ADVERTISEMENT

ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഒരു ദ്വീപ് രാഷ്ട്രമായ മൗറീഷ്യസ് വിനോദ സഞ്ചാരികളുടെ പറുദീസയാണ്. ബീച്ചുകളുടെ നാടായ മൗറിഷ്യസിനെ വ്യത്യസ്തമാക്കുന്ന മറ്റനേകം ഘടകങ്ങള്‍ കൂടിയുണ്ട്. നാലുവശവും ജലത്താല്‍ ചുറ്റപ്പെട്ട ഈ നാട്, സൗന്ദര്യം നിറഞ്ഞ ബീച്ചുകള്‍ക്ക് പുറമേ മഴക്കാടുകളും വെള്ളച്ചാട്ടങ്ങളും മലകയറ്റ പാതകളും വന്യമൃഗങ്ങളും കൊണ്ട് സമ്പന്നമാണ്. മൗറിഷ്യസ് സന്ദര്‍ശിക്കുന്ന ഏതൊരു സഞ്ചാരിയും ഒഴിവാക്കാതെ കണ്ടിരിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. കടല്‍ത്തീരങ്ങളില്‍ സമയം കളയാതെ കണ്‍നിറയെ കണ്ടാസ്വദിക്കാനുള്ളവ ഈ നാട്ടിലുണ്ട്.

1.വര്‍ണ്ണവിസ്മയം തീര്‍ക്കുന്ന ചമാരല്‍ ഭൂമി

ഏഴ് വ്യത്യസ്ത നിറത്തിലെ മണ്‍കൂനകളാണ് ചമാരല്‍. മൗറീഷ്യസില്‍ എത്തിയാല്‍ ബീച്ചിലേയ്ക്ക് പോകാതെ ആദ്യം കണ്ടിരിക്കേണ്ട സ്ഥലമാണ് ചമാരല്‍ ഭൂമി. ഏഴ് നിറമുള്ള  ഈ ഭൂമി ഒരു പ്രകൃതിയുടെ അത്ഭുതാവഹമായൊരു പ്രതിഭാസമാണ്.ബസാള്‍ട്ടിക് ലാവയെ കളിമണ്‍ ധാതുക്കളാക്കി മാറ്റുന്നതിലൂടെയാണ്  ഭൂമി ഈ നിറങ്ങളിലായത്.  ചുവപ്പും പച്ചയും വയലറ്റുമെല്ലാം കലര്‍ന്ന ഈ മനോഹര നിറമുള്ള ഭൂമി കാണാന്‍ ഏറ്റവും അനുയോജ്യമായ സമയം സൂര്യോദയമാണ്.  കൊടും പേമാരിയും  മാറി മറിവരുന്ന കാലാവസ്ഥയും ഒന്നും  ഈ കളര്‍മണ്‍കൂനകളുടെ മാറ്റുകുറച്ചിട്ടില്ല.

2. മൗറീഷ്യന്‍ റം നുകരാം

ലോകത്തിലെ ഏറ്റവും മികച്ച റം ലഭിക്കുന്നത് എവിടെ എന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരം അത് മൗറിഷ്യസ് ആണ്. ആരേയും ആരാധകരാക്കുന്ന തകര്‍പ്പന്‍ റമ്മുകള്‍ നിങ്ങള്‍ക്ക് ഇവിടെ ലഭിക്കും. പല രുചികളില്‍ ഭാവങ്ങളില്‍ എല്ലാം ഏറ്റവും വില കുറഞ്ഞതുമുതല്‍ ലക്ഷങ്ങള്‍ വിലമതിക്കുന്നതുവരെ. അങ്ങനെ റമ്മുകളുടെ ഘോഷയാത്ര തന്നെയുണ്ട് ഈ നാട്ടില്‍.

956372788

 3. ചരിത്രമുറങ്ങുന്ന യുറേക്ക ഹൗസ്

1830 ല്‍ നിര്‍മ്മിച്ച ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് യുറേക്ക ഹൗസ്. ഇംഗ്ലീഷ്, ഫ്രഞ്ച് പ്രഭുക്കന്മാരുടെ ഈ കൊളോണിയല്‍ വസതി ഇപ്പോള്‍ മൗറീഷ്യസിന്റെ കൊളോണിയല്‍ കാലഘട്ടത്തിനായി സമര്‍പ്പിക്കപ്പെട്ട ഒരു മ്യൂസിയമാക്കി മാറ്റിയിരിക്കുകയാണ്. നിങ്ങള്‍ ഒരു ചരിത്രാന്വേഷിയാണെങ്കില്‍ തീര്‍ച്ചയായും ഇവിടം സന്ദര്‍ശിക്കണം. 

4. ഗ്രാന്‍ഡ് ബേയില്‍ കടലിനടിയിലൂടെ നടക്കാം

കടലുകാണുന്നവരൊക്കെ ഒരിക്കലെങ്കിലും ചിന്തിക്കുന്ന കാര്യമായിരിക്കും കടലിനടിയിലെ ലോകത്തെക്കുറിച്ച്. ആ കടലിനടിലിയിലെ ലോകം നടന്നുകാണാന്‍ അവസരം ലഭിച്ചാലോ. ആ അനുഭവത്തിനായി ഗ്രാന്റ് ബേയിലേയ്ക്ക് പോയാല്‍ മതി. ഏറ്റവും മനോഹരമായ പവിഴപ്പുറ്റുകളും, പലതരത്തിലെ മത്സ്യങ്ങളേയും എല്ലാം അടുത്തറിയാന്‍ അതും നടന്നുകണ്ടുകൊണ്ട് ഇവിടെ സാധിക്കും. 

5. ട്രഓക്‌സ് ബിച്ചസില്‍ ഒരു അന്തര്‍വാഹിനി സഫാരി നടത്താം

മൗറീഷ്യസിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗത്താണ് ട്ര ഓക്‌സ് ബിച്ചസ് സ്ഥിതി ചെയ്യുന്നത്. മൗറിഷ്യസിലെ എല്ലാ വടക്കന്‍ നഗരങ്ങളുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. ബഹളങ്ങള്‍ ഒട്ടുമില്ലാത്ത ബീച്ചും കണ്‍കുളിര്‍പ്പിക്കുന്ന പ്രകൃതിദൃശ്യങ്ങളും ക്രിസ്റ്റല്‍ ക്ലിയര്‍ വെള്ളവുമാണ് ഇവിടുത്തെ പ്രത്യേകത. ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്കായി സബ് മറൈന്‍ സഫാരി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് നിങ്ങളെ കടലിന്റെ ഉള്ളറകളിലയ്ക്ക് ആനയിക്കും.  

6. ടാമറിന്റ് വെള്ളച്ചാട്ടവും ബ്ലാക്ക് റിവര്‍ ഗോര്‍ജസും

നിങ്ങള്‍ പ്രകൃതിസ്നേഹിയാണെങ്കില്‍, പ്രകൃതി നല്‍കുന്ന മനോഹരമായ സൗന്ദര്യത്തിന് സാക്ഷ്യം വഹിക്കാന്‍ ടാമറിന്റ് വെള്ളച്ചാട്ടം കാണാം. മൗറീഷ്യസിന്റെ സൗന്ദര്യം മുഴുവന്‍ ആവാഹിച്ചിരിക്കുന്ന ഈ വെള്ളച്ചാട്ടം അതിമനോഹരമെന്നു പറഞ്ഞാല്‍ കുറഞ്ഞുപോകും. കണ്ട് തന്നെ ആസ്വദിക്കേണ്ട ഒന്നാണത്. ഇന്നാട്ടിലെ പ്രധാന ദേശീയോദ്യാനമാണ് ബ്ലാക്ക് റിവര്‍ ഗോര്‍ജസ് . ഇതൊരു വിവിധതരം സസ്യജന്തുജാലങ്ങളുടെ ആവാസ കേന്ദ്രമാണ്. പ്രകൃതി യാത്രകളും രസകരമായ പ്രവര്‍ത്തനങ്ങളും ആസ്വദിക്കാനുള്ള മികച്ച സ്ഥലമാണിത്. ലോക പ്രശ്‌സതമായ ഈ ദേശിയോദ്യാനത്തില്‍ വെള്ളച്ചാട്ടങ്ങളും തദ്ദേശിയമായി മാത്രം കാണപ്പെടുന്ന ജന്തുസസ്യജാലങ്ങളും, പലതരത്തിലുള്ള മണ്ണുകളുമെല്ലാം കാണാം. 

7. ബ്ലൂ ബേ മറൈന്‍ പാര്‍ക്കും ബെല്ലി മാരെ കൈറ്റ് സര്‍ഫിംഗും

വിശാലമായ കണ്ടല്‍ക്കാടുകളും കടല്‍ത്തീരങ്ങളുമുള്ള ഇവിടേയ്ക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. വിവിധതരത്തിലുള്ള വാട്ടര്‍ സ്‌പോര്‍ട്‌സുകള്‍ ഇവിടെ സംഘടിപ്പിക്കപ്പെടുന്നു. സഞ്ചാരികള്‍ക്ക് അധിക ചെലവില്ലാതെ നടത്താവുന്ന ഒരു കൈറ്റ് സര്‍ഫിംഗ് സ്ഥലമാണ് ബെല്ലി മാരെ. പവിഴപ്പുറ്റുകളിലേക്ക് വ്യാപിച്ചുകിടക്കുന്ന പച്ചനിറത്തിലെ ഒരു വലിയ തടാകമാണിത്. 

8. ആപ്രവസി ഘട്ടും ലെ മോണ്‍ കള്‍ച്ചറല്‍ ലാന്‍ഡ്സ്‌കേപ്പും

ഈ രണ്ട് സ്ഥലങ്ങളും യുനെസ്‌കോയുടെ ലോക പൈതൃകപട്ടികയില്‍ ഇടം പിടിച്ചവയാണ്. വാസ്തവത്തില്‍, 1834-ല്‍ അടിമത്തം നിര്‍ത്തലാക്കിയതിനെത്തുടര്‍ന്ന്, ഇന്ത്യയില്‍ നിന്നുള്ളവരായ കൂലിത്തൊഴിലുകരായ അടിമകളുടെ ഒരു ലാന്‍ഡിംഗ് പോയിന്റായിരുന്നു ആപ്രവസി ഘട്ട്. ആഗോള സാമ്പത്തിക വ്യവസ്ഥയിലെ മുഖ്യ ഘടകമായി മാറുകയും ചരിത്രത്തിലെ ഏറ്റവും വലിയ കുടിയേറ്റങ്ങളിലൊന്നായി തീരുകയും ചെയ്തതിന്റെ ആദ്യകാല സ്മാരകങ്ങളാണ് ആപ്രവസി ഘട്ടിലെ കെട്ടിടങ്ങള്‍. ഇവിടെ നിന്നും രക്ഷപ്പട്ട അടിമകള്‍ അഭയം പ്രാപിച്ചത് ലെ മോണ്‍ എന്ന ആര്‍ക്കും എത്തിപ്പെടാന്‍ സാധിക്കാത്ത കൊടുമുടിയിലായിരുന്നു. 18,19 നൂറ്റാണ്ടുകളില്‍ ഇത്തരത്തില്‍ രക്ഷപ്പെട്ടോടിയ അടിമകള്‍ പിന്നിട് ഈ പര്‍വതത്തിന്റെ ഒറ്റപ്പെട്ടതും മിക്കവാറും അപ്രാപ്യമായതുമായ പാറക്കൂട്ടങ്ങളിലും ഗുഹകളിലും വാസമാരംഭിക്കുകയും ചെയ്തുവെന്ന് ചരിത്രം പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com