ADVERTISEMENT
View this post on Instagram

Easy like Sunday mornings ☀️🍒

A post shared by Amy Jackson (@iamamyjackson) on

ആമി  ജാക്‌സണ്‍ സന്തോഷവതിയായ അമ്മയാണെന്നതില്‍ സംശയമില്ല. കാരണം അമ്മയാകാന്‍ പോകുന്നത് ശരിക്കും ആഘോഷിക്കുക തന്നെയാണ് ഈ താരം. അവര്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കിടുന്ന എല്ലാ ഫോട്ടോയിലും വീഡിയോയിലും ഇത്  വ്യക്തമായി കാണാനും സാധിക്കും. ഗര്‍ഭവതിയായി എന്നകാരണത്താല്‍ ചടഞ്ഞുകൂടി ഇരിക്കാതെ ആരേയും കൊതിപ്പിക്കുന്ന വിധത്തിലുള്ള യാത്രകളും ആമി നടത്തുന്നുണ്ട്. അത്തരമൊരു യാത്ര ഈയടുത്ത് നടത്തിയതിന്റെ വിശേഷങ്ങളാണ് ഇനി പറയുന്നത്. 9 മാസം ആയ ആമിയും ജോര്‍ജും യാത്രയ്ക്ക് തെരഞ്ഞെടുത്തത് വെനീസാണ്. വെനീസിലെ ആമിയുടെ യാത്രയുടെ ചിത്രങ്ങളും ഇപ്പോള്‍ ഹിറ്റായിരിക്കുകയാണ്.

തന്റെ ഫോട്ടോയ്ക്ക് തകര്‍പ്പനൊരു ക്യാപ്ഷന്‍ കൊടുക്കാനും താരം മറന്നില്ല. എന്റെ ആദ്യ 9 വര്‍ഷത്തെ യാത്രകളേക്കാള്‍ കൂടുതല്‍ സ്ഥലങ്ങളില്‍ 9 മാസം കൊണ്ട് ഈ കുഞ്ഞുതാരം പോയികഴിഞ്ഞു. ആമി പറയുന്നു. പിറക്കാനിരിക്കുന്ന തന്റെ കുഞ്ഞിനെ ബേബി വേള്‍ഡ് ട്രാവലര്‍ എന്നാണ് ആമി ജാക്‌സണ്‍ വിളിച്ചത്. 

വെനീസിനെക്കുറിച്ച് ഒരല്‍പ്പം

വെനീസ് എന്ന നാട് ആരേയും മോഹിപ്പിക്കുന്നതാണ്. റോഡുകള്‍ ഇല്ലാത്ത നാട് ,ജലത്തിന്റെ നഗരം,പാലങ്ങളുടെ നഗരം,പ്രകാശത്തിന്റെ നഗരം,അങ്ങനെ നിരവധി പേരുകളില്‍ അറിയപ്പെടുന്ന വെനീസ് ലോക വിനോദ സഞ്ചാരികളുടെ ഏറ്റവും ഇഷ്ടപ്പെട്ട ഡെസ്റ്റിനേഷനുകളില്‍ ഒന്നാണ്. ലോകത്തിലെ ഏറ്റവും മനോഹരമായ നഗരമായാണ് പലരും വെനീസിനെ കണക്കാക്കുന്നത്.

View this post on Instagram

We woke up in Italy! PASTA FOR BREKKY!!!

A post shared by Amy Jackson (@iamamyjackson) on

അഡ്രിയാറ്റിക് കടലിന്റെ ഓരങ്ങളില്‍ നിര്‍മ്മിച്ച ഈ നഗരം വിശാലമായ വാസ്തുവിദ്യ, കല നിറഞ്ഞ കൊട്ടാരങ്ങള്‍, 1,000 വര്‍ഷത്തിലേറെ പഴക്കമുള്ള സ്പഷ്ടമായ ചരിത്രം, അതിമനോഹരമായ കനാലുകളുടെ ശൃംഖല എന്നിവയാല്‍ സ്വപ്നതുല്യമാണ്.

ഗ്രാന്‍ഡ് കനാലിന് ചുറ്റുമുള്ള ദ്വീപുകളുടെ ഒരു കൂട്ടം ക്ലസ്റ്ററാണ് വെനീസിലുള്ളത്, എങ്ങോട്ട് പോകണമെങ്കിലും വെള്ളത്തില്‍ ഇറങ്ങാതെ തരമില്ല. വെനീസിന്റെ ഹൃദയത്തിലൂടെ സഞ്ചരിക്കുന്ന രക്തക്കുഴലുകളാണ് ഇവിടുത്തെ ഓരോ ജലപാതകളും. 

വെനീസിനെ പ്രശസ്തമാക്കുന്നത് ഈ കനാലുകള്‍ തന്നെയാണ്. ഇവിടുത്തെ എല്ലാ കെട്ടിടങ്ങളും വെള്ളത്തിനുമീതെയായിട്ടാണ് പണിതിരിക്കുന്നത്. ഗ്രാന്‍ഡ് കനാലിലൂടെയൊരു തകര്‍പ്പന്‍ യാത്ര നടത്തണം വെനീസിലെത്തിയാല്‍. വെനീസ് എന്ന ജലനഗരത്തിന്റെ മുഴുവന്‍ സൗന്ദര്യം ആസ്വദിക്കാന്‍ ഈ കനാലിലൂടെയുള്ള യാത്ര ഉപകരിക്കും. 

ഗ്രാന്റ് കനാലിന്റെ കുറുകെയായുള്ള പ്രശസ്തമായ പാലമാണ് റിയാല്‍റ്റോ ബ്രിഡ്ജ്. ഇത് നഗരത്തിന്റെ ഐക്കണ്‍ എന്നുതന്നെപറയാം. വെനീസില്‍ നിര്‍മ്മിച്ച ആദ്യത്തെ പാലമാണിത്. ഗ്രാന്റ് കനാലിലുള്ള ഈ അതിപുരാതനവും അലങ്കാരസമ്പുഷ്ടവുമായ പാലത്തിനടിയിലൂടെ ചെന്നെത്തുന്നത് വെനീസിലെ പ്രമുഖ മാര്‍ക്കറ്റായ റിയാല്‍റ്റോയിലേയ്ക്കും. 

വെനീസിന്റെ മറ്റൊരു മുഖ്യ ആകര്‍ഷണമാണ് ഗൊണ്ടോള എന്ന ചങ്ങാടം. ആമി ജാക്‌സണും വെനീസില്‍ എത്തിയപ്പോള്‍ ഗൊണ്ടോളയിലൂടെ ഒരു സഫാരി നടത്താന്‍ മറന്നില്ല. എതൊരു വെനീസ് സന്ദര്‍ശകനും തീര്‍ച്ചയായും നടത്തേണ്ട ഒന്നാണ് ഗൊണ്ടോള സഫാരി. ഒരല്‍പ്പം ചെലവേറിയതാണെങ്കിലും വെനീസിനെ ഈ രീതിയില്‍ അനുഭവിക്കുന്നത് ശരിക്കും ഒരു റൊമാന്റിക് ഫീലായിരിക്കും സമ്മാനിക്കുന്നത്. 

ഗ്രാന്‍ഡ് കനാലിന്റെ തിരക്കില്‍ നിന്ന് ഗൊണ്ടോള നിങ്ങളെ നഗരത്തിന്റെ നാഡിഞരമ്പുകളായ കുഞ്ഞുകുഞ്ഞു ജലപാതകളിലേയ്ക്ക് നയിക്കും.  

കെട്ടിടങ്ങളുടെ ഇടയിലൂടെ പാലങ്ങള്‍ക്കടിയിലൂടെ ഒഴുകി ഒഴുകി പോകാം. ഒരു സംഘമായിട്ടാണ് യാത്ര എങ്കില്‍ ചെലവും ചുരുക്കാനാകും. 

