ADVERTISEMENT

സിംഗപ്പൂര്‍ കാണിച്ച് അച്ഛനെയും അമ്മയെയും ഞെട്ടിക്കാമെന്നു കരുതി സ്വയം ഞെട്ടിയ കഥയാണ് ജിപിക്കു പറയാനുള്ളത്. മിക്കവാറും ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ജിപിയെന്ന ഗോവിന്ദ് പത്മസൂര്യയെ പരിചയമുണ്ടാകും. യുവ ടെലിവിഷന്‍ അവതാരകരില്‍ തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ സാധിച്ചിട്ടുണ്ട് ജിപിക്ക്. ചിത്രീകരണത്തിരക്കുകളില്‍നിന്ന് ഇടവേളയെടുത്ത് മിക്കപ്പോഴും ജിപി യാത്രകള്‍ നടത്താറുണ്ട്, തനിച്ചും സുഹൃത്തുക്കൾക്കൊപ്പവുമൊക്കെ.

gp-travel3-gif

എന്നാല്‍ ഇത്തവണ സിംഗപ്പൂരിലേക്കു ജിപി നടത്തിയത് ഫാമിലി ട്രിപ്പായിരുന്നു. അച്ഛനും അമ്മയും സഹോദരനുമൊത്ത് സിംഗപ്പൂര്‍ എന്ന മായാനഗരത്തെ വലംവച്ച കഥയാണ് ഇനി പറയുന്നത്. 

ജിപിയുടെ മിക്ക യാത്രകളും അധികം തയാറെടുപ്പുകളൊന്നുമില്ലാതെ നടത്തുന്ന ‘എടിപിടി സഞ്ചാര’ങ്ങളാണ്. എന്നാല്‍ സിംഗപ്പൂര്‍ യാത്ര ശരിക്കും പ്ലാന്‍ ചെയ്തു തന്നെ നടത്തിയതാണെന്ന് ഗോവിന്ദ് പറയുന്നു. ‘ഏറെക്കാലമായി അച്ഛനെയും അമ്മയെയും കൊണ്ടു യാത്രപോകണമെന്ന ആഗ്രഹമുണ്ട്. അങ്ങനെയാണ് ഈ ട്രിപ്പ് പ്ലാന്‍ ചെയ്യുന്നത്. സിംഗപ്പൂര്‍ ആരെയും മയക്കുന്ന നാടാണെന്നതില്‍ സംശയമില്ല. നമ്മള്‍ ചെന്നിറങ്ങുന്ന എയര്‍പോര്‍ട്ട് മുതല്‍ കാഴ്ചകള്‍ ആരംഭിക്കുകയാണ്’– ജിപി പറയുന്നു.

gp-travel6-gif

സിംഗപ്പൂരിലെ ചാംഗി വിമാനത്താവളത്തിനടുത്തുള്ള  പ്രകൃതിദത്ത തീംപാര്‍ക്കാണ് ആദ്യകാഴ്ച. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യനിര്‍മിത ഇന്‍ഡോര്‍ വെള്ളച്ചാട്ടം ആരെയും ആകർഷിക്കും. ഇതിന്റെ പേര് റെയിന്‍ വോര്‍ടെക്‌സ് എന്നാണ്. എയര്‍പോര്‍ട്ടില്‍നിന്നു പുറത്തിറങ്ങിയപ്പോളാണ് ശരിക്കും ട്വിസ്റ്റ് ഉണ്ടായതെന്ന് ജിപി. അച്ഛനെയും അമ്മയെയും അവിടുത്തെ അംബരചുംബികളായ കെട്ടിടങ്ങള്‍ കാണിച്ചു ഞെട്ടിക്കാമെന്നു കരുതിയ താനാണ് ശരിക്കും ഞെട്ടിയതെന്ന് ജിപി പറയുന്നു. ആ കോണ്‍ക്രീറ്റ് കാടിനെ മുഴുവന്‍ പൊതിഞ്ഞ സസ്യങ്ങളും ചെടികളുമാണ് അവര്‍ കൂടുതല്‍ ശ്രദ്ധിച്ചത്. മാത്രമല്ല എല്ലാ കെട്ടിടങ്ങളും പച്ചപുതച്ചുനില്‍ക്കുന്നത് കണ്ടിട്ടാണ് അവര്‍ ശരിക്കും അമ്പരതെന്നും അല്ലാതെ ആ കെട്ടിടങ്ങളുടെ ആഡംബരവും ഉയരവുമൊന്നുമല്ല അവരെ ആകര്‍ഷിച്ചതെന്നും ജിപി.  ഗാര്‍ഡന്‍സ് ബൈ ദ ബേയിലേക്കാണ് അവര്‍ പിന്നീടു പോയത്. 

ഗാര്‍ഡന്‍സ് ബൈ ദ ബേ

പൂന്തോട്ടങ്ങളുടെ നഗരമെന്നാണ് സിംഗപ്പൂരിനെ വിളിക്കുന്നത്. ഈ നാട്ടില്‍ എവിടെ നോക്കിയാലും ചെടികളും പൂന്തോട്ടങ്ങളും. ഏകദേശം 250 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ഗാര്‍ഡന്‍സ് ബൈ ദി ബേ ശരിക്കുമൊരു അദ്ഭുതം തന്നെയാണ്. മറീന റിസര്‍വോയറിനോട് ചേര്‍ന്നുള്ള സിംഗപ്പൂരിലെ സെന്‍ട്രല്‍ റീജനിലാണ് ഈ പ്രകൃതി പാര്‍ക്ക്. മൂന്ന് വാട്ടര്‍ഫ്രണ്ട് ഗാര്‍ഡനുകളോട് ചേര്‍ന്നാണിത്. ഇവിടുത്തെ വെര്‍ട്ടിക്കല്‍ പൂന്തോട്ടങ്ങളും മറ്റും കണ്ടുകഴിഞ്ഞ് നാട്ടിലെത്തിയ അച്ഛനും അമ്മയും പിന്നെ വീടും ഏതാണ്ട് ഈ രൂപത്തിലേക്കു മാറ്റാനുള്ള ശ്രമത്തിലാണിപ്പോള്‍ എന്നാണ് ജിപി പറയുന്നത്. ജോലിയിൽനിന്നു വിരമിച്ച അച്ഛന്‍ കൃഷിയിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ സിംഗപ്പൂര്‍ യാത്ര കഴിഞ്ഞതോടെ രണ്ടുപേരും ചെടികള്‍ക്കു പിന്നാലെ കൂടിയിരിക്കുകയാണെന്നും വീടിപ്പോള്‍ കണ്ടാല്‍ ശരിക്കുമൊരു ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ പോലെ തോന്നുമെന്നും  ജിപി പറയുന്നു.

gp-travel4-gif

ഈ യാത്ര മറക്കാനാവാത്തതാകുന്നത് മറ്റൊരു കാരണം കൊണ്ടുകൂടിയാണെന്ന് ഗോവിന്ദ് പത്മസൂര്യ. ‘യാത്രക്കിടെ എന്റെ പഴ്‌സ് ഒരു ടാക്‌സിയില്‍ നഷ്ടപ്പെട്ടു. ഈ ട്രിപ്പിന്റെ ചെലവു വഹിക്കുന്നത് ഞാനാണ്. എന്റെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍, ഐഡി കാര്‍ഡുകള്‍, ഡോളര്‍, ഒരു വിദേശ രാജ്യത്ത് ആവശ്യമായ മറ്റു രേഖകൾ എന്നിവയെല്ലാം അതില്‍ ഉണ്ടായിരുന്നു. അതൊരു  റാന്‍ഡം ടാക്‌സി ആയതിനാല്‍, എനിക്ക് ടാക്‌സി നമ്പറോ ഡ്രൈവറുമായി ബന്ധപ്പെടാനുള്ള മാര്‍ഗമോ അറിയില്ല. ഇനിയെന്തുചെയ്യുമെന്ന് ഒരു ഊഹവുമില്ലാതെ തിരിച്ച് ഹോട്ടല്‍ റൂമിലെത്തി. എന്നാല്‍ പിറ്റേ ദിവസം രാവിലെ എന്നെകാത്ത് ഒരു സര്‍പ്രൈസ് ഹോട്ടല്‍ ലോബിയിലുണ്ടായിരുന്നു– എന്റെ പഴ്‌സും അതവിടെ എത്തിച്ച ടാക്‌സി ഡ്രൈവറുടെ നമ്പരും. ഞാന്‍ അദ്ദേഹത്തെ വിളിച്ച് നന്ദിപറയുകയും ഒരു പാരിതോഷികം നൽകാനുള്ള ആഗ്രഹം അറിയിക്കുകയും ചെയ്തു. എന്നാല്‍ ഞാന്‍ ശരിക്കും അമ്പരന്നത് അപ്പോഴായിരുന്നു. നിങ്ങളുടെ പഴ്‌സ് തിരികെ കിട്ടിയതില്‍ എനിക്ക് സന്തോഷമുണ്ട്, അത് മടക്കിനല്‍കേണ്ടത് എന്റെ കടമ മാത്രമാണ് എന്നായിരുന്നു ഡ്രൈവറുടെ മറുപടി’. – ജി പി പറയുന്നു.

gp-travel2-gif

സിംഗപ്പൂരിലെ ജനങ്ങള്‍ അമ്പരപ്പിക്കുംവിധം ആരോഗ്യവാന്‍മാരാണ് എന്നാണ് ജിപി പറയുന്നത്. അതിന് കാരണവുമുണ്ട്. ഓരോ സിംഗപ്പൂര്‍ പൗരനും 18 വയസ്സ് തികഞ്ഞാല്‍ നിര്‍ബന്ധമായും പട്ടാളത്തില്‍ ചേരണം. പട്ടാളരീതിയിലുള്ള ചിട്ടവട്ടങ്ങളും കഠിനമായ ആരോഗ്യപരിപാലനവും ഭക്ഷണരീതിയുമെല്ലാം 80 വയസ്സായ വൃദ്ധനെപ്പോലും അരോഗദൃഢഗാത്രനാക്കി നിലനിര്‍ത്തുവെന്ന് ജിപിയുടെ സുഹൃത്തും സിംഗപ്പൂരില്‍ ഡോക്ടറുമായ സജി കുരുവിള സാക്ഷ്യപ്പെടുത്തുന്നു. തന്റെ അടുത്ത് സ്ഥിരമായി വൈദ്യപരിശോധനയ്ക്കെത്തുന്ന ചില വയോധികരുടെ ആരോഗ്യം കണ്ട് അതിശയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നത്. സിംഗപ്പൂരിലെത്തിയപ്പോള്‍ തനിക്കും കുടുംബത്തിനും വേണ്ട സഹായങ്ങളും മറ്റും ചെയ്തുതന്ന് ആ യാത്ര ധന്യമാക്കിയത് സജിയും ഭാര്യയുമാണെന്ന് ജിപി.

ഒരാഴ്ച നീണ്ട സിംഗപ്പൂര്‍ ട്രിപ്പിനിടെ സിംഗപ്പൂര്‍ നഗരത്തിലൂടെയുള്ള സൈറ്റ് സീയിങ് ട്രിപ്പായ ഡക്ക് ടൂറും ക്ലാര്‍ക്ക് ക്വേ നദിയുമെല്ലാം കണ്ടാണ് ജിപിയും കുടുംബവും മടങ്ങിയത്. അച്ഛനെയും അമ്മയെയും കൊണ്ടൊരു വിദേശ യാത്രയെന്ന ഏറെനാളായുള്ള സ്വപ്‌നം സാക്ഷാത്കരിച്ച നിറവിലാണ് ജിപി. മുക്കിലും മൂലയിലും പച്ചപ്പ് നട്ടുവളര്‍ത്തുന്ന നാടിനെ കണ്ട് സ്വന്തം വീടിനെ പച്ചയില്‍ ആറാടിക്കാന്‍ തീരുമാനിച്ച് അച്ഛനും അമ്മയും. അവർ കാത്തിരിക്കുകയാണ് അടുത്ത യാത്രയ്ക്കായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com