sections
MORE

നടന്നു കാണാം പ്രാഗ് എന്ന സുന്ദരിയെ

prague-travel7
SHARE

പാലങ്ങള്‍, കത്തീഡ്രലുകള്‍, സ്വര്‍ണ്ണനിറത്തിലുള്ള ഗോപുരങ്ങള്‍, പള്ളി താഴികക്കുടങ്ങള്‍ അങ്ങനെ ഒരു മാന്ത്രിക നഗരമാണ് പ്രാഗ്. യൂറോപ്പിലെ ഏറ്റവും ആകര്‍ഷകമായ, വര്‍ണ്ണാഭമായ, മനോഹരമായ നഗരങ്ങളിലൊന്നുകൂടിയാണ് ചെക്ക് റിപ്പബ്ലികിന്റെ തലസ്ഥാനമായ പ്രാഗ്.  പ്രതിവര്‍ഷം ദശലക്ഷക്കണക്കിന് സഞ്ചാരികള്‍ നഗരം സന്ദര്‍ശിക്കുന്നുണ്ട്. സംഗീതം, കല സാംസ്‌കാരികം, പൗരാണികത അങ്ങനെ വിശേഷങ്ങള്‍ ഏറെയാണി നാടിന്. വള്‍ട്ടാവ നദിയുടെ ഇരുകരകളിലുമായാണ് പ്രാഗ് സ്ഥിതിചെയ്യുന്നത്.

ഗോള്‍ഡന്‍ സിറ്റിയെന്നും അറിയപ്പെടുന്ന പ്രാഗ് യൂറോപ്യന്‍ സംസ്‌കൃതിയുടെ കേന്ദ്രമാണ്, പുരാതന വാസ്തു ശില്‍പശൈലിയില്‍ തീര്‍ത്ത നിരവധി കെട്ടിടങ്ങളാണ് പ്രാഗിന്റെ യഥാര്‍ഥ മുഖച്ഛായ. രണ്ടാം ലോക മഹായുദ്ധകാലത്തുപോലും പ്രതാപം നഷ്ടപ്പെടാതെ നിന്ന പ്രാഗിനെ അടുത്തറിയാം. കണക്കില്ലാത്തത്ര കാഴ്ചകള്‍ ഇവിടെയുണ്ടെങ്കിലും പ്രാഗ് സന്ദര്‍ശിക്കുന്നവര്‍ മിസ് ചെയ്യാതെ കണ്ടിരിക്കേണ്ടവ എന്തൊക്കെയെന്ന് നോക്കാം.

ഓള്‍ഡ് ടൗണ്‍ സ്‌ക്വയര്‍

പൂര്‍ണ്ണമായും നടന്നുകാണാന്‍ കഴിയുന്ന നഗരമായിട്ടാണ് പ്രാഗ് അറിയപ്പെടുന്നത്. പഴയതും പുതിയതുമായ ഈ നഗരം കാല്‍നടയായി കണ്ട്  ആസ്വദിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക്,  വെന്‍സെസ്ലാസ് സ്‌ക്വയറില്‍ നിന്ന് ഓള്‍ഡ് ടൗണ്‍ സ്‌ക്വയറിലേക്കോ ഓള്‍ഡ് ടൗണ്‍ മുതല്‍ ചാള്‍സ് ബ്രിഡ്ജിലേക്കും കാസില്‍ ഡിസ്ട്രിക്റ്റിലേക്കും എളുപ്പത്തില്‍ നടക്കാം. ചുറ്റും ഗോഥിക് ശില്‍പകലയില്‍ തീര്‍ത്ത  മനോഹരമായ കെട്ടിടങ്ങളാണ് ഈ ടൗണ്‍ സ്‌ക്വയിറിന്റെ യഥാര്‍ത്ഥ മുഖച്ഛായ. ബൊഹീമിയന്‍ രാജഭരണക്കാലത്ത് നിര്‍മ്മിച്ച കരിങ്കല്ലുപാകിയ റോഡുകളും നടപ്പാതകളും ഓള്‍ഡ് ടൗണിനെ മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമാക്കുന്നു. ലോകത്തിന്റെ നാനാകോണില്‍ നിന്നും എത്തിയ സഞ്ചാരികളുടെ നിറസാന്നിദ്ധ്യമാണ് ഏത് നേരവും ഇവിടെ. പ്രശസ്തമായ അസ്‌ട്രോണോമിക്കല്‍ ക്ലോക്ക് ഇവിടെയാണ് സ്ഥിതിചെയ്യുന്നത്.

ജ്യോതിശാസ്ത്ര ഘടികാരം

ഇതാണ് ടൗണ്‍ ഹാള്‍ ക്ലോക്ക്, വിസ്മയങ്ങള്‍ നിറഞ്ഞ ജ്യോതിശാസ്ത്ര ഘടികാരം. 1410-ല്‍ നിർമിച്ചതാണ് ഈ ക്ലോക്ക്. ഈ ഘടികാരത്തിന് മൂന്നു ഭാഗങ്ങളുണ്ട്. ഓരോ മണിക്കൂര്‍ ഇടവിട്ട് മണിയടിക്കേണ്ട സമയമാകുമ്പോള്‍ മുകള്‍ഭാഗത്തുള്ള രണ്ട് ജാലകങ്ങള്‍ തുറന്നുവരും. മണിയടിക്കുന്ന സമയം നോക്കി ക്ലോക്കിന് താഴെ സഞ്ചാരികള്‍ തടിച്ചുകൂടുന്നത് ഇവിടുത്തെ നിത്യകാഴ്ചയാണ്.മാത്രമല്ല ക്ലോക്ക് ടവറിന്റെ മുകളില്‍ കയറിയാല്‍ പ്രാഗ് നഗരത്തിന്റെ മനോഹരമായ കാഴ്ച ആസ്വദിക്കാം.

ചാള്‍സ് ബ്രിഡ്ജ്

പ്രാഗിന്റെ കിഴക്കന്‍ കരയിലേക്കു കടക്കാന്‍ വള്‍ട്ടാവയ്ക്കു കുറുകെ ഏഴു പാലങ്ങളുണ്ടെങ്കിലും അവയില്‍ ഏറ്റവും പ്രശസ്തമായത്, കാല്‍നടക്കാര്‍ക്കു മാത്രമായുള്ള ചാള്‍സ് പാലമാണ്. ഏതാണ്ട് 520 മീറ്റര്‍ നീളമുള്ള ഈ പാലത്തില്‍ കൂടി നടക്കാത്ത പക്ഷം നിങ്ങളുടെ പ്രാഗ് സന്ദര്‍ശനം പൂര്‍ണമായെന്ന് പറയാന്‍ കഴിയില്ല. പതിനാലാം നൂറ്റാണ്ടില്‍ നിര്‍മിച്ച ഈ പാലത്തിലൂടെയുള്ള  നടത്തം പ്രാഗ് സന്ദര്‍ശിക്കുന്നതിലെ ഏറ്റവും ആസ്വാദ്യകരവും അവിസ്മരണീയവുമായ അനുഭവങ്ങളില്‍ ഒന്നാണ്. വള്‍ട്ടാവ നദിക്ക് മുകളില്‍ നിലനില്‍ക്കുന്ന ഏറ്റവും പഴയ പാലവും ചെക്ക് റിപ്പബ്ലിക്കിലെ ഏറ്റവും പഴയ രണ്ടാമത്തെ പാലവുമാണിത്. 16 തൂണുകളുള്ള, ഈ പാലം പ്രതിമകളും അലങ്കാര വിളക്കുകളും കൊണ്ട് സമ്പന്നമാണ്, മാത്രമല്ല ഇരുവശത്തും മനോഹരമായ ഗോതിക് ബ്രിഡ്ജ് ടവറുകള്‍ കൊണ്ട് ഇത് ആരുടേയും ശ്രദ്ധയാകര്‍ഷിക്കും.

പ്രാഗ് കാസിലും ഡാന്‍സിങ് ഹൗസും

പ്രാഗ് കാസില്‍ നഗരത്തിലെ ഏറ്റവും തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രമാണ്. ചെക്ക് ഭരണാധികാരികളുടെ ഇരിപ്പിടമായിരുന്ന ഈ കോട്ട ഇന്ന് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയാണ്. ഒന്‍പതാം നൂറ്റാണ്ടില്‍ ആരംഭിച്ച പ്രാഗ് കാസില്‍ ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ് പ്രകാരം ലോകത്തിലെ ഏറ്റവും വലിയ കോട്ടയാണ്. സെന്റ് വിറ്റസ് കത്തീഡ്രല്‍, ബസിലിക്ക ഓഫ് സെന്റ് ജോര്‍ജ്, ഗോള്‍ഡന്‍ ലെയ്ന്‍ തുടങ്ങി നിരവധി കാഴ്ച്ചകള്‍ കൂടി ഉള്‍ക്കൊള്ളുന്ന ഇവിടം പ്രാഗിന്റെ മനോഹാരിതപേറുന്ന ഇടമെന്നതില്‍ സംശയിക്കണ്ട. ഇതിനടുത്തുള്ള മറ്റൊരാകര്‍ഷണമാണ് ഡാന്‍സിംഗ് ഹൗസ്. ന്യൂ ബറോക്ക് ശൈലിയില്‍ നിര്‍മ്മിച്ച ഈ കെട്ടിടം അതിന്റെ രൂപഘടനകൊണ്ടാണ് വ്യത്യസ്തമാകുന്നത്. ഒരു റെസ്റ്റോറന്റും വള്‍ട്ടവ നദിയുടെ മികച്ച കാഴ്ചകളുള്ള ഒരു നിരീക്ഷണ ഡെക്കും ഉള്‍പ്പെട്ടതാണ് ഡാന്‍സിംഗ് ഹൗസ്.

ബിയറടിക്കാന്‍ പറ്റിയ ഇടം അതും തീരെ ചെലവില്ലാതെ

ലോകത്തിലെ ഏറ്റവും മികച്ച ബിയര്‍ ഉണ്ടെന്ന് ചെക്ക് അവകാശപ്പെടുന്നു, അവരുടെ അവകാശവാദം പരീക്ഷിക്കുന്നതിനുള്ള മികച്ച സ്ഥലമാണ് പ്രാഗ്. നഗരത്തിലെ എല്ലാ ബാറുകളില്‍ നിന്നും നിങ്ങള്‍ക്ക് ചിലവുകുറഞ്ഞ നാടന്‍ ബിയറുകള്‍ ലഭിക്കും. പ്രാഗിലെത്തിയാല്‍ ഈ ബിയര്‍ രുചിച്ചുനോക്കാതെ മടങ്ങാനാവില്ല. മിക്ക ചെക്ക് ബിയറുകളും ലൈറ്റ് ബിയറുകളാണ്.  ന്യൂടൗണ്‍, നാഷണല്‍ തീയറ്റര്‍, സ്‌റ്റേറ്റ് ഓപ്പറ, അങ്ങനെ കാഴ്ചകള്‍ നിരനിരയായി നില്‍ക്കുന്ന പ്രാഗിലേക്ക് ഒരു ഗംഭീര യാത്ര നടത്താം. ശൈത്യകാലത്താണ് നിങ്ങളുടെ യാത്ര എങ്കില്‍ അത് വർണിക്കാനാവാത്ത വിധം മനോഹരമായിരിക്കും കാരണം മഞ്ഞില്‍പൊതിഞ്ഞ പ്രാഗിന് മറ്റൊരു ഭംഗിയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA