ADVERTISEMENT

ഇന്ത്യയില്‍നിന്ന് ഏറ്റവും ചെലവുകുറഞ്ഞതും ബജറ്റില്‍ ഒതുങ്ങുന്നതുമായ യാത്ര ചെയ്യാന്‍ പറ്റിയ രാജ്യമാണ് ഹോങ്കോങ്.
അധികം നൂലാമാലകള്‍ ഇല്ലാതെ  കുടുംബവുമൊത്ത് യാത്ര പോകാന്‍ ഇഷ്ടപ്പെടുന്നവരെ അലട്ടുന്ന പ്രധാന പ്രശ്‌നമാണ് ചെലവ്. ജീവിതത്തില്‍ ഒരു പ്രാവശ്യമെങ്കിലും സന്ദര്‍ശിക്കണമെന്ന് ഒരുപാട് ആഗ്രഹിക്കുന്ന ഇടങ്ങള്‍പോലും ചെലവു പേടിച്ച് ഒഴിവാക്കുന്നവരുണ്ട്. എന്നാല്‍ അധികം ചെലവില്ലാതെ, ബജറ്റിലൊതുങ്ങുന്ന, അതേസമയം ആഡംബരമൊട്ടും കുറയാത്ത യാത്രയ്ക്കു പറ്റിയ ഇടമാണ് ഹോങ്കോങ്.

509801361

ദക്ഷിണേഷ്യയിലെ ടൂറിസം വളര്‍ച്ചയുടെ ഏറ്റവും മികച്ച ഉദാഹരണമാണ് ഹോങ്കോങ്. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി, ലോകത്തിലെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായി മാറിക്കൊണ്ടിരിക്കുകയാണിത്.

ചരിത്രം
ചൈനയിലെ ഒരു പ്രത്യേക ഭരണമേഖലയാണ് ഹോങ്കോങ്. 1842 മുതല്‍ ബ്രിട്ടിഷ് കോളനി ആയിരുന്ന ഹോങ്കോങ് 1997 ല്‍ ചൈനയ്ക്ക് തിരികെ ലഭിച്ചു. ഹോങ്കോങ് ബേസിക്ക് നിയമത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക ഭരണമേഖലയാണ് ഇപ്പോഴിത്. ചൈനയും ബ്രിട്ടനും സംയുക്തമായി നടപ്പാക്കിയ പ്രഖ്യാപനമനുസരിച്ച് 2047 വരെ ഹോങ്കോങ്ങിന് സ്വയംഭരണാവകാശം ഉണ്ടാകും. 'ഒറ്റരാജ്യം - രണ്ട് വ്യവസ്ഥ' സമ്പ്രദായമനുസരിച്ച് നിയമവ്യവസ്ഥ, നാണയം, കസ്റ്റംസ് നയം, സാംസ്‌കാരിക-കായിക -കുടിയേറ്റ നിയമങ്ങള്‍  തുടങ്ങി എല്ലാം സ്വന്തമായി നിയന്ത്രിക്കാം.
കാഴ്ചകള്‍ക്കും പര്യവേഷണത്തിനും ഒരു പഞ്ഞവുമില്ലെങ്കിലും ഹോങ്കോങ്ങിനെ മുഴുവനായി ആസ്വദിച്ചുവെന്നു തോന്നണമെങ്കില്‍ ചിലത് തീര്‍ച്ചയായും കണ്ടിരിക്കണം.

സ്‌കൈലൈന്‍
ഹോങ്കോങ്ങിലെത്തിയാല്‍ നിങ്ങള്‍ ആദ്യം നോക്കുക ആകാശത്തേക്കാകും. കാരണം അംബരംമുട്ടി നില്‍ക്കുന്ന കെട്ടിടങ്ങളാണ് ഈ നഗരത്തിന്റെ മുഖമുദ്ര. ഒരു നഗരത്തെ അതിന്റെ ആകാശത്തിന്റെ നേര്‍ക്കാഴ്ച കൊണ്ടു നിര്‍വചിക്കുന്നത് പോലെ മറ്റൊന്നുമില്ല. ഹോങ്കോങ് സ്‌കൈലൈന്‍ അത്തരമൊരു അതിശയകരമായ കാഴ്ചയാണ്. പകല്‍വെളിച്ചത്തില്‍ തലയെടുപ്പോടെ നില്‍ക്കുന്ന ഈ കെട്ടിടനിര രാത്രിയില്‍ വര്‍ണ്ണാഭമായ പ്രകാശത്തിന്റെ നേര്‍രൂപങ്ങളായി മാറും. സ്‌കൈലൈന്‍ ബ്യൂട്ടി ആസ്വദിക്കാന്‍ പറ്റിയ സമയവും രാത്രി തന്നെ. പ്രമുഖ ടൂറിസ്റ്റ് ഹോട്ട്സ്പോട്ടായ അവന്യൂ ഓഫ് ദ സ്റ്റാര്‍സില്‍ നിന്നാല്‍  ഹോങ്കോങ്  സ്‌കൈലൈനിന്റെ അതിശയകരമായ കാഴ്ച ലഭിക്കും.

545667004

വിക്‌റ്റോറിയ പീക്ക്
വിശാലമായ കാഴ്ചകളുള്ള ഹോങ്കോങ് ദ്വീപിലെ ഏറ്റവും ഉയരം കൂടിയ സ്ഥലമായ ദി പീക്ക് വരെയുള്ള യാത്ര നടത്താതെ, വിക്ടോറിയ ഹാര്‍ബറിലൂടെ സഞ്ചരിച്ച് രാത്രിയിലെ ലൈറ്റുകളുടെ നൃത്തം കാണാതെ ഹോങ്കോങ് സന്ദര്‍ശനം പൂര്‍ത്തിയാകില്ല. വിക്‌റ്റോറിയ പീക്കില്‍ നിന്നുള്ള ഹോങ്കോങ്ങിന്റെ വിദൂരദൃശ്യം ആരേയും മയക്കും. ട്രാമിൽ സഞ്ചരിച്ച് പീക്കിന്റെ നെറുകയില്‍ ചെന്ന് ആ നാടിനെയൊന്ന് കണ്ടുനോക്കൂ. വിക്ടോറിയ ഹാര്‍ബറിലൂടെ ഒരു ബോട്ട് സഫാരി കൂടിയായാല്‍ സൂപ്പര്‍. എല്ലാ ദിവസവും  രാത്രി എട്ടിന് ഹാര്‍ബറിന്റെ ഇരുവശത്തുമുള്ള കെട്ടിടങ്ങളില്‍ പല വര്‍ണ്ണത്തിലെ പ്രകാശങ്ങള്‍ കൊണ്ടുള്ള ഷോ കാണാൻ എത്തുന്നവർക്കു കണക്കില്ല. സിംഫണി ഓഫ് ലൈറ്റ്‌സ് എന്ന ഈ ഷോ ലോകത്തിലെ ഏറ്റവും വലിയ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയാണ്. 

ഇനി നഗരത്തിരക്കില്‍നിന്നു മാറി ഒരല്‍പം പച്ചപ്പൊക്കെ ആസ്വദിക്കണമെന്നുണ്ടോ? അതിന് ഹോങ്കോങ്ങിന്റെ അയല്‍ദ്വീപായ ലാന്‍ഡൗ ഉത്തമമാണ്. ആ ദ്വീപിന്റെ ഹരിതാഭയും പച്ചപ്പും ഹോങ്കോങ്ങിന്റെ നാഗരികതയില്‍നിന്നു വ്യത്യസ്തമാണ്. അവിടുത്തെ ബുദ്ധമത സമുച്ചയവും കാണേണ്ടതുതന്നെ. ഏഷ്യയിലെ ഏറ്റവും തിരക്കേറിയ തീം പാര്‍ക്കുകളായ ഡിസ്‌നിലാൻഡും ഓഷ്യന്‍ പാര്‍ക്കും ഒഴിവാക്കാതിരുന്നാല്‍ സൂപ്പര്‍ ഡേ ഉറപ്പ്. 

ഗംഭീര ഷോപ്പിങ് നടത്താം
ഹോങ്കോങ്ങില്‍ നിങ്ങള്‍ക്ക് ഒരിക്കലും മതിയാവാത്ത ഒന്നാണ് ഷോപ്പിങ്.അത് വളരെ വിശാലവും വൈവിധ്യപൂര്‍ണ്ണവും ആകര്‍ഷകവുമാണ്. പോക്കറ്റ് കാലിയാകുമെന്ന പേടിയൊന്നും ഇവിടെയെത്തിയാല്‍ വേണ്ട. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെയെന്ന് നാട്ടുഭാഷയില്‍ പറയുന്നതുപോലെ എന്തും കിട്ടും ഇവിടുത്തെ മാര്‍ക്കറ്റുകളില്‍, അതും കണ്ണഞ്ചിപ്പിക്കുന്ന വിലക്കുറവില്‍. പിന്നെ ഒരു കാര്യമുളളത്, എല്ലാം മെയ്ഡ് ഇന്‍ ചൈന ആണെന്നു മാത്രം. 
ബജറ്റിനെ പേടിക്കാതെ ഒരു വിദേശയാത്രയാണ് മോഹമെങ്കില്‍ മടിക്കാതെ ഹോങ്കോങ്ങിലേക്ക് ടിക്കറ്റ് എടുത്തോളൂ.

486878520
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com