sections
MORE

മലയ്ക്കുള്ളിൽ ഒരു മൊണാസ്ട്രി

തക്കീജയ്ക്കു മുന്നിലെ ബ്യുണ നദിയിലെ പമ്പ് ഹൗസ്
SHARE

ബാൾക്കൻ ഡയറി

അധ്യായം 20

ചൈനയിൽ നിന്നുള്ള സോഫിയും ജെനിയും ഞാനും  കൂടി കുറേ നേരം കോഫിഷോപ്പിൽ ചെലവഴിച്ചു. ജെനിക്ക് ഇംഗ്ലീഷ് തീരെ അറിയില്ല. വിചാറ്റ് എന്ന ചാറ്റിങ് ആപ്ലിക്കേഷനിൽ ജെനി ചൈനീസിൽ ടൈപ്പ് ചെയ്യുന്നത് ഞാൻ ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്ത് വായിക്കുകയും, തിരികെ ഞാൻ ഇംഗ്ലീഷിൽ ടൈപ്പ് ചെയ്യുന്നത് അവൾ ചൈനീസിലേക്ക് മാറ്റി വായിക്കുകയുമാണ് ചെയ്യുന്നത്. എന്നാൽ സോഫി നന്നായി ഇംഗ്ലീഷ് സംസാരിക്കും. എനിക്ക് സോഫിയോടും ജെനിയോടും ബഹുമാനം തോന്നി. അവർ ഒന്നിച്ച് 40ലധികം രാജ്യങ്ങളിൽ യാത്ര ചെയ്തു കഴിഞ്ഞു.

വർഷത്തിൽ ഒമ്പതു മാസം എല്ലുമുറിയെ പണിയെടുക്കുകയും മൂന്നു മാസം ലോകസഞ്ചാരത്തിനായി മാറ്റി വെക്കുകയുമാണ് ചെയ്യുന്നത്. പത്തു ദിവസമായി അവർ മോസ്റ്ററിലെത്തിയിട്ട്. ഇനി അടുത്ത രാജ്യമായ ക്രൊയേഷ്യയിലേക്ക് പോവുകയാണ്. ഓരോ സ്ഥലത്തും അപ്പാർട്ടുമെന്റ് വാടകയ്‌ക്കെടുത്താണ് താമസം. ആഹാരം സ്വയം പാചകം ചെയ്തു കഴിക്കുന്നു. രണ്ട് മണിക്കൂറോളം സംസാരിച്ചിരുന്ന ശേഷം ഞാൻ ചോദിച്ചു. ''ഇപ്പോൾ ഇന്ത്യക്കാരോടുള്ള പേടി മാറിയോ?''' ''മാറി'' എന്ന് ഇരുവരും തലകുലുക്കി സമ്മതിച്ചു. മാതൃരാജ്യത്തെ അപമാനത്തിൽ നിന്ന് രക്ഷിച്ച സംതൃപ്തിയോടെ ഞാൻ യാത്ര പറഞ്ഞ് പോകാനൊരുങ്ങി.

ബ്യുണ നദി

എനിക്ക് നഗരത്തിനുപുറത്ത് ബ്ലഗായ് എന്ന സ്ഥലത്തെ ഡെർവിഷ് മൊണാസ്ട്രി കൂടി സന്ദർശിക്കേണ്ടതുണ്ട്. അവിടേക്ക് ഞങ്ങളും വരട്ടെ എന്ന് സോഫി ചോദിച്ചു. അവർ പിറ്റേന്ന് അവിടേക്ക് പോകാനിരുന്നതാണ്. ബസിൽ പോകാനാണ് എന്റെ പരിപാടി എന്ന് ഞാൻ പറഞ്ഞു. അവർക്കും സമ്മതം. ഞങ്ങൾ ബസ്‌സ്റ്റേഷനിലേക്ക് നടപ്പു തുടങ്ങി. പത്തു ദിവസം മോസ്റ്റാറിൽ താമസിച്ചതുകൊണ്ട് സോഫിക്കും ജെനിക്കും വഴിയൊക്കെ നിശ്ചയമാണ്. പഴയ നഗരത്തിൽ നിന്ന് പടികൾ കയറി മെയിൻ റോഡിലെത്തിയിട്ട് ഞങ്ങൾ ബസ് സ്റ്റേഷനിലേക്ക് നടന്നു.

ജെനിയും സോഫിയും

വഴിയുടെ ഇരുവശത്തും ബോംബിങ്ങിൽ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ കാണാം. ചിലതൊക്കെ പുതുക്കിപ്പണിയുന്നുണ്ട്. യുനെസ്‌കോയുടെ സഹായം ലഭിച്ചിരുന്നില്ലെങ്കിൽ ഓൾഡ് ടൗണും ഇങ്ങനെ തകർന്നു കിടന്നേനെ. ബോസ്‌നിയൻ യുദ്ധം എത്രത്തോളം ഈ രാജ്യത്തെ തകർത്തു കളഞ്ഞു എന്ന്, യുദ്ധം അവസാനിച്ച് 25 വർഷം കഴിഞ്ഞിട്ടും പുതുക്കിപ്പണിയാൻ പോലും കഴിയാത്ത കെട്ടിടാവശിഷ്ടങ്ങൾ ചൂണ്ടിക്കാട്ടുന്നു. 

തക്കീജയുടെ കവാടം

ഞങ്ങൾ നടന്ന് ബസ്‌സ്റ്റേഷനിലെത്തി. ബ്ലഗായ്ക്കുള്ള ബസ്സ് എപ്പോൾ വരുമെന്ന് ഇൻഫർമേൻഷൻ സെന്ററിൽ അന്വേഷിച്ചു. ബ്ലഗായ്ക്കുള്ളത് സിറ്റി ബസ്സുകളാണെന്നും, അത് ബസ് സ്റ്റേഷനിൽ കയറില്ലെന്നും ഇൻഫർമേഷൻ സെന്ററിലെ പെൺകുട്ടി അറിയിച്ചു. നേരെ എതിർ വശത്തെ ബസ് സ്റ്റേഷനിൽ നിന്നാൽ 15 മിനിറ്റ് ഇടവിട്ട് ബ്ലഗായ്ക്കുള്ള ബസ് വരുമെന്നും അവൾ പറഞ്ഞു. എ1 ആണ് ബസ് നമ്പർ.ഞങ്ങൾ മൂവരും ബസ് സ്റ്റേഷനിലേക്ക് നടന്നു. പത്തുമിനിട്ടു  കഴിഞ്ഞപ്പോൾ ബസ് വന്നു. 22 രൂപയ്ക്കു തുല്യമാണ് ടിക്കറ്റ് നിരക്ക്. ഇന്ത്യക്കാരനായ ഞാൻ രണ്ട് ചൈനക്കാരികളുടെയും ടിക്കറ്റിന്റെ പണം നൽകി. ഇന്ത്യയുടെ അഭിമാനം വീണ്ടും കാത്തു!

നഗരം പിന്നിട്ട് എയർകണ്ടീഷൻഡ് ലോഫ്‌ളോർ ബസ് ഓടിക്കൊണ്ടിരിക്കുന്നു. ബസ്സിലാകെ വളരെ കുറച്ച് യാത്രക്കാരേ ഉള്ളൂ.. എല്ലാവരും അവരവരുടെ ലോകത്ത് കഴിയുന്നു. മറ്റുള്ളവരെ ശ്രദ്ധിക്കുന്നതു പോലുമില്ല. നമ്മുടെ നാട്ടിൽ ഒരു വിദേശി ബസ്സിൽ കയറിയാൽ കണ്ണുകളെല്ലാം അയാളുടെ മേലായിരിക്കും.മോസ്റ്റാർ എയർപോർട്ടിന്റെ റൺവേ താണ്ടി, കൃഷിയിടങ്ങളും സമതല പ്രദേശങ്ങളും കടന്ന് ബസ് ഓടിക്കൊണ്ടിരുന്നു. ദൂരെ, മോസ്റ്റാറിനെ പൊതിഞ്ഞു നിൽക്കുന്ന മല നിരകൾ കാണാം.

തക്കീജയുടെ ഉള്ളിൽ

പ്രശാന്ത സുന്ദരമാണ് മോസ്റ്റാർ. 20 മിനുട്ട് കഴിഞ്ഞപ്പോൾ ബസ്  ബ്ലഗായ് ൽ എത്തി. സ്ഥലം എത്തുമ്പോൾ അറിയിക്കണമെന്ന് ഡ്രൈവറോട് പറഞ്ഞുവെച്ചിരുന്നു. (ഇവിടെയൊന്നും ബസ്സിൽ കണ്ടക്ടറില്ല. യാത്രക്കാർ ബസ്സിൽ കയറുമ്പോൾ തന്നെ പണം ഡ്രൈവർക്കു നൽകുകയാണ് ചെയ്യുന്നത്. ടിക്കറ്റ് തരുന്ന പരിപാടിയും ഇവിടില്ല)ബസ്സിൽ നിന്നിറങ്ങിയിട്ട് ബസ്‌സ്‌റ്റോപ്പിൽ നിന്നിരുന്ന ആളോട് ഡെർവിഷ് മൊണാസ്ട്രി എവിടെ എന്ന് ചോദിച്ചു. അയാൾ വലതുവശത്തെ റോഡിലേക്ക് വിരൽചൂണ്ടി 'ആ വഴി അവസാനിക്കുന്നത്' മൊണാസ്ട്രിയിലാണ്. - അയാൾ പറഞ്ഞു.

ഞങ്ങൾ ബ്ലഗായ്‌യുടെ അതീവസുന്ദരമായ നാട്ടിടവഴിയിലൂടെ നടപ്പാരംഭിച്ചു. ഒരു കാറിന് കടന്നു പോകാവുന്ന വീതിയേ ഉള്ളൂ വഴിക്ക്. റോഡരികിൽ ചില വീടുകളിൽ നിർമ്മിച്ച വർഷം എഴുതിയിട്ടുണ്ട്-1890, 1904 എന്നൊക്കെയാണ് വർഷം രേഖപ്പെടുത്തിയിരിക്കുന്നത്. എല്ലാം ഭംഗിയും പ്രൗഢിയുമുള്ള, കല്ലിൽ നിർമ്മിച്ച കെട്ടിടങ്ങൾ.

തക്കീജയുടെ ഉള്ളിൽ

അല്പം കൂടി നടന്നപ്പോൾ ഒരു നദിയുടെ കളകളാരവം കേട്ടു, പിന്നെ വലതുവശത്ത് ബ്യൂണ നദി ദൃശ്യമായി. ഈ നദിയുടെ ഉത്ഭവസ്ഥാനത്താണ് മൊണാസ്ട്രി എന്ന് വായിച്ചിരുന്നു. നദിയിൽ, പണ്ട് നമ്മുടെ നാട്ടിലെ പാടങ്ങളിൽ കണ്ടിട്ടുള്ളതു പോലെ വെള്ളം ഒഴുക്കി വിടാനുള്ള തടിച്ചക്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. അവയ്ക്കു ചുറ്റും മോട്ടോർഷെഡ് പോലെ ചെറിയ കെട്ടിടങ്ങളും കെട്ടിയിരിക്കുന്നു.

വീണ്ടും നടന്നപ്പോൾ നദിയുടെ കരയിൽ ചെറിയ ഷോപ്പുകൾ കണ്ടു തുടങ്ങി. അങ്ങേയറ്റത്ത്, വഴി മുടക്കിയെന്ന വണ്ണം നിൽക്കുന്ന പർവതങ്ങളും കാണാം. തുടർന്ന് റെസ്റ്റോറന്റുകൾ പ്രത്യക്ഷപ്പെട്ടു. നദിക്കു കുറുകെ തടിപ്പാലവും കണ്ടു. നദിയുടെ അക്കരെ റെസ്റ്റോറന്റുകളുണ്ട്. പർവതത്തിനു താഴെ ഒരു ഗെയിറ്റും മതിലുമുണ്ട്. അതിനുള്ളിലാണ് മൊണാസ്ട്രി എന്നു തോന്നുന്നു. നടന്ന് അടുത്തെത്തിയപ്പോൾ പ്രവേശന ഫീസ് പിരിക്കുന്ന ക്യാബിൻ കണ്ടു. അതിനുള്ളിൽ ആരുമില്ല.  

നദിയുടെ അക്കരെ നിന്ന് നോക്കുമ്പോൾ,തക്കീജ

'കാശ് വേണ്ടെങ്കിൽ വേണ്ട, നമുക്ക് മൊണാസ്ട്രിയിലേക്ക് നടക്കാം' സോഫി പറഞ്ഞു. ധാരാളം യാത്രചെയ്യുന്നതു കൊണ്ട് ലഭിക്കുന്ന ധൈര്യമാണത്. വരുന്നിടത്തു വെച്ചു കാണാം എന്ന,എന്തിനെയും നേരിടാനുള്ള ധൈര്യം.

നദിയുടെ അക്കരെ നിന്ന് നോക്കുമ്പോൾ,തക്കീജ

ഞങ്ങൾ ഉള്ളിലേക്ക് നടന്നു. ഒരു പാറയുടെ മേലേക്കാണ് നടന്നു കയറുന്നത്. തലയ്ക്കു മീതെ, എപ്പോൾ വേണമെങ്കിലും വീഴുമെന്നു തോന്നുന്ന തരത്തിൽ വലിയൊരു പർവതം തണൽ വിരിച്ചു നിൽക്കുന്നു. പർവതത്തിന്റെ താഴെ, പാറയുടെ മേലെ, ആ മൊണാസ്ട്രി- സൂഫിവര്യന്മാരുടെ പാദസ്പർശത്താൽ അനുഗൃഹീതമായ ബ്ലഗായ് തക്കീജ.

നദിയുടെ അക്കരെ നിന്ന് നോക്കുമ്പോൾ,തക്കീജ

ബോസ്‌നിയയുടെ ദേശിയ തീർത്ഥാടന കേന്ദ്രവും സംരക്ഷിത സ്മാരകവുമാണ് തക്കീജ. 1520ൽ നിർമ്മിക്കപ്പെട്ട തക്കീജ നൂറ്റാണ്ടുകളോളം മുസ്ലീം സൂഫി വര്യന്മാരുടെ മതപഠന ശാലയായിരുന്നു. 240 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പർവതത്തിനു താഴെ, പാറപ്പുറത്ത് നിർമ്മിക്കപ്പെട്ട തക്കീജയുടെ പിന്നിൽ കാണുന്ന മലയുടെ താഴെ വലിയൊരു ദ്വാരമുണ്ട്. അതിലൂടെ കുത്തിയൊലിച്ചു വരുന്നത് ബ്യൂണ നദിയാണ്. ബ്യൂണയുടെ ഉത്ഭവസ്ഥാനവുമാണത്. മതപാഠശാല, അതിഥി മന്ദിരം എന്നിവ ഉൾപ്പെടുന്നതാണ് തക്കീജ. ഒരു മോസ്‌ക്കുമുണ്ട്, ഉള്ളിൽ. തുറന്ന ബാൽക്കണികളും നിരവധിയുണ്ട്. ഞങ്ങൾ തക്കീജയുടെ ഉള്ളിൽ കടന്നു. തടികൊണ്ടാണ് നിർമ്മാണം. കാലപ്പഴക്കത്തിന്റെ ഗന്ധം എവിടെയുമുണ്ട്. കൂടാതെ മലഞ്ചെരുവിൽ സ്ഥിതി ചെയ്യുന്നതു കൊണ്ടും, നദിയുടെ സാമീപ്യം കൊണ്ടും ഈർപ്പവും അനുഭവപ്പെടും.

ഇവിടെ സ്ഥിരമായി താമസിക്കുന്ന ചില സൂഫിവര്യന്മാരുമുണ്ട്. അവരുടെ കിടപ്പുമുറിയിലടക്കം എവിടെയും ആർക്കും പ്രവേശിക്കാം. ചെരുപ്പ് അഴിച്ചുവെക്കണം, നിശബ്ദത പാലിക്കണം- അത്രമാത്രം. ഡൈനിങ് റൂം, ബാത്ത് റൂമുകൾ, ലൈബ്രറി, നിസ്‌ക്കാര മുറികൾ, അടുക്കള, മോസ്‌ക്ക് എന്നിവയും നദീമുഖത്തേക്ക് തുറക്കുന്ന വലിയ മുറ്റവുമാണ് തക്കീജയിലുള്ളത്. എല്ലായിടത്തും പേർഷ്യൻ പരവതാനി വിരിച്ചിട്ടുണ്ട്. ഞങ്ങൾ മുറികളിലൂടെ കയറിയിറങ്ങി. ചെറിയ ജനാലകളാണ് മുറികൾക്കുള്ളത്. എവിടെ ഇരുന്നാലും കേൾക്കുന്നത് ബ്യൂണ നദി അലറിവിളിച്ചൊഴുകുന്ന ശബ്ദമാണ്. ഒരു ദൈവികമായ നിശബ്ദത മൂടി നിൽക്കുന്നു. തക്കീജയുടെ ഉൾഭാഗത്ത് കുറേനേരം പ്രാർത്ഥനാ നിരതനായി ഇരുന്നു. നിറപ്പകിട്ടാർന്ന സോഫകളും ഭംഗിയുള്ള ഷാന്റ്‌ലിയറുകളും ഉൾഭാഗത്തിന്റെ ഭംഗി വർദ്ധിപ്പിക്കുന്നു.

നദിയിലെ റസ്റ്റോറന്റുകൾ 

ഈ മലയടിവാരത്ത്, ഡെമോക്ലീസിന്റെ വാൾ പോലെ തൂങ്ങി നിൽക്കുന്ന പർവതത്തിന്റെ മേൽക്കൂരയ്ക്കു താഴെ, അലറി വിളിച്ചൊഴുകുന്ന പുഴയുടെ പ്രഭവസ്ഥാനത്ത് ഇങ്ങനെയൊരു മൊണാസ്ട്രി സ്ഥാപിച്ച സൂഫി വര്യന്റെ സൗന്ദര്യ ബോധത്തെ അഭിനന്ദിച്ചു പോകും. എന്തൊരു ശാന്തതയും അഭൗമാന്തരീക്ഷവുമാണിവിടെ!

സോഫിയും ജെനിയും നടന്നു മടുത്ത് മുറ്റത്തെ തടിബെഞ്ചുകളിൽ ഇരുന്നു. ഒരു കോഫിഷോപ്പും കരകൗശല ഷോപ്പും ഉള്ളിലുണ്ട്. ഞാൻ കുറേ നേരം തക്കീജയുടെ ഉൾഭാഗം വീഡിയോയിൽ പകർത്തി. എന്നിട്ട്  സോഫിയോടും ജെനിയോടുമൊപ്പം കോഫിയും കുടിച്ച് ബെഞ്ചിലിരുന്നു. ചൈനയുടെ പിന്നാമ്പുറമെന്നു വിളിക്കാവുന്ന ടിബറ്റിലെ ബുദ്ധിസ്റ്റ് മൊണാസ്ട്രിയുടെ ഛായയാണ് തക്കീജയെന്നു ഞാൻ പറഞ്ഞു. കൊച്ചി-ലണ്ടൻ റോഡ് യാത്രയിൽ കടന്നു പോയ ലാസ, ഷിഗാറ്റ്‌സെ, ടിൻഗ്രി തുടങ്ങിയ ടിബറ്റൻ പ്രദേശങ്ങളിലെല്ലാം ഇതേ വാസ്തുശില്പമാതൃകയിലുള്ള നിരവധി മൊണാസ്ട്രികൾ സന്ദർശിച്ച കാര്യം ഞാൻ അവരോടു പറഞ്ഞു. മെയിൻലാൻഡ് ചൈനയിലെ ചില സിറ്റികൾ മാത്രം സന്ദർശിച്ചിട്ടുള്ള സോഫിക്കും ജെനിക്കും അതൊരു പുതിയ അറിവായിരുന്നു.

ഞങ്ങൾ തിരികെ നടക്കുമ്പോൾ പ്രവേശന ഫീ പിരിക്കുന്നയാൾ ക്യാബിനിൽ സ്ഥാനം പിടിച്ചിരുന്നു. അയാൾ രസീത് നീട്ടി- ഒരാൾക്ക് ഏകദേശം 150 രൂപ. 

താഴെ നടന്നിറങ്ങി, പാലം കുറുകെ കടന്ന് തക്കീജയുടെ എതിർവശത്തെത്തി. ഇവിടെ നിന്നാൽ തക്കീജ ഭംഗിയായി കാണാം. പാറക്കെട്ടിൽ തൂക്കിയിട്ടതുപോലെ ഒരു നിർമ്മിതി. 

ഞങ്ങൾ റെസ്റ്റോറന്റുകൾക്കു പിന്നിലെ വഴികളിലൂടെ പുഴയുടെ ഉത്ഭവ കേന്ദ്രത്തിനു സമീപം വരെ  നടന്നെത്തി. അവിടെ നിന്ന് കുറെ ചിത്രങ്ങളെടുത്തു. ചൈനക്കാരികൾക്ക് സെൽഫി എടുക്കലാണ് പ്രധാന ഹോബി. തിരിഞ്ഞും മറിഞ്ഞും സെൽഫികൾ! റെസ്റ്റോറന്റുകളുടെ ചില കസേരകളും മേശകളും പുഴ വെള്ളത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്. കാൽ നനച്ചുകൊണ്ട് ഭക്ണം കഴിക്കാം. തന്നെയുമല്ല അങ്ങേയറ്റം ശുദ്ധമായ ജലമാണ് പാറക്കെട്ടിൽ നിന്ന് ഒഴുകി വരുന്നത്. കൈക്കുമ്പിളിൽ കേരിയെടുത്ത് കുടിക്കാം. ബോസ്‌നിയയിലെ ഏതു ഹോട്ടലിലെയും ടാപ്പ് വെള്ളവും കുടിക്കാം. അത്രയും ശുദ്ധമാണ്. 

(തുടരും)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA