മറക്കാനാവില്ല ആ സർപ്രൈസ് ഗിഫ്റ്റ് , മിഥുൻ പറയുന്നു

B-3
SHARE

മിഥുൻ രമേശ് ആളൊരു മിടുക്കനാണ്, നല്ലൊരു അവതാരകനാണ്. പ്രേക്ഷകർക്ക് മിഥുനെക്കുറിച്ചു പറയാൻ നൂറുനാവാണ്. തന്മയത്വമുള്ള അവതരണ ശൈലി തന്നെയാണ് കുടുംബസദസ്സുകൾക്ക് മിഥുനെ പ്രിയങ്കരനാക്കുന്നത്. റേഡിയോ ജോക്കി, നടൻ എന്നീ നിലകളിലും മികവു തെളിയിച്ച മിഥുന്റെ  ഇഷ്ടങ്ങളിലൊന്നാണ് യാത്രകൾ. കുടുംബമായും അല്ലാതെയുമൊക്കെ യാത്രപോകാറുണ്ട്. ഒാരോ യാത്രയ്ക്കും ഒാരോ കളറാണെന്നു മിഥുൻ പറയുന്നു.  

midhun-travel8

‘യാത്രകളോട് കുട്ടിക്കാലം മുതലുള്ള ഇഷ്ടം ഇപ്പോഴും കുറ​ഞ്ഞിട്ടില്ല. ദൈവാനുഗ്രഹമാണ്, അഭിനയവും ജോലിയുമൊക്കെ എന്റെ യാത്രയുടെയും ഭാഗമായിട്ടുണ്ട്. ജോലി സംബന്ധമായും അല്ലാതെയും നിരവധി യാത്രകൾക്കുള്ള ഭാഗ്യമുണ്ടായി’. 

മിഥുനെപ്പോലെതന്നെ യാത്രകളെ പ്രണയിക്കുന്നയാളാണ് ഭാര്യ ലക്ഷ്മിയും. മകൾ തൻവിയുടെ വരവോടെ യാത്രാപ്രണയം ഇരട്ടിച്ചു. ലക്ഷ്മിക്കും മകൾക്കുമൊപ്പവും സുഹൃത്തുക്കൾക്കൊപ്പവും തനിച്ചുമൊക്കെ മിഥുന്‍ യാത്ര പോകാറുണ്ട്. ഒാരോ യാത്രയും വ്യത്യസ്തമായ അനുഭവമാണ് സമ്മാനിക്കുകയെന്ന് മിഥുന്റെ വാക്കുകൾ. മിഥുന്റെ യാത്രാവിശേഷങ്ങൾ അറിയാം.

midhun-travel5

കാസർകോട് ടു തിരുവനന്തപുരം

കേരളത്തിലെ പതിനാലു ജില്ലകളിലും ഞാൻ പോയിട്ടുണ്ട്; വിനോദയാത്രയായും ഷൂട്ടിനായുമൊക്കെ. ഓരോ ജില്ലയിലെയും വ്യത്യസ്ത കാഴ്ചകളും ആളുകളെയും തനതു രുചിയിലുള്ള വിഭവങ്ങളുമൊക്കെ ആസ്വദിക്കാനായിട്ടുണ്ട്. അതൊരു വലിയ ഭാഗ്യമായാണ് ഞാൻ കരുതുന്നത്. കേരളത്തിൽ അങ്ങോളമിങ്ങാളം യാത്ര ചെയ്തപോലെ ഇന്ത്യ ചുറ്റിക്കാണാനുള്ള ആഗ്രഹം ഇപ്പോഴും ബാക്കിയാണ്. ദുബായിലായതുകൊണ്ടാവാം ഇന്ത്യയിലെ പല സ്ഥലത്തും  പോകാനായിട്ടില്ല. കുട്ടിക്കാലത്ത് അച്ഛന്റെയും അമ്മയുെടയും ഒപ്പം പോയ സ്ഥലങ്ങളാണ് ഇന്ത്യൻയാത്രയുടെ ലിസ്റ്റിലുള്ളത്.

midhun-travel4

ഹണിമൂൺ യാത്ര

ലക്ഷ്മിയും കടുത്ത യാത്രപ്രേമിയാണ്. ഞങ്ങളുടെ ഹണിമൂൺ യാത്ര പാരിസിലേക്കായിരുന്നു. വെളിച്ചത്തിന്റെ നഗരം, കലയുടെ നഗരം, പ്രണയത്തിന്റെ നഗരം, അനേകം വിളിപ്പേരുകളുണ്ട് ഈ നഗരത്തിന്. ഓരോരുത്തരും ഏതു രീതിയിൽ നോക്കിക്കാണുന്നോ ആ പേരു ചേർത്ത് ഈ നഗരത്തെ വിളിക്കാം. ലോകത്തിലെ ഏഴ് മഹാദ്ഭുതങ്ങളില്‍ ഒന്നായ ഈഫല്‍ ടവറൊക്കെ ശരിക്കും വിസ്മയിപ്പിച്ചു. ലക്ഷ്മി ഒപ്പമുള്ളതു സന്തോഷം പതിന്മടങ്ങാക്കി.

midhun-travel6

വിവാഹശേഷവും സേളോട്രിപ്പുകൾ നടത്താറുണ്ടായിരുന്നു. ആ യാത്രകളിൽ മറക്കാനാവാത്തത് ലക്ഷ്മിയുടെ സർപ്രൈസ് ഗിഫ്റ്റായിരുന്നു. ആംസ്റ്റർഡാമിലേക്കുള്ള സോളോട്രിപ്പായിരുന്നു ലക്ഷ്മിയുടെ ഗിഫ്റ്റ്. ആകാംക്ഷയേക്കാൾ വിസ്മയമായിരുന്നു എനിക്ക് ആ യാത്ര. നെതർലൻഡിന്റെ തലസ്ഥാനമായ ആംസ്റ്റര്‍ഡാം കാഴ്ചകളുടെ മായാലോകം എന്നു തന്നെ പറയാം. നടന്നു കാഴ്ചകൾ ആസ്വദിക്കാൻ പറ്റിയയിടമാണ്. ആംസ്റ്റര്‍ഡാം സിറ്റിയിൽനിന്നു മാറിയുള്ള സാൻഡം എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടയിടമാണ്. അവിടുത്തെ കാഴ്ചകളൊക്കെ മുത്തശ്ശിക്കഥയിലേതുപോലെ തോന്നിപ്പിക്കും.

midhun-travel1

  അവിടെ അടുത്ത് ഗീറ്റ്ഹോൾ എന്നൊരു ഗ്രാമമുണ്ട്. അവിടെ കാറോ ബസ്സോ ഒന്നുമില്ല. സൈക്കിളും ബോട്ടും മാത്രമുള്ള ചെറിയ ഗ്രാമം. അവിടുത്തെ കാഴ്ചകളും എന്നെ ആകർഷിച്ചു.  ഒരുപാട് ഇഷ്ടപ്പെട്ട യാത്രയായിരുന്നു അത്. ആദ്യമായി പോയപ്പോൾ നാലു ദിവസം അവിടെ തങ്ങി. പിന്നീട്  ആംസ്റ്റർഡാമിലേക്ക് കുടുംബസമേതം പോയി. പിന്നൊരിക്കൽ സുഹൃത്തുക്കളുമായി പോയി. എത്ര കണ്ടാലും പിന്നെയും പോകണമെന്ന് ആഗ്രഹമുള്ള സ്ഥലമാണ്  ആംസ്റ്റർഡാം. അടുത്ത  ആംസ്റ്റർഡാം  യാത്രയ്ക്കുള്ള  തയാറെടുപ്പിലാണ് ഞങ്ങൾ. എന്റെ ഫാമിലിയും സുഹൃത്തുക്കളുടെ ഫാമിലിയും ചേർന്നുള്ള യാത്ര.

അ‍ഡ്വഞ്ചർ ട്രിപ്പിൽ ലക്ഷ്മിയാണ് താരം

അഡ്വഞ്ചർ ട്രിപ്പ് എനിക്കത്ര വശമില്ല. സാഹസിക യാത്രകളോടും വിനോദങ്ങളോടും ലക്ഷ്മിക്കാണ് പ്രിയം. സ്ഥലം കാണുക, അതിന്റെ ചരിത്രം അറിയുക, പഠിക്കുക എന്നുള്ളതൊക്കെയാണ് എന്റെ ഹോബി. ലക്ഷ്മിയും സുഹൃത്തുക്കളുമൊരുമിച്ച് ട്രെക്കിങ്ങിനും സാഹസിക യാത്രകൾക്കും സ്കൂബ ഡൈവിങ്ങിനും ബന്‍ജി ജംപിങ്ങിനുമൊക്കെ പോകാറുണ്ട്.

വിദേശയാത്ര

മോളുമായുള്ള ഞങ്ങളുടെ ആദ്യ വിദേശയാത്ര ഒാസ്ട്രിയ ആയിരുന്നു. ശേഷം യുകെയിൽ പോയിരുന്നു. ഇങ്ങനെ യാത്ര പോകുമ്പോൾ മോൾക്ക് പെട്ടെന്ന് ക്ലൈമറ്റ് വ്യത്യസം കാരണം ബുദ്ധിമുട്ടുകൾ ഉണ്ടായി. പിന്നീടുള്ള ഒാരോ യാത്രയും വളരെ ശ്രദ്ധിച്ചായിരുന്നു.  മകളുടെ പിറന്നാൾ ആഘോഷിക്കുവാനായി ഞങ്ങൾ ഹോങ്കോങ് ഡിസ്നിവേൾഡിൽ പോയിരുന്നു. മോളും അവിടുത്തെ കാഴ്ചകൾ ശരിക്കും ആസ്വദിച്ചു. പിന്നെ കൊറിയയിലും സിംഗപ്പൂരും പോയി. ഞങ്ങൾ യാത്ര പ്ലാന്‍ ചെയ്യുമ്പോൾ പാക്കേജ് ടൂർ തിരഞ്ഞെടുക്കാറില്ല.

അതെനിക്ക് അത്ര ഇഷ്ടമല്ല. പാക്കേജ് യാത്രയെങ്കിൽ അവരുടെ സമയമനുസരിച്ച് വേണം നമ്മളും ഒാരോയിടവും കറങ്ങേണ്ടത്. ഞാൻ ഒാണ്‍ലൈനിലൂടെ ബുക്ക് ചെയ്താണ് യാത്ര പോകുന്നത്. എന്നിരുന്നാലും ഞങ്ങളുടേതായ പ്ലാനിങ്ങുകളും സമയക്രമീകരണങ്ങളും ചെയ്യാറുണ്ട്. 

തായ്‌ലൻഡ് ട്രിപ്പ്

എല്ലാത്തവണയും പ്ലാൻ ചെയ്ത് നടത്തുന്ന യാത്രകളിൽനിന്നു വ്യത്യസ്തമായിരുന്നു ഞങ്ങളുടെ തായ്‌ലൻഡ് ട്രിപ്പ്. 2019 ഒക്ടോബർ വരെ തായ് വീസ ഫ്രീ ആണെന്ന് അറിയാമായിരുന്നു. സിംഗപ്പൂർ യാത്രയൊക്കെ കഴിഞ്ഞ് അത്യാവശ്യം പണം ചെലവായിരിക്കുന്ന സമയമായിരുന്നു. തായ്‌ലൻഡ് വീസ ഫ്രീ ആണല്ലോ എന്നു കരുതി യാത്രയ്ക്കു തയാറെടുത്തു. താമസത്തിനായി നല്ല അടിപൊളി റൂം തരക്കേടില്ലാത്തെ ചെലവിൽ റെഡിയായിരുന്നു. ജോലി സ്ഥലത്തു നിന്ന് അവധിയും കിട്ടിയപ്പോൾ ഒട്ടും മടിച്ചില്ല, നേരെ തായ്‌ലൻഡിലെ ഫുക്കറ്റിലേക്ക് തിരിച്ചു.

