ADVERTISEMENT

ബാൾക്കൻ ഡയറി

സരയേവോ നഗരഭംഗി 

അധ്യായം 13

ബോംബിങ്ങിൽ പരിക്കേറ്റ ടി വി സ്റ്റേഷൻ 

സരയേവോ നഗരത്തിൽ വല്ലാത്തൊരു വശ്യതയുണ്ട്. ഒരു പെയിന്റിങ് പോലെ സുന്ദരമാണ് നഗരത്തിന്റെ ഏതുഭാഗവും. നഗരമദ്ധ്യത്തിലൂടെ, കനാൽ പോലെ തോന്നിക്കുന്ന മിലാസ്‌ക നദി ഒഴുകുന്നുണ്ട്. പഴയ നഗരത്തോട് ചേർന്ന് പുഴയ്ക്കു കുറുകെ നിരവധി പാലങ്ങളുണ്ട്. ഓരോ പാലവും ശില്പഭംഗിയാർന്നവയാണ്. തനി യൂറോപ്യന്മാരാണ് വാസ്തുശില്പകലയുടെ കാര്യത്തിൽ ബോസ്‌നിയക്കാർ.

നാച്വറൽ പാർക്കിന്റെ കവാടം

ഇല പൊഴിച്ചു നിൽക്കുന്ന മരങ്ങളും പശ്ചാത്തലത്തിൽ ഉയർന്നു നിൽക്കുന്ന മഞ്ഞുമൂടിയ പർവതനിരകളും പള്ളികളുടെ മിനാരങ്ങളും നിരയൊപ്പിച്ചു പണിതിരിക്കുന്ന മദ്ധ്യകാലഘട്ടത്തിലെ കെട്ടിടങ്ങളും റോഡിലൂടെ നീങ്ങുന്ന ട്രാമുകളുമെല്ലാം ചേരുമ്പോൾ ഒരു പെയിന്റിങ്ങിന്റെ വശ്യത തോന്നും. ബോസ്‌നിയക്കാരുടെ മഞ്ഞു കാലത്തെ വേഷവിധാനവും അതി സുന്ദരമാണ്. അതിസുന്ദരന്മാരും സുന്ദരികളുമല്ലാത്ത ആരും തന്നെ ബോസ്‌നിയയിൽ ഇല്ല എന്നു പറയേണ്ടി വരും. അതുപോലെ, ഒരു വലിയ യുദ്ധകാലത്തിന്റെ ആഘാതം പേറുന്നതുകൊണ്ടാവും, ശാന്തശീലരുമാണ് ജനങ്ങൾ. ഇന്ത്യൻ തെരുവുകളിലേതുപോലെ ഒച്ചപ്പാടും ബഹളവുമൊന്നും ഒരിടത്തുമില്ല. അവനവന്റെ കാര്യം നോക്കി ജീവിക്കുന്നവരാണ് ബോസ്‌നിയക്കാർ.

നാച്വറൽ പാർക്ക്

ഞാൻ അതികാലത്തെഴുന്നേറ്റ് പഴയനഗരം ചുറ്റി നടപ്പു തുടങ്ങി. 8.30നാണ് അർമാൻ എന്നെയും കൊണ്ട് കാഴ്ച കാണാൻ പോകുന്നത്. അതുവരെ എനിക്ക് സമയമുണ്ട്.

നാച്വറൽ പാർക്ക്

പഴയ നഗരത്തിൽ നിന്നും ഒരു ടർക്കിഷ് റെസ്റ്റോറന്റിന്റെ വശത്തുകൂടി റോഡിലെത്തി. ഇവിടെയുള്ള ട്രാഫിക് ലൈറ്റിൽ പെഡസ്ട്രിയന്മാർക്കുള്ള പച്ച തെളിഞ്ഞാൽ റോഡ് കുറുകെ കടന്ന് പുഴയുടെ മേലെയുള്ള പാലത്തിലൂടെ നടന്ന് അപ്പുറത്തെത്താം. ബോസ്‌നിയൻ ആർമിയുടെ ഹെഡ്ക്വാർട്ടേഴ്‌സും ഒരു പാർക്കും റെസ്റ്റോറന്റുമൊക്കെയാണ് അവിടെ കാണാനുള്ളത്.

സരയേവോ നഗരത്തിലെ പാലങ്ങളിലൊന്ന് 

ഞാൻ പാലത്തിലൂടെ നടന്നു. പരിസരപ്രദേശങ്ങളിൽ കാണാനുള്ള സ്ഥലങ്ങൾ ഏതൊക്കെയാണെന്ന് അവിടെ ടൂറിസ്റ്റുകൾക്കു വേണ്ടി ഒരു ബോർഡ് എഴുതി സ്ഥാപിച്ചിട്ടുണ്ട്. ഞാൻ അതൊന്ന് ഓടിച്ചു വായിച്ചു നോക്കി. മിക്കവയും ഞാൻ കണ്ടതു തന്നെ. മിലിട്ടറി ഹെഡ്ക്വാർട്ടേഴ്‌സ്‌നടുത്തെത്തിയപ്പോൾ ഞാൻ ആദരവോടെ ആ കെട്ടിടത്തെയൊന്ന് കണ്ണുകൊണ്ട്ഉ ഴിഞ്ഞു. രണ്ടാം ലോകമഹായുദ്ധകാലത്തിനു ശേഷം ലോകം കണ്ട ഏറ്റവും വലിയ യുദ്ധമാണല്ലോ 92 മുതൽ 96 വരെ ബോസ്‌നിയയിൽ നടന്നത്. അക്കാലത്ത് പരാജയപ്പെടാതെ പിടിച്ചു നിൽക്കാൻ ബോസ്‌നിയൻ പട്ടാളം തന്ത്രങ്ങൾ മെനഞ്ഞത് ഈ കെട്ടിടത്തിനുള്ളിൽ വെച്ചായിരുന്നു. ചുറ്റുപാടും ലക്ഷക്കണക്കിനാളുകൾ ശത്രുപക്ഷത്തിന്റെ വെടിയുണ്ടയേറ്റ് പിടിഞ്ഞു വീണപ്പോഴും പരാജയത്തിന് കീഴടങ്ങാൻ ബോസ്‌നിയക്കാർ തയ്യാറായില്ല. അതുകൊണ്ടാണ് ഒടുവിൽ നാറ്റോ സഖ്യകക്ഷികൾ ഐക്യരാഷ്ട്രസഭയുടെ നിർദ്ദേശപ്രകാരം ഇടപെട്ടതും വെടിനിർത്തൽ പ്രഖ്യാപിച്ചതും.

എത്രയോ വീരസൈനീകരെ ബോസ്‌നിയയ്ക്കു സംഭാവന ചെയ്ത ആ കെട്ടിടത്തിനു മുന്നിൽ അല്പനേരം നിന്നിട്ട് ഞാൻ തിരികെ നടന്നു. നഗരത്തിൽ തിരക്ക് വർദ്ധിച്ചു വരുന്നു. ഓഫീസ് സമയം അടുത്തുവരുന്നതു കൊണ്ട് ട്രാമിലും ബസ്സിലുമൊക്കെ സാമാന്യം ജനത്തിരക്കുണ്ട്.

റെസ്റ്റോറന്റിൽ അർമാൻ 

സരയേവോയെ മനോഹരമാക്കുന്നതിൽ ട്രാമുകൾക്കും പങ്കുണ്ടെന്നു പറഞ്ഞല്ലോ. യൂറോപ്പിലെ ആദ്യത്തെ ട്രാം സർവീസാണ് ഇവിടെയുള്ളത്. സത്യത്തിൽ സരയേവോയിൽ ഓടാനല്ല, ഇവിടെ ട്രാമുകൾ കൊണ്ടുവന്നത്. ഓസ്ട്രിയയിലെ വിയന്നയിൽ ഓടുന്നതിനു മുമ്പ്, പരീക്ഷണ ഓട്ടം നടത്താനായാണ് 1885 ജനുവരി 1ന് ഇവിടെ ചെറിയൊരു ട്രാംലൈൻ സ്ഥാപിച്ചത്. അന്നു പക്ഷേ കുതിരകൾ വലിക്കുന്ന ട്രാമുകളാണ് ഇവിടെ ഉണ്ടായിരുന്നത്. പല കാലങ്ങളായി പരിഷ്‌കരിച്ച്, ഇപ്പോൾ നഗരത്തിൽ 30 കി.മീ ദൈർഘ്യത്തിൽ ട്രാമുകൾ ഓടുന്നുണ്ട്. എല്ലാം വൈദ്യുതിയിൽ പ്രവർത്തിക്കുന്നവ. '92ലെ യുദ്ധകാലത്ത് ട്രാമുകളും പാളങ്ങളുമെല്ലാം ശത്രുപക്ഷം തകർത്ത് തരിപ്പണമാക്കിയിരുന്നു. യുദ്ധശേഷം അവ നന്നാക്കിയെടുത്തെങ്കിലും പല ട്രാമുകളിലും വെടിയുണ്ടയേറ്റ പാടുകൾ അതേപടി നിലനിർത്തിയിട്ടുണ്ട്.

നാച്വറൽ പാർക്കിലെ റെസ്റ്റോറന്റ് 

ഞാൻ വീണ്ടും നഗരത്തിലൂടെ നടക്കുമ്പോൾ അർമാന്റെ വിളി വന്നു. അർമാൻ ഹോട്ടലിൽ കാത്തുനിൽപ്പുണ്ട്. ഞാൻ ട്രാമുകളെയും കാറുകളെയും കുറുകെ കടന്ന് ഹോട്ടലിലേക്ക് ഓടി.

സരയേവോ നഗരം

ഹോട്ടലിലേക്കുള്ള വഴിയിൽ മഞ്ഞുവീണ് മൂടിക്കിടക്കുന്ന കാറുകൾ കണ്ടു. തലേന്ന് രാത്രി നല്ല മഞ്ഞുവീഴ്ചയുണ്ടായിരുന്നു എന്ന് കാറുകളുടെ മേലെ കാർപെറ്റുപോലെ വീണു കിടക്കുന്ന ഹിമം സൂചിപ്പിച്ചു.അർമാനോടൊപ്പം വീണ്ടും നഗരക്കാഴ്ചകളിലേക്കിറങ്ങി. നഗരത്തിലൂടെ ഓടുമ്പോൾ പുതിയ നഗരത്തിന്റെ വർണക്കാഴ്ചകൾ സരയേവോയുടെ ചരിത്രം അറിയാവുന്നവരെ അമ്പരപ്പിക്കാതിരിക്കില്ല. '96ൽ യുദ്ധം അവസാനിക്കുമ്പോൾ കോൺക്രീറ്റ് കൂമ്പാരം മാത്രമായിരുന്നു, സരയേവോ നഗരം. നഗരത്തിന്റെ നാലുഭാഗത്തുമുള്ള മലകളിൽ നിന്ന് നാലു വർഷം നീണ്ട ബോംബ് പ്രയോഗത്തിൽ നഗരം മണ്ണോടു മണ്ണായി. പിന്നെ, ഇക്കണ്ടകാലം കൊണ്ട് പുനസൃഷ്ടിച്ചെടുത്തതാണ് പുതിയ നഗരം.

ബോംബിങ്ങിൽ തകർന്ന കെട്ടിടങ്ങൾ 

പോകുന്ന വഴിക്ക് യുദ്ധത്തിന്റെ ബാക്കി പത്രം പോലെ നിൽക്കുന്ന ഏതാനും കെട്ടിടങ്ങൾ അർമാൻ ചൂണ്ടിക്കാട്ടി. അവ പുതുക്കിപ്പണിയാതെ അതേപടി നിലനിർത്തിയിരിക്കുകയാണ്. എല്ലാം ബോംബിങ്ങിൽ ഭാഗികമായി തകർന്നവ. അവയിലൊന്ന് ഗവർമെന്റ് ഉടമസ്ഥതയിലുള്ള ടിവി കേന്ദ്രമാണ്. അക്കാലത്ത് സരയേവോയിലെ യുദ്ധത്തെക്കുറിച്ച് ലോകത്തെ അറിയിച്ചിരുന്നത് ഈ ടിവി ചാനലാണ്. അതുകൊണ്ടു തന്നെ ടിവികേന്ദ്രം ശത്രുക്കളുടെ കണ്ണിലെ കരടായി. പലതവണ, പലതരത്തിൽ ടിവി കേന്ദ്രം തകർക്കാൻ ശ്രമം നടന്നു. ബോംബുകൾ പതിച്ച ഭിത്തികളുമായി ഇപ്പോഴും പ്രവർത്തനം തുടരുകയാണ് ടിവി സ്റ്റേഷൻ.

ബോംബിങ്ങിൽ തകർന്ന കെട്ടിടങ്ങൾ 

അന്ന് ടിവി സ്റ്റേഷന്റെ പിന്നിലുള്ള ഒരു അപ്പാർട്ടുമെന്റിലാണ് അർമാന്റെ അച്ഛനും അമ്മയും താമസിച്ചിരുന്നത്. അവരുടെ അപ്പാർട്ടുമെന്റിലും വെടിയുണ്ടകളേറ്റെങ്കിലും പരിക്കേൽക്കാതെ നാലുവർഷം കഴിച്ചുകൂട്ടി. 'പലപ്പോഴും പട്ടിണി കിടക്കേണ്ടി വന്നു എല്ലാം റേഷനായിരുന്നു. ഒരു കുടുംബത്തിലേക്ക് പ്രതിദിനം നാലു കഷണം റൊട്ടിമാത്രമായിരുന്നു. ഏറെക്കാലത്തേക്ക് അനുവദിച്ചിരുന്നത്. മണ്ണെണ്ണ മുതൽ സിഗരറ്റ് വരെ എല്ലാം റേഷൻ.' അർമാൻ ആ ദുരിതകാലം ഓർത്തെടുത്തു.

വെലോ ബോസ്‌നെ എന്ന നാച്വറൽ പാർ'ക്കിലേക്കാണ് ഞങ്ങളുടെ യാത്ര. ബോസ്‌ന നദിയുടെ ഉത്ഭവ സ്ഥാനമാണ് ഈ പാർക്ക്. ചുറ്റുമുള്ള മലനിരകളിലെവിടെയോ നിന്ന് ഉത്ഭവിച്ച് പാറകൾക്കടിയിലൂടെ ഒഴുകുന്ന നദി പുറംലോകം കാണുന്നത് ഈ പാർക്കിൽ വെച്ചാണ്. ബോസ്‌ന നദി സൃഷ്ടിക്കുന്ന വെള്ളച്ചാലുകൾക്കിടയിലാണ് പച്ചപ്പിന്റെ ഭൂമിയെന്നു വിശേഷിപ്പിക്കാവുന്ന നാച്വറൽ പാർക്ക് സ്ഥിതി ചെയ്യുന്നത്. തലേന്നു വൈകീട്ട് പ്രകൃതി ദൃശ്യങ്ങൾ കാണാൻ ഇഷ്ടമാണോ എന്ന് അർമാൻ ചോദിച്ചിരുന്നു. പ്രകൃതി, ചരിത്രം തുടങ്ങി കോൺക്രീറ്റ് വനങ്ങൾ വരെയുള്ള എന്തും എനിക്കിഷ്ടമാണെന്ന് ഞാൻ ഉത്തരം പറഞ്ഞു. എന്നാൽ വെലോ ബോസ്‌നെ എന്ന പാർക്ക് കാണേണ്ടതുതന്നെ എന്ന് അർമാൻ പറഞ്ഞിരുന്നു. അതിന്റെ ഭാഗമായാണ് ഈ യാത്ര.

നഗരം പിന്നിട്ട് അരമണിക്കൂർ ഓടിയപ്പോൾ മഞ്ഞുവീഴ്ച തുടങ്ങി. സരയേവോയിൽ ഇങ്ങനെയാണെന്ന് കഴിഞ്ഞ അദ്ധ്യായത്തിൽ എഴുതിയിരുന്നല്ലോ. നഗരത്തിന്റെ നടുവിലെ കാലാവസ്ഥയല്ല, മറ്റു ഭാഗങ്ങളിൽ. ചുറ്റുപാടും നെഞ്ചുവിരിച്ചു നിൽക്കുന്ന മലകളുടെ സമീപത്തേക്ക് എത്തുമ്പോൾ കാലാവസ്ഥ പെടുന്നനെ മാറുന്നു.

മഞ്ഞിനൊപ്പം മഴയും തുടങ്ങി. കാഴ്ചകൾ മങ്ങിത്തുടങ്ങി. ഏതാണ്ട് ഒരു മണിക്കൂർ ഓടിയപ്പോൾ നാച്വറൽ പാർക്കിന്റെ കവാടം കണ്ടു. തലേന്ന് ഞങ്ങൾ കേബിൾ കാറിൽ കയറി എത്തിയ മലയുടെ ചുവട്ടിലാണ് പാർക്ക് എന്നു പറയാം. പക്ഷെ, ചുറ്റുമുള്ള മലനിരകളൊന്നും ഇപ്പോൾ വ്യക്തമല്ല മഞ്ഞിന്റെ തിരശീല കാഴ്ചകൾക്കു മേൽ കൊതുകു വല പോലെ മൂടിക്കിടക്കുന്നു.

ടിക്കറ്റെടുത്ത് ഞങ്ങൾ പാർക്കിനുള്ളിൽ പ്രവേശിച്ചു. അർമാൻ പറഞ്ഞതുപോലെ ഒന്നാന്തരമൊരു പിക്‌നിക് സ്‌പോട്ടാണ് ഇവിടം. അരുവികളും വനപ്രദേശവും നടവഴികളും റെസ്റ്റോറന്റുമൊക്കെയുള്ള, നഗരത്തിൽ നിന്ന് ഏറെ അകലെയല്ലാത്ത പ്രദേശം. മഞ്ഞുകാലം കഴിയുമ്പോൾ ഇവിടെ എപ്പോഴും തിരക്കായിരിക്കുമെന്ന് അർമാൻ പറഞ്ഞു. നഗരവാസികൾ കുടുംബസമേതം വാരാന്ത്യം ചെലവഴിക്കാനെത്തുന്നതും ഇവിടെത്തന്നെയാണ്. മരങ്ങൾക്കിടയിലൂടെ നടവഴികൾ. അവയ്ക്കിടയിൽ ഉയർന്ന തടിപ്പാലങ്ങൾ. അരുവികളിൽ നീന്തിത്തുടിക്കുന്ന അരയന്നങ്ങൾ. പ്രകൃതിയെ മുറിവേൽപ്പിക്കാതെ, കാടിനു ചേർന്ന വിധം നിർമ്മിച്ച റെസ്റ്റോറന്റുകൾ എന്നിവയൊക്കെ ചേർന്ന് പാർക്കിന്റെ ഭംഗി വർദ്ധിപ്പിക്കുന്നു. അല്പം ഉള്ളിലേക്കു നടക്കുമ്പോൾ പാറക്കൂട്ടത്തിനിടയിൽ നിന്ന്, ശിവന്റെ ശിരസിൽ നിന്ന് ഗംഗയെന്ന പോലെ ചാടുന്ന ബോസ്‌ന നദി കാണാം. ഒരു ചെറിയ അരുവിയായി ഉറവയെടുക്കുന്ന നദിയാണ് പിന്നെ 282കി.മീ ദൂരത്തിൽ, രാജ്യത്തെ പ്രധാനപ്പെട്ട നദികളിലൊന്നായി ഒഴുകുന്നത്.

ഞങ്ങൾ അല്പനേരം പാർക്കിലെ റെസ്റ്റോറന്റിൽ കയറിയിരുന്ന് ചൂടുകാപ്പി മോന്തിക്കുടിച്ചു. കണ്ണാടി ജനലുകളിലൂടെ പെയിന്റിങ് പോലെ പാർക്ക് കാണാം. റെസ്റ്റോറന്റിൽ ഞങ്ങളല്ലാതെ മറ്റു രണ്ടുപേർ മാത്രം. ചൂടുകാലത്ത് ഈ റെസ്റ്റോറന്റിൽ കയറണമെങ്കിൽ ഊഴം കാത്തുനിൽക്കേണ്ട അവസ്ഥയാണെന്ന് അർമാൻ പറഞ്ഞു.മഞ്ഞ് വകവെക്കാതെ കുറെ നേരം പാർക്കിൽ ചുറ്റി നടന്ന് ചിത്രങ്ങൾ പകർത്തി. മഴ പലപ്പോഴും കാഴ്ചയെ മറച്ചെങ്കിലും പാർക്കിന്റെ ഭംഗി മൂലം അവിടം വിട്ടുപോരാൻ തോന്നിയില്ല എന്നതാണ് സത്യം.

(തുടരും)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com