എവരേയും ആവേശം കൊളളിച്ച ആമിയുടെ മറ്റൊരു യാത്രയായിരുന്നു സൈപ്രസിലേയ്ക്ക് ഉള്ളത്.ആമിയും ജോര്‍ജ്ജും കൂടി സൈപ്രസ് മുഴുവന്‍ ആസ്വദിച്ചതിന്റെ ചിത്രങ്ങളും ഇന്റഗ്രാമിലൂടെ ലോകം മുഴുവന്‍ അറിഞ്ഞതാണ്. 

സൈപ്രസിനെക്കുറിച്ചുകൂടി പറയാം

മെഡിറ്ററേനിയന്‍ സമുദ്രത്തില്‍ സംസ്‌കാരങ്ങളുടെ സംഗമഭൂമിയായ ഒരു ദ്വീപ് രാഷ്ട്രം. സൈപ്രസിനെ അങ്ങനെ വിശേഷിപ്പിക്കാം.  കഥ പറയുന്ന കോട്ടകളും ലോക പ്രശസ്തമായ സൈപ്രസ് ലെയ്സ് തുന്നുന്ന സ്ത്രീകളുള്ള ഗ്രാമങ്ങളും മനോഹരമായ ബീച്ചുകളും ടൂറിസ്റ്റ് കേന്ദ്രങ്ങളും സൈപ്രസിന്റെ കാഴ്ചകളെ സമ്പന്നമാക്കുന്നു.

സൈപ്രസിന്റെ സൗന്ദര്യം മുഴുവന്‍ കിട്ടിയിരിക്കുന്നത് പാഫോസ് നഗരത്തിനാണ്. ചരിത്രത്തിലെ അമൂല്യ ഏടുകള്‍ സൂക്ഷിക്കുന്ന നഗരം.

പാഫോസ് നഗരത്തിന്റെ പ്രധാന ആകര്‍ഷണം ദൈര്‍ഘ്യമേറിയ പ്രൊമനോഡുകളാണ്. അതായത് ചെറിയ തരം ഉള്‍ക്കടല്‍. പാഫോസില്‍ സഞ്ചാരികളുടെ തിരക്ക് ഏറ്റവും അധികം അനുഭവപ്പെടുന്നതും ഈ പ്രൊമനേഡുകളിലാണ്. ഈ ഉള്‍ക്കടലിന്റെ തീരത്തുനിന്നാല്‍ പാഫോസ് കോട്ടയുടെ മനോഹാരിത ആസ്വദിക്കാന്‍ സാധിക്കും. ബൈസന്റൈന്‍ കാലത്ത് പണികഴിപ്പിച്ച പഴയ മത്സ്യബന്ധന തുറമുഖമായിരുന്നു ഇവിടം.

പാഫോസ് കോട്ട

പാഫോസിലെ മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്നാണ് പാഫോസ് കോട്ട. ഓട്ടോമന്‍ തുര്‍ക്കികള്‍ പുതുക്കിപണിത ഈ കോട്ട പിന്നീട് സൈനിക വിഭാഗത്തിന്റെ താവളമായീത്തീര്‍ന്നു. ഈ കോട്ടയുടെ മുകളില്‍നിന്നാല്‍ മനോഹരമായ പാഫോസ് നഗരം കാണുവാന്‍ സാധിക്കും. ഉള്‍ക്കടല്‍തീരത്തുനിന്നു തുടങ്ങി മലഞ്ചെരിവിലെ കൃഷിയിടങ്ങള്‍ വരെ വ്യാപിച്ചുകിടക്കുന്ന പാഫോസ് നഗരവും പ്രൊമനേഡും അവിടുത്തെ ആള്‍ത്തിരക്കുമെല്ലാം ഈ കോട്ടമുകളില്‍ നിന്ന് കാണാവുന്ന മനോഹരദൃശ്യങ്ങളാണ്.

ആര്‍ക്കിയോളജിക്കല്‍ സൈറ്റ്

പാഫോസ് നഗരത്തിലെ മറ്റൊരു പ്രധാന ടൂറിസ്റ്റു കേന്ദ്രമാണ് ആര്‍ക്കിയോളജിക്കല്‍ സൈറ്റ്. ഇതൊരു വേള്‍ഡ് ഹെറിറ്റേജ് സൈറ്റുകൂടിയാണ്.

ചരിത്രാതീതകാലം മുതല്‍ മധ്യകാലംവരെയുള്ള ജീവിതശേഷിപ്പുകള്‍ ഇവിടെയുണ്ട്. സൈപ്രസ് റോമാക്കാരുടെ കീഴിലായിരുന്ന കാലത്തേതാണ് കൂടുതലും. മലഞ്ചെരുവിലെ ശ്മശാന ഘട്ടങ്ങളിലൊന്നാണിത്. ഉത്ഖനന പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും നടക്കുന്ന പ്രദേശംകൂടിയാണിത്.

അകാമസ് നാഷണല്‍ പാര്‍ക്ക്

പാഫോസ്  പട്ടണത്തില്‍ നിന്നും ഏകദേശം പത്ത് കിലോമീറ്റര്‍ ഉള്ളിലേയ്ക്ക് സഞ്ചരിച്ചാല്‍ പ്രകൃതിയുടെ അസാധാരണമായ സൗന്ദര്യ പനോരമ നിങ്ങള്‍ക്ക് കാണാന്‍ കഴിയും.  സൈപ്രസിലെ മറ്റൊരു പ്രധാന ആകര്‍ഷണം അവിടെയുണ്ട്, അകാമാസ് നാഷണല്‍ പാര്‍ക്ക്. പ്രകൃതിയുടെ അതിരുകളില്‍ യഥാര്‍ത്ഥ രൂപത്തില്‍ പ്രകൃതിയെ നിലനിര്‍ത്തുന്ന ഒരിടമാണിത്. കണ്ണുനീരിനേക്കാള്‍ തെളിമയാര്‍ന്ന ബീച്ചുകളും പഞ്ചാരമണല്‍ തീരങ്ങളും എല്ലാം ഈ നാഷണല്‍ പാര്‍ക്കിന്റെ മാറ്റ് കൂട്ടുന്നു.

റോമന്‍ ആംഫി തീയറ്റര്‍, സമുദ്രനിരപ്പില്‍ നിന്നും 2000 മീറ്ററോളം ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ട്രൂഡോസ് പര്‍വ്വത നിരകള്‍ അങ്ങനെ സൈപ്രസ് എന്ന വിസ്മയദ്വീപ് ഒരുക്കിവച്ചിരിക്കുന്ന സര്‍പ്രൈസുകള്‍ അനവധിയാണ്.

ഇത്തരം അവധിക്കാല യാത്രകള്‍ മാത്രമല്ല ആമി നടത്തിയിട്ടുള്ളത്. ഗര്‍ഭിണിയായതിനുശേഷം ഒരു റോഡ് ട്രിപ്പും നടത്തി താരം. അതും യൂറോപ്പ് മുഴുവന്‍. എന്തിനായിരുന്നെന്നോ. നിര്‍ധനരായ അമ്മമാര്‍ക്കും കുട്ടികള്‍ക്കും വേണ്ടി ഫണ്ട് ശേഖരിക്കാന്‍. ഇങ്ങനെ യാത്രകളിലൂടെയും അല്ലാതെയും തന്റെ ഫോളോവേഴ്‌സിന് ഒരു ഉത്തമ പ്രചോദനമാണ് ആമി ജാക്‌സണ്‍ പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്. നിങ്ങളുടെ അവസ്ഥ ഏതുമാകട്ടെ ഒരു യാത്ര നടത്തിയാല്‍ അത് നല്‍കുന്ന മനസുഖം ഒന്ന് വേറെ തന്നെയെന്ന് അനുഭവിച്ചുതന്നെയറിയണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com