sections
MORE

ഭൂട്ടാൻ യാത്രയ്ക്ക് തയാറെടുക്കുമ്പോൾ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

bhuttan
SHARE

മരങ്ങളും ചെടികളും മനോഹരമാക്കുന്ന ഭൂട്ടാനിലെ  പ്രകൃതിയും കാഴ്ചകളും  ഏതൊരു സഞ്ചാരിക്കും വിസ്മയമാണ്. ഏറ്റവും സന്തോഷവും ആനന്ദവുമുള്ള നാടാണ് ഭൂട്ടാൻ. നീലാകാശത്തെ ചുംബിച്ച് നില്‍ക്കുന്ന മലനിരകളും താഴ്‍വാരങ്ങളും  നിറഞ്ഞ ഭൂട്ടാന്‍  പ്രകൃതിരമണീയതയാൽ സമ്പന്നമാണ്. ഏറ്റവും സന്തുഷ്ടരായ ജനങ്ങൾ അധിവസിക്കുന്ന ഇടമാണ് ഭൂട്ടാൻ. പ്രത്യേകതകൾ ഒരുപാടാണ് ഇൗ സ്വപ്ന നഗരത്തിന്. സന്തോഷത്തിന്റെ നഗരം എന്ന പെരുമയ്ക്ക് പിന്നിൽ ഇവിടുത്ത ജനങ്ങളുടെ സന്തോഷകരമായ ജീവിതവും സുന്ദരകാഴ്ചകളുമൊക്കെയാണ്. ഇന്ത്യക്കാരും നേപ്പാളികളും അധിവസിക്കുന്ന സ്ഥലമാണ് ഭൂട്ടാൻ. ഭൂട്ടാൻ യാത്രയ്ക്ക് തയാറെടുക്കുമ്പോൾ കുറച്ചേറെ കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്. 

ഇപ്പോഴും രാജഭരണം നിലവിലിരിക്കുന്ന അപൂർവം പ്രദേശങ്ങളിൽ ഒന്നാണ് ഭൂട്ടാൻ. രാജാവ് പറയുന്നത് തന്നെയാണ് ജനങ്ങൾക്ക് വേദവാക്യം. ഒപ്പം പ്രജകളുടെ സന്തോഷത്തിനപ്പുറമൊന്നും അദ്ദേഹത്തിന് നോക്കാനുമില്ല. എല്ലാ കാരണങ്ങൾ കൊണ്ടും സംതൃപ്തിയില്‍ ജീവിക്കുന്ന മനുഷ്യർ. ലോകരാജ്യങ്ങളിൽ തന്നെ ഭൂട്ടാൻ വേറിട്ട് നിൽക്കുന്നു.  ഭൂട്ടാനിൽ ബുദ്ധ ആരാധനാകേന്ദ്രങ്ങളാണ് അധികവും. ബുദ്ധമത വിശ്വാസികളുടെ നാടുകൂടിയാണിവിടം. ലോകം ദു:ഖമാണെന്ന് പറഞ്ഞ ബുദ്ധന്റെ നാട്ടുകാര്‍ സന്തോഷത്തിന് പ്രാധാന്യം നല്‍കിയാണ് ജീവിതം മുന്നോട്ട് നയിക്കുന്നത്.

ജനങ്ങൾക്ക് അധികാരം ഇവിടുത്തെ രാജാക്കന്മാർ പലതവണ വിട്ടു നൽകിയിട്ടുണ്ട്.  രാജാവിലുള്ള വിശ്വാസവും സ്നേഹവും കൊണ്ട് ജനങ്ങൾ തങ്ങൾക്ക് ലഭിച്ച അവകാശം രാജാവിന് തന്നെ തിരികെ നൽകി. അതും പലവട്ടം. അപ്പോൾ തന്നെ മനസ്സിലാക്കാമല്ലോ രാജാവ് ഈ രാജ്യക്കാരുടെ കണ്ണിൽ ആരാണെന്ന്. 'ഡ്രൂക്പ' എന്ന പേരിലാണ് ഇവിടുത്തെ മനുഷ്യർ അറിയപ്പെടുന്നത്. കൃഷി തന്നെയാണ് ഇവിടുത്തെ ജനങ്ങളുടെ പ്രധാന വരുമാന മാർഗ്ഗം.

ഹിമാലയൻ താഴ‍്‍‍വരയിൽ സ്ഥിതി ചെയ്യുന്ന ഭൂട്ടാൻ അത്യാധികം നിഗൂഢതകള്‍ പേറുന്ന രാജ്യം കൂടിയാണ്.  പർവ്വതത്തിന്റെ താഴ‍്‍‍വാരമായതിനാൽ മലകളും മരങ്ങളും മനോഹരമായ ഭൂപ്രകൃതിയും കൊണ്ട് ഭൂട്ടാൻ അലങ്കരിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടു തന്നെ ഇവിടെയെത്തുന്നവരെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത് ട്രെക്കിങ്ങാണ്. ഏഴു ലക്ഷത്തോളം പേരാണ് ഇവിടെ ബുദ്ധമത വിശ്വാസികളായി ഇവിടെയുള്ളത്. അതുകൊണ്ടു ബുദ്ധമത അനുയായികളുടെ സവിശേഷതകളായ ആരാധനാലയങ്ങൾ ബുദ്ധ ക്ഷേത്രങ്ങൾ എന്നിവയൊക്കെ ഇവിടുത്തെ സംസ്കാര പൈത്യകത്തിനു മാറ്റുകൂട്ടുന്നു. ജീവിതരീതി, ആരോഗ്യം, വിദ്യാഭ്യാസം, സംസ്കാരം എന്നിങ്ങനെ വിവിധ ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഒരു രാജ്യത്തിൻറെ ആസ്ഥാന സ്വഭാവത്തെ വിലയിരുത്തുക. 

സീസൺ അറിഞ്ഞു ഭൂട്ടാൻ സന്ദർശനം നടത്തുന്നതു വഴി മറ്റൊരു ഉപകാരം കൂടിയുണ്ട്. ധനച്ചെലവ് കുറയ്ക്കാനും ഇതൊരു മികച്ച മാർഗമാണ്. സീസൺ സമയങ്ങളിൽ ഒരു ദിവസത്തെ താമസത്തിനും ഭക്ഷണത്തിനും ചെലവാകുന്നതിന്റെ പകുതി പണം മാത്രമേ സീസൺ അല്ലാത്ത ഡിസംബർ മുതൽ ജനുവരി വരെയും ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിലും ചെലവാകുകയുള്ളു. കീശ കാലിയാകാതെ കാഴ്ചകൾ ആസ്വദിക്കണം എന്ന മനോഭാവമുള്ള യാത്രികനാണ് നിങ്ങളെങ്കിൽ സീസൺ അല്ലാത്ത സമയങ്ങൾ യാത്രയ്ക്കായി തെരെഞ്ഞെടുക്കുന്നതായിരിക്കും ഉത്തമം.

ഹോം സ്റ്റേകൾ താമസത്തിനായി തെരഞ്ഞെടുക്കാൻ താല്പര്യമുള്ളവർക്കു മികച്ച താമസ സൗകര്യങ്ങൾ നൽകുന്ന നിരവധി ഹോം സ്റ്റേകൾ കാണുവാൻ കഴിയും. സൗകര്യങ്ങൾ കുറഞ്ഞ ഹോം സ്റ്റേ കളും കുറഞ്ഞ നിരക്കിൽ ലഭ്യമാകും. ഭൂട്ടാനിലെ ജനങ്ങളുടെ ജീവിതരീതികളും ശൈലികളും അടുത്തറിയാൻ ഏറെ ഉപകാരപ്രദമാണ് ഹോംസ്റ്റേകൾ. മാത്രമല്ല, ആഡംബരങ്ങൾ നിറഞ്ഞ ഹോട്ടൽ മുറിയോളം പണച്ചെലവുമില്ല. ഒരു സ്ഥലത്തു നിന്നും മറ്റൊരിടത്തേയ്ക്കുള്ള യാത്രകൾക്കു മിക്കപ്പോഴും ടാക്സികളെ ആശ്രയിക്കേണ്ടതായി വരും. അവിടെയും വിവേകപൂർവം പ്രവർത്തിച്ചാൽ പണച്ചെലവ് കുറയ്ക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA