ADVERTISEMENT

ഈ യാത്ര കമ്യൂണിസ്റ്റ് രാജ്യമായ വിയറ്റ്നാമിലേക്കാണ്. ദുബായ്‌യിൽ നിന്നു പുലർച്ചെ യാത്ര തിരിച്ച എമിറേറ്റ്സ് വിമാനം 5140 കി.മീ. പറന്ന് ഉച്ചയോടെ വിയറ്റ്നാമിന്റെ തലസ്ഥാന നഗരിയായ ഹനോയ്‌യുടെ മണ്ണിൽ മുത്തമിട്ടിറങ്ങി. ഹനോയ് നഗരത്തിൽ നിന്ന് 27 കി.മീ. ദൂരെയാണ് വിമാനത്താവളം. മുൻകൂട്ടി വിസ അടിച്ചുവച്ചതിനാലാകാം എയർപോർട്ടിലെ ചടങ്ങുകൾ എളുപ്പമായി.  ഈ യാത്രയിൽ ഞങ്ങൾക്കൊപ്പം ചേരുന്ന എൽജിൻ വർഗീസും കുടുംബവും നേരത്തേതന്നെ ബെംഗളൂരുവിൽ നിന്ന് എത്തി, എയർപോർട്ടിൽ കാത്തുനിൽപുണ്ട്. മുറി ബുക്ക് ചെയ്ത ഹോട്ടലിൽ നിന്ന് വാഹനം അയച്ചുതന്നു. 

ഇരുചക്രവാഹനങ്ങളുെട നഗരം

ചെറുപ്പക്കാരനായ െെഡ്രവർ ‘ഡുവോ’ സ്ഫുടമായിട്ടല്ലെങ്കിലും സാമാന്യം ഇംഗ്ലിഷ് സംസാരിക്കും. ഏതാണ്ടു 45 മിനിറ്റ് യാത്രയിൽ ഞങ്ങൾക്ക് ഉപകാരപ്രദമായതു പലതും ഡുവോ പറഞ്ഞുതന്നു.  ഞങ്ങൾക്ക് അറിയാൻ ഔത്സുക്യമുണ്ടായിരുന്ന വിയറ്റ്നാം യുദ്ധത്തെക്കുറിച്ച് നേരിട്ടറിവ് പക്ഷേ, ഡുവോയ്ക്ക് ഇല്ലായിരുന്നു. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും െെദർഘ്യമേറിയ യുദ്ധത്തിന് (1955–1975) ഇരയായത് ഈ പാവം ജനതയാണ്.

എയർപോർട്ടിൽ നിന്ന് ഞങ്ങളുടെ വാഹനം നഗരത്തിലേക്കു നീങ്ങി. പാതയുടെ ഇരുവശത്തും നീണ്ടുകിടക്കുന്ന കൃഷിപ്പാടങ്ങൾ. ഇവിടെ  ജനങ്ങളിൽ 40 ശതമാനത്തിൽ അധികം കൃഷി ഉപജീവനമാർഗം ആക്കിയവരാണ്. ലോകത്തിലെ ഏറ്റവും വലിയ കശുവണ്ടി കയറ്റുമതിയും രണ്ടാമത്തെ അരി കയറ്റുമതിയും ആഗോള കാപ്പി ഉൽപാദനത്തിൽ 20 ശതമാനത്തിലധികവും ഈ നാടിനു സ്വന്തമാണ്. പാടശേഖരത്തിന്റെ നടുവിലായി ചില ചെറു നിർമിതികളിലേക്കു വിരൽ ചൂണ്ടി ഡുവോ പറഞ്ഞു ‘ഇവ കർഷകരുടെ ശവകുടീരങ്ങളാണ്. ഇവിടെ കർഷകൻ മരിക്കുമ്പോൾ പാടശേഖരത്തിൽ തന്നെ മറവു ചെയ്യും. അവിടെ ചെറിയ ശവകുടീരങ്ങളും ഒരുക്കുന്നു.’ അങ്ങനെ ചെയ്താൽ വരും വർഷങ്ങളിൽ വലിയ വിളവു െെകവരിക്കുമെന്നാണ് വിശ്വാസം.

veitnam-trip5-gif

കാര്യമായ വാഹനത്തിരക്ക് കണ്ടില്ലെങ്കിലും പാതകൾ നിറഞ്ഞു ചീറിപ്പായുന്ന ഇരുചക്രവാഹനങ്ങൾ ഈ നഗരത്തിന്റെ പ്രത്യേകതയാണ്. ഒൻപതു കോടി ജനസംഖ്യയുള്ള ഈ രാജ്യത്തു 4.5 കോടിയാണ് ഇരുചക്രവാഹനങ്ങൾ. കാറുകൾക്കും മറ്റു വാഹനങ്ങൾക്കുമുള്ള ഉയർന്ന നികുതിയും  സാധാരണക്കാർക്ക് താങ്ങാവുന്ന വിലയിൽ ലഭിക്കുന്നതും മികച്ച ഇന്ധനക്ഷമതയും ആണ് ഇരുചക്ര വാഹനങ്ങളെ വിയറ്റ്നാംകാർക്ക് പ്രിയങ്കരമാക്കുന്നത്.

വീതി ഇല്ലാത്ത കെട്ടിടങ്ങൾ

വീതികുറഞ്ഞ പാതകളും വലിയ വീതിയില്ലാതെ പ്രത്യേകരീതിയിൽ രൂപകൽപന ചെയ്ത കെട്ടിടങ്ങളും കൊണ്ടു തിരക്കുപിടിച്ച ഹനോയ്  നഗരത്തിൽ അടിസ്ഥാനസൗകര്യങ്ങൾ കുറവാണെന്ന് ഒറ്റനോട്ടത്തിൽ വ്യക്തമാവും. വ്യാപാരസ്ഥാപനങ്ങളും തെരുവോരക്കച്ചവടവും കൊണ്ടു സജീവമാണ് നഗരത്തിന്റെ ഓൾഡ് ക്വാർട്ടർ എന്ന ഈ ഭാഗം.

ഭക്ഷണശാലകൾ, കളിക്കോപ്പുകളും പൂക്കളും പലചരക്കുകളും പഴങ്ങളും പച്ചക്കറികളും വിൽക്കുന്ന കടകൾ, വസ്ത്രശാലകൾ തുടങ്ങിയവയാൽ സമ്പന്നമായ, വർണഭമായ തെരുവുകൾ. െെസക്കിളിലും ഉന്തുവണ്ടിയിലും തോളിൽ ചുമന്നും ഒക്കെ ഈ തെരുവുകളിൽ കച്ചവടം പൊടിപൊടിക്കുന്നു. ലോകജനത പലരീതിയിലും ആകർഷിക്കപ്പെട്ടതും അംഗീകരിച്ചതും ആണ് വിയറ്റ്നാം വിഭവങ്ങൾ. പലതരത്തിലുള്ള സൂപ്പുകളും ത്രസിപ്പിക്കുന്ന പ്രാരംഭവിഭവങ്ങളുമായി വിഭവസമൃദ്ധമായ ഭക്ഷണത്തിലേക്കു നയിക്കുന്നതാണ് ഇവിടത്തെ ഭക്ഷണരീതി. വിഭവങ്ങളൊക്കെത്തന്നെ എണ്ണയുടെ അളവു കുറഞ്ഞതും ആരോഗ്യകരമായ രീതിയിൽ പാകം ചെയ്യുന്നതുമാണ് എന്നതും ലോകശ്രദ്ധക്കു കാരണമായിട്ടുണ്ടാകാം.

veitnam-trip3-gif

വളരെ വീതികുറഞ്ഞ രീതിയിലാണ് ഇവിടത്തെ കെട്ടിടങ്ങൾ അഥവാ  ട്യൂബ് ഹൗസുകൾ. 19–ാം നൂറ്റാണ്ടിൽ നിലനിന്നിരുന്ന നികുതി വ്യവസ്ഥയാണ് കെട്ടിടങ്ങള‍്‍ ഇത്തരത്തിലാകാൻ കാരണമായതെന്ന് ഡുവോ പറഞ്ഞു. അന്ന് താഴത്തെ നിലയുടെ വീതി അടിസ്ഥാനമാക്കിയായിരുന്നു നികുതി തീരുമാനിച്ചിരുന്നത്. വലിയ നികുതിയിൽ നിന്നും രക്ഷപ്പെടാനായി ആദ്യം വീതികുറച്ച് ഒരുനില നിർമിക്കും, പിന്നീട് മുകളിലേക്കു രണ്ടുമൂന്നു നിലകൾ ഉയർത്തും.

സായാഹ്നത്തിൽ ഞങ്ങൾ നഗരം നടന്നു  കാണാനിറങ്ങി. പാതകൾ തെരുവോര കച്ചവടങ്ങൾ കൊണ്ടും വിഭവസമൃദ്ധമായ ഭക്ഷണം കൊണ്ടും സജീവമാണ്.  സ്ത്രീകൾ പല കൊട്ടകളിലായി പഴങ്ങളും പച്ചക്കറികളും മധുരപലഹാരങ്ങളും വിൽപന നടത്തുന്നു.

നടത്തം ഹനോയ്‌യുടെ കേന്ദ്രബിന്ദുവായ ഡോങ് കിൻ നിയ ത്യു ചത്വരത്തിൽ എത്തിച്ചേർന്നു. ഇവിടെ ഹോൻ കിൻ എന്ന ഒരു വലിയ തടാകമുണ്ട്. ഈ തടാകത്തിന്റെ നടുവിൽ ആമയുടെ രൂപത്തിൽ നിർമിച്ച ടോർടെസ് ടവർ കാണാം. തടാകത്തിലുള്ള നോക് സോൺ  ദേവാലയത്തിലേക്ക് ഹക് ബ്രിജ് എന്ന പാതയിലൂടെ നടന്നു പോകാം. രാത്രിയിൽ ഈ പാലം ചുവപ്പുനിറത്തിലുള്ള അലങ്കാരങ്ങളാൽ പ്രകാശപൂരിതമാവും.

veitnam-trip1-gif

വെടിവച്ചിട്ട അമേരിക്കൻ വിമാനം

അടുത്ത ദിവസം ഞങ്ങൾ ഹനോയ് നഗരത്തിനു ചുറ്റുമുള്ള കാഴ്ചകൾക്കായി മാറ്റിവച്ചു. പോപ്പ് ഒാൺ ഹോപ് ഒാഫ് ബസിൽ യാത്ര ആദ്യമേ പദ്ധതിയിട്ടിരുന്നു. അതു ഞങ്ങളെ ഈ നഗരത്തിന്റെ  പ്രധാന പ്രദേശങ്ങളിലെല്ലാം കൊണ്ടുപോയി.  ആദ്യം നഗരത്തെ മൊത്തമായി ഒ ന്നു പ്രദക്ഷിണം വച്ചു. അതിനുശേഷം ഒാേരാ ആകർഷണകേന്ദ്രങ്ങളിൽ ഇറങ്ങി.

ആദ്യം ഇറങ്ങിയത് വിയറ്റ്നാമിന്റെ അധികാര സിരാകേന്ദ്രമായ ബാഡിൻ ചത്വരത്തിലാണ്. ഇവിടെയാണു വിയറ്റ്നാം വിപ്ലവത്തിന്റെ അമരക്കാരൻ ഹോ ചി മിന്റെ ഭൗതികശരീരം അടക്കം ചെയ്തിരിക്കുന്നത്. 1973ൽ പണി തുടങ്ങിയ ഈ കെട്ടിടം 1975ലാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. ഈ കെട്ടിടത്തിന്റെ അരികിലായി വിദേശകാര്യ മന്ത്രാലയം, നഗരവികസനം, ദേശീയ അസംബ്ലി എന്നിവയുടെ കെട്ടിടങ്ങളും പ്രസിഡണ്ടിന്റെ കൊട്ടാരവും കാണാം.

ഞങ്ങൾ പിന്നീട് ഇറങ്ങിയത് വിയറ്റ്നാം മിലിറ്ററി എന്ന ചരിത്രമ്യൂസിയത്തിലാണ്. ഇവിടെ വലിയ ചെങ്കൊടി വഹിക്കുന്ന ഒരു കൂറ്റൻ കോട്ടയുണ്ട്. പഴയ യുദ്ധവിമാനങ്ങളും പീരങ്കികളും യുദ്ധസാമഗ്രികളും ഈ പട്ടാളവളപ്പിൽ  വിന്യസിച്ചിരിക്കുന്നു. ഇതിൽ അമേരിക്കൻ പട്ടാളത്തിന്റെ യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടതും കാണാം. പതിനായിരങ്ങളെ നിഷ്ഠുരം ചുട്ടെരിച്ച ഒട്ടേറെ യുദ്ധസാമഗ്രികൾ തുരുമ്പു പിടിച്ചു നിശ്ചലമായി ഒരു നോക്കുകുത്തിപോലെ  നിൽക്കുന്ന കാഴ്ച. ഈ പട്ടാളവളപ്പിന് എതിർവശത്താണ് ‘ലെനിൻ പാർക്ക്’.

veitnam-trip4-gif

ഡിയിൻ ബിയിൻ ഫീ എന്ന സ്ഥലത്ത് ഒരു പില്ലറിൽ നിർമിച്ച ബുദ്ധക്ഷേത്രമുണ്ട്. ചെറുതാണെങ്കിലും  സുന്ദരമായ വാസ്തുകലകളാൽ ആകർകമാണ്. ആയിരം വർഷം പഴക്കമുണ്ടെങ്കിലും ദൃഢമായും മനോഹരമായും  ഇപ്പോഴും നിലനിൽക്കുന്നു. 1028 മുതൽ 1054 വരെ ഭരിച്ചിരുന്ന ലി തായ് ടോങ് എന്ന ചക്രവർത്തിക്കു ലഭിച്ച സ്വപ്നത്തിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടാണ് ഈ അമ്പലം നിർമിച്ചതത്രേ. ഒരു താമരക്കുളത്തിൽ ഒറ്റത്തൂണിലാണ് ഈ പഗോഡ നിൽക്കുന്നത്.

1450 വർഷം പഴക്കമുള്ള ട്രാൻ ക്വൊക് പഗോഡ ചുവപ്പുനദിയുടെ ഒാരത്ത് വീതി കുറഞ്ഞ് നല്ല നീളത്തിൽ മനോഹരമായ വർണചാരുതയോടെ നിലനിൽക്കുന്നു. ഇതിനും ചുവപ്പുനിറമാണ് നൽകിയിരിക്കുന്നത്.  െെചനയിലും വിയറ്റ്നാമിലും ഭാഗ്യത്തിന്റെയും െഎശ്വര്യത്തിന്റെയും പ്രതീകമാണ് ചുവപ്പ്. 1856ൽ ക്രിസ്തീയ ഭക്തർക്കായി തുറക്കപ്പെട്ട പുരാതനമായ ആരാധനാലയമാണ് സെന്റ് ജോസഫ് കത്തീഡ്രൽ.  ഉദ്ദേശം 40 ലക്ഷം ക്രൈസ്തവ വിശ്വാസികൾ വിയറ്റ്നാമിൽ ഉണ്ട്.

യുനെസ്കോയുടെ ലോക െെപതൃകത്തിൽ ഉൾപ്പെടുത്തിയ മറ്റൊരിടമാണ് തങ് ലോങ് ഇംപീരിയൽ സിറ്റഡൽ. ഇത് ഒരു പഴയ രാജധാനിയാണ്. ഇവിടെ രക്ഷാെെസന്യം സമ്മേളിക്കുകയും നിർദേശങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. ഒരുപാടു നാണയങ്ങളും മൺപാത്രങ്ങളും മറ്റു പല പുരാതന വസ്തുക്കളും ഇവിടെ നിലനിർത്തിയിരിക്കുന്നു.

veitnam-trip-gif

ഹോ ലൂവിലേക്ക്

വിയറ്റ്നാമിലെ മൂന്നാം ദിനം. ഹനോയ്‌യിൽനിന്ന് 100 കിലോമീറ്റർ അകലെയുള്ള ഹോ ലൂവിലേക്കാണ് യാത്ര.  നഗരത്തിൽ നിന്നും വാഹനം നീങ്ങിയപ്പോൾ ഇരുവശത്തും അനന്തമായി കിടക്കുന്ന പാടശേഖരങ്ങൾ കാണാം. വഴിയിൽ വിശ്രമത്തിനും  ആഹാരം കഴിക്കാനുമായി ഒരിടത്തു വാഹനം നിർത്തി. അവിടെ പല കരകൗശലവസ്തുക്കളും മരം, മാർബിൾ എന്നിവകൊണ്ട് ഉണ്ടാക്കിയ പല ആകർഷകസാധനങ്ങളും വിൽപനയ്ക്കു വച്ചിട്ടുണ്ട്. പുറമെ അൻപതിലധികം പെൺകുട്ടികൾ സൂചിയും നൂലും ഉപയോഗിച്ചു വർണാഭമായ ചിത്രങ്ങൾ തുന്നിയെടുക്കുന്നു. ഈ തൊഴിലാളികളെല്ലാം വികലാംഗരാണ് എന്നതാണ് ദുഃഖകരമായ കാര്യം. അവർ നിശ്ശബ്ദമായി ശ്രദ്ധയോടെ വർണനൂലുകളാൽ മനോഹരമായ ചിത്രങ്ങൾക്കു രൂപംനൽകുന്നു.

വഴിയിൽ ടെംപിൾ ഓഫ് ലെ ദായ് ഹാൻ കിങ് എന്ന പഴയ ദേവാലയത്തിൽ കുറച്ചുസമയം ചെലവഴിച്ചു. വലിയ മരങ്ങളും മലകളും പാടശേഖരങ്ങളും ചുറ്റിലുമുള്ള സുന്ദരമായ ഭൂമിയിലാണ് ഈ ക്ഷേത്രം. അമ്പലത്തിനടുത്ത് ഒരു വലിയ കുളവും പ്രതിമകളും ഭീമാകാരമായ മണികളും കാണാം. നമുക്കറിയാവുന്നതും അറിയാത്തതുമായ പല പഴങ്ങളും ക്ഷേത്രത്തിൽദേവനു സമർപ്പിച്ചിട്ടുണ്ട്.  ഹോ ലൂ എന്നതു വിയറ്റ്നാം ടൂറിസത്തിലെ പ്രധാനപ്പെട്ട ഒരിടമാണ്. 10–11 നൂറ്റാണ്ടുകളിൽ വിയറ്റ്നാമിന്റെ തലസ്ഥാനനഗരിയായിരുന്നു ഇവിടം.   ഗ്രാമീണർ തുഴയുന്ന ബോട്ടിൽ മൂന്നു മണിക്കൂർ യാത്ര. ടാം കോകിലെ നദീയാത്ര പ്രത്യേക അനുഭവമാണ്. സുന്ദരമായ വനങ്ങളാൽ ചുറ്റപ്പെട്ട ഇവിടെ ചെറിയ നൗക മൂന്നു ഗുഹകളിലൂടെ കടന്നു പോവുന്നു. നൂറുകണക്കിനു വഞ്ചികൾ സഞ്ചാരികളെ കാത്ത് ഇവിടെ കിടക്കുന്നു. തുഴച്ചിലുകാർ ഏറെയും സ്ത്രീകളാണ്. അവർ െെക കൊണ്ടു തുഴഞ്ഞു തളരുമ്പോൾ കാലുകൊണ്ടും തുഴയുന്നു. അവരുടെ ബുദ്ധിമുട്ടേറിയ ജോലിക്ക് ചിലപ്പോൾ വിനോദസഞ്ചാരികളും സഹായിക്കുന്നു. ഇവിടത്തെ മറ്റൊരു ആകർഷണമാണു. െെസക്കിൾ സവാരി. സുന്ദരമായ മലകളും പക്ഷികളും പാടങ്ങളും ക്ഷേത്രങ്ങളും അടങ്ങിയ പാതയിലൂടെയുള്ള െെസക്ലിങ് നല്ലൊരു അനുഭവമാണ്.

ദ്വീപുകളുടെ ഹലോങ് ബേ

വിയറ്റ്നാമിലെ ഏറ്റവും മനോഹരമായ ഡസ്‌റ്റിനേഷൻ ഹലോങ് ബേയിലേക്കാണ് നാലാം ദിവസം  ഞങ്ങൾ പോയത്. ഹാനോയ്‍‌യിൽ നിന്നും 175 കി.മീ. അകലം, ഉദ്ദേശം മൂന്നു മണിക്കൂർ യാത്ര. യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ ഉൾപ്പെട്ടതാണ് ഇവിടം. 1553 ചതുരശ്ര കിലോ മീറ്റർ വ്യാപിച്ചു കിടക്കുന്ന ഈ ഭാഗം ഏതാണ്ട് 2000 ചെറുദ്വീപുകൾ അടങ്ങിയതാണ്. അനേകായിരം വർഷങ്ങളിലൂടെ രൂപമാറ്റം വന്നു താഴെ ഭാഗം ചെറുതും മുകളിൽ വലുപ്പമേറിയും കൗതുകകരമായ രീതിയിൽ മാറിയിരിക്കുന്ന ഇവയിൽ പലതും ഒറ്റപ്പാറയിൽ രൂപംകൊണ്ടവയാണ്.

പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com