midhun-travel2

ഞങ്ങളുടെ താമസം കാറോൺ ബീച്ചിനടുത്തായായിരുന്നു. ബീച്ചിലെ കാഴ്ചകളും രസകരമായിരുന്നു. എന്നെ ഏറെ ആകർഷിച്ചത് അവിടുത്തെ ഫന്റാസിയ എന്ന ഷോ ആയിരുന്നു. ശരിക്കുള്ള മൃഗങ്ങളെ ഉൾപ്പെടുത്തി തായ് രാജാവിന്റെ കഥ പറയുന്ന ഷോ. വലിയൊരു ഷോ ആയിരുന്നു. തായ്‌ലൻഡ് –ഫുക്കറ്റ് യാത്രയിൽ ഒരിക്കലും മറക്കരുത് ഇൗ ഷോ കാണാന്‍. അവിടുത്തെ ഏറ്റവും വലിയ പ്രത്യേകത ബുഫെ ആയിരുന്നു. ഒരു തടസ്സവും കൂടാതെ മൂവായിരം പേർക്ക് ഒരുമിച്ചിരുന്നു കഴിക്കാൻ പറ്റുന്ന ബുഫെ.

തായ്‍ലൻഡിലെ ഒാരോ കാഴ്ചയും വിസ്മയിപ്പിക്കുന്നതായിരുന്നു. തായ്‌ലൻഡിലെ ഏറ്റവും വലിയ ദ്വീപാണ് ഫുക്കറ്റ്. മനോഹര കടൽത്തീരങ്ങളും മഴക്കാടുകളും പർവതങ്ങളും വൈവിധ്യമാർന്ന സംസ്കാരവുമെല്ലാം സമന്വയിക്കുന്ന ദ്വീപ്. ഫുക്കറ്റിലെ പതോങ്ങ് ബീച്ചില്‍ പാരാസെയ്‍ലിങ് നടത്തി. അടുത്ത ദിവസം ഫിഫി െഎലൻഡിൽ പോയി. അതിമനോഹരമായ ബീച്ചുകളും കടൽത്തീരങ്ങളും നിറഞ്ഞ ഫിഫി ദ്വീപുകൾ. വിവിധ രൂപങ്ങൾ കൊണ്ട് അതിശയിപ്പിക്കുന്ന പവിഴപ്പുറ്റുകളും നീലജലത്തിന്റെ മനോഹാരിതയുമെല്ലാം ഈ കടൽത്തീരത്തേക്ക് ആരെയും ആകർഷിക്കും. നടുകടലിലെ സ്നോർക്കലിങ് ഞങ്ങൾ ശരിക്കും ആസ്വദിച്ചു. അവിടുത്തെ മിക്ക ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ചുറ്റിയടിച്ചായിരുന്നു മടക്കം.

മിഡിൽ ഈസ്റ്റിൽ മിക്ക രാജ്യങ്ങളിലും പോയിട്ടുണ്ട്. യുഎസ്എ, കാനഡ, യൂറോപ്പിൽ സ്പെയിൻ, ഫ്രാൻസ്, ഒാസ്ട്രിയ, ഇംഗ്ലണ്ട്, നെതർലൻഡ് എന്നിവിടങ്ങളിലും പോയിട്ടുണ്ട്. പിന്നെ ശ്രീലങ്ക, നേപ്പാൾ, മാലിദ്വീപ്, ഹോങ്കോങ്, മക്കാവു, തായ്‍ലൻഡ്, മലേഷ്യ, സിംഗപ്പൂർ, സൗത്ത് കൊറിയ എന്നിവടങ്ങളിലും. ഇൗ യാത്രകളൊക്കെ ദൈവാനുഗ്രഹം എന്നു തന്നെ പറയാം. ഇനിയും യാത്ര പോകാനുള്ള ഭാഗ്യവും അവസരവും ദൈവം നൽകുമെന്ന് വിശ്വസിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA