sections
MORE

‘കാലുകളുടെ ചലനശേഷി നഷ്ടപ്പെട്ടതിൽ പിന്നെയാണ് ഉലകം ചുറ്റൽ ഹരമായത്’; വീൽചെയറിൽ കാഴ്ചകൾ കണ്ട് ഫ്രെഡറിക്ക!

solo-traveller1
SHARE

ആലപ്പുഴ ബീച്ചിനരികിലുള്ള ചായക്കടയിലാണ് ഫ്രെഡറിക്കയെ ആദ്യം കണ്ടത്. നാട്ടുകാരോടു കുശലം പറഞ്ഞിരിക്കുകയായിരുന്നു. കുറച്ചു നേരം കഴി‍ഞ്ഞപ്പോൾ വീൽ ചെയറുമായി പഴയ കപ്പൽ പാലത്തിന്റെ മുന്നിലേക്ക് പോകുന്നതു കണ്ടു. വെറുതെയൊരു കൗതുകത്തിന് ഏതു നാട്ടുകാരിയാണെന്ന് അന്വേഷിച്ചു. സ്വദേശം ബെൽജിയം. ജീവിക്കുന്നത് സ്വിറ്റ്സർലൻഡിൽ. ലോകം ചുറ്റലാണ് പ്രധാന വിനോദം. ആലപ്പുഴയിൽ ഒട്ടേറെ തവണ വന്നിട്ടുണ്ട്. ‘‘കാറപകടത്തിൽ കാലുകളുടെ ചലനശേഷി നഷ്ടപ്പെട്ടതിൽ പിന്നെയാണ് ഉലകം ചുറ്റൽ തുടങ്ങിയത്’’ – കണ്ണിറുക്കി ചിരിച്ചു കൊണ്ട് ഫ്രെഡറിക്ക പറഞ്ഞു. അരയ്ക്കു താഴെ തളർന്ന ശരീരം നോക്കി നിസ്സാരമായി സംസാരിച്ച യുവതിയുടെ വാക്കുകളിൽ കൗതുകം തോന്നി.

മുപ്പതാമത്തെ വയസ്സിലാണ് ഫ്രെഡറിക്കയുടെ കാർ അപകടത്തിൽപെട്ടത്. രാത്രി ജോലി കഴിഞ്ഞു മടങ്ങുമ്പോൾ എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് ചോരയിൽ കുതിർന്ന ശരീരം പുറത്തെടുത്തത്. ഉടൻ ആശുപത്രിയിൽ എത്തിച്ചതിനാൽ ജീവൻ രക്ഷിക്കാനായി. പക്ഷേ, നട്ടെല്ലിനും ഇടുപ്പിനും കനത്ത ക്ഷതമേറ്റതുകൊണ്ട് രണ്ടു കാലുകൾക്കും ചലനശേഷി നഷ്ടപ്പെട്ടു. മയക്കം വിട്ടുമാറി ഉണർന്നപ്പോൾ അനക്കമില്ലാത്ത കാലുകൾ തടവി അവൾ അലമുറയിട്ടു. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നിസ്സഹായതയോടെ നിൽക്കാനേ സാധിച്ചുള്ളൂ. ആറു മാസം ആശുപത്രിയിലും ആറു മാസം വീട്ടിലും ചികിത്സ കഴിഞ്ഞപ്പോഴേക്കും ഫ്രെഡറിക്കയ്ക്ക് മനസ്സിന്റെ താളം തെറ്റുമെന്നു തോന്നി. അവൾ ഒറ്റയ്ക്ക് ചക്രക്കസേരയുമായി റോഡിലേക്കിറങ്ങി. അരയ്ക്കു താഴെ തളർന്ന ശരീരവുമായി ജോലി അന്വേഷിച്ചെത്തിയ യുവതിയുടെ വാക്കുകളിൽ സുവനീർ ഷോപ്പിന്റെ ഉടമ പ്രതീക്ഷയർപ്പിച്ചു. അഞ്ചു മാസത്തെ ശമ്പളം സ്വരുക്കൂട്ടി യാത്ര പറയാതെ അവൾ യാത്ര പുറപ്പെട്ടു, ഇന്ത്യയിലേക്ക്.

solo-traveller

ഫ്രെഡറിക്കയോട് സംസാരിച്ചാൽ നമുക്കു പരിചയമുള്ള പലരുടേയും മുഖം ഓർമ വരും. I Like Challenge എന്നു ധൈര്യം പ്രകടിപ്പിച്ചുകൊണ്ട് സ്വയം പരിചയപ്പെടുത്തിയ ഫ്രെഡറിക്കയുടെ വാക്കുകളിലേക്ക്. ബെൽജിയത്തിലാണു ഞാൻ ജനിച്ചത്. എനിക്ക് പത്തു വയസ്സുള്ളപ്പോൾ അച്ഛനുമമ്മയും വിവാഹബന്ധം പിരിഞ്ഞു. അച്ഛൻ വേറൊരു സ്ത്രീയെ വിവാഹം കഴിച്ചു. അമ്മ മറ്റൊരാളോടൊപ്പം ജീവിതമാരംഭിച്ചു. നാലു വയസ്സുള്ള സഹോരനും ഞാനും തനിച്ചായി. ഞാൻ കൂലിവേല ചെയ്ത് എന്റെയും അനുജന്റെയും പട്ടിണി മാറ്റി. അവനും ഞാനും സ്കൂൾ വിദ്യാഭ്യാസം നേടി, ഡിഗ്രിയെടുത്തു.

എന്റെ ജന്മദേശം മനോഹരമായ പട്ടണമാണ്. ആലപ്പുഴ പോലെ നിറയെ കായലുകളും കൈത്തോടുമുള്ള സ്ഥലം. എല്ലാ വീട്ടുകാർക്കും സ്വന്തമായി വഞ്ചിയുണ്ട്. മാർക്കറ്റിൽ പോകാനും യാത്ര ചെയ്യാനും പ്രധാന മാർഗം വള്ളവും ബോട്ടുമാണ്. വെല്ലനിയിലെ സൂര്യോദയവും സൂര്യാസ്തമയവും എത്ര കണ്ടാലും മതിവരില്ല. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച നാടാണെങ്കിലും അവിടെ തൊഴിലവസരങ്ങളില്ല.

ഇരുപത്തെട്ടാം വയസ്സിൽ ജോലിയന്വേഷിച്ച് ഞാൻ സ്വിറ്റ്സർലൻഡിലേക്കു വണ്ടി കയറി. എഴുനൂറു കിലോമീറ്റർ അകലെയുള്ള സ്വിറ്റ്സർലൻഡിൽ ഇറങ്ങിയ ദിവസം മറക്കില്ല. പച്ച നിറമണിഞ്ഞ കുന്നിൻ ചെരിവുകൾ മഞ്ഞു പെയ്തു തുടങ്ങിയാൽ വെളുത്ത പരവതാനി പോലെയാകും. സ്വർഗത്തിലെത്തിയ അനുഭൂതിയായിരുന്നു.

പൂർണരൂപം വായിക്കാം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA