ADVERTISEMENT

 ബാൾക്കൻ ഡയറി - അദ്ധ്യായം 16

സരയേവോ എന്ന അതിസുന്ദരമായ നഗരത്തോട് വിടപറയാൻ നേരമായി. ബോസ്‌നിയയിലെ മറ്റൊരു ആകർഷണമായ മോസ്റ്റാറിലേക്കാണ് ഇനി യാത്ര. പോകുംവഴി മറ്റു ചില വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കേണ്ടതുമുണ്ട്. കഴിഞ്ഞ അദ്ധ്യായത്തിൽ എഴുതിയിരുന്നതുപോലെ, ബസ്സിലാണ് തുടർയാത്ര ഉദ്ദേശിച്ചതെങ്കിലും അർമാൻ നിർദ്ദേശിച്ചതനുസരിച്ച് ഞാനത് കാറിലാക്കിയിട്ടുണ്ട്. സനൽ എന്നൊരു യുവാവാണ് കാറുമായി എത്തുക. 7.30ന് ഞാൻ പ്രഭാതഭക്ഷണം കഴിഞ്ഞ് നിൽക്കുമ്പോൾ സനൽ വന്നു. 25 വയസ്സുള്ള ചെറുപ്പക്കാരൻ. 'കള്ളടാക്‌സി' എന്ന് നമ്മുടെ നാട്ടിൽ അറിയപ്പെടുന്ന ഗണത്തിൽ പെടുന്നതാണ് സനലിന്റെ കാർ. ടാക്‌സി പെർമിറ്റില്ല എന്നു ചുരുക്കം. അർമാന്റെ സുഹൃത്താണ് സനൽ. എന്നെ കാണിക്കേണ്ട സ്ഥലങ്ങളെല്ലാം അർമാൻ വ്യക്തമായി എഴുതി കൊടുത്തുവിട്ടിട്ടുണ്ട്.

ഇന്ന് മഞ്ഞുവീഴ്ചയില്ല. തലേന്ന് ഉച്ചകഴിഞ്ഞ് മഞ്ഞുവീഴ്ച നിലച്ചതാണ്. പക്ഷേ സരയേവോയുടെ ചുറ്റുമുള്ള മലകളെല്ലാം മഞ്ഞിൽ കുളിച്ച് ശുഭ്രവസ്ത്രമണിഞ്ഞതുപോലെ നിൽക്കുകയാണ്.

സനലിന്റെ സിട്രോൺ ലിയോൺ കാർ സ്റ്റാർട്ടായി. ഞങ്ങൾ യാത്ര തുടങ്ങി.സരയേവോ നഗരത്തിന്റെ കാഴ്ചകളിലൂടെ കാർ കുതിച്ചു. സെർബിയയിൽ നിന്ന് ഞാൻ സരേയവോയിലെത്തിയത് നിരവധി മലകൾ താണ്ടിയാണല്ലോ ആ മലകളുടെ നേരെ എതിർവശത്തേക്കുള്ള വഴിയിലൂടെയാണ് ഇക്കുറി യാത്ര. ഇവിടെയും വഴി മുടക്കാനെന്ന പോലെ പർവത നിരയുണ്ട്. ഇവയ്ക്കപ്പുറത്ത് എവിടെയോ ആണ് മോസ്റ്റാർ. 130 കി.മീറ്ററാണ് മോസ്റ്റാറിലേക്കുള്ള ദൂരം.

നഗരം വിട്ടപ്പോൾ ചെറിയ കൃഷിത്തോട്ടങ്ങൾ പ്രത്യക്ഷപ്പെട്ടു. മഞ്ഞുകാലമായതുകൊണ്ട് കരിഞ്ഞ അവസ്ഥയിലാണ് വിളകൾ.

റോഡ് മോശമല്ല. ചെറിയ നദികൾക്കു മേലെ നിരവധി പാലങ്ങൾ താണ്ടിയാണ് യാത്ര. എവിടെ നോക്കിയാലും മഞ്ഞണിഞ്ഞ മാമലകൾ ദിക് പാലകരെപ്പോലെ നിൽപ്പുണ്ട്.

സനലിന്റെ ഇംഗ്ലീഷ് അത്ര പോരെങ്കിലും ചെറിയ തോതിൽ ഞങ്ങൾ തമ്മിൽ സംഭാഷണം നടക്കുന്നുണ്ട്. അച്ഛനും അമ്മയും സഹോദരിയും അടങ്ങുന്നതാണ് കുടുംബം. അച്ഛൻ കൃഷിക്കാരനാണ്. അമ്മയ്ക്ക് തയ്യൽ പണിയുണ്ട്. അനിയൻ സ്‌കൂളിൽ പഠിക്കുന്നു. കാർ സനലിന്റേതല്ല ഒരു സുഹൃത്ത് നൽകിയതാണ്. വാടകയുടെ  40 ശതമാനം സനലിന് എന്നതാണ് അവർ തമ്മിലുള്ള കരാർ. വളരെ ശ്രദ്ധയോടെയാണ് സനലിന്റെ ഡ്രൈവിങ്. അമിത വേഗതയില്ല. വളവ് 'വീശലി'ല്ല. ഹോണടിയില്ല. റോഡ് ക്രോസ് ചെയ്യുന്നവർക്കുവേണ്ടി കാർ നിർത്തുന്നു. അവർ പരസ്പരം അഭിവാദ്യം ചെയ്യുന്നു. കാർ ഓടിക്കുമ്പോൾ മൊബൈൾ റിങ് ചെയ്താൽ സനൽ ശ്രദ്ധിക്കുക പോലുമില്ല. എവിടെയെങ്കിലും നിർത്തുമ്പോൾ തിരിച്ചു വിളിക്കും- അതാണ് രീതി.നമ്മുടെ നാട്ടിലെ 25 കാരൻ പയ്യൻ എങ്ങനെയാവും വാഹനമോടിക്കുക എന്നു ഞാൻ ചിന്തിച്ചു പോയി. സംസ്‌കാരസമ്പന്നരെന്നു സ്വയം നടിക്കുന്ന നമുക്ക് റോഡിൽ യാതൊരു സംസ്‌കാരവുമില്ല എന്നതല്ലേ സത്യം!

ഒരു മണിക്കൂർ ഓടിക്കഴിഞ്ഞപ്പോൾ ഭൂപ്രകൃതി മാറി. മഞ്ഞണിഞ്ഞ മലനിരകൾ നിഴൽപോലെ പിന്നിലേക്കു മാറി. തെളിനീരൊഴുകുന്ന നദികൾ പിറവിയെടുത്തു. 'വൈറ്റ് വാട്ടർ ഡ്രാഫ്റ്റിങ്' കേന്ദ്രങ്ങൾ നിരവധി കാണായി. ചെറിയ പീടികകളുള്ള ഗ്രാമങ്ങൾ പിന്നിട്ട് പായവേ, തുരങ്കങ്ങൾ വീണ്ടും പ്രത്യക്ഷപ്പെട്ടു. ബെൽഗ്രേഡ്-സരയേവോ റൂട്ടിൽ നിരവധി തുരങ്കങ്ങളുണ്ടായിരുന്നു. ഇവിടെയും എണ്ണത്തിൽ കുറവാണെങ്കിലും തുരങ്കങ്ങൾ വാ പൊളിച്ചു തുടങ്ങി.

മെജുഗോറിയ എന്ന ചെറുപട്ടണമാണ് ഞങ്ങളുടെ ആദ്യ ലക്ഷ്യം. ക്രിസ്ത്യാനികളുടെ പുണ്യതീർഥാടനകേന്ദ്രമാണത് . കന്യാമറിയം പ്രത്യക്ഷപ്പെട്ടതായി കരുതപ്പെടുന്ന സ്ഥലം.

മെജുഗോറിയ ഒരു വലിയ പർവതത്തിന്റെ മേലെയാണ്. ഹെയർപിന്നുകൾ നിരവധി കയറിയാണ് സിട്രോൺ ലിയോൺ ഓടുന്നത്. ഒരുവശത്ത് അഗാധമായ കൊക്കയാണ്. പലയിടത്തും ചുരമിറങ്ങി വരുന്ന വാഹനത്തിനായി സനൽ കാർ നിർത്തി കൊടുക്കുന്നുണ്ട്. ഏറെ നേരം ഓടി സമതലത്തിലെത്തി. ഇനി 20 കി.മീറ്റർ കഴിഞ്ഞാൽ മെജുഗോറിയായി. ഒരു തീർത്ഥാടന-ടൂറിസ്റ്റ് കേന്ദ്രത്തിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയിട്ടുണ്ട്. വീടുകളിൽ പലതും ഹോംസ്റ്റേകളാണ്. കൂടാതെ ക്രിസ്ത്യൻമത ചിഹ്നങ്ങൾ വിൽക്കുന്ന ഷോപ്പുകളും ധാരാളമുണ്ട്, ഈ പ്രദേശത്ത്. വീണ്ടും അല്പദൂരം പിന്നിട്ടപ്പോൾ പള്ളികളുടെ ദൃശ്യമായി. യൂറോപ്യൻ ശൈലിയിൽ പണിത നിരവധി പള്ളികൾ. മിക്കവയും പുതിയതായി പണിതവയാണ്.കാരണം,മെജുഗോറിയ തീർഥാടന കേന്ദ്രമായിട്ട് ഏറെക്കാലമായിട്ടില്ല.

മെജുഗോറിയ സനലിന് പരിചിതമല്ല. അതുകൊണ്ട് പലയിടത്തും നിർത്തി, വഴി ചോദിച്ചാണ് പോക്ക്. കന്യാമറിയം പ്രത്യക്ഷപ്പെട്ടെന്നു കരുതപ്പെടുന്ന മലമുകളിലേക്കാണ് ആദ്യം പോകേണ്ടത്.

1981 വരെ ക്രൊയേഷ്യയുടെ അതിർത്തിയോടു ചേർന്നുള്ള ഈ ചെറുഗ്രാമത്തെക്കുറിച്ച് പുറംലോകത്തിന് അറിയാമായിരുന്നില്ല.  'മലകൾക്കു നടുവിലുള്ള പ്രദേശം' എന്നാണ് മെജുഗോറിയ എന്ന വാക്കിന്റെ അർത്ഥം. ഇവിടെയുള്ളവരിൽ അധികവും ക്രൊയേഷ്യയിൽ വേരുകളുള്ള റോമൻ കത്തോലിക്കരാണ്.

1981 ജൂൺ 24നാണ് മെജുഗോറിയയുടെ തലവര മാറ്റിയ സംഭവങ്ങളുടെ തുടക്കം. പ്രദേശവാസികളായ ആറു കുട്ടികൾക്കു മുന്നിൽ കന്യാമറിയം പ്രത്യക്ഷപ്പെട്ടത്രേ. അന്നുതൊട്ട്  ഇന്നുവരെ കന്യാമറിയവുമായി നിരന്തര സമ്പർക്കത്തിലാണത്രെ, ഇപ്പോൾ മുതിർന്നു കഴിഞ്ഞ, ആ കുട്ടികൾ. തന്നെയുമല്ല പലപ്പോഴും ഈ പ്രദേശത്ത് ആകാശത്തിൽ കുരിശ് പോലെയുള്ള സ്വർഗ്ഗീയ ചിഹ്നങ്ങൾ പ്രത്യക്ഷപ്പെടുന്നതായും പ്രദേശ വാസികൾ പറയുന്നു.

1981 ജൂൺ 24 മുതലുള്ള ആ 'പ്രത്യക്ഷപ്പെടലു'കളുടെ ചരിത്രം ഇങ്ങനെ വായിക്കാം: അന്ന് ഉച്ചയ്ക്ക് 12നും 20നും ഇടയ്ക്ക് പ്രായമുള്ള ആറ് കുട്ടികൾ ഗ്രാമത്തിന്റെ പിന്നിൽ തലയുയർത്തി നിൽക്കുന്ന ഒരു മലകയറാൻ പോയി. കൂർത്ത പാറക്കല്ലുകൾ നിറഞ്ഞ മലയിൽ നിന്നുകൊണ്ട് ചുറ്റുപാടും നോക്കുമ്പോൾ അതാ, ആകാശത്ത് ഒരു ദിവ്യരൂപം. ഒരു കുട്ടിയെ കൈയ്യിൽ ചേർത്തു പിടിച്ചുകൊണ്ട് തേജോമയിയായ ഒരു യുവതിയുടെ രൂപം തെളിഞ്ഞു നിൽക്കുന്നു. ഒറ്റനോട്ടത്തിൽത്തന്നെ അത് കന്യാമറിയമാണെന്ന് കുട്ടികൾക്ക് മനസ്സിലായി. ദിവ്യരൂപം ഒന്നും സംസാരിച്ചില്ല. ആകെ പരിഭ്രാന്തരായ കുട്ടികൾ മലയിറങ്ങി ഓടി. അവർ ഓടി വീട്ടിലെത്തി. കാര്യങ്ങൾ വിശദീകരിച്ചു.

അന്ന് സോഷ്യലിസ്റ്റ് രാജ്യമായ യൂഗോസ്ലാവ്യയുടെ ഭാഗമായിരുന്നു മെജുഗോറിയ. സോഷ്യലിസ്റ്റ് ഭരണകർത്താക്കൾ നിരീശ്വരവാദികളാണല്ലോ. അതുകൊണ്ട് വീട്ടുകാർ സംഭവം രഹസ്യമാക്കി വച്ചു. എന്നാൽ ഏറെത്താമസിയാതെ ഗ്രാമത്തിൽ ഈ വാർത്ത പരന്നു. പിറ്റേന്ന്, സംഭവത്തിന് സാക്ഷിയായ നാല് കുട്ടികൾ ഉൾപ്പെടെ ഒരു സംഘം അതേസമയത്ത് മല കയറി. അന്ന് മേഘങ്ങളുടെ രൂപത്തിൽ കന്യാമറിയം വീണ്ടും പ്രത്യക്ഷമായി. ഇത്തവണ കൈയിൽ കുട്ടി ഇല്ലായിരുന്നു എന്നു മാത്രം. കന്യാമറിയത്തിന്റെ തലയിൽ 12 നക്ഷത്രങ്ങളാൽ തീർത്ത കിരീടമുണ്ടായിരുന്നു. അവർ ധരിച്ചിരുന്നത് സിൽവർ -ഗ്രേ നിറമുള്ള കുപ്പായമായിരുന്നു. തലയിൽ വെളുത്ത സ്‌കാർഫ് കെട്ടിയിരുന്നു. അതി സുന്ദരമായ ശബ്ദത്തിൽ കന്യാമറിയം പാടി, കുട്ടികളോടൊപ്പം പ്രാർത്ഥന ഉരുവിട്ടു. തിരിച്ചുവരാമെന്ന് കുട്ടികൾക്ക് വാക്കും കൊടുത്തിട്ടാണ് ലോകനാഥന്റെ അമ്മയായ മറിയം മടങ്ങിയത്. പക്ഷെ കന്യാമറിയം കുട്ടികൾക്ക് മാത്രമേ ദർശനം നൽകിയുള്ളൂ.

 കന്യാമറിയം രണ്ടാമതും പ്രത്യക്ഷപ്പെട്ട വിവരം അറിയിക്കാൻ മലയിലൂടെ പാഞ്ഞ കുട്ടികൾ കൂർത്ത കല്ലുകളിൽ പലതവണ തട്ടിവീണെങ്കിലും ഒരു പോറൽ പോലും ഏൽക്കാതെ താഴെ, വീടുകളിലെത്തി.

രണ്ടാം ദിവസത്തെ സംഭവത്തോടെ ഗ്രാമത്തിൽ വാർത്ത തീപോലെ പടർന്നു. മൂന്നാം ദിവസം ആയിരം പേരാണ് മലമുകളിലെത്തിയത്. തലേന്ന് ദർശനം ലഭിച്ച കുട്ടികളിലൊരാളായ മിർജാന ദിവ്യജലം എടുത്ത് മേലേയ്ക്ക് എറിഞ്ഞു. 'ഞങ്ങൾക്ക് ദർശനം തന്നത് സാത്താനാണെങ്കിൽ ദൂരെ പോ, ദൈവമാണെങ്കിൽ പ്രത്യക്ഷപ്പെടൂ...'' കന്യാമറിയം വീണ്ടും പ്രത്യക്ഷപ്പെട്ടു. 'ഞാൻ അനുഗ്രഹിക്കപ്പെട്ട ആ അമ്മ തന്നെയാണ് , കന്യാമറിയം' - അവർ പറഞ്ഞു. അന്നും കുട്ടികൾക്കു മാത്രമേ കന്യാമറിയത്തെ ദർശിക്കാനായുള്ളൂ . കന്യാമറിയം പറഞ്ഞു: ''സമാധാനത്തിലൂടെ മാത്രമേ ലോകം രക്ഷപ്രാപിക്കൂ. അതിന് ദൈവത്തോടടുക്കണം...''

തൊട്ടടുത്ത ദിവസം ആറു കുട്ടികളെയും തിരക്കി പോലിസെത്തി. ചോദ്യം ചെയ്യാൻ തുടങ്ങി. മാനസികാരോഗ്യ വിദഗ്ദ്ധനെക്കൊണ്ട് പരിശോധിപ്പിച്ചു. ഒടുവിൽ കുട്ടികൾക്ക് മാനസിക വിഭ്രാന്തിയൊന്നുമില്ലെന്ന് ഡോക്ടർമാർ വിധി എഴുതി. വിട്ടയക്കപ്പെട്ട ഉടനെ കുട്ടികൾ വീണ്ടും മലമുകളിലേക്ക്  ഓടി. അന്നും പ്രത്യക്ഷപ്പെട്ടു, കന്യാമറിയം. വിശ്വാസത്തെക്കുറിച്ചും പുരോഹിതരെക്കുറിച്ചുമൊക്കെ കുട്ടികളോട് അവർ സംസാരിച്ചു. അഞ്ചാം ദിവസം. അന്ന് മലമുകളിൽ തടിച്ചുകൂടിയത് 15,000 പേരാണ്. അന്നും കുട്ടികൾക്കു മാത്രം ദർശനം ലഭിച്ചു.

ആറാം ദിവസം. അന്ന് പോലീസെത്തി കുട്ടികളെ വീണ്ടും കസ്റ്റഡിയിലെത്തു. എന്നിട്ട് ആശുപത്രിയിൽ 12 ഡോക്ടർമാർ ചോദ്യം ചെയ്യൽ ആരംഭിച്ചു. കുട്ടികൾ പറയുന്നത് സത്യസന്ധമാകാനാണ് സാദ്ധ്യത എന്നായിരുന്നു. ഡോക്ടർമാരുടെ റിപ്പോർട്ട്. അന്നു വൈകുന്നേരം മൂന്നു വയസ്സുള്ള രോഗാതുരനായ ഡാനിയേലിനുവേണ്ടി  ആറു കുട്ടികളും കന്യാമറിയത്തോട് പ്രാർത്ഥിച്ചു. കുട്ടിയുടെ രോഗം ഭേദമാവുകയും ചെയ്തു.അന്ന് തുടങ്ങിയ അത്ഭുതപ്രവൃത്തികൾ ഇന്നും നീളുകയാണത്രേ. തന്നെയുമല്ല, കന്യാമറിയം ആ കുട്ടികൾക്കു മുന്നിൽ മറ്റു പലയിടത്തും പ്രത്യക്ഷപ്പെടാൻ തുടങ്ങി. കാരണം മലകയറുന്നത് പോലീസ് നിരോധിച്ചു കഴിഞ്ഞിരുന്നു.വീണ്ടും കുട്ടികളെ പോലീസ് അറസ്റ്റു ചെയ്‌തെങ്കിലും അത്ഭുത പ്രവൃത്തികളാൽ അവർ മോചിക്കപ്പെട്ടു. വർഷങ്ങൾക്കു ശേഷം കുട്ടികൾ വളർന്നു. അവർ ഇപ്പോഴും മെജുഗോറിയയിലുണ്ട്. വാഴ്ത്തപ്പെട്ടവരുടെ പരിവേഷമാണ് അവർക്ക് ഇപ്പോഴുള്ളത്. എന്നു തന്നെയുമല്ല ദിവസേനയെന്നവണ്ണം തങ്ങൾ കന്യാമറിയവുമായി കാണാറുണ്ടെന്നും സംസാരികകാറുണ്ടെന്നും അവർ പറയുന്നു.

'മൂന്ന് തവണ ഫ്‌ളാഷ് ലൈറ്റു പോലൊരു പ്രകാശം. കന്യാമറിയം വരുന്നതിന്റെ മുന്നറിയിപ്പാണത്. പിന്നെ അവർ പ്രത്യക്ഷപ്പെടുന്നു. സാധാരണ മനുഷ്യരെപ്പോലെ സംസാരിക്കുന്നു. ചെയ്യേണ്ടത് എന്താണെന്ന് പറഞ്ഞു തരുന്നു. ലോകത്ത് പ്രാർത്ഥനയും ദൈവവിശ്വാസവും വ്യാപിപ്പിക്കാൻ ആവശ്യപ്പെടുന്നു. ആ സമയമത്രയും ഞാൻ സ്വർഗ്ഗലോകത്ത് ഇരിക്കുന്നതുപോലെയാണ്  എനിക്ക് തോന്നാറുള്ളത് '- കുട്ടികളിലൊരാളായ, ഇപ്പോൾ 47 വയസ്സുള്ള, വിക്ക പറയുന്നു.

അങ്ങനെയുള്ള ഒരു ദേവലോകത്തേക്കാണ് ഞാൻ സനലിനോടൊപ്പം പ്രവേശിച്ചു കൊണ്ടിരിക്കുന്നത്.

(തുടരും)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com