ADVERTISEMENT

നിങ്ങള്‍ക്ക് വിദഗ്ധമായി നീന്താനറിയുമോ? എങ്കില്‍ ലോകത്തിലെ ഏറ്റവും വലിയ അണ്ടര്‍വാട്ടര്‍ തീം പാര്‍ക്കിലേക്ക് സ്വാഗതം. ബഹ്റൈനിലാണ് ഈ വിസ്മയം സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. കൃത്രിമ ദ്വീപ് സമൂഹമായ ദിയാര്‍ അല്‍ മുഹറഖില്‍ കടലിനടിയില്‍ ഒരു ലക്ഷം സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയിലാണ് 'ഡൈവ് ബഹ്‌റൈന്‍' എന്ന അണ്ടര്‍ വാട്ടര്‍ തീം പാര്‍ക്ക് സ്ഥിതിച്ചെയ്യുന്നത്. ഒരു കൂറ്റന്‍ ബോയിങ് വിമാനം വെള്ളത്തില്‍ മുങ്ങി കിടക്കുന്നതാണ് ഇവിടെയെത്തുമ്പോള്‍ നിങ്ങള്‍ ആദ്യം കാണുക. അക്ഷരാര്‍ത്ഥത്തില്‍ പാര്‍ക്കിന്റെ മധ്യഭാഗത്തായി കടലില്‍ 20 മീറ്ററോളം താഴ്ചയില്‍ സ്ഥാപിച്ചിരിക്കുന്ന ബോയിങ് 747 ജംബോ ജെറ്റ് വിമാനമാണിത്. കടലിനടിയില്‍ സ്ഥാപിച്ച ഏറ്റവും വലിയ വിമാനമാണിത്. പ്രവര്‍ത്തനം നിലച്ച ഈ വിമാനം ദുബായില്‍ നിന്നു കപ്പലിലാണ് ബഹ്‌റൈനില്‍ എത്തിച്ചത്.

ഡൈവിങ് വൈദഗ്ധ്യം ഉള്ളവര്‍ക്ക് മാത്രമേ ഈ അണ്ടര്‍ വാട്ടര്‍ തീംപാര്‍ക്ക് സന്ദര്‍ശിക്കാനാവൂ. കാരണം ഈ റൈഡ് 45 മിനിറ്റ് നീണ്ടുനില്‍ക്കുന്നതാണ്. മുങ്ങൽ വിദഗ്ധര്‍ക്ക് നല്‍കുന്ന പാഡി സര്‍ട്ടിഫിക്കേഷന്‍ ഇവിടേക്കുള്ള പ്രവേശനത്തിന് ആവശ്യമാണ്. വിനോദസഞ്ചാരികള്‍ക്കായി സ്‌കൂബ ഡൈവിങ് സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. കടലിനടിയില്‍ സഞ്ചരിക്കുന്നവര്‍ക്ക് സുരക്ഷിതവും ആനന്ദകരവുമായ അനുഭവം സമ്മാനിക്കും വിധമാണ് അണ്ടര്‍ വാട്ടര്‍ പാര്‍ക്കിന്റെ ഘടന. ജെറ്റ് വിമാനത്തോട് ചേര്‍ന്ന് തന്നെ കടല്‍ ജീവികളെ ആകര്‍ഷിക്കുന്നതിനായി കൃത്രിമ പവിഴപുറ്റുകളും പരമ്പരാഗത മുത്തുവാരല്‍ വിദഗ്ധരുടെ വീടുകളുടെ മാതൃകയുമൊക്കെ നിര്‍മിച്ചിട്ടുണ്ട്.

വിമാനം വെള്ളത്തില്‍ ഇറക്കുന്നതിന് മുമ്പ് പ്രത്യേകരീതിയില്‍ സജ്ജമാക്കിയിരുന്നു. വിമാനത്തിന്റേതായ എല്ലാ ഘടനകളും മാറ്റി. പുറംചട്ടമാത്രം നിലനിര്‍ത്തി അകത്തെ വയറുകളും മറ്റ് പ്ലാസ്റ്റിക് ഘടകങ്ങളുമെല്ലാം നീക്കംചെയ്തു. അതിനുശേഷം ബയോ ഫ്രണ്ട്‌ലി ഡിറ്റര്‍ജന്റുകള്‍ ഉപയോഗിച്ച് ഉയര്‍ന്ന മര്‍ദ്ദത്തില്‍ കഴുകി അണുവിമുക്തമാക്കിയാണ് ഈ ഭീമന്‍ ജെറ്റ് വിമാനത്തെ വെള്ളത്തില്‍ മുക്കിയിരിക്കുന്നത്. കരയില്‍ നിന്നും ഏകദേശം 24 മീറ്ററോളം താഴ്ചയിലാണ് ഈ വിമാനം സ്ഥാപിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ കടലിന്റെ ആഴത്തിലൂടെയുള്ള കാഴ്ചകൾ ആസ്വദിക്കാനാവും. ആഴക്കൂടുതല്‍ ഉള്ളതിനാലാണ് ഡൈവിങ്ങില്‍ പ്രാഗത്ഭ്യം ഉള്ളവര്‍ക്ക് മുന്‍ഗണന കൊടുക്കുന്നത്.

അനുഭവം പങ്കിട്ട് മലയാളികള്‍

പൂര്‍ണമായും കടല്‍ പരിസ്ഥിതിക്കും ജീവജാലങ്ങള്‍ക്കും യോജിച്ച രീതിയിലാണ് പാര്‍ക്ക് നിര്‍മിച്ചിരിക്കുന്നത്. മലയാളിയായ പ്രിന്‍സും നിഖിൽ സോമനാഥനും സുഹൃത്തുക്കളും അടങ്ങുന്ന എട്ടംഗ സംഘം ഈ അണ്ടര്‍വാട്ടര്‍ തീംപാര്‍ക്ക് സന്ദര്‍ശിച്ചതിന്റെ ത്രില്ലിലാണ്.

Prince-Nikhil-Somanathan
പ്രിന്‍സും നിഖിൽ സോമനാഥനും സുഹൃത്തുക്കളും

'അതിമനോഹരമാണ് കടിനടിയിലെ കാഴ്ചകള്‍. ഡൈവിംഗ് മികച്ച രീതിയില്‍ അറിയുന്നവര്‍ക്ക് മാത്രമേ ഈ ട്രിപ്പ് ആസ്വദിക്കാനാവൂ' എന്നാണ് പ്രിന്‍സിന്റെ അഭിപ്രായം. ലോകത്തിലെ ഏറ്റവും വലിയ അണ്ടര്‍ വാട്ടര്‍ തീം പാര്‍ക്ക് ആണെങ്കിലും ഇവിടുത്തെക്കുറിച്ച് ലോകസഞ്ചാരികള്‍ അറിഞ്ഞുവരുന്നതേയുള്ളുവെന്നും ഇവര്‍ പറയുന്നു. പാര്‍ക്കിന്റെ ഖ്യാതി കൂടുതല്‍ പേരിലേക്ക് എത്തിക്കാന്‍ ഇവിടം സന്ദര്‍ശിക്കുന്നവര്‍ക്ക് പല ഓഫറുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. എട്ടുപേരടങ്ങുന്ന സംഘമായിട്ടാണ് പാര്‍ക്കിലേക്കുള്ള ട്രിപ്പ് പ്ലാന്‍ ചെയ്തിരിക്കുന്നത്. 45 മിനിറ്റോളം നീണ്ടുനില്‍ക്കുന്ന ഈ യാത്രയില്‍ വിദഗ്ധരായ ഡൈവേഴ്സും നിങ്ങള്‍ക്കൊപ്പം ഉണ്ടാകും. പവിഴപ്പുറ്റുകള്‍ക്കിടയിലൂടെ കടലിനടിയിലെ കാഴ്ചകള്‍ കണ്ട് മുങ്ങിക്കിടക്കുന്ന വിമാനത്തിനുള്ളിലൂടെ സഞ്ചരിക്കാന്‍ ബഹുരസമാകും. നിങ്ങള്‍ക്കൊപ്പം യാത്രയ്ക്ക് കൂട്ടായി സമുദ്രജീവികളും ഉണ്ടാകും.

തുര്‍ക്കിയും ബഹ്‌റൈനിന്റെ പാത പിന്‍തുടര്‍ന്ന് ഒരു എയര്‍ബസ് അണ്ടര്‍ വാട്ടര്‍ ടൂറിസം നടത്തുന്നുണ്ട്. ഇപ്പോള്‍ തുര്‍ക്കിയിലെ തിരക്കേറിയ ഡൈവിംഗ് ഹോട്ട് സ്‌പോട്ടാണിപ്പോള്‍ ഇവിടം. തുര്‍ക്കിയില്‍ ഇത്തരമൊരു പദ്ധതി ഇതാദ്യമല്ല. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് ഈജിയന്‍ തീരത്ത് ഒരു എയര്‍ബസ് ഇത്തരത്തില്‍ അണ്ടര്‍ വാട്ടര്‍ ടൂറിസത്തിനായി പ്രവര്‍ത്തിച്ചിരുന്നു. അണ്ടര്‍ വാട്ടര്‍ ടൂറിസം ലോകമെമ്പാടും ഇരുകൈയ്യും നീട്ടി സ്വീകരിച്ചൊരു വിനോദമാണെന്നതില്‍ സംശയമില്ല. അണ്ടര്‍ വാട്ടര്‍ ഹോട്ടലുകള്‍ ഇന്ന് ലോകത്തിന്റെ നാനഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. ആ നിരയിലേക്കാണ് കടലിനടയിലെ കാഴ്ചകളെ നേരിട്ടുകാണുന്നതിനും അനുഭവിക്കുന്നതിനുമായി അണ്ടര്‍ വാട്ടര്‍ തീം പാര്‍ക്കുമായി ബഹ്‌റൈനും രംഗത്തെത്തിയിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com