ADVERTISEMENT

ഫ്രാന്‍സിലെ ബര്‍ഗണ്ടി പ്രവിശ്യയിലുള്ള ഷാബ്ലി (Chablis) ഗ്രാമത്തെപ്പറ്റി കേട്ടിട്ടുണ്ടോ? പാരീസിനടുത്തായി ലോകത്തിലെ തന്നെ ഏറ്റവും മികച്ച വൈറ്റ് വൈന്‍ ഉണ്ടാക്കുന്ന പ്രദേശമാണിത്. ഇതിന്‍റെ സുഗന്ധവും ശുദ്ധമായ രുചിയും ബര്‍ഗണ്ടിയിലെ തന്നെ മറ്റു പ്രദേശങ്ങളില്‍ നിര്‍മിക്കപ്പെടുന്ന വൈനുകളെക്കാള്‍ ഏറെ മികച്ചതാണ്. അടുത്തുള്ള മറ്റു ഗ്രാമങ്ങളെ അപേക്ഷിച്ച് ഇവിടത്തെ കാലാവസ്ഥ കൂടുതല്‍ തണുപ്പേറിയതാണ് എന്നതാണ് ഇതിന്‍റെ ഒരു കാരണം. കൂടാതെ ഇവ വിളയുന്ന കിമ്മെറിജിയന്‍, പോര്‍ട്ട്‌ലാന്‍ഡിയന്‍ തരങ്ങളിലുള്ള മണ്ണും വൈനിന് പ്രത്യേക രുചി നല്‍കാന്‍ സഹായിക്കുന്നു.

ഈ മുന്തിരിക്കുമുണ്ട് പ്രത്യേകതകള്‍

ഷാബ്ലി വൈനുകള്‍ ഉണ്ടാക്കുന്നത് 'ഷാദുനേ'(chardonnay) എന്നു പേരുള്ള പ്രത്യേക തരം മുന്തിരി ഉപയോഗിച്ചാണ്. പച്ച നിറത്തിലുള്ള മുന്തിരിയാണിത്‌. അതുകൊണ്ടുതന്നെ പച്ച കലര്‍ന്ന മഞ്ഞ നിറമാണ് ഈ വൈനിനുള്ളത്. കഴിക്കുമ്പോള്‍ അല്‍പ്പം ആസിഡ് രുചി മുന്നിട്ടു നില്‍ക്കും. ഓക്കു മരത്തിനു പകരം സ്റ്റീല്‍ ടാങ്കുകളിലാണ് ഈ വൈന്‍ സംഭരിക്കുന്നത്. ഇതും വൈനിന് പ്രത്യേക രുചി നല്‍കുന്നു. 

കൂടുതല്‍ കയറ്റുമതി ഉന്നം വച്ചായിരുന്നു ഇരുപതാംനൂറ്റാണ്ടില്‍ ഷാബ്ലി വൈനുകള്‍ ഉല്‍പ്പാദിപ്പിക്കപ്പെട്ടത്. പിന്നീട് സഹകരണ സംഘങ്ങളും വ്യക്തികളും വൈന്‍ നിര്‍മാണത്തില്‍ ഏര്‍പ്പെട്ടു. ഷാദുനേ മുന്തിരി ഉപയോഗിക്കാതെ നിര്‍മ്മിക്കുന്ന വെളുത്ത വൈനുകളും ഷാബ്ലി വൈനുകള്‍ എന്ന് വിളിക്കപ്പെടുന്നുണ്ട്. 

ഗുണനിലവാരമനുസരിച്ച് ഷാബ്ലിയിലെ മുന്തിരിത്തോട്ടങ്ങളെ നാല് പ്രധാന വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഷാബ്ലി ഗ്രാൻഡ് ക്രൂ, ഷാബ്ലി പ്രീമിയർ ക്രൂ, ഷാബ്ലി, പെറ്റിറ്റ് ഷാബ്ലി എന്നിങ്ങനെയാണവ. വളരുന്ന പ്രദേശങ്ങള്‍ക്കും കാലാവസ്ഥയ്ക്കും അനുസരിച്ചാണ് ഈ വര്‍ഗ്ഗീകരണം. ഇതില്‍ ഗ്രാന്‍ഡ്‌ ക്രൂ വൈനുകള്‍ ആണ് ഏറ്റവും മികച്ചത്. ഷാ ദുനേ മുന്തിരി തന്നെയാണ് എല്ലായിടത്തും കൃഷി ചെയ്യുന്നത്. 

മറ്റുള്ള വൈന്‍ മുന്തിരികളെ അപേക്ഷിച്ച് പ്രതികൂല കാലാവസ്ഥകളെ താരതമ്യേന എളുപ്പത്തില്‍ തരണം ചെയ്യാനുള്ള കഴിവുണ്ട് ഈ മുന്തിരിക്ക്. മുന്‍പേ ബര്‍ഗണ്ടി പ്രദേശത്ത് മാത്രമായിരുന്നു ഈ മുന്തിരി കൃഷി ചെയ്തിരുന്നത്. എന്നാല്‍ ഇന്ന് ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലും ഇത് ഉല്‍പ്പാദിപ്പിക്കപ്പെടുന്നു. ഇന്ത്യയിലെ വൈന്‍ ഷോപ്പുകളിലും ഷാദുനെ വൈനുകള്‍ ലഭ്യമാണ്.

വൈന്‍ ഗ്രാമത്തില്‍ കാണാനുമുണ്ട്, ഏറെ

വടക്കന്‍ ബര്‍ഗണ്ടിയിലെ ഒരു സാധാരണ ഗ്രാമമാണ് ഷാബ്ലി. ഏകദേശം 2500 പേര്‍ മാത്രമാണ് ഇവിടെ വസിക്കുന്നത്. ചുറ്റുമൊന്ന് നടന്നാല്‍ മുന്തിരിത്തോട്ടങ്ങള്‍ നിരവധി കാണാന്‍ സാധിക്കും. സഞ്ചാരികള്‍ക്ക് വൈന്‍ രുചിച്ചു നോക്കാനുള്ള അവസരവും ഇവിടെ ലഭിക്കും. ഷാബ്ലിയിലെത്തുന്നവര്‍ക്ക് സമാധാനമായിരുന്ന് വൈന്‍ രുചിക്കാനായി രണ്ടു പ്രധാന റസ്‌റ്റോറന്റുകള്‍ ഇവിടെയുണ്ട്. ഓ ഫി ദ്യു സൈങ്ക്(Au Fil du Zinc), ലെ 3 ബോജോ(Les 3 Bourgeons) എന്നിവയാണവ. മികച്ച ഭക്ഷണവും ഒപ്പം ക്വാളിറ്റി കൂടിയ വൈനുകളും ഇവിടെ ലഭിക്കും. 

മുന്തിരികള്‍ വിളഞ്ഞു നില്‍ക്കുന്ന തോട്ടങ്ങള്‍ നിറഞ്ഞ ഗ്രാമത്തിലൂടെ നടക്കുന്നതു തന്നെ വളരെ ഹൃദ്യമായ അനുഭവമാണ് നല്‍കുക. ഗ്രാന്‍ഡ്‌ ക്രൂ, പ്രീമിയര്‍ ക്രൂ എന്നിങ്ങനെ വെവ്വേറെയായി പിടിപ്പിച്ച മുന്തിരിത്തോട്ടങ്ങള്‍ വഴിയിലെങ്ങും കാണാം. നടന്നു മടുക്കുമ്പോള്‍ 12-13 നൂറ്റാണ്ടുകളില്‍ പണി കഴിപ്പിച്ചതെന്ന് കരുതപ്പെടുന്ന സെന്‍റ് മാര്‍ട്ടിന്‍ പള്ളിയുടെ ഉള്ളില്‍ കയറി അല്‍പ്പനേരം വിശ്രമിക്കാം. ഇപ്പോള്‍ പുതുക്കിപ്പണിഞ്ഞ പള്ളിയില്‍ പ്രത്യേക അനുവാദത്തോടെ സഞ്ചാരികള്‍ക്ക് പ്രവേശിക്കാനുള്ള സൗകര്യമുണ്ട്.

ഇവിടുത്തെ ഗ്രാമീണരില്‍ മിക്കവാറും പേര്‍ വൈന്‍ നിര്‍മിക്കുന്നുണ്ട്. മുന്തിരിത്തോട്ടങ്ങളിലൂടെയുള്ള യാത്രക്കായി ഇ ബൈക്കുകളും ഇലക്ട്രിക് സൈക്കിളുകളും ലഭ്യമാണ്. ഏകദേശം 2000 രൂപ മുതലാണ്‌ ഇതിനു നിരക്ക്.

വൈന്‍ ഗ്രാമത്തിലേക്ക് പറക്കാം

കലൈസിലെ ഫെറിയില്‍ നിന്നും യൂറോടണൽ ടെർമിനലുകളിൽ നിന്നും അഞ്ച് മണിക്കൂര്‍ സഞ്ചരിച്ചാല്‍ ഷാബ്ലിയിലെത്താം. പാരീസിലെ ചാൾസ് ഡി ഗല്ലെ വിമാനത്താവളമാണ് അടുത്തുള്ളത്. ഇവിടെ നിന്നും മൂന്നു മണിക്കൂര്‍ സഞ്ചരിച്ചാല്‍ മതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com