sections
MORE

സ്ത്രീകൾ ഒറ്റക്ക് യാത്ര ചെയ്താൽ എന്തു സംഭവിക്കും? 69 രാജ്യങ്ങൾ സഞ്ചരിച്ച അഞ്ജലി തോമസ് പറയുന്നു

anjaly-thomas
SHARE

യാത്രകളെ ജീവനുതുല്യം സ്നേഹിക്കുന്ന ആളാണ് അഞ്ജലി തോമസ്. ഒറ്റക്കുള്ള യാത്രകളോടാണ് പ്രണയം. ഏതു പ്രതിസന്ധികളെയും തരണം ചെയ്തുകൊണ്ടുള്ള ഒാരോ യാത്രയും മറക്കാനാവാത്ത അനുഭവങ്ങളാണ് സമ്മാനിക്കുക. 69 രാജ്യങ്ങളിലേക്ക് ഒറ്റക്ക് സഞ്ചരിച്ച അഞ്ജലി തോമസ്. ഒറ്റയ്ക്ക് ഉലകം ചുറ്റുന്ന സ്ത്രീ എന്ന പേരിലാണ് ലോകം അറിയുന്നത്. സഞ്ചാരികൾ മടിച്ചു പിന്നോട്ടേക്കു മറയുന്ന കാട്ടിലും മലമുകളിലുമൊക്കെ ധൈര്യത്തോടെ യാത്രതിരിക്കാൻ തയാറാണ് അ​ഞ്ജലി.

മേക്കാട്ടുകുന്നേൽ തോമസിന്റെയും സിൽവിയയുടേയും മകളാണ് അ‍ഞ്ജലി. ഉത്തർപ്രദേശിലെ ഗോരക്പുരിലായിരുന്നു ജനനം. ബിരുദമെടുത്തതു നിയമത്തിലാണെങ്കിലും മാധ്യമപ്രവർത്തനത്തോടായിരുന്നു കമ്പം. യാത്രകളെ പ്രണയിക്കുന്ന അഞ്ജലി‘Almost Intrepid’ എന്നൊരു യാത്രാ വിവരണ പുസ്തമെഴുതിയിട്ടുണ്ട്. യാത്രകളും എഴുത്തുമാണ് ഇപ്പോഴത്തെ ഹോബി.

anjaly-thomas3

സ്ത്രീകളുടെ ലോകം സുരക്ഷിതമല്ലെന്നു കരുതുന്ന പെണ്ണുങ്ങൾക്കെല്ലാം ധൈര്യം പകരുന്ന വാക്കുകളാണ് അഞ്ജലിയുടേത്. ഒാരോ രാജ്യക്കാരുടെ ആദരം, സ്നേഹം, ദയ, വഞ്ചന എന്നിങ്ങനെ എല്ലാം അനുഭവിച്ചിട്ടുണ്ട്. എല്ലാത്തിനെയും അതിജീവിച്ച് മുന്നോട്ട് യാത്രപോയിട്ടുമുണ്ട്. സാഹസിക യാത്രകൾക്കൊപ്പം ജീവൻ പണയം വച്ചു നടത്തിയ യാത്രകളും അഞ്ജലിയുടെ യാത്രാപുസ്തകത്തിലുണ്ട്. പേടിയല്ല ധൈര്യമാണ് ഒാരോ യാത്രയ്ക്കും വേണ്ടത്.

സ്വന്തം ആത്മാവിനെ കൂട്ടുപിടിച്ച് യാതൊരു പരിചയവുമില്ലാത്ത സ്ഥലങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ കണ്ടതും കേട്ടതുമെല്ലാം എഴുതിവയ്ക്കാൻ ഈ സഞ്ചാരപ്രിയ മറന്നില്ല. യാത്രകളെല്ലാം സമ്മാനിക്കുന്നത് ഓരോ പാഠങ്ങളാണ്. ഈ അനുഭവ പാഠം നമുക്ക് മുന്നോട്ടു ജീവിക്കുന്നതിന് ഊർജം നൽകുമെന്നാണ് അഞ്ജലിയുടെ വാക്കുകൾ.  മരിക്കുന്നതിന് മുമ്പ് ലോകം മുഴുവനും ചുറ്റികാണണം അതാണ് അഞ്ജലിയുടെ ആഗ്രഹം.

anjaly-thomas1

ഒരു സ്ത്രീയ്ക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാൻ അത്ര എളുപ്പമാണോ?

ഒറ്റയ്ക്കു യാത്ര ചെയ്താൽ ആരെങ്കിലും ആക്രമിക്കുമെന്നാണ് പലരും ഭയപ്പെടുന്നത്. ഒരുപക്ഷേ അതിൽ കുറെ ശരിയുണ്ടെങ്കിലും അതുമാത്രമല്ല ശരി. ഒറ്റയ്ക്കുള്ള യാത്രകളിൽ ഞാൻ  മനസിലാക്കിയത് യാത്രകളിൽ പലപ്പോഴും സഹായിക്കുന്നവരാണ് കൂടുതലും. ഒരു സഞ്ചാരി എന്ന നിലയിൽ നല്ലതും മോശവുമായ അനുഭവങ്ങളിലൂടെ അഞ്ജലിക്ക് സഞ്ചരിക്കേണ്ടി വന്നിട്ടുണ്ട്. പെണ്ണുങ്ങൾ ഒറ്റയ്ക്ക് യാത്ര ചെയ്താൽ ആരും പിടിച്ചുകൊണ്ടു പോകില്ലെന്ന് അഞ്ജലി പറയുന്നത് അനുഭവങ്ങളെ സാക്ഷിയാക്കിയാണ്. ഓരോ യാത്രകളും നൽകുന്ന ധൈര്യമാണ് അടുത്ത യാത്രയ്ക്കുള്ള വഴി തെളിക്കുന്നതെന്നും അഞ്ജലി പറഞ്ഞു. സുഹൃത്തുക്കളുടേയും വീട്ടിലുള്ളവരുടേയും പിന്തുണയുണ്ടെങ്കിൽ ലോകത്തെവിടേയും ആരെയും പേടിക്കേണ്ടെന്നാണ് അഞ്ജലിയുടെ പക്ഷം.

anjaly-thomas-travel3

ജീവിതത്തിൽ ഒരിക്കലെങ്കിലും ഒറ്റയ്ക്ക് യാത്ര ചെയ്യണം. ഒറ്റയ്ക്ക് പോകുമ്പോൾ ലഭിക്കുന്ന സ്വാതന്ത്ര്യത്തിന്റെ ആനന്ദം കൊണ്ട് തന്നെയാണ് സോളോ യാത്രകൾ ഞാൻ തിരഞ്ഞെടുക്കുന്നത്. പുതിയ ആളുകളെ കാണുക, അവരുടെ അനുഭവങ്ങളറിയുക, അത് മറ്റൊരാളോട് പറയുമ്പോൾ അവരുടെ മുഖത്തുണ്ടാകുന്ന വൈകാരിക അനുഭവങ്ങളെ കാണുക, ഇതൊക്കെ വളരെ രസകരമായ അനുഭവമാണ്.

Anjaly-Thomas-trip

2004 ലെ ദുബായിയിൽ ഷോപ്പിങ് ഫെസ്റ്റിവൽ കാണാനായി വിസിറ്റിങ് വിസയിൽ ദുബായിലേക്കു പറന്നു. അവിടെ നിന്നുമാണ് യാത്രയുടെ കാഴ്ചകളും ശരിക്കും  ആസ്വദിക്കുവാൻ ആരംഭിച്ചത്.  യാത്ര തുടർന്നു. ബാങ്കോക്കിലേക്കും അങ്ങനെ ഏഷ്യയിലെ രാജ്യങ്ങളോരോന്നായി അഞ്ജലിയുടെ യാത്രാപുസ്തകത്തിലും അവിടുത്തെ കാഴ്ചകൾ കാമറകളിലും ഇടംപിടിച്ചു. കാഴ്ചകൾ ആസ്വദിച്ചുള്ള യാത്രകൾ തുടർന്നു.  ഇതുവരെ  69 രാജ്യങ്ങളുടെ സൗന്ദര്യവും സംസ്കാരവും അറിഞ്ഞു. യാത്രകളിലൂടെ പഠിക്കുന്ന ഒാരോ  പാഠങ്ങളും ജീവിതത്തിലെ അനുഭവങ്ങളായിരുന്നു. ഓരോ യാത്രകളും നൽകുന്ന ധൈര്യമാണ് അടുത്ത യാത്രയ്ക്കുള്ള വഴി തെളിക്കുന്നതെന്നും അഞ്ജലി പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA