sections
MORE

ഹോങ്കോങ്ങിലെ അദ്ഭുതപ്പെടുത്തും കല്ലറക്കുന്ന് കാണാന്‍ പോയാലോ

Hong-Kong-Cemetery
SHARE

കുടുംബവുമൊത്തു യാത്ര പോകാന്‍ ഇഷ്ടപ്പെടുന്ന സാധാരണക്കാരെ അലട്ടുന്ന പ്രധാന പ്രശ്‌നമാണ് ചെലവ്. ജീവിതത്തില്‍ ഒരു പ്രാവശ്യമെങ്കിലും സന്ദര്‍ശിക്കണമെന്ന് ഒരുപാട് ആഗ്രഹിക്കുന്ന ഇടങ്ങള്‍പോലും ചെലവു പേടിച്ച് ഒഴിവാക്കുന്നവരുണ്ട്. എന്നാല്‍ ബജറ്റിലൊതുങ്ങുന്ന, അതേസമയം ആഡംബരമൊട്ടും കുറയാത്ത യാത്രയ്ക്കു പറ്റിയ ഇടമാണ് ഹോങ്കോങ്.

ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള, 30 ചതുരശ്ര മൈല്‍ മാത്രം വിസ്തീര്‍ണ്ണമുള്ള മെട്രോ നഗരമാണ് ഹോങ്കോങ്. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക, വ്യാപാര പ്രദേശങ്ങളിലൊന്നുകൂടിയാണിത്. വിനോദസഞ്ചാരമേഖലയില്‍ ഹോങ്കോങ്ങിന്റെ സ്ഥാനം ഒഴിച്ചുകൂടാനാവാത്തതാണ്. ഓരോ വര്‍ഷവും ലക്ഷക്കണക്കിനു വിനോദ സഞ്ചാരികളാണ് ഇവിടെയെത്തുന്നത്. എന്നാല്‍ ഇനി പറയാന്‍ പോകുന്നത് ഇതൊന്നുമല്ല, ഹോങ്കോങ്ങിലെ ശവകുടീരങ്ങളെക്കുറിച്ചാണ്. ഹോങ്കോങ്ങിലെ സ്ഥിരം കാഴ്ചകളില്‍നിന്ന് വളരെ വ്യത്യസ്തമായൊരു അനുഭവമായിരിക്കും ആ യാത്ര.

ഹോങ്കോങ് നിവാസികളെ ഇപ്പോള്‍ അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന് മരിച്ചുപോകുന്നവരെ എവിടെ അടക്കം ചെയ്യുമെന്നതാണ്. ക്രമാതീതമായി വര്‍ധിക്കുന്ന ജനസംഖ്യയും ഉയരുന്ന മരണസംഖ്യയും ഈ നഗരത്തെ അങ്കലാപ്പിലാക്കുന്നു. ജനങ്ങൾക്കു താമസിക്കാന്‍ പോലും സ്ഥലം തികയാത്ത നഗരത്തിൽ, മരിക്കുന്നവരെ അടക്കാന്‍ സ്ഥലമുണ്ടാകുമോ. നഗരത്തിൽ ഇപ്പോഴുള്ള പൊതു ശ്മശാനം  കണ്ടാല്‍ ആരും ഞെട്ടും.

ഒരു ഭാഗത്ത് ആകാശംതൊടാനെന്നപോലെ വളര്‍ന്നുകൊണ്ടിരിക്കുന്ന അപ്പാര്‍ട്ട്‌മെന്റുകളുടെ നീണ്ടനിര. മറുഭാഗത്ത് മണ്‍മറഞ്ഞവരുടെ കല്ലറകളുടെ ഒരു വലിയ കുന്നും. കഴിഞ്ഞ 60 വര്‍ഷത്തിനിടെ ഇവിടെ മരിച്ചവരെ അടക്കം ചെയ്യാന്‍ ഒരു കുന്ന് പൂര്‍ണമായും ഏറ്റെടുക്കേണ്ടിവന്നു ഭരണകൂടത്തിന്. ഇന്ന് ആ കുന്ന് നിറയെ, മരിച്ചുപോയ ലക്ഷക്കണക്കിനുപേരുടെ ഓര്‍മകുടീരങ്ങളാണ്. കുന്നിന്‍മുകളില്‍നിന്നു താഴോട്ടും വശങ്ങളിലേക്കും വരിവരിയായി അടുക്കോടും ചിട്ടയോടും ഈ കുടീരങ്ങള്‍ ഒരുക്കിയിരിക്കുന്നത് കാണേണ്ടതുതന്നെയാണ്. ഈ കുന്നിന്‍ചെരുവിന്റെ 90 ശതമാനത്തിലധികവും കല്ലറകളാല്‍ നിറഞ്ഞുകഴിഞ്ഞു. പഴയ ഏതോ ഒരു റോമന്‍ നഗരത്തില്‍ എത്തിപ്പെട്ടതുപോലെ തോന്നും ഇവിടം കണ്ടാല്‍. അറിയാത്തവരാണ് ഇവിടെയെത്തുന്നതെങ്കില്‍ വഴി തെറ്റുമെന്നുറപ്പ്. 

പരമ്പരാഗത ചൈനീസ് വിശ്വാസമനുസരിച്ച്, മരണമടഞ്ഞവരെ അവരുടെ ജന്മസ്ഥലത്തിനടുത്തായി അടക്കം ചെയ്യണം. ഈയൊരു കാഴ്ചപ്പാടിലാണ് ഹോങ്കോങ്ങിൽ ശവസംസ്‌കാരം കല്ലറകളില്‍തന്നെ നടത്തുന്നതും ഇന്ന് അതൊരു വലിയ പ്രതിസന്ധിയായി മാറിയതും.  ഇനി ഈ പൊതുശ്മശാനത്തില്‍ അടക്കിയാല്‍ത്തന്നെ ആറു വര്‍ഷത്തിനുള്ളില്‍ മറ്റൊരാക്ക് അതുകൊടുക്കേണ്ടി വരും. ശ്മശാനത്തിലെ സ്ഥലപരിമിതികാരണം ചെലവു കൂട്ടിയിരിക്കുകയാണിപ്പോള്‍ ഭരണകൂടം. 

ഹോങ്കോങ് യാത്രയിൽ ഈ അമ്പരപ്പിക്കുന്ന ശ്മശാനക്കാഴ്ച നഷ്ടപ്പെടുത്തരുത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA