ADVERTISEMENT

മെയ്ഡ് ഇൻ ചൈന എന്ന ലേബൽ ഇല്ലാത്ത എന്തെങ്കിലും കാര്യം ഈ ലോകത്തുണ്ടോ. സംശയമാണ്. ചൈന കൈവെക്കാത്ത മേഖലകൾ ചുരുക്കം. ലോകമെമ്പാടുമുള്ള വിനോദ സഞ്ചാരികൾ ഒരു നടപ്പാലം കാണാൻ വേണ്ടി മാത്രം ചൈനയിലേയ്ക്ക് പോകുന്നു. അത്രമാത്രം എന്ത് പ്രത്യേകതയാണ് ഈ പാലത്തിന് ഉള്ളതെന്നാണോ. എങ്കിൽ ഈ നടപ്പാലം നിർമിച്ചിരിക്കുന്നത് ഗ്ലാസ് കൊണ്ടാണ്. 

തെക്കൻ ചൈനയിലെ ഗുവാങ്‌ഡോംഗ് പ്രവിശ്യയിലെ ഗുലോങ്‌സിയ സിനിക് ഏരിയയിലാണ് ഈ തകർപ്പൻ ഗ്ലാസ് സ്കൈ വാക് സ്ഥിതി ചെയ്യുന്നത്. ക്വിങ്‌യുവാൻ ഗുലോംഗ് മലയിടുക്കിലായി 2018 ലാണ്  ഗ്ലാസ് കൊണ്ടുള്ള ഈ പാലം നിർമ്മിച്ചത്. ഇതിലൂടെ നടക്കാൻ അൽപം ധൈര്യമൊന്നും പോരാ. ശരിക്കും ആകാശത്തിലൂടെ നടക്കുന്നതായി തോന്നും. താഴോട്ട് നോക്കിയാൽ തല കറങ്ങാൻ ചാൻസുണ്ട്. കാരണം താഴെ അഗാധമായ താഴ്‌വരയാണ്. 

കൊളറാഡോയിലെ ഗ്രാൻഡ് കാന്യോണിലെ യു-ആകൃതിയിലുള്ള സ്കൈവാക്ക് പാലത്തിന്റെ മൂന്നിരട്ടിയിലധികം വലുപ്പമുള്ളതാണിത് എന്ന് ചൈന അവകാശപ്പെടുന്നു. ലോകത്തിലെ ഏറ്റവും നീളമേറിയതും വീതിയേറിയതുമായ ഗ്ലാസ് സ്കെ വാക് ആണിത്. കൂടാതെ ആറ് റെക്കോർഡുകൾ വേറെയും ഈ പാലം തകർത്തിട്ടുണ്ട്. താഴെ നിന്നും ഏകദേശം 72 അടി ഉയർച്ചയിലാണ് ഈ ആകാശപാലത്തിന്റെ നിൽപ്.

ഓവൽ ആകൃതിയിലുള്ള ഗ്ലാസ് നടപ്പാതയുടെ പ്ലാറ്റ്ഫോമിന്റെ അടിയിൽ നിന്ന് വെള്ളം  താഴേയ്ക്ക് പതിക്കുന്ന കാഴ്ച്ച വിസ്മയകരമാണ്. നടപ്പാതയുടെ അറ്റത്തായുള്ള പ്ലാറ്റ്ഫോമിൽ നിന്നാൽ ചുറ്റുമുള്ള മലയുടേയും വെള്ളച്ചാട്ടങ്ങളുടേയും സൂപ്പർ വ്യൂ ലഭിക്കും. 

ഇനി രാത്രിയായാൽ ഇതിലും ഗംഭീരമാണ്. പാലത്തിൽ ഘടിപ്പിച്ചിരിക്കുന്ന 2000 ലധികം വരുന്ന ലൈറ്റുകൾ രാത്രിയിൽ അതിശയകരമായ ലൈറ്റ് ഷോ സൃഷ്ടിക്കുകയും താഴേയ്ക്ക് പതിക്കുന്ന ജലത്തെ വർണ്ണ വെള്ളച്ചാട്ടമാക്കി മാറ്റുകയും ചെയ്യുന്നു. 4.5 സെന്റിമീറ്റർ കട്ടിയുള്ള 20 ടണ്ണിലധികം ഭാരം താങ്ങാൻ കഴിയുന്ന മൂന്ന് പാളികളുള്ള ടെമ്പർഡ് ഗ്ലാസ് പാനലുകൾ ആണ് ഈ സ്കൈ വാക്കിന്റേത്. ധൈര്യശാലികളും സാഹസികരുമായ സഞ്ചാര പ്രിയർക്ക് ഈ ഗ്ലാസ് സ്കൈ വാക്കിലേയ്ക്ക് ഒരു ട്രിപ്പ് പ്ലാൻ ചെയ്യാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com