ADVERTISEMENT

യാത്രകള്‍ ഏറെ നടത്തുന്ന ലെനയുടെ ഏറ്റവും പുതിയ വിശേഷങ്ങള്‍ അങ്ങ് കാനഡയില്‍ നിന്നുമാണ്. ഇത്തവണ ലെന അവധിയാഘോഷിക്കാന്‍ തെരഞ്ഞെടുത്തത് കാനഡയെന്ന മനോഹര രാജ്യമായിരുന്നു. കൊച്ചിയില്‍ നിന്ന് മസ്‌കറ്റ് വഴിയാണ് ടൊറന്റോയിലേക്ക് പോയത്. നീണ്ട വിമാനയാത്രയടക്കമുള്ള വിശേഷങ്ങള്‍ തന്റെ യൂടൂബ് ചാനലിലൂടെ താരം പങ്കുവയ്ക്കുന്നു.

ടുലിപ് ഫെസ്റ്റിവല്‍

ഓട്ടാവയിലെ സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു ലെനയുടെ കാനഡയാത്ര. ടുലിപ് ഫെസ്റ്റിവല്‍ നടക്കുമ്പോഴാണ് ലെന ഒട്ടാവയില്‍ എത്തിയത്. ടുലിപ് പുഷ്പങ്ങള്‍ ലോകപ്രശസ്തമാണല്ലോ. പലവര്‍ണ്ണങ്ങളില്‍ പൂത്തുലഞ്ഞുനില്‍ക്കുന്ന ടുലിപ് പൂവുകള്‍ ആരുടേയും മനം നിറയ്ക്കും. ഈ വര്‍ഷത്തെ ഫെസ്റ്റിവല്‍ ഓട്ടാവയിലെ കമ്മീഷണേഴ്‌സ് പാര്‍ക്കിനെ കേന്ദ്രീകരിച്ചായിരുന്നു സംഘടിപ്പിച്ചത്. അവിടെ ഡസന്‍ കണക്കിന് ഇനത്തിലുള്ള ഏതാണ്ട് മുപ്പതിനായിരത്തിലധികം ടുലിപ്‌സ് പുഷ്പങ്ങളാണ് വിരിഞ്ഞുനില്‍ക്കുന്നത്. ഒരുകിലോമീറ്റര്‍ ദൂരമുള്ള പാതയ്ക്കിരുവശവും ടുലിപ് വസന്തമാണ്. യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റായ റിഡ കനാലിലെ മനോഹരമായ ഡസ് തടാകത്തിന്റെ സമീപമാണ് കമ്മീഷണേഴ്‌സ് പാര്‍ക്ക് സ്ഥിതിചെയ്യുന്നത്.

ഓട്ടാവ ടു ടൊറന്റോ

അവിടെ നിന്നും ഒരു ട്രെയിന്‍ യാത്ര കൂടി ലെന നടത്തി. ഓട്ടാവ ടു ടൊറന്റോ. കാനഡയുടെ യഥാര്‍ത്ഥ രൂപവും ഭാവവവും എല്ലാം അറിയണമെങ്കില്‍ ട്രെയിനില്‍ തന്നെ യാത്ര ചെയ്യണമെന്നാണ് ലെനയുടെ അഭിപ്രായം. ടൊറന്റോ റയില്‍വേ സ്‌റ്റേഷനില്‍ നിന്നും സുഹൃത്തിനൊപ്പം വിമാനത്താവളത്തിലേക്ക് തിരിക്കുന്നതിന് മുമ്പ് കുറച്ചു കാഴ്ചകള്‍ കൂടി കാണാനും ലെന മറന്നില്ല. ടൊറന്റോ നഗരത്തെ ചുറ്റിക്കറങ്ങികണ്ടാണ് താരം അവിടെ നിന്നും തിരിച്ചത്.

 

കാനഡയുടെ സൗന്ദര്യം ശരിക്കും ആസ്വദിക്കണമെങ്കില്‍ രാജ്യത്തിന്റെ തീരദേശങ്ങള്‍ക്കൂടി കാണണമെന്ന് പറഞ്ഞ ലെന താന്‍ ഒരിക്കല്‍ക്കൂടി കാനഡയ്ക്ക് വരുമെന്നും അന്ന് കൂടുതല്‍ കാഴ്ചകള്‍ ആരാധകര്‍ക്കായി സമ്മാനിക്കുമെന്നും പറഞ്ഞുവെയ്ക്കുന്നു.

 

കാനഡയെന്ന സ്വപ്‌നരാജ്യം

 

കാനഡ ഇന്ന് മലയാളിയ്ക്ക് ഗള്‍ഫ് രാജ്യങ്ങള്‍ പോലെ സുപരിചിതമാണ്. ജോലിതേടിയും പഠിക്കാനുമൊക്കെയായി നിരവധിപ്പേര്‍ ഇന്ന് നമ്മുടെ നാട്ടില്‍ നിന്നും കാനഡയിലേക്ക് പോകുന്നു. കുടുംബവുമൊത്ത് പോയി അവിടെ സെറ്റിലാകുന്നവരും കുറവല്ല. കാണാനും അറിയാനും ഏറെയുള്ള നാടാണ് കാനഡ. ലോകത്തിലെ രണ്ടാമത്തെ വലിയ രാജ്യമായ കാനഡ മനോഹരമായ പ്രകൃതിദൃശ്യങ്ങളാലും സഞ്ചാരികള്‍ക്ക് മതിവരുവോളം കണ്ടുതീരാതത്ര സവിശേഷ ഇടങ്ങളാലും സമ്പന്നമാണ്.  അവിശ്വസനീയമായ പ്രകൃതി അദ്ഭുതങ്ങളോടൊപ്പം തീരങ്ങളില്‍ നിന്ന് തീരങ്ങളിലേക്ക് വ്യാപിച്ചുകിടക്കുന്ന സംസ്‌കാരങ്ങളുടെയും മാസ്മരിക കാഴ്ച്ചകളുടേയും നിറവാര്‍ന്ന നഗരങ്ങളുടെകൂടി നാടാണ് ഈ രാജ്യം.

 

പടിഞ്ഞാറന്‍ കാനഡ റോക്കി പര്‍വതനിരകളും വാന്‍കൂവര്‍, വിക്ടോറിയ, കാല്‍ഗറി നഗരങ്ങള്‍ എന്നിവയിലൂടെ സഞ്ചാരികളുടെ മനം കവരുന്നു. മധ്യ കാനഡയിലേക്ക് പോയാല്‍ ലോകപ്രസിദ്ധമാര്‍ന്ന നയാഗ്ര വെള്ളച്ചാട്ടവും ടൊറന്റോ, ഒട്ടാവ, മോണ്‍ട്രിയല്‍, ക്യൂബെക്ക് തുടങ്ങിയ അതിമനോഹര നഗരങ്ങളും നിങ്ങളുടെ യാത്രയ്ക്ക് മാറ്റ് കൂട്ടും. മഞ്ഞുകാലത്ത് മറ്റൊരു രൂപവും ഭാവവും കൈവരുന്ന ഈ നാട്ടിലേക്ക് ഒരു യാത്ര പ്ലാന്‍ ചെയ്യാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com