ADVERTISEMENT

കുറച്ചുകാലം മുമ്പ് വരെ കടലിനടിയില്‍ ഇരുന്ന് ഭക്ഷണം കഴിക്കുക എന്നുപറയുന്നത് സങ്കല്‍പ്പിക്കാന്‍ പോലും പറ്റില്ലായിരുന്നു. എന്നാല്‍ ഇന്ന് കാലം ഏറെ പുരോഗമിച്ചിരിക്കുന്നു. ടൂറിസം രംഗത്ത് ദിനംപ്രതിയാണ് പുതിയ ആശയങ്ങള്‍ ഉടലെടുക്കുന്നത്. കടലിനടിയിലായി പണിതിരിക്കുന്ന ഹോട്ടലുകളില്‍ കടല്‍ജീവികളേയും കണ്ട്  കടലിന്റെ കാണാകാഴ്ച്ചകളില്‍ മയങ്ങിയൊരു ഫുഡിംഗ്.സൂപ്പറായിരിക്കും. അത്തരത്തിലുള്ള ചില ലോകോത്തര അണ്ടര്‍വാട്ടര്‍ റസ്റ്ററന്റുകളെക്കുറിച്ച് അറിയാം. 

ഇറ്റാ അണ്ടര്‍സീ റെസ്റ്റോറന്റ് , മാലദ്വീപ്

മാല ദ്വീപ് ഏതൊരു സഞ്ചാരിയും ഒരിക്കലെങ്കിലും കാണണമെന്ന് ആഗ്രഹിക്കുന്ന സ്ഥലമാണ്. ഇവിടുത്തെ പഞ്ചാരമണല്‍ തീരങ്ങളില്‍ അലസമായി നടക്കാനും വിനോദപരിപാടികളില്‍ പങ്കാളിയാകാനും ആരാണ് കൊതിക്കാത്തത്.നിരവധി അദ്ഭുതങ്ങള്‍ ഒരുക്കിവച്ചിരിക്കുന്ന മാലദ്വീപിലാണ് ലോകത്തിലെ ആദ്യത്തെ അണ്ടര്‍വാട്ടര്‍ റസ്റ്ററന്റ് സ്ഥിതിചെയ്യുന്നത്.

under-water-resturent1-gif

ഇറ്റാ അണ്ടര്‍സീ റസ്റ്ററന്റിനുള്ളില്‍ കയറിയാല്‍ ശരിക്കും കടലിനടിനിലെ കാഴ്ച്ചകള്‍ കാണാം. നിങ്ങള്‍ ഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍ തലയ്ക്കുമുകളിലൂടെ പലതരത്തിലുള്ള മത്സ്യങ്ങളും മറ്റും കടന്നുപോകുന്നത് വിസ്മയത്തോടെ നോക്കിയിരിക്കാം.സ്വകാര്യ കമ്പനിയായ കോണ്‍റാഡ് ഹോട്ടലുകളുടെ ഉടമസ്ഥതയിലുള്ള ഇറ്റാ സമുദ്രനിരപ്പില്‍ നിന്ന് 16 അടി താഴെയാണ് നിര്‍മിച്ചിരിക്കുന്നത്. ചെലവേറിയതാണങ്കിലും ഈറ്റയിലിരുന്ന് ഒരുനേരത്തെ ഭക്ഷണം കഴിക്കാന്‍ എത്തുന്നവരുടെ തിരക്കിന് കുറവൊന്നുമില്ല.  

അണ്ടര്‍, നോര്‍വേ 

യൂറോപ്പിലെതന്നെ  ആദ്യത്തെയും ലോകത്തിലെ ഏറ്റവും വലിയ അണ്ടര്‍വാട്ടര്‍ റെസ്റ്റോറന്റ എന്ന ഗിന്നസ് റെക്കോര്‍ഡ് നേടിയ  അണ്ടര്‍ വാട്ടര്‍ ഹോട്ടലാണ് നോര്‍വേയിലെ അണ്ടര്‍ റസ്റ്ററന്റ്. കരയില്‍നിന്നും 5 മീറ്റര്‍ താഴെയാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ഈവര്‍ഷം മാര്‍ച്ചില്‍ തുറന്ന ഈ അണ്ടര്‍വാട്ടര്‍ റെസ്റ്റോറന്റ് ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ യൂറോപ്പിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായി മാറി. റസ്റ്ററന്റിന്റെ ഡൈനിംഗ് ഏരിയയില്‍ 40 ഓളം അതിഥികളെ ഒരേസമയം ഉള്‍ക്കൊള്ളാന്‍ സാധിക്കും. 

അല്‍ മഹാര, ദുബായ് 

വിനോദസഞ്ചാരികളുടെ ഇഷ്ടഡെസ്റ്റിനേഷനുകളില്‍ ഒന്നായ ദുബായിലുമുണ്ട് ഒരു അണ്ടര്‍വാട്ടര്‍ ഭക്ഷണശാല. അല്‍ മഹാര എന്ന ഈ റസ്റ്ററന്റ് ബുര്‍ജ് അല്‍ അറബിന്റെ താഴത്തെ നിലയിലാണ് സ്ഥിതിചെയ്യുന്നത്. ഇവിടെ നിങ്ങള്‍ക്ക് എല്ലാ ഇന്ദ്രിയങ്ങളെയും ഉത്തേജിപ്പിക്കുന്ന ഒരു ഡൈനിംഗ് അനുഭവമായിരിക്കും ലഭിക്കുന്നത്. റസ്റ്ററന്റിന്റെ ഫ്‌ളോര്‍ മുതല്‍ സീലിംഗ് വരെ ഒരു അക്വേറിയ സമാനമായ ഘടനയാണ്. ഇത് നിങ്ങളെ കടലിന്റെ ആഴങ്ങളിലാണെന്ന് തോന്നിപ്പിക്കും. 

കോറല്‍ റീഫ് റെസ്റ്റോറന്റ്, ഫ്‌ളോറിഡ

ഡിസ്‌നി വേള്‍ഡില്‍ ഇല്ലാത്ത വിനോദങ്ങള്‍ ഉണ്ടാകില്ല. അപ്പോള്‍ അണ്ടര്‍ വാട്ടര്‍ ഹോട്ടല്‍ കൂടിയുണ്ടെങ്കിലോ.ഫ്‌ളോറിഡയിലെ വാള്‍ട്ട് ഡിസ്‌നി വേള്‍ഡിലെ കോറല്‍ റീഫ് റെസ്റ്റോറന്റ് അത്തരത്തില്‍ ഒന്നാണ്.  ഈ അക്വേറിയം റെസ്റ്റോറന്റ് സമുദ്രവിഭവഡിഷുകളുടെ പേരില്‍ പ്രസിദ്ധവും ഏകദേശം 4000 ഓളം സമുദ്രജീവികളെ അടുത്തുകാണാനുള്ള അവസരവും പ്രദാനം ചെയ്യുന്നു. അവരുടെ ലോബ്സ്റ്റര്‍ സ്‌റ്റൈല്‍ സാലഡും ഗ്രില്‍ ചെയ്ത മാഹി മാഹിയും നിര്‍ബന്ധമായും ഓര്‍ഡര്‍ ചെയ്യേണ്ടതാണ്. ഇത് കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ ഭാഗ്യമുണ്ടെങ്കില്‍ നിങ്ങള്‍ കഴിക്കുന്ന ലോബ്‌സ്റ്ററിന്റെ കുടുംബത്തില്‍ പെട്ടവരെ തൊട്ടടുത്ത് ജീവനോട് കാണാനും സാധിച്ചേക്കാം.

under-water-resturent1-gif

മറൈന്‍ റൂം, കാലിഫോര്‍ണിയ

ഈ ഹോട്ടലില്‍ ഇരുന്നാല്‍ ചിലസമയങ്ങളില്‍ നിങ്ങളുടെ നെഞ്ചിടിപ്പ് കൂടാന്‍ സാധ്യതയുണ്ട്. കാരണം വേലിയേറ്റസമയത്തെ വമ്പന്‍ തിരമാലകള്‍ വന്ന് റസ്റ്ററന്റിന്റെ ഗ്ലാസ് ഭിത്തിയില്‍ ആഞ്ഞടിക്കുന്നത് കണ്ടാല്‍ ഏതൊരു ധൈര്യശാലിയും ഒന്നുപിന്നോട്ട് വലിയും. കാലിഫോര്‍ണിയയിലെ  മറൈന്‍ റൂമിലെ ഡൈനിംഗ് റൂമിലിരുന്ന് പസഫിക് സമുദ്രത്തിന്റ കാഴ്ചകള്‍ വേണ്ടുവോളം ആസ്വദിക്കാം. 

ഏത് യാത്രികനും തന്റെ യാത്രകളില്‍ പരീക്ഷിക്കുന്ന ഒന്നാണ് ആ നാടുകളിലെ ഭക്ഷണങ്ങള്‍. അണ്ടര്‍ വാട്ടര്‍ റസ്റ്ററന്റുകള്‍ അങ്ങനെ ധൈര്യമായി പരീക്ഷിക്കാവുന്ന ഒന്നാണ്. ഈ റെസ്റ്റോറന്റുകളില്‍ പലതും പ്രശസ്തമായ ഹണിമൂണ്‍ ലൊക്കേഷനുകളിലാണ് സ്ഥിതിചെയ്യുന്നത്. അതുകൊണ്ട് മധുവിധു ആഘോഷിക്കാനായി വിദേശ ഡെസ്റ്റിനേഷനുകള്‍ തെരഞ്ഞെടുക്കുന്ന നവദമ്പതിമാരെ നിങ്ങള്‍ ഈ പറഞ്ഞ അണ്ടര്‍ വാട്ടര്‍ റസ്റ്ററന്റുകള്‍ ക്കൂടി ഉള്‍പ്പെടുത്തുക. നിങ്ങളുടെ യാത്ര കൂടുതല്‍ മികച്ചതും ഒരിക്കലും മറക്കാനാവാത്ത ഓര്‍മകൾ സമ്മാനിക്കുന്നതുമായിരിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com