ADVERTISEMENT

കേപ്പ് പാലിസർ, ന്യൂസിലൻഡിലെ നോർത് ഐലൻഡിന്റെ തെക്കേ മുനമ്പ്. ന്യൂസിലൻഡ് കണ്ടു പിടിച്ച കുപെ 1000 വർഷങ്ങൾക്കു മുമ്പ് ആദ്യമായി കാലുകുത്തിയത് ഈ തീരങ്ങളിലാണെന്ന് ന്യൂസിലൻഡിലെ മോറി വർഗക്കാർ വിശ്വസിക്കുന്നു. മീൻപിടിത്തക്കാരായിരുന്നു കുപെയും കൂട്ടരും. അവർ താമസിച്ചിരുന്ന ഹവായ്കി ദ്വീപുകളിൽ മീന്‍പിടുത്തത്തിന് തടസ്സമുണ്ടായപ്പോഴാണ് കുപെയുടെ നേതൃത്വത്തിൽ ന്യൂസിലൻഡിലേക്കു കുടിയേറിയത്.

ഇവരുടെ കുടിയേറ്റത്തിന്റെ ശേഷിപ്പുകൾ ആർക്കിയോളജി സ്റ്റുകൾ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. കേപ്പ് പാലിസറിനു സമീപമുള്ള ഗാവി എന്ന ജനവാസകേന്ദ്രത്തിലെ ആളുകളുടെ പ്രധാന തൊഴിൽ മത്സ്യ ബന്ധനമാണ്. കൊഞ്ചാണ് പ്രധാനമായും ഇവർ പിടിക്കുന്നത്. ബുൾഡോസറുകളുപയോഗിച്ചാണ് മത്സ്യബന്ധന ബോട്ടുകൾ ക‍ടലിലിറക്കുന്നത്.

കപ്പലപകടങ്ങൾക്കു കുപ്രസിദ്ധമായിരുന്നു പാലിസർ മുനമ്പും. 1897 ൽ കാസ്റ്റ് അയണില്‍ നിർമിച്ച പേരിടാത്ത ലൈറ്റ് ഹൗസ് ഇവിടെ സ്ഥാപിച്ചു. ഓരോ 20 സെക്കൻഡിലും കണ്ണു ചിമ്മുന്ന 120 വർഷം പഴക്കമുള്ള ലൈറ്റ് ഹൗസ് ഈ മുനമ്പിൽ കപ്പലുകളെ അപകടങ്ങളിൽ നിന്ന് കാത്തു രക്ഷിക്കുന്നു. ബീച്ചിൽ നിന്ന് 253 സ്റ്റെപ്പ് കയറി ലൈറ്റ് ഹൗസിനടുത്ത് എത്താം. 18 മീറ്റര്‍ ഉയരമുണ്ട് ലൈറ്റ് ഹൗസിന്.

ഫർ സീലുകളുടെ ആവാസകേന്ദ്രമാണ് ഈ തീരം. ബീച്ചിനും സമീപമുള്ള റോഡുകൾക്കരികിലും ഇവയെ കൂട്ടമായി കാണാൻ സാധിക്കും. നവംബർ പകുതി മുതൽ ഡിസംബർ പകുതി വരെയാണ് ഇവയുടെ പ്രജനന സമയം. ഈ സമയത്ത് സീൽ കുഞ്ഞുങ്ങളെ കാണാൻ സാധിക്കും. ലോര്‍ഡ് ഓഫ് റിങ്സ് ഷൂട്ടിങ് നടത്തിയ പുതാൻഗിരുവ പിനാക്കിൾസ് കേപ്പ് പാലിസറിലെ പ്രധാന ടൂറിസ്റ്റ് ആകർഷണ കേന്ദ്രമാണ്. മണ്ണൊലിപ്പു കൊണ്ടോ, മറ്റു ഭൗമ ചലനങ്ങൾ കൊണ്ടോ, ഭൂമിയുടെ ഉപരിതലത്തിൽ ഉയർന്നു നിൽക്കുന്ന മൺസ്തൂപങ്ങളാണ് പിനാക്കിൾ. പിനാക്കിൾസിനിടയിലുള്ള ട്രെക്കിങ്ങിന് ധാരാളം സഞ്ചാരികൾ എത്താറുണ്ട്. ഇതു താര തമ്യേന ലഘുവായ ട്രെക്കിങ്ങാണ്. ലൈറ്റ് ഹൗസും പുതാൻ ഗിരുവ പിനാക്കിൾസും ബന്ധിപ്പിച്ചു കൊണ്ടുള്ള ടൂറിസ്റ്റ് ട്രക്കിങ് പാക്കേജുണ്ട്.

ആദ്യകാല ന്യൂസിലാൻഡിലൻഡ് കുടിയേറ്റത്തിന്റെ ചരിത്രക്കാഴ്ചയും മനോഹരമായ ബീച്ചുകളും പ്രകൃതിസൗന്ദര്യവുമാണ്. കേപ്പ് പാലിസർ സഞ്ചാരികൾക്കായി കാത്തു വയ്ക്കുന്നത്.

എങ്ങനെ എത്താം

രണ്ട് പ്രധാനപ്പെട്ട വിമാനത്താവളങ്ങളാണ് ന്യൂസിലൻഡിൽ ഉള്ളത്. നോർത്ത് ഐലാൻഡിലെ ഓക്ക് ലാൻഡ് രാജ്യാന്തര വിമാനത്താവളവും (Auckland International Airport). ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങി ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിൽ നിന്നെല്ലാം ഓക്ക് ലാൻഡ് രാജ്യാന്തരവിമാനത്താവളത്തിലേക്ക് സർവീസുണ്ട്. ഓക്ക് ലാൻഡിൽ നിന്നും രാജ്യത്തെ മിക്ക സിറ്റികളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഫ്ലൈറ്റുകൾ ലഭ്യമാണ്. അല്ലെങ്കിൽ ജലഗതാഗതമാർഗം ഉപയോഗപ്പെടുത്താം. കൂടുതൽ വിവരങ്ങള്‍ക്ക്. www.newzealand.com/int/

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com