ADVERTISEMENT

വിദേശയാത്ര ഇഷ്ടപ്പെടാത്ത യാത്രപ്രേമികളില്ല.  പോക്കറ്റിന്റെ കനം പോരാതെ വരുമോയെന്നതാണ് മുഖ്യപ്രശ്നം.  ഭൂരിഭാഗം ആളുകളെയും  യാത്രകളിൽ നിന്നും പിന്നോട്ട് വലിക്കുന്നത് സാമ്പത്തിക പ്രശ്‍നങ്ങൾ തന്നെയാണ്. കൃത്യമായി പ്ലാനിങ്ങോടുകൂടി യാത്രക്കൊരുങ്ങിയാൽ അധികം പണം ചെലവാകാതെ യാത്ര പോകാം. ചെലവ് കുറഞ്ഞ യാത്രയ്ക്ക് റെ‍ഡിയാണോ?  ചെലവ് കുറവെങ്കിലും മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന നിരവധിയിടങ്ങൾ ഇൗ ലോകത്തിലുണ്ട്.

മെക്സിക്കോ

മനോഹരമായ ബീച്ചുകളും സുന്ദരകാഴ്ചകളും രുചിയുണർത്തും വിഭവങ്ങളും നിറഞ്ഞ നാടാണ്  മെക്സിക്കോ. കുറഞ്ഞ ചെലവിൽ സന്ദർശിക്കാൻ പറ്റിയയിടമാണ്. കഴിവതും സീസൺ സമയം മെക്സിക്കോയിലേക്കുള്ള യാത്ര ഒഴിവാക്കുന്നതാണ് നല്ലത്. നവംബർ മുതൽ മാർച്ച് വരെയുള്ള സമയത്തു ഇവിടം സന്ദർശിച്ചാൽ ചിലപ്പോൾ പോക്കറ്റ് കാലിയാകാൻ സാധ്യതയുണ്ട്.  ധാരാളം വിദേശികൾ മെക്സിക്കോ സന്ദർശിക്കുന്നതിനായി എത്തുന്നതും ഇൗ സമയങ്ങളിലാണ്.

മികച്ച ഹോട്ടലുകളിലെ താമസച്ചെലവ് റോക്കറ്റുപോലെ കുതിച്ചുകയറും. പ്രത്യേകിച്ച് ഡിസംബറിൽ. ഹോട്ടൽ മുറികെളല്ലാം നേരത്തെ തന്നെ ബുക്കുചെയ്തു കഴിഞ്ഞിട്ടുണ്ടാകുമെന്നുള്ളതുകൊണ്ടു തന്നെ സീസണിൽ മെക്സിക്കോ സന്ദർശിക്കാതിരിക്കുന്നതാണ് ഉചിതം. ഭക്ഷണത്തിനു അധികവില നൽകേണ്ടതില്ലയെന്നത് മെക്സിക്കോയുടെ പ്രത്യേകതയാണ്. മൽസ്യവിഭവങ്ങൾ ചേരുന്ന വിഭവങ്ങൾക്കെല്ലാം ഏറ്റവും കൂടിയ വില മൂന്നു ഡോളർ മാത്രമാണ്.ആ രാജ്യത്തിനകത്തു സഞ്ചരിക്കുന്നതിനു കുറഞ്ഞ ചെലവിൽ ഫ്ലൈറ്റുകൾ ലഭ്യമാണ്. റോഡ് യാത്രയോടാണ് പ്രിയമെങ്കിൽ ദീർഘദൂര ബസ് സർവീസുകളുമുണ്ട്.

ഗ്രീസ്

മിത്തുകളിൽനിന്നും യവനകഥകളിൽ നിന്നും ലോകമെമ്പാടുമുള്ള മനുഷ്യരുടെ ഗൃഹാതുരതകളിൽ ഇടം നേടിയ രാജ്യമാണ് ഗ്രീസ്. ബി.സി 2000ൽ ഉണ്ടായി വന്നതാണ് ഗ്രീസിന്റെ പ്രാചീന സംസ്കാരം അതുകൊണ്ടുതന്നെ ആ രാജ്യവുമായി ബന്ധപ്പെട്ട ചരിത്രവും അതിന്റെ സ്മാരകങ്ങളും അത്രയും പ്രധാനവുമാണ്.

483339342

അടുത്ത കാലത്ത് സാമ്പത്തികമായി ഗ്രീസിന്റെ അവസ്ഥ തെല്ലു പരുങ്ങലിലാണ്, സാമ്പത്തിക വിപണികളിൽ അതുകൊണ്ടുതന്നെ കഴിഞ്ഞ വര്‍ഷം മുതൽ ഗ്രീസ് തങ്ങളുടെ കളികൾ തുടങ്ങിയിട്ടേയുള്ളൂ. അതിനാൽ ഗ്രീസിലേക്കുള്ള യാത്ര ആ രാജ്യത്തെ സഹായിക്കുക  കൂടിയാണ്. പക്ഷേ അതുകേൾക്കുമ്പോൾ ഒട്ടും പരിഭ്രമം വേണ്ട, വളരെ ചെലവു കുറഞ്ഞ രാജ്യം തന്നെയാണ് ഗ്രീസ്. എന്നാൽ അവിടുത്തെ കാഴ്ചകളിൽ ആ കുറവ് അനുഭവപ്പെടില്ലെന്ന് ഉറപ്പ്.  ചെറുതും വലുതുമായ ആയിരത്തിലേറെ ദ്വീപുകളുണ്ട് ഗ്രീസില്‍. 200ൽത്താഴെ മാത്രം ദ്വീപുകളിലേ ജനവാസമുള്ളൂ.  മെയ്, ജൂൺ, ജൂലൈ, സെപ്റ്റംബർ, ഒക്ടോബർ എന്നീ മാസങ്ങളാണ് ഗ്രീസ് യാത്രകൾക്ക് അനുയോജ്യം.

ഫിജി ദ്വീപ്

ദ്വീപും കടൽതീരങ്ങളും ഇഷ്ടപ്പെടാത്താവരായി ആരുമില്ല. മണിക്കൂറുകളോളം പഞ്ചാരമണൽ വിരിച്ച തീരത്ത് ആർത്തുല്ലസിക്കാന്‍ എല്ലാവർക്കും പ്രിയമാണ്. ദ്വീപുകൾ ഹണിമൂണിന് പറ്റിയ സ്ഥലങ്ങളാണ്. ബജറ്റിലൊതുങ്ങുന്ന റിസോർട്ടുകളാണ്  ഫിജി ദ്വീപിലുള്ളത്. ഫിജി തെക്കൻ ശാന്തസമുദ്രത്തിലെ ഒരു ദ്വീപ് രാജ്യമാണ്.

322 ദ്വീപുകളടങ്ങുന്ന ഒരു ദ്വീപസമൂഹം സഞ്ചാരികളുടെ പ്രിയയിടമാണ്. അതിമനോഹരമായ ഭൂപ്രകൃതിയും  പവിഴപ്പുറ്റുകളും തെളിമയാർന്ന കടലിനോട് ചേര്‍ന്ന് കിടക്കുന്ന കായലും ഫിജിയെ ഏറെ ആകർഷണീയമാക്കുന്നു. സ്കൂബ ഡൈവിംങ്ങും വിനോദസഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുണ്ട്.

കൊളംബിയ

വളരെ സൗഹാർദ്ദപരമായി പെരുമാറുന്ന ജനങ്ങളും പച്ചപ്പിന്റെ സൗന്ദര്യം വാരിപ്പൂശി നിൽക്കുന്ന വനങ്ങളും ശ്വസിക്കുന്ന വായുവിനെ പോലും തന്റെ അഭൗമായ സൗന്ദര്യത്താൽ വശീകരിക്കുന്ന കടലുകളും പഴയ സ്പാനിഷ് കോളനിയുടെ പ്രൗഢിയുമെല്ലാം സംഗമിക്കുന്ന ഭൂമിയാണ് കൊളംബിയ. മിക്ക സഞ്ചാരികളുടെയും സ്വപ്നമായിരിക്കും കൊളംബിയ സന്ദർശിക്കുകയെന്നത്.താമസത്തിനും ഭക്ഷണത്തിനും ചെറുഷോപ്പിങ്ങുകൾക്കുമൊക്കെ ചെലവ് വളരെ കുറവായതു കൊണ്ട് തന്നെ ആ നാട്ടിലേക്കുള്ള സന്ദർശനം ഏതൊരു സഞ്ചാരിയെയും ആകർഷിക്കും. പെസോ തന്നെയാണ് ഇന്നാട്ടിലെയും നാണയം. ഒരു യു എസ് ഡോളറിന് പകരമായി ഏകദേശം 3000 പെസോ ലഭിക്കും.

1026871784

കടൽ മൽസ്യങ്ങൾ നിറഞ്ഞ മീൻവിഭവങ്ങൾ ബീച്ചിനടുത്തുള്ള റെസ്റ്റോറന്റുകളിൽ നിന്നും ലഭിക്കും. വിലയേറെ കുറവും എന്നാൽ രുചിയിലേറെ മുമ്പിലുമാണ് ഇത്തരം വിഭവങ്ങൾ. സ്പാനിഷ് രീതിയിൽ നിർമിച്ചിട്ടുള്ള മനോഹരമായ ഗസ്റ്റ് ഹൗസുകളിലെ താമസത്തിനു 30 ഡോളറിനടുത്തു ചെലവ് വരും. സ്കൂബ ഡൈവ് ചെയ്യുന്നതിന് താൽപര്യമുള്ളവർക്ക് ഇതിനുള്ള സൗകര്യങ്ങളുണ്ട്. സിയുഡാഡ് പെരിഡിഡ ട്രെക്കും സലേൻറ്റൊയിലേക്കുള്ള കോഫി ടൂറും കൊളംബിയയിലെത്തുന്ന സഞ്ചാരികൾക്ക് പുത്തനനുഭവങ്ങൾ സമ്മാനിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com