ADVERTISEMENT

'ദൈവങ്ങളുടെ ദ്വീപ്‌' എന്ന് ബാലിയെ വിളിക്കുന്നത് വെറുതെയല്ല! ഇന്തോനേഷ്യയിലെ 17,000 ദ്വീപുകളെ വച്ച് നോക്കുമ്പോള്‍ മനോഹരമായ പ്രകൃതിയും ശാന്തമായ കടലോരങ്ങളും ഇവിടുത്തെ ആളുകളും സമ്പല്‍സമൃദ്ധിയുമെല്ലാം ബാലിയെ വേറിട്ടു നിര്‍ത്തുന്നു. സ്ഥിരം കാഴ്ച്ചകളല്ലാതെ ബാലിയില്‍  നിരവധി അനുഭവങ്ങള്‍ സഞ്ചാരികളെ കാത്തിരിക്കുന്നുണ്ട്. ഇതിനായി കണ്ണും കാതും തുറന്നിരിക്കണമെന്നു മാത്രം!

 

680775202

എല്ലാവരും സ്ഥിരം പോകുന്ന ബീച്ചുകള്‍ ഒന്ന് മാറ്റിപ്പിടിക്കാം, പകരം സ്വര്‍ണ്ണവര്‍ണ്ണത്തിലുള്ള കതിരുകള്‍ കാറ്റിലാടുന്നതും കണ്ട് നെല്‍വയലുകള്‍ക്ക് നടുവിലൂടെ ബൈക്കോടിച്ച് പോവാം. 

 

പ്രകൃതിദത്തമായ ചൂടുറവകളില്‍ കുളിക്കാം

 

ബാലിയില്‍ ചെന്നാല്‍ നിര്‍ബന്ധമായും ചെയ്യേണ്ട രണ്ടു കാര്യങ്ങളാണ് തനത് ബാലി ശൈലിയിലുള്ള മസാജും പ്രകൃതിദത്തമായി ഉണ്ടാകുന്ന ചൂടുള്ള ഉറവകളിലെ കുളിയും. ബാലിയുടെ വടക്കുകിഴക്ക്‌ ഭാഗത്തായി കിന്റാമണിയില്‍ സ്ഥിതി ചെയ്യുന്ന ടോയ ദേവസ്യ നാച്ചുറല്‍ ഹോട്ട്സ്പ്രിംഗ്സ് (Toya Devasya Natural Hot Spring) വളരെ പ്രശസ്തമാണ്. മൗണ്ട് ബാത്തുറില്‍ നിന്നും ഉത്ഭവിക്കുന്ന ഈ ഉറവ നോക്കി നില്‍ക്കെ അന്‍പതു തരത്തിലുള്ള നീല നിറം കാണാം! സാധാരണയായി മറ്റു ചൂടുറവകളില്‍ ഉണ്ടാകുന്ന അത്രയും സള്‍ഫര്‍ ഗന്ധം ഇവിടത്തെ ജലത്തിനില്ല എന്നതും സഞ്ചാരികളെ ഇങ്ങോട്ടേയ്ക്ക് ആകര്‍ഷിക്കുന്നു. ഈ ജലത്തിന് മുറിവുണക്കാന്‍ കഴിവുണ്ടെന്നാണ് പരക്കെ വിശ്വസിക്കപ്പെടുന്നത്. വിശ്വാസത്തിന് അടിത്തറയിടാന്‍ വസ്തുതാപരമായ തെളിവുകള്‍ ഒന്നും തന്നെയില്ലെങ്കിലും ഈ വെള്ളത്തില്‍ കുളിച്ചാല്‍ പുനര്‍ജന്മം കിട്ടിയ പോലെയാണെന്ന് അനുഭവ സാക്ഷ്യം.

ബാലിയിലെ കാപ്പി

പലതരം കാപ്പികള്‍ക്ക് വളരെ പേരു കേട്ടതാണ് ബാലി. വാനില, ഇഞ്ചി, ലെമണ്‍ഗ്രാസ്, ചിലി, ചോക്ലേറ്റ് എന്നിങ്ങനെ വിവിധ രുചി കാപ്പികള്‍ ഇവിടെ ലഭ്യമാണ്. എന്നാല്‍ ഇക്കൂട്ടത്തിലെ രാജാവെന്നു പറയുന്നത് 'കോപി ല്യുവാക്'(Copi Luwak) എന്ന കാപ്പിയാണ്. ഒരു കപ്പിന് വില 2500 മുതല്‍ 6000 വരെ വരും! വെരുകിന്‍റെ ആമാശയത്തിനുള്ളിലൂടെ കടന്ന് പുറത്തേക്കെത്തുന്ന കാപ്പിക്കുരു ആണിത്. കാപ്പിപ്പഴങ്ങള്‍ ഭക്ഷിക്കുന്ന വെരുകുകളുടെ വയറ്റില്‍ കാപ്പിക്കുരു ദഹിക്കാതെ കിടക്കും. ഇവയുടെ ആമാശയത്തിലെ ദഹനരസം കാരണം കാപ്പിക്കുരുവിന്‍റെ ചവര്‍പ്പ് ഇല്ലാതാവുകയും ഇവ കൂടുതല്‍ മൃദുവാകുകയും ചെയ്യുന്നു.  ഇവ പുറന്തള്ളുന്ന കാപ്പിക്കുരുക്കള്‍ ശേഖരിച്ചാണ് ഈ വിലപ്പെട്ട കാപ്പിയുണ്ടാക്കുന്നത്. 

 

ഉയരങ്ങളിലേയ്ക്ക്

 

ബാത്തുര്‍ അഗ്നിപര്‍വ്വതത്തിന്‍റെ മുകളിലേയ്ക്കുള്ള മൂന്നു മണിക്കൂര്‍ കയറ്റം സഞ്ചാരികളെ സംബന്ധിച്ച് സ്വപ്നതുല്യമാണ്. ഏറ്റവും മുകളിലെത്തി ചുറ്റും നോക്കിയാല്‍ അത്രയും നേരം സഹിച്ച കഷ്ടപ്പാടുകള്‍ എല്ലാം മറക്കും, അത്രയ്ക്ക് മനോഹരമാണ് മുകളില്‍ നിന്നും നോക്കിയാല്‍ കാണുന്ന ബാലിയുടെ കാഴ്ച. ബാലിയിലെ ഏറ്റവും സജീവമായ അഗ്നിപര്‍വ്വതമാണ് ബാത്തുര്‍. മിക്കവാറും എല്ലാ വര്‍ഷവും അങ്ങനെ പുകയാറില്ല എന്നതിനാല്‍ ഇവിടം താരതമ്യേന സുരക്ഷിതമായാണ് കണക്കാക്കുന്നത്. ഏറ്റവും മുകളില്‍ കയറിയാല്‍ ഇന്ത്യന്‍ മഹാസമുദ്രവും ബാത്തുര്‍ കായലും അഗുംഗ് പര്‍വ്വതവുമെല്ലാം 360 ഡിഗ്രി വിശാലതയില്‍ കാണാം! 

നെല്‍പ്പാടങ്ങള്‍ക്കിടയിലൂടെ

സൂര്യാസ്തമയ സമയത്ത് സ്വര്‍ണ്ണവര്‍ണ്ണത്തില്‍ പാടങ്ങളില്‍ നെല്‍ക്കതിരുകള്‍ താളത്തിലാടുന്ന കാഴ്ച ഒന്ന് കാണേണ്ടത് തന്നെയാണ്. ഇവിടത്തെ ജനങ്ങളുടെ ജീവിതസംസ്കാരത്തിന്‍റെ ഭാഗം കൂടിയാണ് നെല്‍കൃഷി. ബാലിയിലെ തെഗലാലംഗ് നെല്‍പ്പാടങ്ങള്‍ വളരെ പ്രശസ്തമാണ്. 

ന്യുസ ദുവയിലേക്ക്

നെല്‍പ്പാടങ്ങള്‍ കാണാന്‍ അത്രക്ക് താല്പര്യമില്ല എന്നാണെങ്കില്‍ ബാലിയുടെ തെക്കന്‍ തീരപ്രദേശമായ ന്യുസ ദുവയിലേക്ക് നീങ്ങാം. റിസോര്‍ട്ടുകളും റസ്റ്റോറന്റുകളും കടകളുമൊക്കെയായി നല്ല കിടുക്കന്‍ അന്തരീക്ഷമാണ് ഇവിടെ. കടല്‍ത്തീരത്ത് നടക്കാം, സ്നോര്‍ക്കലിംഗ്, ഡൈവിംഗ്, സ്പീഡ് ബോട്ടിംഗ്, പാരാഗ്ലൈഡിംഗ്, സെയിലിംഗ് തുടങ്ങിയ വിനോദങ്ങള്‍ ഇവിടെ ചെയ്യാന്‍ പറ്റും. ഇവിടെ ഗോള്‍ഫ് കോഴ്സും ഉണ്ട്. ഏഷ്യ പസഫിക് പ്രദേശത്ത് നിന്നും പ്രചോദനമുള്‍ക്കൊണ്ട് വരച്ച പെയിന്‍റിംഗുകള്‍ മ്യൂസിയം പസിഫിക്കയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്‌ കാണാം. 

ഭക്ഷണം രുചിക്കാന്‍ മറക്കല്ലേ 

ബാലിയുടെ തനതു രുചി ആസ്വദിക്കാതെ തിരിച്ചു വന്നാല്‍ യാത്ര ഒരിക്കലും പൂര്‍ണ്ണമാവില്ല. ഇറച്ചി ഉരുട്ടിയത് ചേര്‍ത്തുണ്ടാക്കുന്ന 'ബാക് സോ'യില്‍ തുടങ്ങാം. ഇന്തോനേഷ്യയുടെ തനതു ഭക്ഷണമാണ് ഇത്. ഇതല്ലെങ്കില്‍ ബീച്ചിനരികെ തിരകളും നോക്കി അത്താഴം കഴിക്കാം. ബീഫ്, ചിക്കന്‍ സാറ്റെ, സ്പ്രിംഗ് റോള്‍സ്, ചോള പക്കോട, ഫ്രൈ ചെയ്ത ചെമ്മീന്‍, സൂപ്പ് ബന്‍ടുട്ട് ഉബുദ്, കലമാരി, സാല്‍മന്‍, ഒക്സ്ടെയില്‍ സൂപ്പ്... അങ്ങനെയങ്ങനെ എത്ര രുചി വൈവിധ്യങ്ങളാണെന്നോ ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്!  

 

ബാലിയിലെത്താം, ഇങ്ങനെ

യാത്ര: നിലവില്‍ മുംബൈയിൽ നിന്നും ക്വാലാലം‌പൂര്‍ വഴി ബാലിയിലേയ്ക്ക് എയര്‍ ഏഷ്യയുടെ ഫ്ലൈറ്റ് സര്‍വീസ് ഉണ്ട്

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com