sections
MORE

ചുരുങ്ങിയ ബജറ്റില്‍ സന്ദര്‍ശിക്കാവുന്ന രാജ്യം

528340221
SHARE

കടല്‍ത്തീരങ്ങളും,  തെങ്ങുകളും, പാടങ്ങളും, പുഴകളും, കടലുകളും, മലകളും, വനങ്ങളും ആവോളം പ്രകൃതിഭംഗിയാല്‍ സമ്പുഷ്ടമായ സുന്ദര ഭൂമിയാണ് രാവണന്റെ ലങ്ക. കേരളത്തോട് വളരെയധികം സാമ്യം ഉണ്ട് ഈ നാടിന്. ഭക്ഷണം തൊട്ട്, സംസ്‌കാര രീതികളില്‍ വരെ ആ സാമ്യം കാണാനാകും. കാലങ്ങള്‍ നീണ്ടുനിന്ന ആഭ്യന്തര യുദ്ധത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ട ശ്രീലങ്കയിപ്പോള്‍ ടൂറിസത്തിന്റെ മറ്റൊരു പര്യായമായിക്കൊണ്ടിരിക്കുകയാണ്.  അപ്പോള്‍ ശ്രീലങ്കന്‍ യാത്ര ചെലവേറിയതായിരിക്കുമെന്ന് ചിന്തിക്കുന്നുണ്ടാകും. ചുരുങ്ങിയ ബജറ്റില്‍ കണ്ടാസ്വദിച്ചുവരാവുന്ന ഒരു മികച്ച ചോയ്‌സാണ് ശ്രീലങ്കയെന്ന മരതകദ്വീപ്. ശ്രീലങ്കയിലെ കാഴ്ച്ചകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

സാഹസികത വേണ്ടവര്‍ക്ക് റാഫ്റ്റിംഗ്, കയാക്കിങ്, കുത്തനെയുള്ള മലനിരകളിലൂടെയുള്ള ബൈക്കിംഗ്, ട്രക്കിംഗ് തുടങ്ങി നിരവധി കാര്യങ്ങള്‍ ശ്രീലങ്ക ഒരുക്കിയിട്ടുണ്ട്. ഇനി വനങ്ങളെയും മൃഗങ്ങളേയും അടുത്തറിയണമെങ്കില്‍ നാഷണല്‍ പാര്‍ക്ക് മുതല്‍ ആനവളര്‍ത്തല്‍ കേന്ദ്രം വരെ. കൂടാതെ മനോഹരങ്ങളായ കടല്‍ത്തീരങ്ങള്‍, ബുദ്ധസംസ്‌കാരത്തിന്റെ നേര്‍സാക്ഷ്യങ്ങളായ ക്ഷേത്രങ്ങള്‍ അങ്ങനെ അനവധിയാണ് ശ്രീലങ്കയിലെ വിശേഷങ്ങള്‍. എങ്കിലും അവിടെയെത്തിയാല്‍ ഒഴിവാക്കാതെ കണ്ടിരിക്കേണ്ട ചില കാര്യങ്ങള്‍ പറയാം.

485447666

കാന്‍ഡി നഗരം

ശ്രീലങ്കയിലെ പഴയ രാജാക്കന്മാരുടെ അവസാന തലസ്ഥാനമായിരുന്ന കാന്‍ഡി,  കായലിന് അരികെ സ്ഥിതി ചെയ്യുന്ന മനോഹരമായൊരു നഗരമാണ്. കൊളംബോയില്‍ നിന്ന്  ഇവിടേയ്ക്കുള്ള തീവണ്ടിയാത്ര ആരുടേയും മനം നിറയ്ക്കും.  കാന്‍ഡിയുടെ മറ്റൊരു സവിശേഷത സേക്രഡ് ടൂത്ത് റെലിക് എന്ന ബുദ്ധവിഹാരമാണ്. ബുദ്ധന്റെ പല്ലുകളിലൊന്ന് ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നതെന്നാണ് ഐതിഹ്യം. ബ്രിട്ടീഷ് ഗാരിസണ്‍ സെമിത്തേരിയും ഒന്നു ചുറ്റിനടന്നുകാണാം. കാന്‍ഡി നഗരത്തിന് പുറത്തുള്ള ചെറുമലനിരകളില്‍ പ്രവര്‍ത്തിക്കുന്ന കാന്‍ഡി കോട്ടേജി്ല്‍ അധിക ചെലവില്ലാതെ നിങ്ങള്‍ക്ക് താമസിക്കാം.

നോണ്‍ സ്‌റ്റോപ്പ് സീഫുഡ്

ശ്രീലങ്കയിലെത്തിയാല്‍ മറക്കാതെ പരീക്ഷിക്കേണ്ട ഒന്നാണ് കടല്‍ഭക്ഷണം. എണ്ണിയാല്‍ ഒടുങ്ങാത്തത്ര വിഭവങ്ങളാണ് ശ്രീലങ്കയില സീഫുഡ് റസ്റ്ററന്റുകള്‍ സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ചെറു ഹോട്ടലുകള്‍ മുതല്‍ വമ്പന്‍ റിസോര്‍ട്ടുകള്‍ വരെയുണ്ടെങ്കിലും പൊതുവെ ഭക്ഷണത്തിന് ചിലവ് കുറവാണ് ഇവിടെയന്നത് ബജറ്റ് യാത്ര നടത്തുന്നവര്‍ക്ക് കോളായിരിക്കും എന്ന് ചുരുക്കം.

തീരങ്ങളും തിമിംഗലങ്ങളും

തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ ഏത് ബീച്ചുകളെയും വെല്ലുവിളിക്കാവുന്ന ഏകാന്ത മനോഹര കടലോരപ്രദേശങ്ങള്‍ നിറഞ്ഞതാണ് ശ്രീലങ്കയിലെ ഓരോ തീരങ്ങളും. ടംഗല്ലയിലെ മനോഹരമായ ഗൊയാംബോക്ക ബീച്ചും അരുഗംബേ ബീച്ചും എല്ലാം മായക്കാഴ്ച്ചകള്‍ ഒരുക്കി വിനോദസഞ്ചാകികളെ മാടിവിളിയ്ക്കുകയാണ്. ഇനി ഈ തീരങ്ങളില്‍ നിന്നാല്‍ കാണാന്‍ സാധിക്കുന്ന മറ്റൊരു തകര്‍പ്പന്‍ കാഴ്ച്ചയാണ് നീലതിമിംഗലങ്ങളുടെ നീന്തല്‍. നീല തിമിംഗലങ്ങള്‍ ധാരാളമുള്ള പ്രദേശമാണ് ശ്രീലങ്കയുടെ തെക്ക് ഭാഗത്തെ വന്‍കരത്തട്ട്.ഇവിടെ നിന്ന് നോക്കിയാല്‍ കരയുടെ സമീപത്തു കൂടെ ഇവ  നീന്തുന്നത് കാണാം.

ആനകളും പുള്ളിപുലികളും വിലസുന്ന ലങ്ക

അതെ ശ്രീലങ്കയിലെത്തിയാല്‍ ഏറ്റവും കൂടുതല്‍ കാണാന്‍ സാധിക്കുന്നത് ആനകളെയായിരിക്കും. പൊതുഇടങ്ങളിലൂടെ വിഹരിച്ചുനടക്കുന്ന ആനകള്‍ക്കായൊരു നാഷണല്‍ പാര്‍ക്കുമുണ്ട് ഇവിടെ. ഉഡ വലാവെ എന്ന ആ പാര്‍ക്കില്‍ 400 ഓളം ആനകളുണ്ടെന്നാണ് കണക്ക്. യാല നാഷണല്‍ പാര്‍ക്ക് പുള്ളിപ്പുലികള്‍ക്കായുള്ളതാണ്. ഓരോ കിലോമീറ്റര്‍ വ്യത്യാസത്തില്‍ പുലികളെ കാണാനാകുമത്രേ. സിഗിരിയ റോക്ക്, തേയിലത്തോട്ടങ്ങള്‍, നെടിന്തിവു ദ്വീപിലെ ആയിരം വര്‍ഷം പഴക്കമുള്ള ഡച്ച് കൊട്ടാരം തുടങ്ങി ഇനിയുമേറെയുണ്ട് ശ്രീലങ്കില്‍ കാണാന്‍. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തീരത്തിലൂടെ ഓടുന്ന എക്സ്പ്രസ് ട്രെയിനില്‍ ഗാലെയില്‍ നിന്നും കൊളംബോയിലേക്കുള്ള യാത്ര അവിസ്മരണീയമായ അനുഭവമായിരിക്കും സമ്മാനിക്കുക.

ശ്രീലങ്കയിലെത്തിയാല്‍ പരമാവധി പൊതുഗതാഗതസംവിദാനം ഉപയോഗപ്പെടുത്തുക. നിരവധി ബസുകളും ട്രെയിന്‍ സര്‍വ്വീസുകളും ശ്രീലങ്കയുടെ ഉള്‍ഞരമ്പുകളിലൂടെ ഓടുന്നതിനാല്‍ നിങ്ങള്‍ക്ക് യാത്ര ചെയ്യാനാന്‍ സൗകര്യമായിരിക്കും. മാത്രമല്ല ഇത്തരത്തിലുള്ള യാത്രകള്‍ മികച്ച അനുഭവത്തിനൊപ്പം ചിലവും കുറയ്ക്കും. ടുക് ടുക് ആണ് മറ്റൊരു മാര്‍ഗ്ഗം. ഇതും ടാക്‌സി പോലെയുള്ളവയില്‍ നിന്നും ചെലവ് കുറഞ്ഞതാണ്. താമസത്തിനും ചെറിയ ബജറ്റിലുള്ള ഹോട്ടലുകളും കോട്ടേജുകളും മുതല്‍ ആഡംബര റിസോര്‍ട്ടുകള്‍ വരെ ലഭ്യമാണ. 

ഇന്ത്യക്കാര്‍ക്ക് വിസയില്ലാത സന്ദര്‍ശിക്കാവുന്ന രാജ്യം കൂടിയാണ് ശ്രീലങ്ക. ശീലങ്കയിലേക്കുള്ള വിമാന ടിക്കറ്റുകള്‍ മെയ്, ജൂണ്‍ മാസങ്ങളില്‍ ബുക്ക് ചെയ്യുകാണെങ്കില്‍ ചുരുങ്ങിയ ചിലവില്‍ ലഭിക്കും. ബജറ്റിനെ പേടിക്കാതെ ലാവിഷായി തന്നെ പോയിവരാം രാവണന്റെ ലങ്കയിലേയ്ക്ക്. പത്ത് തലയുള്ള രാവണന്റെ ലങ്ക കണ്ടുതീര്‍ക്കാനുംവേണം പത്ത് തല. അത്രയധികം കാഴ്ച്ചകളും വിശേഷങ്ങളും ഒരുക്കിവച്ച് വിനോദസഞ്ചാരത്തിന്റെ വാതായനങ്ങള്‍ തുറന്നിട്ടിരിക്കുകയാണ് ശ്രീലങ്കയെന്ന കൊച്ചുകണ്ണുനീര്‍തുള്ളി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA