sections
MORE

നാണയങ്ങള്‍ വച്ചലങ്കരിച്ച വസ്ത്രങ്ങളണിയുന്ന എംബെറ ഗോത്രവര്‍ഗ്ഗത്തിലെ സ്ത്രീകൾ

Image From Embera Quera official Facebook Page
Image From Embera Quera official Facebook Page
SHARE

പനാമയുടെ ഹൃദയത്തിലേക്ക് ഗാട്ടുന്‍ തടാകവും എംബെറ ഗോത്രക്കാരെയും കണ്ട് യാത്രപോകാം. ആധുനികകാലത്തെ മഹാദ്ഭുതങ്ങളിലൊന്നായാണ് പനാമ കനാല്‍ കണക്കാക്കപ്പെടുന്നത്.പനാമ കനാലിന്‍റെ ഹൃദയഭാഗത്തായാണ്‌ ഗാട്ടുന്‍ തടാകം സ്ഥിതി ചെയ്യുന്നത്. കരീബിയന്‍ കടലില്‍ നിന്നും പസഫിക് മഹാസമുദ്രത്തിലേക്കുള്ള പാതയാണിത്. ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിര്‍മിത തടാകങ്ങളിലൊന്നാണിത്.

ജൈവവൈവിധ്യത്തിന്‍റെ കാര്യത്തിലും ഏറെ മുന്നിലാണ് ഈ പ്രദേശം. മഴക്കാടുകളും കണ്ടല്‍കാടുകള്‍ നിറഞ്ഞ തണ്ണീര്‍ത്തടങ്ങളും പര്‍വ്വതപ്രദേശങ്ങളുമാണ് ഈ രാജ്യത്തിന്‍റെ പകുതിയോളം നിറഞ്ഞു കിടക്കുന്നത്. ആയിരക്കണക്കിന് സസ്യജാലങ്ങളും നൂറുകണക്കിന് സസ്തനികളും ആയിരത്തോളം പക്ഷികളും ഇവിടങ്ങളിലായി വസിക്കുന്നു. 

Embera-tribe
Image From Embera Quera official Facebook Page

ഗാട്ടുന്‍ തടാകക്കരയിലായി പരന്നുകിടക്കുന്ന പ്രാചീനമായ മഴക്കാടുകള്‍ വൈവിധ്യമാർന്ന മധ്യ അമേരിക്കൻ മൃഗങ്ങളുടെയും സസ്യജാലങ്ങളുടെയും പ്രകൃതിദത്ത ആവാസ സ്ഥലമാണ്. ഈ പ്രദേശത്തു കൂടി സഞ്ചരിക്കാന്‍ ടൂര്‍ ബോട്ട് സര്‍വീസ് ലഭ്യമാണ്. ഒന്നു റോന്തു ചുറ്റിയാല്‍ മരങ്ങളില്‍ ചാടിക്കളിക്കുന്ന നീളന്‍ വാലുള്ള കുരങ്ങന്മാരെയും കരയില്‍ വിശ്രമിക്കുന്ന മുതലക്കുഞ്ഞുങ്ങളെയും കാണാം. 'ഹൌളര്‍ കുരങ്ങന്മാര്‍' എന്നാണ് നീളന്‍ വാലുള്ള ഈ കുരങ്ങന്മാരെ വിളിക്കുന്നത്. ഇവയെ കൂടാതെ വെള്ളത്തിനു മുകളിലൂടെ നടക്കാന്‍ കഴിയുന്ന പരന്ന കാലുകള്‍ ഉള്ള ജീസസ് ബേര്‍ഡ്, ഹമ്മിംഗ് ബേര്‍ഡ്, വിവിധ തരം ഒച്ചുകള്‍ എന്നിവയും ഇവിടെ കാണാം. പനാമയിലെ 1200- ഓളം വ്യത്യസ്ത ഓര്‍ക്കിഡുകളില്‍ പലതും ഈ പ്രദേശങ്ങളില്‍ കാണാന്‍ കഴിയും.  

എംബെറ ഗോത്രം 

ഇവിടുത്തെ മഴക്കാടുകളുടെ സംരക്ഷകര്‍ എന്നറിയപ്പെടുന്ന ഗോത്രമാണ് എംബെറ. മഴക്കാടുകളെ ഇവര്‍ മാതാവായാണ് കണക്കാക്കുന്നത്. തങ്ങളുടെ ഗോത്രം നശിച്ചാല്‍ മഴക്കാടുകളും നശിക്കുമെന്ന് അവര്‍ കരുതുന്നു. പനാമയിലെ ഡാരിയന്‍ പ്രദേശത്തും കൊളംബിയയിലെ ചോക്കോ പ്രദേശത്തുമാണ് ഈ ഗോത്രവര്‍ഗ്ഗം അധിവസിക്കുന്നത്. കാഗ്രിസ് നദിയില്‍ ഗാട്ടുന്‍ തടാകം നിര്‍മ്മിക്കാനായി അണക്കെട്ടുണ്ടാക്കിയപ്പോള്‍ ഇവരുടെ താമസസ്ഥലങ്ങളും കൂടുതല്‍ ഉയര്‍ന്ന സ്ഥലങ്ങളിലേക്ക് നീക്കപ്പെട്ടു.

താമസ പരിസരങ്ങളില്‍ നിന്നും ലഭിക്കുന്ന വിഭവങ്ങള്‍ ഉപയോഗിച്ച് ഉണ്ടാക്കുന്ന കരകൗശലവസ്തുക്കളാണ് ഇവരുടെ പ്രധാന വരുമാന മാര്‍ഗ്ഗം. പുരുഷന്മാരുടെ പ്രധാന വേഷം കോണകമാണ്. സ്ത്രീകളാവട്ടെ നാണയങ്ങള്‍ വച്ചലങ്കരിച്ച സ്‌തനകഞ്ചുകങ്ങളും വര്‍ണ്ണശബളമായ പാവാടകളുമാണ് ധരിക്കുന്നത്. അമേരിക്കന്‍ നിക്കല്‍സ്, ഡൈമുകള്‍, ക്വാര്‍ട്ടറുകള്‍ എന്നിവയാണ് വസ്ത്രാലങ്കാരത്തിനായി സാധാരണ ഉപയോഗിക്കുന്ന നാണയങ്ങള്‍. ശരീരത്തില്‍ കറുത്ത നിറം ഉപയോഗിച്ച് ചിത്രങ്ങള്‍ വരയ്ക്കുന്നതും ഇവിടെ പതിവാണ്.

Embera-tribe1
Image From Embera Quera official Facebook Page

സന്ദര്‍ശകരെ വളരെ തുറന്ന മനസ്സോടെ സ്വീകരിക്കുകയും സൗഹാര്‍ദ്ദത്തോടെ പെരുമാറുകയും ചെയ്യുന്ന ആളുകളാണ് എംബെറ ഗോത്രവര്‍ഗ്ഗക്കാര്‍. ഇക്കോടൂറിസത്തിന്‍റെ സാധ്യതകള്‍ ഉപയോഗിച്ച് സമ്പദ്വ്യവസ്ഥ മാത്രമല്ല, പരമ്പരാഗത ആചാരങ്ങളും കഴിവുകളും വിപുലപ്പെടുത്താനും ഇവര്‍ക്ക് കഴിയുന്നു. കാട്ടിനുള്ളില്‍ നിന്നും കിട്ടുന്ന വസ്തുക്കള്‍ ഉപയോഗിച്ച് ഭംഗിയുള്ള കൊട്ടകളും കൊത്തുപണികളും സംഗീത ഉപകരണങ്ങളും ആഭരണങ്ങളും ഇവര്‍ നിര്‍മ്മിക്കുന്നു. ജാഗുവ എന്ന കാട്ടുപഴത്തില്‍ നിന്നാണ് ശരീരത്തില്‍ പുരട്ടാനുള്ള ചായം അവര്‍ എടുക്കുന്നത്. രണ്ടാഴ്ച വരെ ഈ ചായം മായാതെ നില്‍ക്കും. ഈ ചായം പുരട്ടുന്നത് അവരുടെ സംസ്കാരത്തിന്‍റെ വളരെ പ്രധാനപ്പെട്ട ഒരു ആചാരമാണ്. ആത്മീയ ലോകവുമായി അത് തങ്ങളെ ബന്ധപ്പെടുത്തുന്നുവെന്ന് അവര്‍ കരുതുന്നു. 

കൊട്ടകളും ആഭരണങ്ങളും ഉണ്ടാക്കുന്നത് 'ചുങ്ക' എന്ന് പേരുള്ള നാരുകള്‍ ഉപയോഗിച്ചാണ്. മണിക്കൂറുകള്‍ എടുത്താണ് തങ്ങളുടെ ഓരോ കലാസൃഷ്ടിയും അവര്‍ പൂര്‍ത്തിയാക്കുന്നത്. ഇത്തരത്തിലുള്ള പണികള്‍ അധികവും ചെയ്യുന്നത് സ്ത്രീകളാണ്. ടൂറിസ്റ്റുകള്‍ക്കായി വലുപ്പം കുറഞ്ഞ കൗതുകവസ്തുക്കള്‍ പ്രത്യേകം ഉണ്ടാക്കുന്നു. ഉണ്ടാക്കിയ ശേഷം ഉണക്കിയെടുത്ത് അവയില്‍ പ്രകൃതിദത്ത ചായങ്ങള്‍ പുരട്ടുന്നു. 

വെള്ള, ബ്രൌണ്‍, കറുപ്പ് എന്നിവയാണ് സാധാരണ ഉപയോഗിക്കുന്ന നിറങ്ങള്‍. കൊക്കോബോലോ മരത്തിന്‍റെ കഷ്ണങ്ങള്‍ക്കൊപ്പം നാരുകള്‍ ഇട്ടു തിളപ്പിച്ചാണ് ബ്രൌണ്‍ നിറം ഉണ്ടാക്കുന്നത്. ഇവ പുറത്തെടുത്ത ശേഷം നദിയിലെ കറുത്ത ചെളിയില്‍ മുക്കി വച്ചാണ് കറുത്ത നിറം നല്‍കുന്നത്.

എംബെറ ഗോത്രവംശക്കാര്‍ കൊത്തുപണികള്‍ ചെയ്യാനായും കൊക്കോബോലോ മരമാണ് ഉപയോഗിക്കുന്നത്. ഇരുണ്ട ചുവപ്പും ബ്രൌണും കൂടി ചേര്‍ന്ന നിറമാണ് ഇതിന്. കൊത്തുപണി ചെയ്യാന്‍ അങ്ങേയറ്റം കഴിവുള്ള ആളുകളാണ് എംബെറക്കാര്‍. ഇവരുടെ കലാവിരുത് ഹൃദയഹാരിയാണ്. പ്രകൃതിയില്‍ തങ്ങള്‍ ചുറ്റും കാണുന്ന രൂപങ്ങളാണ് അവര്‍ മരത്തില്‍ കൊത്തി വയ്ക്കുന്നത്. തനതു വാദ്യോപകരണങ്ങള്‍ ഉപയോഗിച്ച് സംഗീതമയമായ ആഘോഷത്തോടെയാണ് അവര്‍ ടൂറിസ്റ്റുകളെ സ്വീകരിക്കുന്നത്. ഗ്രാമത്തിലെ സ്ത്രീകള്‍ പരമ്പരാഗത നൃത്തം ചെയ്യുന്നു. 

ജൈവവൈവിധ്യത്താല്‍ സമ്പന്നമായ അമേരിക്കന്‍ പ്രദേശമാണ് പനാമ. തനതായ സംസ്കാരവും പാരമ്പര്യവും ആചാരരീതികളുമുള്ള തദ്ദേശീയ ജനത പ്രകൃതി സംരക്ഷണത്തിനു മുന്‍‌തൂക്കം നല്‍കിയാണ്‌ തങ്ങളുടെ ജീവിതരീതി ക്രമീകരിച്ചിരിക്കുന്നത്. തിരക്കേറിയ നഗരജീവിതത്തില്‍ നിന്നും ഒരു ഇടവേള വേണമെന്ന് ആഗ്രഹികുമ്പോള്‍ പോകാന്‍ പറ്റിയ ഇടങ്ങളിലൊന്നാണ് ഇത്. 

ഇന്ത്യയില്‍ നിന്നും പനാമയിലെത്താന്‍

ഇന്ത്യയില്‍ നിന്നും പനാമയിലെത്താന്‍ 20-25 മണിക്കൂര്‍ എടുക്കും. എമിറേറ്റ്സ്, യുണൈറ്റഡ് എയര്‍ലൈന്‍സ്, ലുഫ്താന്‍സ, എയര്‍ കാനഡ എന്നീ കമ്പനികളുടെ സര്‍വീസ് ലഭ്യമാണ്. പനാമയിലെ ടോക്യുമെന്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട്‌ ലോകത്തിലെ മിക്കവാറും എല്ലാ പ്രധാനനഗരങ്ങളുമായും ബന്ധിപ്പിച്ചിരിക്കുന്നു. പനാമയില്‍ നിന്നും 35 കിലോമീറ്റര്‍ അകലെയാണ് ഈ എയര്‍പോര്‍ട്ട്‌ സ്ഥിതി ചെയ്യുന്നത്. ഇവിടെ എത്തിക്കഴിഞ്ഞാല്‍ പ്രാദേശിക യാത്രകള്‍ക്കായി ചാര്‍ട്ടര്‍ ബസുകളും വാടകക്കാറുകളും ലഭിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA