ADVERTISEMENT

ഭൂമിയിലേക്ക് അന്യഗ്രഹജീവികളുടെ വരവും പോക്കുമൊക്കെ എത്രയോ കാലമായുള്ള കഥകളാണ്. നൂറ്റാണ്ടുകളോളം പഴക്കമുണ്ട് അവയ്ക്ക്. മറ്റു ഗ്രഹങ്ങളില്‍ നിന്നു ഭൂമിയിലെത്തുന്ന ജീവികളെ കണ്ടിട്ടുണ്ടെന്നും അവരോടു സംസാരിക്കാറുണ്ടെന്നുമൊക്കെയുള്ളത് അതില്‍ ചിലതു മാത്രം. ‘അന്യഗ്രഹ വിനോദസഞ്ചാര’ത്തിന് ഒരുങ്ങുന്നതാണ് പുതിയ ട്രെൻഡ്. അതിന്റെ ചുവടുപിടിച്ചാണ് തായ്‌ലൻഡിൽ നിന്നൊരു വാര്‍ത്ത. തായ്‍ലൻഡിലെ ഒരു കുന്നിന്‍മുകളില്‍ അന്യഗ്രഹങ്ങളുമായി ബന്ധപ്പെടാനുള്ള ചില വഴികള്‍ തെളിഞ്ഞിട്ടുണ്ടെന്നാണ് വിശ്വാസം. ഇത് കേട്ടറിഞ്ഞ് നാനാദിക്കുകളില്‍ നിന്നും നിരവധിപ്പേര്‍ ഇവിടെയെത്തുന്നു.

ബാങ്കോക്കില്‍നിന്ന് മൂന്ന് മണിക്കൂര്‍ വടക്കോട്ടു സഞ്ചരിച്ചാൽ എത്തുന്ന നഖോണ്‍ സവാനിലെ ഖാവോ കാല അഥവാ സിറ്റി ഓഫ് ഹെവന്‍' എന്നറിയപ്പെടുന്ന പ്രദേശമാണിത്.  അമാനുഷികത അനുഭവിക്കാനും നേരിട്ട് കാണാനുമൊക്കെ ആഗ്രഹിക്കുന്ന വിനോദ സഞ്ചാരികളുടെ ഒരു പ്രധാന കേന്ദ്രമാണ് ഇപ്പോള്‍ ഇത്.

ഒരു കരിമ്പിന്‍ തോട്ടത്തിനിടയിലാണ് ഈ പ്രദേശം. പ്ലൂട്ടോയില്‍നിന്നും മറ്റുമുള്ള അന്യഗ്രഹജീവികള്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കുന്ന ചില കുറുക്കുവഴികള്‍ ഈ മലയില്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്നാണ് വിശ്വാസികള്‍ പറയുന്നത്. ഇവിടെ സ്ഥാപിച്ച ഒരു വലിയ ബുദ്ധപ്രതിമയാണ് അന്യഗ്രഹവാസികളുടെ ഇഷ്ടയിടമെന്നും ഇവിടെനിന്നാണ് അവര്‍ മനുഷ്യരുമായി ആശയവിനിമയം നടത്തുന്നതെന്നും യുഎഫ്ഒ വിശ്വാസികള്‍ പറയുന്നു. ബുദ്ധമതവിശ്വാസികളാണ് ഇതില്‍ ഭൂരിഭാഗവും. ഈ അന്യഗ്രഹജീവികളും ബുദ്ധമതവിശ്വാസികളാണെന്നും അവരില്‍ ചിലരുമായി  സംസാരിച്ചിട്ടുണ്ടെന്നും എന്നാല്‍ എല്ലാവര്‍ക്കും അതു സാധ്യമാവില്ലെന്നും അവര്‍ പറയുന്നു. ഈ ജീവികൾ പ്രത്യക്ഷപ്പെടുകയോ സംസാരിക്കുകയോ ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം അപ്രത്യക്ഷമാവുകയോ ചെയ്യാറുണ്ടെന്നാണ് ഇവര്‍ പറയുന്നത്. 

ഇതറിഞ്ഞ് നൂറുകണക്കിനു പേരാണ് ദിനവും ഇവിടെയെത്തുന്നത്. ഏഴു തലയുള്ള പാമ്പിന്റെ താഴെ ഇരിക്കുന്ന രീതിയിലാണ് ഈ ബുദ്ധപ്രതിമ. വേറെയും ബുദ്ധപ്രതിമകള്‍ ഉണ്ടെങ്കിലും ഈ പ്രതിമയ്ക്കു ചുറ്റും മാത്രമാണ് അന്യഗ്രഹജീവികളുടെ സാന്നിദ്ധ്യമെന്നും യുഎഫ്ഒ വിശ്വാസികള്‍ പ്രചരിപ്പിക്കുന്നു. സംഭവം പോപ്പുലറായെങ്കിലും കുടുങ്ങിയത് അവിടുത്തെ പൊലീസും ഭരണകൂടവുമാണ്. തായ്‌ലൻഡിലെ ചുരുക്കം സംരക്ഷിത വനങ്ങളിലൊന്നാണ് ഈ കുന്നും പരിസരവും. പ്രദേശത്തെ ടൂറിസം അപകടത്തിലാക്കുമെന്ന ഭീതിയിലാണിപ്പോള്‍ ഭരണകൂടം. അതുകൊണ്ടുതന്നെ സന്ദര്‍ശകര്‍ക്കു കര്‍ശന നിയന്ത്രണമാണ്. എന്നാല്‍ യുഎഫ്ഒ അന്വേഷകര്‍ അന്യഗ്രഹജീവികളെ കാണാനും സംസാരിക്കാനുമായി ഖാവോ കലാ കുന്നില്‍ തടിച്ചുകൂടുകയാണ്. 

കുന്നിന്‍ മുകളില്‍ കയറാനും വലിയ ബുദ്ധ പ്രതിമയും സമീപത്തുള്ള ബുദ്ധ കാല്‍പാടുകളും മറ്റും കാണാനും സന്ദര്‍ശകർക്ക് അനുവാദമുണ്ട്. കാരണം അവ പൊതു ആരാധനാലയങ്ങളാണ്. മുൻപ് യുഎഫ്ഒ അന്വേഷകര്‍ ഇവിടെ ടെന്റ് കെട്ടി താമസിച്ചിരുന്നെങ്കിലും സുരക്ഷയെ മുന്‍നിര്‍ത്തി പൊലീസ് അവരെ ഒഴിപ്പിച്ചിരുന്നു. രാത്രിയിലെ സന്ദര്‍ശനവും ഇപ്പോള്‍ നിരോധിച്ചിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com