ADVERTISEMENT

ഒരു ഗ്രാമത്തിന്റെ സൗന്ദര്യം കണ്ട് മതി മറന്ന് ചൈനാക്കാർ സ്വന്തം രാജ്യത്ത് ആ ഗ്രാമത്തിന്റെ ഡ്യൂപ്ലിക്കേറ്റ് വരെ ഉണ്ടാക്കി. കേട്ടിട്ട് വിശ്വസിക്കാൻ പറ്റുന്നില്ല അല്ലേ. എന്തിനും ഏതിനും കൃത്രിമം ഉണ്ടാക്കാൻ മിടുക്കരായ ചൈനയെ കൊണ്ട് ഒരു ഗ്രാമം വരെ ഉണ്ടാക്കിച്ച ആ സ്ഥലമാണ് ഹാൽസ്ടാറ്റ്. ആദ്യകാല അയോയുഗത്തിൽ യൂറോപ്പിൽ നിലവിലുണ്ടായിരുന്ന സെൽറ്റിക്, പ്രോട്ടോ-സെൽറ്റിക് സംസ്കാരവുമായി ബന്ധപ്പെട്ട ഹാൽഷ്ടാറ്റിക് സംസ്കാരത്തിന്റെ ഉറവിടം ഇവിടമായിരുന്നു.

യുനെസ്കോയുടെ ലോകസാംസ്കാരിക പൈതൃക സൈറ്റ് കൂടിയായ ഇവിടം സഞ്ചാരികളുടെ ഇഷ്ടയിടമാണ്. ലോകത്തിന്റെ നാനാഭാഗത്തു നിന്നും പത്ത് ലക്ഷത്തിലധികം വിനോദ സഞ്ചാരികളാണ് ഹാൽസ്ടാറ്റ് എന്ന ഈ കൊച്ചു തടാകക്കര ഗ്രാമത്തിലേക്ക് ഒരു വർഷം ഒഴുകിയെത്തുന്നത്.

491204222

എന്നാൽ കൗതുകകരമായ കാര്യമെന്തെന്ന് വെച്ചാൽ ഇവിടെ താമസിക്കുന്നവർ 800 പേർ മാത്രമാണെന്നതാണ്. അതായത് നാട്ടുകാരേക്കാൾ  നാടുകാണാൻ വന്ന സഞ്ചാരികളെ കൊണ്ട് നിറഞ്ഞ നഗരം എന്നു വിളിക്കാം ഹാൽസ്ടാറ്റിനെ.

ഹാൽഷേ്ടറ്റർ തടാകക്കരയിൽ സ്ഥിതി ചെയ്യുന്ന ഈ നഗരം ആരേയും മോഹിപ്പിക്കും വിധം അതിരമണീയമാണ്. ചൈനയിൽ നിന്നുള്ള സഞ്ചാരികളാണ് ഇവിടെയെത്തുന്നവരിൽ ഭൂരിഭാഗവും. ഈ നാടിന്റെ ഡ്യൂപ്ലിക്കേറ്റ് ഒന്ന് സ്വന്തം നാട്ടിൽ പണിതെങ്കിലും ഒറിജിനൽ ഹാൽ സ്ടാറ്റിലേയ്ക്കുള്ള ചൈനീസ് യാത്രികരുടെ ഒഴുക്കിന് കുറവൊന്നുമില്ല.

ഉപ്പു ഖനി

ചരിത്രാതീതകാലം മുതൽ തന്നെ ഉപ്പുഖനനത്തിന് പേരുകേട്ട പ്രദേശമാണ് ഹാൽസ്ടാറ്റ്. ലോകത്തെ ഏറ്റവും പഴക്കമുള്ള ഉപ്പു ഖനിയിലേയ്ക്ക് ഫ്യൂണിക്കുലാർ ട്രെയിൻ വഴിയാണ് സഞ്ചരിക്കാനാവുക. ഈ ഖനിയിലേയ്ക്കുള്ള ട്രെയിൻ യാത്ര അസ്മരണീയ അനുഭവമായിരിക്കും. ഏകദേശം 65 കിലോമീറ്റർ നീളമുള്ള ഖനിക്കുള്ളിലെ ടണലിലൂടെ നടത്തുന്ന ഗൈഡഡ് ടൂറിലൂടെ ഈ നാടിന്റെയും ഉപ്പു ഖനനത്തിന്റെയും ചരിത്രം മനസിലാക്കാം.

ആകാശക്കാഴ്ചകൾ

രണ്ട് വ്യത്യസ്ത സ്കൈ വാക്കുകളാണ് ഇവിടെയുള്ളത്. ഒന്ന് വേൾഡ് ഹെറിറ്റേജ് സ്കൈവാക്കും മറ്റൊന്ന് 5 ഫിങ്കർ പ്ലാറ്റ്ഫോമും. 

അൽപ്പം ആവേശം ആഗ്രഹിക്കുന്നവരും ഹാൽ സ്റ്റാറ്റിന്റെ സൗന്ദര്യം പനോരമ വ്യൂ ആയി കാണാൻ ഇഷ്ടപെടുന്നവരും വേൾഡ് ഹെറിറ്റേജ് സ്കൈവാക്ക്’ എന്ന് വിളിക്കപ്പെടുന്ന  ഹാൽസ് ടാറ്റിന്റെ മുകളിൽ നിന്ന് 350 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സ്കൈ വാക്കിനെ വിട്ടു കളയരുത്. ഇവിടെ നിന്നാൽ തടാകത്തിന് മുകളിലൂടെ മനോഹരമായ പനോരമിക് കാഴ്ചയും ആകർഷകമായ പർവത സൗന്ദര്യവും ആസ്വദിക്കാം.

ആൽപ്‌സിലെ ഏറ്റവും മനോഹരമായ കാഴ്ചാ പ്ലാറ്റ്‌ഫോമാണ് 5 ഫിങ്കർ. 400 മീറ്റർ ഉയരത്തിൽ അഞ്ച് വിരലുകളുടെ ആകൃതിയിലുള്ള പ്ലാറ്റ്ഫോമാണിത്. ഓരോന്നും വ്യത്യസ്ത രൂപകൽപ്പനയിലാണ് നിർമ്മിച്ചിരിക്കുന്നത്.  ഹാൽസ്ടാറ്റ് മുഴുവൻ, ഹാൾസ്റ്റാറ്റെർ തടാകം, സാൽസ്കമ്മർഗട്ട് മേഖല എന്നിവയുടെ സവിശേഷമായ ആകാശ കാഴ്ചകൾ ആസ്വദിക്കാൻ ഇവിടെ നിന്നാൽ സാധിക്കും.

ഹാൽസ്ടാറ്റ് ചാർണൽ ഹൗസ് 

തലയോട്ടികൾ പെയിന്റ് ചെയ്ത് സൂക്ഷിച്ചിരിക്കുന്ന ഒരു ചാപ്പലാണിത്. 1200 ലധികം തലയോട്ടികളാണ് ഇവിടെയുള്ളത്. ഇതിൽ 600 ലധികം തലയോട്ടികൾ  കുടുംബാംഗങ്ങൾ തന്നെ പടം വരച്ചതും പെയിന്റ് ചെയ്തതുമായവയാണ്. ഈ ചെറിയ ചാപ്പൽ ഹാൽസ്ടാറ്റിലെത്തുന്ന സന്ദർശകരുടെ ഏറ്റവും പ്രശസ്തമായ സ്ഥലങ്ങളിൽ ഒന്നാണ്. 

മഞ്ഞുകാലത്ത് മറ്റൊരു സൗന്ദര്യ ധാമമായി മാറുന്ന ഹാൽസ്ടാറ്റിലേയ്ക്ക് യാത്ര പുറപ്പെടാൻ ഇനി വേറെ എന്ത് വേണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com