ADVERTISEMENT

ഫുട്ബോളിലൂടെയാണ് പലരും ബ്രസീലിനെ അടുത്തറിഞ്ഞത്. തെക്കേ അമേരിക്കയിലെ ഏറ്റവും വലുപ്പമുള്ള രാജ്യവും ജനസംഖ്യയിൽ മുന്നിലുള്ളതുമായ ഈ നാടിന്റെ ഭൂപ്രകൃതി ഏറെ വ്യത്യസ്തമാണ്. കുന്നുകളും മലകളും സമതലങ്ങളും ഉയരം കൂടിയ പ്രദേശങ്ങളും ചെറുകാടുകളുമൊക്കെ നിറഞ്ഞ ഇവിടം ഉള്ളുനിറയ്ക്കുന്ന നിരവധി മനോഹരകാഴ്ചകൾ കൊണ്ടും സമ്പന്നമാണ്. അതുകൊണ്ടു തന്നെ വർഷാവർഷം  ഇവിടെയെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ  വലിയ വർധനവാണ് രേഖപ്പെടുത്തുന്നത്.

ലോകത്തിലെ അതിസുന്ദരമായ ബീച്ചുകളുടെ ഗണത്തിൽ  സ്ഥാനമുള്ള സാഞ്ചോ ബേ യും സ്ഫടിക ജാലകമെന്നു തോന്നിപ്പിക്കുന്ന തരത്തിലുള്ള ബൊനിറ്റോ നദികാഴ്ചകളും, ലാറ്റിൻ അമേരിക്കയിലെ ഏറ്റവും വലിയ വാട്ടർ പാർക്കായ ബീച്ച് പാർക്കും, ഇഗ്വാസു വെള്ളച്ചാട്ടവുമെല്ലാം സന്ദർശകരെ ത്രസിപ്പിക്കുന്ന ബ്രസീലിയൻ കാഴ്ചകളാണ്.

brazil-trip

നദികളും തടാകങ്ങളും കാടുകളും ബീച്ചുകളും നിറഞ്ഞ സാവോ ലൂയിസ് ഡൊ മറാൻഹോയും നോക്കെത്താ ദൂരത്തോളം മണൽ നിറഞ്ഞ ലെൻകോയിസ് മാറിൻഹെൻസീസ് മരുഭൂമിയുമെല്ലാം ആ നാടിന്റെ ഇരുമുഖങ്ങളാണ്. ബ്രസീലിന്റെ വടക്കു കിഴക്കൻ ഭാഗത്തു സ്ഥിതി ചെയ്യുന്ന മറാൻഹോ ജില്ലയുടെ തലസ്ഥാനമാണ് സാവോ ലൂയിസ് ഡൊ മറാൻഹോ. വളരെ വ്യത്യസ്തമായ ആവാസവ്യവസ്ഥ നിലനിൽക്കുന്ന ഒരിടമാണിത്. ബ്രസീലിന്റെ മറ്റിടങ്ങളെ അപേക്ഷിച്ച് നിരവധി ബീച്ചുകളും നദിയും തടാകങ്ങളും വനങ്ങളുമൊക്കെ നിറഞ്ഞ ഇവിടം സന്ദർശകരുടെ പ്രിയപ്പെട്ടയിടങ്ങളിലൊന്നാണ്.

സംരക്ഷിക്കപ്പെടുന്ന നിരവധി വനങ്ങളും വെള്ളമണൽ വിരിച്ച കടൽത്തീരങ്ങളും മറാൻഹോയെ സ്വർഗസമാനമാക്കുന്നു. മീറ്ററുകളോളം ഉയരത്തിൽ മണൽക്കൂനകൾ സൃഷ്ടിക്കപ്പെട്ടിട്ടുള്ള ലെൻകോയിസ് മാറിൻഹെൻസീസ്  സഞ്ചാരികളെ ശരിക്കും വിസ്മയിപ്പിക്കും. നൂറോളം നദികൾ, ചെറുപൊയ്കകൾ, ബീച്ചുകൾ ഇവയെല്ലാം മഴ തുടങ്ങുന്നതുവരെ മനോഹരമായ കാഴ്ചകളൊരുക്കി യാത്രികർക്കായി കാത്തിരിക്കും.

534215078

ഈ നാടുകൾ സന്ദർശിക്കുന്നതിന് ഏറ്റവും ഉചിതമായ സമയം മഴക്കാലത്തിനുശേഷമാണ്. മെയ് മുതൽ ഓഗസ്റ്റ് വരെയുള്ള സമയമാണ് ഇവിടെയെറെ സഞ്ചാരികൾ എത്തുക. ലെൻകോയിസ് മാറിൻഹെൻസീസിൽ പോകാൻ താൽപര്യമില്ല, സാവോ ലൂയിസ് മാത്രമാണ് സന്ദർശിക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ അതിനു പറ്റിയ സമയം ജൂൺ മുതൽ സെപ്തംബര് വരെയാണ്. മെയ് മാസത്തിൽ ഇവിടെ കനത്ത മഴയും  സെപ്തംബര് മുതൽ ചൂടും തുടങ്ങും. ചൂട് അതികഠിനമൊന്നുമല്ലെങ്കിലും ജൂൺ മുതലുള്ള കാലയളവാണ് സന്ദർശനത്തിനനുയോജ്യം. 

നിറങ്ങൾ നിറഞ്ഞ നഗരമാണ് സാവോ ലൂയിസ്. പുരാതന സ്മാരകമായ സാവോ കത്തീഡ്രൽ, റെമഡിയസ് സ്ക്വയർ, സാന്റോ അന്റോണിയോ ദേവാലയം, മറാൻഹോ ആര്ട്ട് ആൻഡ് ഹിസ്റ്ററി മ്യൂസിയം, അതിസുന്ദര ബീച്ചായ പോണ്ടാ ഡി അരീയ, സാന്റോ അന്റോണിയോ കോട്ട, കൽഹൌ തുടങ്ങിയവയെല്ലാം ഇവിടെയെത്തുന്ന സഞ്ചാരികളുടെ ഹൃദയം കീഴടക്കും. കൂടാതെ ഡെൽറ്റ, ഇൽഹ എന്നറിയപ്പെടുന്ന ഇരുദ്വീപുകളും ചപ്പാട ദാസ് മേസസ്, ഫ്ലോറെസ്റ്റ ഡോസ് ഗ്വാറസ് എന്നീ പേരുകളുള്ള വനങ്ങളുമൊക്കെ സഞ്ചാരികൾക്കായി സുന്ദര കാഴ്ചകളൊരുക്കുന്ന സാവോ ലൂയിസിലെ പ്രധാനയിടങ്ങളാണ്. മനോഹരമായ നിരവധി സ്ഥലങ്ങൾ അവിടെയിനിയും വേണ്ടുവോളമുണ്ട്. മനുഷ്യനിർമിതവും പ്രകൃതി കനിഞ്ഞനുഗ്രഹിച്ച്  നല്കിയിരിക്കുന്നതുമായ ഒരുപാട് സ്ഥലങ്ങൾ.

സാവോ ലൂയിസിൽ തന്നെ വിമാനത്താവളമുണ്ട്. യാത്ര സുഗമമാക്കാൻ അതേറെ സഹായിക്കും.   ലെൻകോയിസ് മാറിൻഹെൻസീസും സാവോ ലൂയിസും ലാറ്റിൻ അമേരിക്കയുടെ സൗന്ദര്യം  കാണാൻ ആഗ്രഹിക്കുന്നവരെ വ്യത്യസ്തവും സുന്ദരവുമായ ഭൂപ്രകൃതിയും കാഴ്ചകളും കൊണ്ട് അതിശയിപ്പിക്കുന്നയിടങ്ങളാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com