sections
MORE

മൈനസ് 58 ഡിഗ്രി തണുപ്പ് തേടി യാത്ര; മനുഷ്യന് എത്തിപ്പെടാൻ പ്രയാസമേറിയ യാത്രായിടങ്ങൾ

964487466
SHARE

മനുഷ്യന് എത്തിപ്പെടാൻ സാധിക്കാത്ത ഒട്ടനവധി കാര്യങ്ങൾ ഉണ്ട് ഈ ഭൂമിയിൽ. ലോക ജനസംഖ്യയിലെ പെരുപ്പവും താമസലഭ്യതക്കുറവും എല്ലാം മനുഷ്യനെ പുതിയ ഇടങ്ങളിലേക്ക് നയിക്കുന്നു. അങ്ങനെ ചില മനുഷ്യർ കാടുകയറിയും മലമുകളിലേക്ക് പലായനം നടത്തിയും ജീവിതം കെട്ടിപ്പൊക്കുന്നു. അത്തരത്തിലെ ചില സ്ഥലങ്ങളെ അറിയാം.

പാമേൽസ്റ്റൺ ദ്വീപ്

ന്യൂസിലാന്റിൽ നിന്ന് 2,000 മൈൽ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന പാമൽസ്റ്റൺ ദ്വീപിൽ ആകെയുള്ള ജനസംഖ്യ എന്നു പറയുന്നത് 62 പേർ മാത്രമാണ്‌. മനോഹരമായ വെള്ള മണൽ വിരിച്ച കടൽ തീരത്തോട് കൂടിയ ഈ ദ്വീപിൽ ഷോപ്പുകളോ മാർക്കറ്റുകളോ ഇല്ല, മാത്രമല്ല പുറം ലോകത്തിൽ നിന്ന് സാധനങ്ങൾ വാങ്ങാനല്ലാതെ ഇവിടുത്തുകാർ പണം പോലും ഉപയോഗിക്കുന്നില്ല.

സാധാരണയായി ഒരു ചരക്ക് കപ്പൽ വർഷത്തിൽ രണ്ടുതവണ ഇവിടം സന്ദർശിക്കും. ബാക്കി കാലം മുഴുവൻ ഇവിടുത്തുകാർ പുറം ലോകത്തോട് മുഖം തിരിക്കും. ന്യൂസിലന്റിലെ താഹിതിയിൽ നിന്നുള്ള 8 ദിവസത്തെ ബോട്ട് യാത്ര ചെയ്യാൻ നിങ്ങൾക്ക് ആകുമെങ്കിൽ  സന്ദർശകർക്ക് സ്വാഗതമരുളാൻ പാമൽ സ്റ്റൺ ദ്വീപുകാർ റെഡിയാണ്. വളരെ വിരളമെങ്കിലും ഇവിടെയെത്തുന്ന സഞ്ചാരികളെ അവരുടെ സ്വന്തം വീടുകളിൽ താമസിപ്പിക്കും. കാര്യമിതൊക്കെയാണെങ്കിലും ദ്വീപിൽ രണ്ട് ടെലിഫോണുകളും പ്രതിദിനം 6 മണിക്കൂർ വൈദ്യുതിയും 4 മണിക്കൂർ ഇന്റർനെറ്റ് ആക്സസും ഉണ്ടത്രേ.

ഒമ്യാക്കോൺ റഷ്യ

നിങ്ങൾ സാഹസികതയുടെ ആരാധകരെങ്കിൽ റഷ്യയിലെ ഒമ്യാക്കോൺ സന്ദർശിക്കാൻ ശ്രമിക്കണം. കാരണം തുടർച്ചയായി ജനവാസമുള്ള  ഗ്രഹത്തിലെ ഏറ്റവും തണുപ്പുള്ള സ്ഥലമാണ്, ശരാശരി മൈനസ് 58 ഡിഗ്രി താപനിലയാണ് ഇവിടുത്തേത്. എങ്ങനെയെങ്കിലും ഇവിടെ എത്തിയെന്ന് കരുതിക്കോ, പക്ഷേ കുടിക്കാൻ ഒരു തുള്ളി വെള്ളം കിട്ടില്ല.

1126932157

കാരണം ഇവിടെയെന്തും തൽക്ഷണം മരവിച്ച് ഐസായിപ്പോകും. പിന്നെ ഭക്ഷണം, ഇവിടെ കൃഷിയൊന്നും സാധ്യമല്ലാത്തതിനാൽ  ശീതീകരിച്ച മത്സ്യം, റെയിൻഡിയർ മാംസം, മാക്രോണിയോടുകൂടിയ കുതിര രക്തത്തിലെ ഐസ് ക്യൂബുകൾ തുടങ്ങിയയൊക്കെ കഴിക്കേണ്ടി വരും. ദിവസത്തിൽ 21 മണിക്കൂറും ഇരുട്ടിലായ ഒമ്യാക്കോണിൽ ഏകദേശം  500 നടുത്ത് ആളുകൾ ജീവിക്കുന്നു.

സിവ ഓയാസീസ് ഈജിപ്ത്

ക്ലിയോപാട്രയുടെ ചരിത്രപരമായ കുളത്തിന്റെ പേരിൽ പ്രസിദ്ധമെങ്കിലും സിവ ഒയാസിസ് പതിവായി സഞ്ചാരികൾ സന്ദർശിക്കാറില്ല. കാരണം ഇവിടേക്കുള്ള യാത്ര തന്നെ. ഈ മരുപ്പച്ചയിലെത്തണമെങ്കിൽ കൈറോയിൽ നിന്ന് 5 മണിക്കൂർ ബസ് യാത്ര നടത്തണം.

182155197

ചൂട് കാറ്റേറ്റ് മരുഭൂമിയിലൂടെ സഞ്ചരിക്കാൻ അധികമാരും തുനിയാറില്ല. എന്നാൽ പടിഞ്ഞാറൻ മരുഭൂമിയുടെ നടുവിലുള്ള പ്രദേശത്തിന്റെ ഈ ഒറ്റപ്പെടൽ അവിടുത്തെ സിവി ഭാഷയും അമാസി സംസ്കാരവും എല്ലാം നന്നായി സംരക്ഷിക്കപ്പെടുന്നതിന് കാരണം ആകുന്നു. ഇനി കഠിനമായ ബസ് യാത്ര ചെയ്യാൻ തയ്യാറാണെങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് ചൂട് നീരുറവയിലെ കുളിയും ചെളി കൊണ്ട് നിർമ്മിച്ച ഇക്കോ ഫ്രണ്ട്ലി വീട്ടിലെ താമസവും ഒക്കെയാണ്.

ട്രിസ്റ്റൻ ഡാ കുൻഹ

ഇത് ശരിക്കും ഒരു അഗ്നിപർവ്വതമാണ്, എന്നാൽ 258 പേർക്ക് അവരുടെ വിടും കൂടിയാണ്. അഗ്നിപർവ്വതമാണെങ്കിലും ട്രിസ്റ്റൻ ഡാ കുൻഹയിൽ സ്റ്റോറുകൾ, സ്കൂളുകൾ, പള്ളികൾ, ഒരു ആശുപത്രി എന്നിവയുൾപ്പെടെ നിരവധി സൗകര്യങ്ങൾ ഉണ്ട്. ഇലക്ട്രിസിറ്റിയില്ലെങ്കിലും ഇവിടുത്തുകാർ വൈദ്യുതിക്കായി ഗ്യാസ് ജനറേറ്ററുകൾ ഉപയോഗിക്കുന്നു. ഈ ദ്വീപ് കണ്ടു പിടിച്ച ആളുടെ പേരാണ് ദ്വീപിന് നൽകിയിരിക്കുന്നത് പക്ഷേ പുള്ളി പോലും ഇവിടെ കാലു കുത്തിയിട്ടില്ല. ദക്ഷിണാഫ്രിക്കയിലെ കേ പ്ടൗണിൽ നിന്ന് വർഷത്തിൽ ആകെ 9 തവണ മാത്രം കപ്പൽ ഇവിടേക്ക് പോകുന്നുണ്ട്.

ലാറിൻ കോൺട, പെറു

1069320232

ആൻ‌ഡീസ് പർ‌വ്വതങ്ങളിൽ‌ വളരെ ഉയരത്തിൽ‌ സ്ഥിതിചെയ്യുന്ന ലാ റിൻ‌കോൺട ആരും പോകാൻ ഇഷ്ടപ്പെടുന്നൊരിടമാണ്. പക്ഷേ അധികകാലം താമസിക്കുമെന്ന് തോന്നുന്നില്ല. കാരണം 16,000 അടിയിലധികം ഉയരത്തിൽ, ലോകത്തിലെ ഏറ്റവും ഉയർന്ന മനുഷ്യവാസ കേന്ദ്രമാണിത്.

ഉയരം കൂടുന്തോറും ഉണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകളാണ് ഇവിടേക്ക് സഞ്ചാരികളെ അധികം ആകർഷിക്കാത്തത്. ശരിക്കും ഇതൊരു സ്വർണ്ണഖനനം നടക്കുന്ന സ്ഥലമാണ്. എന്നാൽ ഇതിനായി ഇവിടെയെത്തി താമസിക്കുന്ന 50,000 ത്തോളം ആളുകൾ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ ദാരിദ്ര്യരേഖയ്ക്ക് താഴെ കഴിയുന്നവരാണ്. ശരിക്കുമൊരു റോഡു പോലുമില്ലാത്ത ഇവിടെ എത്തിച്ചേരലും ദുഷ്കരമാണ്.

ചന്തംഗ്,  ടിബറ്റ്

ലാ റിൻ‌ കോൺടയെക്കാൾ പൊക്കമുള്ളതല്ലെങ്കിലും ടിബറ്റിലെ ചന്താംഗ് 4,000 മുതൽ 9,000 അടി വരെ ഉയരത്തിലാണ്. “ലോകത്തിന്റെ മേൽക്കൂര” എന്ന് പൊതുവായി വിളിക്കപ്പെടുന്ന ഈ പീഠഭൂമിയിൽ താമസിക്കുന്നത് ചാങ്‌പ എന്ന നാടോടികൾ മാത്രമാണ് ജീവിക്കുന്നത്. പിന്നെയുള്ളത് പലതരം വന്യജീവികളായ മഞ്ഞിൽ ജീവിക്കുന്ന പുള്ളിപ്പുലികൾ, യാക്കുകൾ  അങ്ങനെ. തണുപ്പിന്റെ കാഠിന്യത്താൽ ഇവിടേക്ക് അധികമാളുകൾ പോകാറില്ല.

അപ്പോൾ നിങ്ങൾ ആദ്യം എവിടെ പോകും? നോക്കെത്താ ദൂരത്തെ ദ്വീപിലേക്കോ, അതോ ലോകത്തിന്റെ നെറുകയിലെ തണുത്തുറഞ്ഞ പീഠഭൂമിയിലേയ്ക്കോ.?  എവിടെയാണെങ്കിലും അതിസാഹസികത നിറഞ്ഞ ഈ വ്യത്യസ്ത സ്ഥലങ്ങളിലെ ജീവിതങ്ങളെ അറിയാൻ സാധിക്കുന്നതും ഒരു രസം തന്നെയല്ലേ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA