൊച്ചു രാജ്യത്തിന്റെ തലസ്ഥാന നഗരമായ ഹെൽസിങ്കിയുടെ വിശേഷങ്ങൾ എന്താണെന്ന് അറിയേണ്ടെ? വേനൽക്കാലത്തു ഉറങ്ങാതെ ഉണർന്നു നിൽക്കുന്ന ഉത്സാഹഭരിതയായ ഉജ്ജ്വല നഗരം. ശീതകാലത്തു മഞ്ഞുപുതപ്പുകൾ കൊണ്ട് പുതച്ചു മൂടി നിൽക്കുന്ന വെണ്മയായ സുന്ദരി.

Helsinki-Finland-Diaries3

ശില്പ സൗകുമാര്യത്തിലും രൂപകല്‍പനയിലെ വശ്യതയിലും മറ്റു യൂറോപ്യൻ നഗരങ്ങളെ പോലെ തന്നെ ആണെങ്കിലും മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമായി നിശബ്ദ സൗന്ദര്യം കൊണ്ട് ആരെയും വശീകരിക്കുന്ന ഒരു സുന്ദര കന്യകയായിട്ടാണ് ഹെൽസിങ്കിയെപ്പറ്റി തോന്നിയിട്ടുള്ളത്. ദേഷ്യക്കാരനായ ആംഗ്രി ബേർഡ്സിനു ജന്മം നൽകിയ നാടാണെങ്കിലും തികച്ചും ശാന്തശീലരാണ് ഇവിടുത്തെ ജനത.

പൊതുവെ അന്തർമുഖികളായ ഫിന്നിഷ്‌കാരെ പോലെ തന്നെ അധികം ആരവങ്ങളും ബഹളങ്ങളുമൊന്നും ഇല്ലാത്ത വടക്കൻ യൂറോപ്പിലെ ഒരു ചെറിയ നഗരം. സ്വീഡിഷ് ഭരണത്തിലും റഷ്യൻ ആധിപത്യത്തിലും ഫിൻലൻഡിന്റെ എല്ലാ സ്പന്ദനങ്ങളും ഏറ്റവും അടുത്തറിഞ്ഞ തലസ്ഥാന നഗരം. പൊതുവെ സ്കാന്ഡിനേവിയൻ രാജ്യങ്ങളിലെ അതിശൈത്യം കാരണമാകാം പണ്ടൊന്നും അധികം സഞ്ചാരികൾ ഈ രാജ്യങ്ങളിൽ എത്തിപ്പെടാതിരുന്നത് . എന്നാൽ ഇപ്പോൾ അതൊക്കെ പഴങ്കഥ . എല്ലാ വർഷവും മുൻ വർഷണങ്ങളെക്കാൾ കൂടുതൽ സഞ്ചാരികൾ ഈ നഗരങ്ങളിൽ സന്ദർശനം നടത്തുന്നു. 

ഒരു പക്ഷെ ലോകത്തിലെ ഏറ്റവും സന്തോഷമുള്ള ജനത വസിക്കുന്ന നാട്ടിലെ കാഴ്ചകൾ കണ്ടുകളയാം എന്ന് കൂടുതൽ ആളുകൾ ചിന്തിക്കുന്നുണ്ടാവാം. ഭീമൻ സെൽഫി കമ്പുകളുമായി നടക്കുന്ന ചൈനീസ് ജാപ്പനീസ് സഞ്ചാരികളെയാണ് നമുക്ക് കൂടുതലായി കാണുവാൻ കഴിയുന്നത്. എന്നാൽ ഈ അടുത്തകാലത്തായി ധാരാളം ഇന്ത്യക്കാരായ വിനോദസഞ്ചാരികളെയും കാണാറുണ്ട് . പൊതുവെ വേനൽക്കാലത്തു ഇവിടെ 25 ഡിഗ്രിയിൽ കൂടുതൽ താപനില പ്രതീക്ഷിക്കേണ്ടതില്ല . അതുകൊണ്ടു തന്നെ മിക്ക സഞ്ചാരികളും ഒരു സ്വെറ്റർ എങ്കിലും ധരിക്കാതെ നടക്കുന്ന കാഴ്ച അപൂർവമാണ്.

1952 ൽ ഇവിടെ വച്ച് നടന്ന സമ്മർ ഒളിംപിക്സിലാണ് കെ ഡി യാദവ് എന്ന അതുല്യ പ്രതിഭ ഭാരത മണ്ണിലേക്ക് ഗുസ്തിമത്സരത്തിൽ തന്റെ വെങ്കല മെഡലുമായി ജൈത്യയാത്ര നടത്തിയത്. അത് കോടിക്കണക്കിനു വരുന്ന ഇന്ത്യൻ ജനതയുടെ ഒളിമ്പിക് സ്വപ്നങ്ങളുടെ സാക്ഷാത്കാരമായിരുന്നു. ഹെൽസിങ്കി എന്ന സ്ഥലത്തെകുറിച്ചു സ്കൂളിൽ പഠിക്കുമ്പോൾ ഞാൻ ആദ്യം കേൾക്കുന്നത് ക്വിസ് മത്സരങ്ങളിൽ പങ്കെടുക്കുമ്പോൾ ഈ ഒളിംപിക് മെഡലുമായി ബന്ധപ്പെട്ടാണ്. പിന്നീട് കാലചക്രത്തിന്റെ പരിണാമത്തിൽ എങ്ങനെയോ ഈ നാട്ടിൽ എത്തിപ്പെട്ടപ്പോൾ ഹെൽസിങ്കി എന്ന നഗരത്തിൽ ഞാൻ കണ്ട കാഴ്ചകളിലേക്ക് ....

വെള്ള ചർച്ചും ഹെൽസിങ്കിയും

Helsinki-Finland-Diaries2

ഹെൽസിങ്കിയെക്കുറിച്ചു പ്രതിപാദിക്കുമ്പോൾ ഏറ്റവും ആദ്യം പരാമർശിക്കേണ്ടത് ഹെൽസിങ്കി കത്തീഡ്രലിനെ കുറിച്ചാണെന്ന കാര്യത്തിൽ സംശയമില്ല.ഏതൊരു വിനോദ സഞ്ചാരി വന്നാലും വെള്ള ചർച് കാണാതെ ഹെൽസിങ്കിയിൽ നിന്നും ഒരു മടക്ക യാത്രയില്ല . സഞ്ചാരികളുടെ പറുദീസയും ഹെൽസിങ്കിയുടെ മുഖമുദ്രയുമാണ് ഹെൽസിങ്കി കത്തീഡ്രൽ . പൊതുവെ വെള്ള ചർച്ച് എന്നപേരിലാണിവിടെ അറിയപ്പെടുന്നത് . ഫിൻലൻഡ്‌ ഗ്രാൻഡ് ഡ്യൂക്ക് നിക്കൊളാസ് ഒന്നാമൻ എന്ന റഷ്യൻ ഭരണാധികാരിയുടെ പേരിൽ അറിയപ്പെടുന്ന ഈ പള്ളി സെൻറ് നിക്കോളാസ് ചർച് എന്ന പേരിലാണ് ആദ്യകാലത്തു അറിയപ്പെട്ടത് . 

1917ൽ റഷ്യയിൽ നിന്നും സ്വതന്ത്രരായ ഇവർ പിന്നീട് ആ പേരിൽ വിളിക്കാൻ ഇഷ്ടപ്പെട്ടില്ലായിരിക്കാം. 1852 ൽ പണി കഴിപ്പിച്ച ഈ പള്ളി, കാൾ ലുഡ്‌വിഗ് എന്ഗേൽ എന്ന ശില്പി സെൻറ് പീറ്റേഴ്‌സ്ബർഗിലുള്ള സെൻറ് ഐസക് കത്തീഡ്രലിനു സമാനമായ മാതൃകയിലാണ് ഇവിടെയും നിർമിച്ചിരിക്കുന്നത്. നിയോ ക്ലാസിക്കൽ ശൈലിയിലുള്ള ഈ പള്ളി ലൂതറൻ മത വിഭാഗങ്ങളുടെ ആരാധനാലയമാണ്. തലയെടുപ്പോടെ ഉയരത്തിൽ ആയി ഇരിക്കുന്ന ഈ പള്ളിയിൽ എത്തിച്ചേരണമെങ്കിൽ കുറച്ചു പടികൾ കയറണം. ഇവിടെ വരുന്ന ഏതൊരു സഞ്ചാരിയും ഈ പടികൾ കയറി മുകളിൽ നിന്നുമുള്ള മനോഹരമായ കാഴ്ച ഒഴിവാക്കാറില്ല. ശൈത്യകാലത്തു ഫിൻലൻഡിൽ വല്ലപ്പോഴും എത്തിപ്പെടുന്ന അതിഥിയാണ് സൂര്യൻ. പകൽ കൂടുതൽ സമയവും ഇരുട്ടിൽ മൂടിക്കിടക്കുന്ന ഈ നഗരത്തിൽ പ്രകാശിച്ചു നിൽക്കുന്ന ശുഭ്രമായ ഈ ചർച് ഒരു ചിത്രകാരന്റെ ക്യാന്‍വാസില്‍ പതിഞ്ഞ സുന്ദരമായ ഒരു കലാസൃഷ്ടി പോലെ ഗംഭീരമാണ്.

സെനറ്റ് സ്കോയർ - ഹെൽസിങ്കിയുടെ സിരാകേന്ദ്രം

Helsinki-Finland-Diaries1

അലക്സാണ്ടർ രണ്ടാമൻ എന്ന റഷ്യൻ ഭരണാധികാരിയുടെ ശിൽപം വെള്ള ചർച്ചിന് മുൻപിലെ സെനറ്റ് സ്കോയറിൽ കാണാം . 1881 ൽ കൊല്ലപ്പെട്ട ഇദ്ദേഹത്തോടുള്ള ബഹുമാനാർത്ഥം സ്ഥാപിക്കപ്പെട്ട ഈ ശിൽപം രൂപകൽപ്പന ചെയ്തത് വാൾട്ടർ റൂനെബെർഗ് എന്ന ശിൽപ്പിയാണ് . മത്സരാർത്ഥികളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 2 ശില്പികളിൽ ഒരാൾ റൂനെബെർഗും മറ്റൊരാൾ യോഹന്നസ് ടകനെനും ആയിരുന്നുവെങ്കിലും 1885 ൽ ടകനൻ മരണമടഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ആശയങ്ങളും കൂടി ഉൾപ്പെടുത്തി ആ ദൗത്യം വാൾട്ടർ റൂനെബെർഗ് പൂർത്തീകരിച്ചു. എന്നാൽ സ്വാതന്ത്ര്യത്തിനു ശേഷം റഷ്യൻ നേതാവിന് പകരം തങ്ങളുടെ നേതാവ് മാനെർഹെയിമിന്റെ ശിൽപം ഇവിടെ സ്ഥാപിക്കണമെന്ന ഫിന്നിഷ് ജനതയുടെ വികാരത്തെ മാനിച്ചുകൊണ്ട് മാനെർഹെയിമിന്റെ പ്രതിമ എസ്പളനാഡി പാർക്കിൽ സ്ഥാപിച്ചു .

എന്നാൽ റഷ്യയുമായുള്ള ബന്ധം കൂടുതൽ മോശമാകാതിരിക്കാൻ ഈ പ്രതിമ അനേകം വിനോദ സഞ്ചാരികളെ ആകർഷിച്ചുകൊണ്ട് ഹെൽസിങ്കിയുടെ ഹൃദയഭാഗത്തുള്ള സെനറ്റ് സ്കോയറിൽ ഇപ്പോഴും കാണുവാൻ കഴിയും. യൂണിവേഴ്സിറ്റി ഓഫ് ഹെൽസിങ്കി, ഗവണ്മെന്റ് പാലസ് എന്നിവയും ഇവിടുത്തെ ആകര്‍ഷണങ്ങളാണ് . ഡിസംബർ 31 ലെ പുതുവർഷ രാവ് തുടങ്ങി എല്ലാ പ്രധാനപ്പെട്ട ആഘോഷങ്ങളുടെ വേദി കൂടിയാണ് സെനറ്റ് സ്കോയർ.

വിളക്കേന്തിയ അതികായന്മാരുടെ റെയിൽവേ സ്റ്റേഷൻ

എലിൽ സാരിനെൻ 1919 ൽ രൂപകല്പനചെയ്ത ഈ ഗംഭീര റെയിൽവേ സമുച്ചയം കാണാതെ ഹെൽസിങ്കി യാത്ര പൂർണമാവുകയില്ല. ഹെൽസിങ്കി റെയിൽവേ സ്റ്റേഷൻ ആണ് സഞ്ചാരികളുടെ സമാഗമ കേന്ദ്രം . സഞ്ചാരികളെ ഇതിലെ എന്ന സന്ദേശവുമായി പ്രധാന കമാനകവാടത്തിനു ഇരു വശത്തുമായി റാന്തൽ വിളക്കേന്തി നിൽക്കുന്ന ആജാനുഭാവികളായ 4 പകുതി ശരീരമുള്ള മനുഷ്യരുടെ പ്രതിമയാണ് നമ്മെ ആകർഷിക്കുന്ന കാഴ്ച. അതുപോലെ തല ഉയർത്തിനിൽക്കുന്ന ക്ലോക്ക് ടവർ വേറിട്ട കാഴ്ചയാണ് . ദൂരയാത്രകൾക്കും ഹ്രസ്വദൂര യാത്രകൾക്കും ഈ സ്റ്റേഷൻ അവസരം ഒരുക്കുന്നു. 

ഇതിനോട് ചേർന്നുള്ള ഭൂഗര്‍ഭ മെട്രോ സംവിധാനം ഈ നഗരത്തിന്റെ എല്ലാ കോണുകളിലേക്കുമുള്ള യാത്ര സുഗമമാക്കുന്നു . സെന്റ് പീറ്റേഴ്‌സ് ബർഗിൽ പോകാനുള്ള അതിവേഗ ട്രെയിനുകളും ഇവിടെ നിന്നും യാത്ര ആരംഭിക്കുന്നു. ഫിന്നിഷ് ജനതയുടെ ഇഷ്ടവിഭവമായ 'മക്കര'( സോസേജ് ) യുടെ ആകൃതിയിലുള്ളതിനാൽ 'മക്കര താലോ ' അഥവാ സോസേജ് ബിൽഡിങ് റെയിൽവേ സ്റ്റേഷന് അഭിമുഖമായി നിലകൊള്ളുന്നു. അതുപോലെ വലിയ കപ്പലിന്റെ ആകൃതിയിൽ നിർമിച്ചിരിക്കുന്ന പ്രശസ്തമായ സോകോസ് ഹോട്ടൽ സമുച്ചയം മറ്റൊരു വശത്തുണ്ട്‌. റഷ്യയിലും എസ്റ്റോണിയയിലും വരെ വ്യാപിച്ചുകിടക്കുന്ന ഈ രാജ്യത്തെ ഏറ്റവും വലിയ ഹോട്ടൽ ശ്രിംഖലയാണിത്. 

ഷോപ്പിങ് പ്രേമികൾക്കായി 150 വർഷം പഴക്കമുള്ള ഈ രാജ്യത്തെ ഏറ്റവും പ്രശസ്തമായ വിപണനശാലയായ സ്റ്റോക്ക്മാൻ തൊട്ടടുത്തായുണ്ട് . ഇവിടെ കയറിയാൽ ഫിന്നിഷ് മാതൃകയിലുള്ള എന്തും വാങ്ങിക്കൂട്ടാം. കുറച്ചധികം യൂറോ കയ്യിൽ കരുതണമെന്നു മാത്രം. ഫിന്നിഷ് ഭാഷയിലെ ആദ്യത്തെ സുപ്രധാനമായ നോവൽ എഴുതിയ പ്രശസ്തനായ അലക്സിസ് കിവി യുടെ പ്രതിമ റെയിൽവേ സ്റ്റേഷന് അടുത്ത് തന്നെ സ്ഥിതിചെയ്യുന്നു . തൊട്ടടുത്തായി നാഷണൽ തിയേറ്ററും കാണുവാൻ കഴിയും. അറ്റനം ആർട്സ് മ്യൂസിയവും എതിർ വശത്തായുണ്ട് . അങ്ങനെ തികച്ചും സംഭവ ബഹുലമായ റെയിൽവേ സ്റ്റേഷൻ സ്കോയറിൽ എത്തിയാൽ സഞ്ചാരികൾക്കു കൺകുളിർക്കെ കാണാൻ നിരവധി കാഴ്ചകൾ.

സംഗീതാർദ്രമായ സിബലിയൂസ് മോനുമെൻറ്

സംഗീത ആസ്വാദകരെ മാടിവിളിക്കുന്ന വശ്യമനോഹരമായ ശില്പമാണിത്. 1957 ൽ അന്തരിച്ച പ്രഗത്ഭനായ സംഗീതജ്ഞനും കമ്പോസറുമായ ജീൻ സിബലിയൂസിനോടുള്ള ആദരസൂചകമായി നിർമിച്ച സംഗീത ശില്പമാണിത് . എയ്‌ല ഹിൽറ്റുണൻ എന്ന ശില്പിയാണ് ഈ കലാസൃഷ്ടി രൂപകൽപന ചെയ്തത്. ഓർഗൻ പൈപ്പുകളുടെ മാതൃകയിൽ നിർമിച്ചിരിക്കുന്ന ഈ ശില്പത്തിൽ 600 പൊള്ളയായ സ്റ്റീൽ പൈപ്പുകൾ സംയോജിപ്പിച്ചുകൊണ്ടുള്ള തരംഗത്തിന്റെ പകർപ്പിനോട് സമാനത പുലർത്തുന്ന നിർമിതിയാണുള്ളത് . സിബലിയൂസിന്റെ ശില്പവും അതിനടുത്തായി കാണാം. ഈ രാജ്യത്തെ ഏറ്റവും മികച്ച സംഗീതഞ്ജനായ അദ്ദേഹത്തിന്റെ സംഗീതം ഫിന്നിഷ് സ്വാതന്ത്ര്യ സമര കാലത്തു രാജ്യത്തിലാകമാനം ദേശീയത വളർത്താൻ പ്രചോദനമായിട്ടുണ്ട്. 

സിബലിയൂസ് അക്കാദമി ഈ രാജ്യത്തെ ഏക സംഗീത സർവകലാശാലയാണ് . യൂറോപ്പിലെ തന്നെ ഏറ്റവും വലിയ സംഗീത സർവകലാശാലകളിൽ ഒന്നാണിത് . സിബലിയൂസിനോടുള്ള ആദരസൂചകമായി എല്ലാ 5 വർഷവും കൂടുമ്പോൾ ഇന്റർനാഷണൽ വയലിൻ മത്സരങ്ങളും നടത്തിവരുന്നു. തികച്ചും സംഗീതസാന്ദ്രമായ ഒരു അനുഭൂതിയുടെ ആവിഷ്കാരമാണിവിടെ. മനസിന് തികച്ചും ശാന്തത സമ്മാനിക്കുന്ന സ്മാരക ശിൽപം. ഒരു പക്ഷെ ആ മഹാത്മാവിന്റെ നിശബ്ദ സംഗീതം നമ്മെ തലോടിക്കൊണ്ട് അവിടെ ഒരു തരംഗമായി അലയടിക്കുന്നുണ്ടാവാം.

ശബ്ദസൗകുമാര്യതയുടെ പാറക്കെട്ട് പള്ളി

സവിശേഷമായ വാസ്തുവിദ്യക്കു പേര് കേട്ട ഈ ലൂതറൻ പള്ളി പേര് പോലെ തന്നെ ഭീമമായ ഗ്രാനൈറ്റിൽ നിര്മിച്ചിരിക്കുന്നതാണ് . ചിത്രപ്പണി മത്സരത്തിൽ വിജയിച്ച ശില്പികളായ തിമൊ സുവോമലൈനൻ , തുവോമോ സുവോമലൈനൻ എന്നി സഹോദരങ്ങളാണ് 1969 ൽ പണിതുയർത്തിയ ഈ ഹൃദയഹാരിയായ പള്ളിയുടെ കലാശില്‍പസംവിധായകർ. 1930 കളിൽ തന്നെ ഈ പള്ളിയുടെ നിർമാണം തുടങ്ങാനുള്ള ആലോചനകൾ നടന്നെങ്കിലും രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടത് എല്ലാത്തിലും തടസം സൃഷ്ടിച്ചു. ഈ കാലയളവിൽ തിരഞ്ഞെടുക്കപ്പെട്ട മത്സര വിജയിക്ക് നിർഭാഗ്യവശാൽ ഈ ദൗത്യം പൂർത്തിയാക്കാൻ സാധിച്ചില്ല . പിന്നീട് വർഷങ്ങൾക്കു ശേഷം 1961 ൽ വീണ്ടും നടത്തിയ മത്സരത്തിൽ വിജയിച്ച സുവോമലൈനൻ സഹോദരങ്ങളുടെ കയ്യിൽ ഈ ഭാഗ്യം വന്നുചേർന്നു.

ശബ്‌ദപുനരുല്‍പ്പാദനത്തിന്റെ സവിശേഷഗുണങ്ങൾ കാരണം കോൺസെർട്ടുകൾ നടത്താൻ പ്രസിദ്ധമാണ് ഈ പള്ളി . പരുപരുത്ത പാറ കൊണ്ടുള്ള ഭിത്തികളാണ് ഇതിനു കാരണം . കോപ്പർ ഡോം , ആരെയും ആകർഷിക്കുന്ന 3001 പൈപ്പുകളോട് കൂടിയ ഓർഗൻ മുതലായവ എടുത്തു പരാമർശിക്കേണ്ടതുണ്ട്. ലംബമായ 180 ഗ്ലാസ് ജനല്‍പാളികളിലൂടെ ഉള്ളിലേക്ക് ഒഴുകിയെത്തുന്ന സൂര്യപ്രകാശം , ഡോമിനേയും ഗ്രാനൈറ്റ് ഭിത്തികളെയും ഘടിപ്പിക്കുന്നു. ഹെൽസിങ്കിയുടെ കേന്ദ്രഭാഗത്തു സ്ഥിതിചെയ്യുന്ന ഈ പള്ളി കാണാൻ ഏകദേശം 5 ലക്ഷം സഞ്ചാരികളാണ് ഓരോ വർഷവും എത്തിച്ചേരുന്നത്.

ഫിന്നിഷ് തനതു രുചികളുമായി മാർക്കറ്റ് സ്കോയർ

ബാൾട്ടിക് സമുദ്രത്തിന്റെ ഓരം ചേർന്ന് സ്‌ഥിതി ചെയ്യുന്ന ഈ ഫിന്നിഷ് വിപണന കേന്ദ്രത്തിൽ വന്നാൽ ഈ രാജ്യത്തിൻറെ തനതു ഭക്ഷണങ്ങളും കരകൗശലവിദ്യകളും അനുഭവിച്ചറിയാം. വൈവിധ്യമാർന്ന സ്മരണികകളും തിരഞ്ഞെടുക്കാം . വേനൽക്കാലത്തു ധാരാളം ബെറി പഴങ്ങളുടെ രുചി അറിയാൻ മറ്റെവിടെയും പോകേണ്ടതില്ല. ചെറിയ മീനുകൾ ഉപ്പിലിട്ടതും തലയും വാലും കളയാത്ത വറത്ത മീനുകളും ആവോളം ഭക്ഷിക്കാം. മീൻ കറികളിൽ മസാല ആവോളം പുരട്ടി ഭക്ഷിക്കുന്ന മലയാളിയുടെ രുചി കൂട്ടിൽ നിന്നും തികച്ചും വ്യത്യസ്തമാണിവിടെ. എവിടെയും പിടിച്ചു നിലയ്ക്കുന്ന നമ്മുടെ നാട്ടുകാർ ഇത് പുറത്തു കാണിക്കാതെ ‘'ആസ്വദിച്ചു’ കഴിക്കുന്ന കാഴ്ച രസകരമാണ് . ഇനിയിപ്പോൾ റെയിൻഡിയർ മാംസം രുചിച്ചു നോക്കേണ്ടവർക്കു അതിനും അവസരമുണ്ടിവിടെ. ഇവരുടെ പ്രിയപ്പെട്ട ഭക്ഷണമായ 'പുള്ള ' യും രുചിക്കാൻ മറക്കേണ്ട. ലോകത്തിലെ ഏറ്റവും വലിയ കാപ്പി കുടിയന്മാരുടെ സ്ഥലത്തെത്തിയിട്ട് ഇനി കാപ്പി കുടിച്ചില്ലാന്നു വേണ്ട . അതും ഫിന്നിഷ് ശൈലിയിൽ തന്നെ ആവാം . മധുരമിടാതെ, അല്പം പാല് ഒഴിച്ച് കാപ്പി കുടിച്ചുകൊണ്ട് ബാൾട്ടിക് കടലിന്റെ പ്രശാന്തത ആസ്വദിക്കാം .

വേനൽക്കാലത്തു ഇവിടെ പൊതുവെ തിരക്ക് കൂടുതലാണ് . കാരണം ഹെൽസിങ്കി നഗരം ബോട്ടിൽ ഇരുന്നു ആസ്വദിക്കുവാനുള്ള ക്രൂയിസ് യാത്രകൾ ഇവിടെ നിന്നുമാണ് ആരംഭിക്കുന്നത് . സ്വീഡൻ , ടാലിൻ എന്നിവടങ്ങളിലേക്കുള്ള ആഡംബര കപ്പൽ യാത്രകൾ നടത്തുവാനുള്ള തുറമുഖം മാർക്കറ്റ് സ്കോയറിനടുത്താണ് . ഭീമൻ കപ്പലുകൾ ഇവിടെ നിന്നും വീക്ഷിക്കാവുന്നതാണ് . സിലിയ ലൈൻ, വീക്കിങ് ലൈൻ എന്നിവ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ആഡംബര കപ്പലുകളാണ്. ഒരു ദിവസം കൊണ്ട് ഹെൽസിങ്കി നഗരത്തെ മുഴുവനായി കണ്ട് അതെ കപ്പലിൽ തന്നെ തിരിച്ചുപോകാൻ ടാലിൻ , സ്റ്റോക്ക് ഹോം എന്നിവിടങ്ങളിൽ നിന്നും വരുന്ന കപ്പൽ യാത്രക്കാർ ഹെൽസിങ്കിയുടെ ഒരു ഭൂപടവുമായി എവിടെയും ത്വരവേഗത്തിൽ പായുന്നത് കാണാം.

സുവോമലിന്ന അഥവാ ഫിന്നിഷ് കോട്ട

പ്രകൃതി സൗന്ദര്യം ആവോളം വാരിവിതറിയ ദ്വീപുകളുടെ ഒരു സമൂഹമാണിത്. ഹെൽസിങ്കി നഗരത്തിനോട് ചേർന്നുള്ള ഏക യുനെസ്കോ വേൾഡ് ഹെറിറ്റേജ് സെന്റർ കൂടിയാണിത്. യുനെസ്കോ അംഗീകാരമുള്ള ഫിൻലൻഡിലെ മറ്റു 6 പ്രധാന കേന്ദ്രങ്ങൾ ഹെൽസിങ്കി നഗരത്തിന്‌ പുറത്താണ്. പതിമൂന്നാം നൂറ്റാണ്ടു മുതൽ 1809 ൽ റഷ്യൻ ഭരണകൂടം പിടിച്ചെടുക്കുന്നതുവരെ സ്വീഡിഷ് അധീനതയിൽ ആയിരുന്നു ഈ രാജ്യം. 1748 ൽ സ്വീഡിഷ് ഭരണാധികാരികളാണ് ഈ കോട്ടയുടെ നിർമാണം ആരംഭിച്ചത് . കടലിൽ നിന്നും വരുന്ന ശത്രുക്കളെ ആക്രമിക്കുവാൻ ഹെൽസിങ്കിയോട് ചേർന്നുള്ള ദ്വീപ സമൂഹത്തിൽ പടുത്തുയർത്തിയതാണിത്. സ്വീഡിഷ് ഭരണകാലത്തു ‘വിയപൊരി’ എന്ന പേരിലാണിത് അറിയപ്പെട്ടത്. 

4 വർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കാൻ ആയിരുന്നു പദ്ധതിയെങ്കിലും 40 വർഷത്തോളം ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നീണ്ടുനിന്നു . ഇതിനിടയിൽ പൊട്ടിപ്പുറപ്പെട്ട നിരവധി യുദ്ധങ്ങൾ ഈ പദ്ധതിക്ക് വിലങ്ങുതടിയായി . 1809 ൽ റഷ്യ ഈ കോട്ട പിടിച്ചെടുത്തു . എന്നാൽ ഈ കാലയളവിലും ഇത് ശരിക്കും അവഗണിക്കപ്പെട്ടു. യുദ്ധങ്ങളും ബോംബുമെല്ലാം ഈ കോട്ടയെ വീണ്ടും നശിപ്പിച്ചുകൊണ്ടേയിരുന്നു. പിന്നീട് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇതിന്റെ അറ്റകുറ്റപ്പണികൾ ചെയ്തു ജീര്‍ണ്ണോദ്ധാരണം നടത്തിയെങ്കിലും മറ്റനേകം റഷ്യൻ കോട്ടകൾ പോലെ ഈ കോട്ടയും നിലനിന്നു. ഒന്നാം ലോകമഹായുദ്ധ കാലത്തു വിയപൊരി സെൻറ് പീറ്റേഴ്‌സ് ബെർഗിനെ സംരക്ഷിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു. 

Helsinki-Finland-Diaries4

1917 ൽ റഷ്യൻ ഭരണത്തിൽ നിന്നും സ്വതന്ത്രരായ ഫിന്നിഷ് ജനത 1918 ൽ ഇതിന്റെ നിയന്ത്രണം പൂർണമായും ഏറ്റെടുത്തു 'ഫിന്നിഷ് കോട്ട ' എന്നർത്ഥം വരുന്ന സുവോമലിന്ന എന്ന് നാമകരണം ചെയ്തു. മാർക്കറ്റ് സ്കോയറിൽ നിന്നും 5 മിനിറ്റ് ബോട്ടിൽ ഇരുന്നാൽ ഇവിടെ എത്തിച്ചേരാം . ഏറ്റവും തിരക്കുള്ള വിനോദ സഞ്ചാര കേന്ദ്രമാണിത് . പ്രത്യേക ജില്ലാ അംഗീകാരമുള്ള ഈ പ്രദേശം എണ്ണൂറോളം തദ്ദേശവാസികളുടെ വാസസ്ഥലം കൂടിയാണ്. കൂറ്റൻ പീരങ്കികളും ബോംബാക്രമണത്തില്‍ നിന്നും രക്ഷപ്പെടാനുള്ള നിലവറയും മ്യൂസിയവും കുട്ടികളുടെ കളിസ്ഥലങ്ങളും എല്ലാവരെയും ആകർഷിക്കുന്നു . 1800 കളിൽ പണിത ഇവിടുത്തെ പള്ളിയുടെ പ്രധാന ഡോം ഒരു ദീപസ്തംഭം പോലെ ഇന്നും സമുദ്ര സഞ്ചാരികൾക്കു വഴികാട്ടിയാണ്. രണ്ടാം ലോക മഹായുദ്ധകാലത്തെ അവശേഷിക്കുന്ന 'വെസിക്കോ ' എന്ന അന്തർവാഹിനി സഞ്ചാരികൾക്കായി ഇപ്പോഴും തുറന്നുവച്ചിട്ടുണ്ട്. കടലും കോട്ടയും പച്ച വിരിച്ച ദ്വീപസമൂഹങ്ങളും ഒന്നിക്കുന്ന പ്രകൃതി ഒരുക്കിയ മാസ്മരികകാഴ്ചക്കു തയ്യാറാണെങ്കിൽ ഇങ്ങോട്ടേക്കു ബോട്ടിൽ ഒരു യാത്ര പോന്നോളൂ !

ഉസ്‌പെൻസ്‌കി കത്തീഡ്രൽ എന്ന ചുവപ്പ് പള്ളി

മാർക്കറ്റ് സ്‌ക്വയറിനടുത്തു ഒരു ചുവന്ന സുന്ദരിയായി തല ഉയർത്തി നിൽക്കുന്ന ഈ പള്ളി പടിഞ്ഞാറൻ യൂറോപ്പിലെ ഏറ്റവും വലിയ ഓർത്തഡോക്സ്‌ പള്ളിയാണ്. 1868ൽ നിർമിക്കപ്പെട്ട ഈ പള്ളി ഫിന്നിഷ് ചരിത്രത്തിൽ റഷ്യൻ പ്രഭാവത്തിന്റെ മകുടോദാഹരണമാണ്. സെന്റ് പീറ്റേഴ്‌സ് ബർഗിൽ കാണുന്ന മാതൃകയിലുള്ള പള്ളിയാണിത് . പേര് പോലെ തന്നെ ചുവന്ന ഇഷ്ടികകൾ കൊണ്ട് പടുത്തുയർത്തിയ ഈ പള്ളിയുടെ സ്വർണവർണത്തിലുള്ള താഴികക്കുടവും ആരെയും ആകർഷിക്കുന്നതാണ്. ഉയരത്തിലായി ഇരിക്കുന്ന ഈ പളളിയുടെ അടുത്ത് നിന്നാൽ വെള്ള ചർച്ചും ഭംഗിയായി വീക്ഷിക്കാം .

സുരസാരി ദ്വീപ് മ്യൂസിയം - ഫിന്നിഷ് ഗ്രാമങ്ങളുടെ ആത്മാവിലേക്കൊരെത്തി നോട്ടം

ഈ മ്യൂസിയം ഒരു പഴയകാല ഫിൻലൻഡിന്റെ ഒരു ലഘ​ുരൂപമാണെന്നു പറയാം. ഈ ഫിന്നിഷ് മ്യൂസിയം ഒരു 'ഓപ്പൺ എയർ ' മ്യൂസിയമാണ് . രാജ്യത്തിൻറെ പല ഭാഗത്തു നിന്നും കൊണ്ട് വന്നിരിക്കുന്ന കെട്ടിടങ്ങൾ നമ്മെ അദ്‌ഭുതപ്പെടുത്തുന്നതാണ് .87 കെട്ടിടങ്ങൾ ഈ രാജ്യത്തിന്റെ പല പ്രൊവിൻസിനെയും പ്രതിനിധീകരിക്കുന്നു . ഈ ഹരിതാഭമായ ദ്വീപ് ഹെൽസിങ്കിയിൽ നിന്നും ഏകദേശം 6 കിലോമീറ്ററുകൾ അകലെയാണ് . നാഗരിക സങ്കല്പങ്ങൾക്കതീതമായി വ്യത്യസ്തമായ പഴയകാല കളപ്പുരകളുടെയും തടി കൊണ്ടുണ്ടാക്കിയ വീടുകളുടെയും പഴയ സൗന്ദര്യമാണിവിടെ സംയോജിക്കുന്നത്. തനതു ഫിന്നിഷ് വേഷം ധരിച്ച സുന്ദരികൾ നമ്മെ വരവേൽക്കാൻ സാധാരണ ഇവിടെ ഉണ്ടാകാറുണ്ട്. ഫിന്നിഷ് ജനതയുടെ ഏറ്റവും വലിയ ആഘോഷമാണ് 'യുഹാന്നുസ് ' അഥവാ മദ്ധ്യവേനൽ ആഘോഷം . എല്ലാ വർഷവും ജൂൺ മാസം അവസാനത്തോടുകൂടിയാവും ഇത് കൊണ്ടാടുന്നത് . ഈ ദിവസം അവർ നദിക്കരകളിൽ സന്തോഷസൂചകമായി അഗ്നി ജ്വലിപ്പിക്കാറുണ്ട് . സുരസാരി ദ്വീപിലെ ഈ 'ബോൺ ഫയർ ' വളരെ പ്രശസ്തമാണ് . ധാരാളം ആളുകൾ സൂര്യൻ അസ്തമിക്കാത്ത ഈ രാത്രി ആടിയും പാടിയും ആഘോഷിക്കാറുണ്ട്.

പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com